സ്മാര്‍ട്ട് ക്ലാസ്സ്‌

കരടിയെ നേരിട്ട കുട്ടി

നക്ഷത്രങ്ങളാണ് കുട്ടികള്‍ – 17

കരടിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട പന്ത്രണ്ടുകാരനായ അലെസ്സാന്‍ഡ്രോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരമാണ്. കുടുംബസമേതം വടക്കന്‍ ഇറ്റലിയിലെ ട്രെന്‍ഡിനോ മലനിരകളില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആ കുട്ടി. കാട്ടിലെ കൗതുക വസ്തുക്കള്‍ ശേഖരിക്കുന്നതില്‍ ഹരം പിടിച്ചു നടക്കുകയായിരുന്ന അലെസ്സാന്‍ഡ്രോ കുടുംബാംഗങ്ങളില്‍ നിന്ന് അല്‍പം അകന്നു പോയിരുന്നു. പെട്ടന്നാണ് ഒരു കരടി തന്നെ പിന്തുടരുന്നതായി അവന്‍ കണ്ടത്. ഭയന്ന് നിലവിളിക്കുന്നതിനോ ഓടുന്നതിനോ പക്ഷേ, അലെസ്സാന്‍ഡ്രോ തുനിഞ്ഞില്ല. കരടിയുടെ ചലനങ്ങളും ഭാവങ്ങളും സസൂക്ഷ്മം, സധൈര്യം അവന്‍ നിരീക്ഷിച്ചു. പതുക്കെയാണ് കരടി നടക്കുന്നുള്ളൂ. പ്രകോപനപരമായ നീക്കങ്ങള്‍ മനുഷ്യരുടെ ഭാഗത്ത് നിന്നുണ്ടായാല്‍ മാത്രമേ കരടികള്‍ അക്രമാസക്തരാകു എന്ന കാര്യം അലെസ്സാന്‍ഡ്രോ നേരത്തെ മനസ്സിലാക്കി യിരുന്നു. ഇതിനിടയില്‍ അമ്മയും മറ്റുള്ളവരും സംഭവമറിഞ്ഞു. മിടുക്കിയായ അമ്മ മകന് അത്യാവശ്യ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. അതും പാലിച്ചു ആ കൗമാരക്കാരന്‍ മുന്നോട്ടു നടന്നു. കരടി അതിന്റെ പാട്ടിനും പോയി.

കുട്ടികളെന്നല്ല, മുതിര്‍ന്നവര്‍ പോലും ബോധം കെട്ടുവീഴുകയോ, മൂത്രമൊഴിച്ചു പോവുകയോ ചെയ്യാനിടയുള്ള ഈയൊരു അപകടസാഹചര്യത്തിന്റെ സന്ദിഗ്ധതകളെ അതിന്റെ തീക്ഷ്ണത ചോര്‍ന്നു പോകാത്ത വിധം അലെസ്സാന്‍ഡ്രോ ക്യാമറയില്‍ പകര്‍ത്തി എന്നതാണ് ഇതിന്റെ ക്‌ളൈമാക്‌സ്. അതുകൊണ്ടാണ് ലോകമിതറിഞ്ഞത്.

ഒരു പന്ത്രണ്ടുകാരന് എങ്ങനെ ഭീഷണമായൊരു പരീക്ഷണത്തെ അതിജീവിക്കാന്‍ കഴിഞ്ഞു എന്നതാണ് നമ്മെ ചിന്തിപ്പിക്കേണ്ടത്.എന്തുകൊണ്ട് ന്യൂജെന്‍ കുട്ടികള്‍ വിഷാദരും ഭീരുക്കളും ഭഗ്‌നാശരുമായി മാറുന്നു എന്നതും ഇതോട് ചേര്‍ത്ത് വെച്ചു നാമാലോചിക്കുകയും വേണം. രക്ഷാകര്‍തൃത്വമാണ് വിഷയത്തിന്റെ മര്‍മമെന്ന് നമുക്കപ്പോള്‍ ബോധ്യമാകും.

കുട്ടികളുടെ വ്യക്തിത്വം, അവരുടെ സ്വപ്നങ്ങള്‍, അഭിരുചികള്‍, പ്രവണതകള്‍ എന്നിവയെ ഗൗരവപൂര്‍വം പരിഗണിച്ചും മാനിച്ചും അവരെ സമതുലിതമായ വളര്‍ച്ചയുടെ പടവുകളിലേക്ക് വഴി നടത്തുക എന്ന മൗലിക ധര്‍മം വിസ്മരിച്ചു ചില രക്ഷിതാക്കള്‍ , കുട്ടികളെ തങ്ങളുടേതായ ശാഠ്യങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും നിര്‍ബന്ധപൂര്‍വ്വം തള്ളിവിടുന്നുണ്ട്. ആ നടപടി അത്തരം കുട്ടികളുടെ ശിഷ്ടജീവിത്തെ അപകടപ്പെടുത്തുന്നു എന്ന കാര്യം പലരും അറിയാതെ പോകുന്നു. അലെസ്സാന്റെ അമ്മയുടെ അവസരോചിതമായ ഇടപെടല്‍ നാമിവിടെ ശ്രദ്ധിക്കണം. അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനായ ബ്രിയാന്‍ ട്രാസി അടുത്ത കാലത്ത് ഒരഭിമുഖത്തില്‍ പ്രകടിപ്പിച്ച അഭിപ്രായം നോക്കൂ:
‘ നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ അവര്‍ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന ഏതെങ്കിലും ലക്ഷ്യം അല്ലെങ്കില്‍ കര്‍ത്തവ്യം നിറവേറ്റാന്‍ അവര്‍ക്ക് കഴിയും എന്ന വിശ്വാസത്തിലേക്കും വികാരത്തിലേക്കും ഉയര്‍ത്തുന്നു എങ്കില്‍ ഒരു രക്ഷകര്‍ത്താവ് എന്ന നിലക്ക് നിങ്ങള്‍ വിജയിച്ചിരിക്കുന്നു.അതിലൂടെ എല്ലാത്തിലും വെച്ച് ഏറ്റവും വലിയ അനുഗ്രഹം നിങ്ങള്‍ നിങ്ങളുടെ കുട്ടിക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.’

ഏത് കാലത്താണ് നാമും നമ്മുടെ കുട്ടികളുമുള്ളത് എന്ന ചിന്ത നമുക്ക് വേണം. വിവര-വിനിമയ സാങ്കേതിക വിജ്ഞാന യുഗത്തിലാണ് നമ്മളുള്ളത്. ഒരേ സമയം ബഹുമുഖമായ ജീവിത നൈപുണികള്‍ ആര്‍ജിക്കാനുതകുന്ന അനുഭവങ്ങളും അവസരങ്ങളുമാണ് നമ്മുടെ കുട്ടികള്‍ക്ക് കിട്ടേണ്ടത്. മാര്‍ക്കും ഗ്രേഡും ഉയര്‍ന്നു നിന്നതുകൊണ്ടു മാത്രം പുതുകാല വെല്ലുവിളികളെ നേരിടാന്‍ കുട്ടികള്‍ക്ക് കഴിയണമെന്നില്ല. സര്‍ഗാത്മകത, നവീന ചിന്ത, സ്വയം പഠിക്കാനും സ്വയം പ്രചോദിപ്പിക്കാനുമുള്ള കഴിവ്, പ്രശ്‌നം പരിഹരിക്കാനും സംഘപ്രവര്‍ത്തനത്തി ലേര്‍പ്പെടാനും സംഘത്തെ നയിക്കാനുമുള്ള പ്രാപ്തി, ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവ്, നേതൃഗുണം എന്നിവ നമ്മുടെ കുട്ടികള്‍ക്ക് നേടാനാകണം. എല്ലാവര്‍ക്കും എല്ലാം നേടാനാകും എന്ന് നാം ധരിക്കരുത്. അവസരങ്ങളൊരുക്കുക, അനുഭവങ്ങള്‍ നല്‍കുക എന്നതാണ് നമ്മുടെ ധര്‍മം. കുട്ടികള്‍ അവരുടെ നിയോഗം പോലെ എത്തേണ്ടിടത്ത് എത്തിക്കൊള്ളും.

ഷാരോണ്‍ ഗുഡ്മാന്റെ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്:’ തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് എന്ന് കണ്ടെത്തുന്നതിലേക്ക് നമ്മള്‍ കുട്ടികളെ നയിക്കുന്ന മഹത്തായ ഒരു സാഹസിക യാത്രയാണ് രക്ഷാകര്‍തൃത്വം’. അതെ ഈ യാത്രയില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിജയിക്കാന്‍ സാധിക്കണം.

കുട്ടികള്‍ക്ക് , അവരുടെ കുട്ടിക്കാലത്ത് കിട്ടേണ്ടത് കിട്ടാതിരിക്കുകയും എത്തേണ്ടിടത്ത് എത്താന്‍ കഴിയാതെ വരികയും ചെയ്യുന്നിടത്ത് അപചയ സാധ്യത കൂടുതലാണ്. 1952 ല്‍ ന്യൂയോര്‍ക്കിലെ ഒരു തെരുവിലൂടെ അലയുന്ന പന്ത്രണ്ടുകാരന്‍. ഒരുദ്യോഗസ്ഥന്‍ അവനെ ഏറ്റെടുത്തു സംരക്ഷിച്ചു. കുറച്ചു നാള്‍ കഴിഞ്ഞ് അവനെ കൂടുതല്‍ സുരക്ഷിതമായ ഒരിടത്ത് അവനെ പുനരധിവസിപ്പിക്കാന്‍ ആവുന്നത്ര അദ്ദേഹം ശ്രമിച്ചെങ്കിലും ആരും ആ കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറായില്ല. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അവന്‍ തെരുവിലേക്ക് തന്നെ മടങ്ങിപ്പോയി. ജനിക്കും മുന്‍പേ അച്ഛന്‍ മരിച്ചു പോയ അനാഥനായിരുന്നു അവന്‍. അമ്മ പുനര്‍വിവാഹിത കൂടി ആയതോടെയാണ് ആ ബാല്യം തെരുവിലേക്കെറിയപ്പെട്ടത്. അങ്ങനെ തെരുവിന്റെ മുഴുവന്‍ വിഴുപ്പുകളും സിരകളിലേക്കാവാഹിച്ച് തികഞ്ഞ അരാജകവാദിയും
നിഷേധിയുമായി വളര്‍ന്ന ഈ കുട്ടിയാണ് പില്‍ക്കാലത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയെ വെടിവെച്ചു കൊന്ന ലീഹാര്‍വെ ഓസ് വാള്‍ഡ്( 1939-1963).

ഒരു കുട്ടിയും കുറ്റവാളിയായി ജനിക്കുന്നില്ല. ശുദ്ധ പ്രകൃതത്തോടെയാണ് ഓരോ കുട്ടിയുടെയും പിറവി. സാഹചര്യവും ജീവിത പരിസരവുമാണ് അവന്റെ/ അവളുടെ ഭാഗധേയം രൂപപ്പെടുത്തുന്നത്(തുടരും ).

ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്

Topics