കുടുംബ ജീവിതം-Q&A

ഭാര്യയുടെ സന്തോഷത്തിന് സെക്‌സ് ടോയ്‌സ് ?

ചോ: ശാരീരികബന്ധത്തിന്റെ സമയത്ത് ഭാര്യയെ സംതൃപ്തയാക്കാന്‍  സെക്‌സ് ടോയ്‌സ് (രതിമൂര്‍ച്ച സമ്മാനിക്കുന്ന ഉപകരണങ്ങള്‍) ഉപയോഗിക്കുന്നതിനെപ്പറ്റി ഇസ്‌ലാമിന്റെ വിധിയെന്താണ് ? എന്റെ ഭാര്യയ്ക്ക് സംതൃപ്തി ലഭിക്കാന്‍ ഏറെ സമയം വേണ്ടിവരുന്നു. അതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം അവളെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിവിശേഷമുണ്ട്.

അതിനാല്‍ ഞാനാകെ വിഷമത്തിലാണ്. അതിനാല്‍ അത്തരം ടോയ്‌സ് ഉപയോഗിച്ച്  മൂര്‍ച്ചയിലെത്തുന്നതിന് എന്തെങ്കിലും വിലക്കുണ്ടോ ?ഖുര്‍ആനെ മുന്‍നിര്‍ത്തി വിശദീകരണം നല്‍കുമല്ലോ?

—————–

ഉത്തരം:  ജീവിതപങ്കാളിക്ക് അവളുടെ അവകാശം ലഭിക്കണമെന്ന വിഷയത്തില്‍ താങ്കള്‍ പുലര്‍ത്തുന്ന താല്‍പര്യവും ഉത്കണ്ഠയും തീര്‍ച്ചയായും പ്രശംസനീയമാണ്. ദാമ്പത്യത്തില്‍ പങ്കാളികളിരുവരും അന്യോന്യം സംതൃപ്തി കണ്ടെത്തണമെന്നത് ഇസ് ലാമിന്റെ താല്‍പര്യമാണ്. എന്നിരുന്നാലും അതെല്ലാം അല്ലാഹു നിശ്ചയിച്ച അതിര്‍വരമ്പുകളില്‍ നിന്നുകൊണ്ടുമാത്രമേ  ആകാവൂ എന്ന് അതിന് ശാഠ്യമുണ്ട്. എല്ലാ വിഷയങ്ങളിലും പരിധികള്‍ ഖുര്‍ആന്‍ നമുക്ക് വരച്ചുകാണിച്ചിട്ടുണ്ട്. ശുദ്ധവും സാധുതയുള്ളതുമായ എല്ലാം അത് നമുക്കനുവദിച്ചുതന്നിരിക്കുന്നു. എന്നാല്‍ വൃത്തിഹീനവും അനാരോഗ്യകരവുമായ എല്ലാം അത് നമുക്ക് വിലക്കിയിരിക്കുന്നു.

ഉത്തേജനം ലഭിക്കാനും മൂര്‍ച്ചയിലെത്താനും ടോയ്‌സ് ഉപയോഗിക്കുന്നത് പരിധിലംഘിക്കുന്നതില്‍പെടുമെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അക്കാര്യത്തില്‍ ഖുര്‍ആന്റെ നിര്‍ദ്ദേശമാണ് അവരുടെ അഭിപ്രായത്തിന് നിദാനം.

വിജയം വരിച്ച ആളുകളുടെ സ്വഭാവസവിശേഷതകള്‍ വിവരിക്കുന്ന കൂട്ടത്തില്‍ ‘തങ്ങളുടെ ഗുഹ്യാവയവങ്ങളെ (ലൈംഗികവിശുദ്ധി) കാത്തുസൂക്ഷിക്കുന്നവരാണവര്‍ (അല്‍ മുഅ്മിനൂന്‍-5)എന്ന് പറയുന്നുണ്ട്. ഇത്തരം ആയത്തുകളെയും ഹദീസുകളെയും  മുന്‍നിര്‍ത്തി  വിശ്വാസികള്‍ തങ്ങളുടെ ഇണകളിലൂടെ മാത്രമേ ശാരീരികപൂര്‍ത്തീകരണം തേടാവൂ എന്ന്  കര്‍മശാസ്ത്രവിശാരദര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ പരിധിക്കുപുറത്തുവരുന്നവയാണ് സെക്‌സ് ടോയ്‌സുകള്‍. അതിനാല്‍ അത്തരം വഴിവിട്ട രീതികളെ വര്‍ജിക്കുകയാണ് വേണ്ടത്.

താങ്കളുടെ അവസ്ഥാവിശേഷം അത്രമേല്‍ അസാധാരണത്വമുള്ള ഒന്നല്ല. ഇന്നത്തെ യുവതലമുറയില്‍ അത്തരം പ്രതിസന്ധിനേരിടുന്ന ഒട്ടേറെ പേരുണ്ട്. ദൈവാനുഗ്രഹത്താല്‍ അത് ചികിത്സയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും പരിഹരിക്കാനാകും. വിദഗ്ധനായ ഡോക്ടറെയും സെക്‌സോളജിസ്റ്റിനെയും താങ്കള്‍ കണ്‍സള്‍ട്ടുചെയ്യുക. അവര്‍ താങ്കളെ സഹായിക്കുമെന്നുറപ്പുണ്ട്. അത്തരം കാര്യങ്ങളില്‍ മറ്റുള്ളവരുടെ സഹായം തേടുന്നതിന് ലജ്ജിക്കേണ്ട കാര്യമില്ല. 

ചികിത്സ മോഡേണ്‍ മെഡിസിനില്‍ മാത്രമല്ല, ആയുര്‍വേദത്തിലും പ്രകൃതിചികിത്സയിലും ഹോമിയോപ്പതിയിലും ഉണ്ട്.

മുസ്‌ലിംവൈവാഹികനിയമങ്ങള്‍, മുസ്‌ലിംമാര്യേജ് ഗൈഡ്  തുടങ്ങിയ പുസ്തകങ്ങള്‍ ഒരുപരിധിവരെ ചില നിര്‍ദ്ദേശങ്ങള്‍ക്കായി അവലംബിക്കാവുന്നതാണ്.

അല്ലാഹുവിന്റെ സഹായം തേടുക. അവനോട് പ്രാര്‍ഥിക്കുക. ‘എല്ലാ രോഗത്തിനും ചികിത്സയുണ്ട് ‘  എന്ന് തിരുമേനി പറഞ്ഞത് ഓര്‍മയുണ്ടായിരിക്കണം.

അവസാനമായി, അല്ലാഹു നമുക്ക് നല്‍കിയതില്‍ തൃപ്തിപ്പെടാനുള്ള  ഒരു മനസ്സ് നമുക്കുണ്ടെന്നും ഹറാമിന്റെ വഴികള്‍ തേടിപ്പോകേണ്ടതില്ലെന്നും ഉറച്ചുവിശ്വസിക്കുക. അതിനായി പ്രാര്‍ത്ഥനകളെ ആശ്രയിക്കുക. താങ്കളുടെ പ്രശ്‌നത്തിന് ആവശ്യമായ ചികിത്സ തേടുക. അല്ലാഹു ഹലാലാക്കിത്തന്നിട്ടുള്ള മാര്‍ഗത്തിലൂടെ സംതൃപ്തികണ്ടെത്താന്‍ അവന്‍ സഹായിക്കുമെന്ന് ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുക. ഈ പ്രാര്‍ഥന ചൊല്ലിക്കൊണ്ടിരിക്കുക:

അല്ലാഹുമ്മ അഗ്‌നിനാ ബി ഹലാലിക്ക അന്‍ ഹറാമിക്ക വബി ത്വാഅതിക്ക അന്‍ മഅ്‌സ്വിയതിക്ക വബി ഫള്‌ലിക അമ്മന്‍ സിവാക(അല്ലാഹുവേ,  നീ നിഷിദ്ധമാക്കിയവയ്ക്കു പകരം അനുവദിച്ചുനല്‍കിയതിലും നിന്നോടുള്ള ധിക്കാരത്തിനുപകരം അനുസരണത്തിലും നിന്റേതല്ലാത്തവരുടെ ആശ്രയത്തിനുപകരം നിന്റെ ഔദാര്യത്തിലും നീ ഞങ്ങള്‍ക്ക് സംതൃപ്തിനല്‍കേണമേ-ആമീന്‍).

 

Tags

Topics