സാമ്പത്തികം Q&A

ബാങ്ക് നിക്ഷേപവും ചില പലിശപ്രശ്‌നങ്ങളും

ചോ: ഇസ്‌ലാമിലെ പലിശയുമായി ബന്ധപ്പെട്ട സംഗതികളെപ്പറ്റിയാണ് എന്റെ ചോദ്യം. അല്‍ബഖറ അധ്യായത്തിലെ സൂക്തത്തിന്റെ വെളിച്ചത്തില്‍ അത് ഹറാമാണല്ലോ. എന്റെ സംശയങ്ങള്‍ ഇവയാണ്:

1. ഞാന്‍ നിക്ഷേപിച്ച തുക പിന്‍വലിക്കുന്ന സമയത്ത് പലിശ വേണ്ടെന്നുവെച്ചാല്‍ എന്റെ മുതലില്‍ പലിശകലര്‍ന്നിട്ടുണ്ടാകുമോ?

2. നിക്ഷേപത്തിന് ലഭിക്കുന്ന പലിശതുക എന്റെ ബന്ധുക്കളിലെ അഗതികള്‍ക്കും ദരിദ്രര്‍ക്കും നല്‍കുന്നതിനെക്കുറിച്ച് അഭിപ്രായമെന്താണ്?

3. ബാങ്കിന് ലഭിക്കുന്ന നിക്ഷേപങ്ങള്‍ അത് നിര്‍മാണപ്രൊജക്റ്റുകളിലോ ബിസിനസുകളിലോ ഉപയോഗിക്കുന്നു. അതില്‍നിന്ന് ബാങ്കിനുകിട്ടുന്ന ലാഭം നിക്ഷേപത്തുകയോടൊപ്പം ചേര്‍ത്ത് നല്‍കുന്നു. അങ്ങനെയെങ്കില്‍ ലാഭവിഹിതം നിക്ഷേപത്തുകയോടുചേര്‍ത്ത് കൊടുക്കുന്നത് പലിശയാണെന്ന് പറയാനാകുമോ?

————————-

ഉത്തരം: ഏതുരാജ്യത്തുമുള്ള സാമ്പ്രദായികബാങ്കിങ് സംരംഭങ്ങളും പലിശ വാങ്ങുകയും കൊടുക്കുകയുമാണ് ചെയ്യുന്നത്. ബാങ്കുകള്‍ പ്രൊജക്റ്റുകളില്‍ പൈസ നിക്ഷേപിക്കാറില്ല. മറിച്ച ്‌പ്രൊജക്റ്റുകള്‍ക്ക് പലിശനിര്‍ണയിച്ച് വായ്പനല്‍കുകയാണ് ചെയ്യുന്നത്. ബാങ്കുകള്‍ ലാഭം ഉണ്ടാക്കാറില്ല. നല്‍കുന്ന വായ്പക്ക് പലിശ ഈടാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ബാങ്ക് അതിന്റെ നിക്ഷേപകര്‍ക്ക് നല്‍കുന്നത് പലിശതന്നെയാണ്. അവിടെ ലാഭസംരംഭം എന്ന കാഴ്ചപ്പാടില്ലാത്തതുകൊണ്ട് ലാഭം പങ്കിടുകയെന്ന  സംഗതിയുമില്ല.

ബാങ്കില്‍ നിക്ഷേപിക്കേണ്ട അടിയന്തിരസാഹചര്യത്തില്‍ താങ്കള്‍ക്ക് സമ്പാദ്യത്തോടൊപ്പം നല്‍കപ്പെടുന്ന പലിശ യാതൊരുകാരണവശാലും ബാങ്കിന് വിട്ടുകൊടുക്കരുത്. കാരണം, അത് കൂടുതല്‍ ഹറാമിന് വഴിയൊരുക്കുകയാണ് ചെയ്യുക. ബാങ്ക് ആ പലിശയും മറിച്ച് കൂടുതല്‍ പലിശനേടാനാണ് ശ്രമിക്കുന്നത്. അതിനാല്‍ അത് ബന്ധുക്കളിലോ അന്യരിലോ പെട്ട ഏതെങ്കിലും അഗതിക്കോ ദരിദ്രനോ അവന്റെ പ്രയാസത്തിന് ലഘൂകരണമുണ്ടാകുംവിധം ചെലവഴിക്കുക. അത് സ്വദഖയായി കണക്കാക്കപ്പെടുകയോ അതിന് പ്രതിഫലം ലഭിക്കുകയോ ഇല്ല. എന്നാല്‍ സമ്പാദ്യം ശുദ്ധമാക്കി നിലനിര്‍ത്തുന്നതിനും ബാങ്കിന്റെ ഹറാമിനെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതിനും പ്രതിഫലം ലഭിക്കും.

 

Topics