ന്യൂഡല്‍ഹി: അയോധ്യ തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട് കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമപോരാട്ടത്തില്‍ ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് കേസിലെ അന്യായക്കാരനായ ഹാജി മെഹബൂബ് പറഞ്ഞു. ഏറെക്കാലമായി വാദം തുടരുന്ന കേസാണിത്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നാണ് തങ്ങളുടെ ആഗ്രഹം. വിഷയത്തില്‍ കോടതി നീതി നടപ്പാക്കും എന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും ഹാജി മെഹബൂബ് പറഞ്ഞു.
അതേസമയം, കേസില്‍ എത്രയും വേഗം കോടതി വിധി പറയണമെന്നും ഇതു ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും എത്രകാലം തങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നും സ്ഥലത്തെ ഉടമസ്ഥതാവകാശ തര്‍ക്കത്തിലുള്ള എതിര്‍കക്ഷികളായ ദിഗംബര്‍ അഗാരയുടെ നേതാവ് മഹന്ദ് സുരേഷ് ദാസ് പറഞ്ഞിരുന്നു.
കഴിഞ്ഞ എട്ടാം തീയതി ഉത്തര്‍പ്രദേശ് ശിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അത് തങ്ങളുടെ സ്ഥലമാണെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അനുവാദമാണെന്നും സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ക്ഷേത്രത്തിനടുത്ത് പള്ളിയും നിര്‍മിക്കാമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്ന വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
Add Comment