ഇബ്രാഹീം നബി(അ)യുടെ സന്താനപരമ്പരകളില്‍പ്പെട്ട ഒരു പ്രവാചകന്‍ തന്നെയാണ് അയ്യൂബ് (6: 84). കാലദേശ കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്ക് ഭിന്നവീക്ഷമുണ്ട്. അയ്യൂബ് നബിയുടെ ജനതയെപ്പറ്റിയും പ്രബോധനത്തെപ്പറ്റിയുമുള്ള വിശദാംശങ്ങള്‍ ഖുര്‍ആനിലില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം ജീവിതം ഏതുകാലത്തുമുള്ള സത്യവിശ്വാസികള്‍ക്കും പാഠമത്രെ.
”അയ്യൂബിനെയും ഓര്‍ക്കുക. തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം. എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.” (21: 83). ”അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാടുകള്‍ നാം അകറ്റിക്കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍നിന്നുള്ള കാരുണ്യവും ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്.” (21: 84)
അയ്യൂബ് നബിക്ക് എന്താണ് സംഭവിച്ചത് എന്ന് വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടില്ല.ചരിത്രത്തില്‍ പല റിപ്പോര്‍ട്ടുകളും കാണുന്നു. ബൈബിളില്‍ ‘ഇയ്യോബിന്റെ പുസ്തകം’ എന്ന പേരില്‍ ഒരേടുണ്ട്. അതില്‍ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം ഇതാണ്: ‘അയ്യൂബ് സമ്പന്നനായ ഒരു വ്യക്തിയായിരുന്നു. ആടുമാടൊട്ടകങ്ങള്‍, കൃഷി എല്ലാമുണ്ട്. ധാരാളം സന്തതികളും കുടുംബങ്ങളും ഒക്കെയുള്ള വളരെ സാത്വികനായ അദ്ദേഹത്തിന് തന്റെ സമ്പത്ത് മുഴുവന്‍ നഷ്ടമായി. സന്തതികളും നഷ്ടപ്പെട്ടു. മാരകമായ ഏതോ രോഗത്തിനദ്ദേഹം അടിപ്പെടുകയും ചെയ്തു. വര്‍ഷങ്ങളോളം നീണ്ടുനിന്ന രോഗം കാരണമായി ബന്ധുക്കള്‍ പോലും തിരിഞ്ഞുനോക്കാതായി. തന്നെ പരിചരിക്കാന്‍ ഭാര്യമാത്രം. നിസ്സഹായമായ ഈ പതനം മൂലം ഏതൊരു മനുഷ്യനും സമനില തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ഥിക്കുക എന്നല്ലാതെ നിരാശപൂണ്ട സംസാരമോ മറ്റാരെയെങ്കിലും പഴിക്കുന്ന പെരുമാറ്റമോ അദ്ദേഹത്തില്‍ കണ്ടില്ല. അല്ലാഹുവിന്റെ ഒരു പരീക്ഷണമായിരുന്നു ഇത്. സഹനത്തിന്റെ മൂര്‍ത്തീമത്ഭാവമായി അദ്ദേഹം മാറി. അവസാനം അല്ലാഹു അദ്ദേഹത്തിന് രോഗശമനം നല്‍കിയെന്നുമാത്രമല്ല സന്താനങ്ങളും സമ്പത്തും എല്ലാം പൂര്‍വ്വാധികം വര്‍ധിപ്പിക്കുകയുമുണ്ടായി.
ഈ സംഭവങ്ങളുടെ വിശദീകരണങ്ങളില്‍ പല റിപ്പോര്‍ട്ടുകളും ഉണ്ടെങ്കിലും ഇതിലെ മര്‍മം മാത്രമാണ് ഖുര്‍ആന്‍ ഉദ്ധരിക്കുന്നത്. ‘അയ്യൂബ്‌നബിയുടെ സഹനം’ ഒരു മാതൃകയായി മുഹമ്മദ് നബി(സ)യും നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രോഗശമനത്തെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞതിപ്രകാരമാണ്. ”നാം നിര്‍ദേശിച്ചു: നിന്റെ കാലുകൊണ്ട് നീ ചവിട്ടുക. ഇതാ തണുത്ത സ്‌നാനജലവും കുടിനീരും.” (38: 42). സ്വന്തക്കാരെയും സമ്പത്തും നല്‍കുകയുണ്ടായി എന്നും തുടര്‍ന്നു പറയുന്നു. അത്ഭുതകരമായിരുന്നു രോഗശമനവും.
പരീക്ഷണഘട്ടത്തില്‍ അവസാനം വരെ കൂടെനിന്ന ഭാര്യയില്‍ നിന്ന് മനുഷ്യസഹജമായ നിരാശയുടെ ഏതോ പ്രയോഗം ഉണ്ടായപ്പോള്‍ അദ്ദേഹം ഏറെ വേദനിക്കുകയും ക്ഷുഭിതനാവുകയും ‘നിന്നെ നൂറ് അടി അടിക്കും’ എന്നു പറയുകയും ചെയ്തു. ആ ശപഥം പൂര്‍ത്തിയാക്കുക എന്ന് അല്ലാഹു നിര്‍ദേശിക്കുകയാണുണ്ടായത്. നീ ഒരു പിടി പുല്ല് കൈയിലെടുത്ത് അവളെ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക (38: 44) എന്നായിരുന്നു ആ നിര്‍ദേശം.
അല്ലാഹുവിന്റെ ശക്തമായ പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്ന മനുഷ്യര്‍ക്ക് ഏറ്റവും വലിയ പാഠമാണ് അയ്യൂബ് നബിയുടെ ജീവിതവും പ്രശ്‌നങ്ങളോട് അദ്ദേഹം അനുവര്‍ത്തിച്ച നിലപാടും.
അയ്യൂബ് നബി (അ)

Add Comment