വിശിഷ്ടനാമങ്ങള്‍

അര്‍റഹ്മാന്‍ (പരമകാരുണികന്‍)

അല്ലാഹുവിന്റെ ഏറ്റവും സുന്ദരമായ നാമങ്ങളിലൊന്നാണിത്. കാരുണ്യം എന്നത് അവന്റെ ഏറ്റവും സുന്ദരമായ ഗുണമാണ്. അവന്റെ ഈശ്വരീയതയുടെ അടയാളമായ ഈ ഗുണം കാരണമാണ് പ്രപഞ്ചം ഇത്രയേറെ സുന്ദരമായി നിലകൊള്ളുന്നത്. അതുപോലെ വിശുദ്ധ ഖുര്‍ആനിലെ എല്ലാ അധ്യായങ്ങളുടെയും (ഒന്നൊഴികെ) ആദ്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വാക്യത്തില്‍ അല്ലാഹുവിന്റെ സത്തയെ സൂചിപ്പിക്കുന്ന സംജ്ഞക്കുശേഷം വരുന്ന നാമം ‘അര്‍റഹ്മാന്‍’ എന്നാണ്. ‘റഹ്മത്ത്’ (കാരുണ്യം) എന്ന ധാതുവില്‍ നിന്ന് നിഷ്പന്നമാകുന്ന ഈ ഗുണനാമത്തിന് മറ്റെല്ലാ വിശേഷണങ്ങളെയും ഉള്‍ക്കൊള്ളുന്നു എന്ന വിധത്തിലുള്ള പ്രാധാന്യവുമുണ്ട്. അഞ്ചക്ഷരമുള്ള ‘റഹ്മാന്‍’ എന്ന പദത്തിന് മനുഷ്യന്റെ ഭൗതികജീവിതത്തിലുപരി പാരത്രിക ജീവിതത്തിലും കൂടി അവന്റെ കാരുണ്യം കണ്ടെത്താന്‍ കഴിയും എന്ന് സൂചിപ്പിക്കുന്നു. കാരണം, അല്ലാഹുതആലായെ വിശേഷിപ്പിക്കുന്നത് ‘റഹ്മാനുദ്ദുന്‍യാ വല്‍ ആഖിറഃ'(ഇഹലോകത്തും പരലോകത്തും കാരുണ്യം കാണിക്കുന്നവന്‍) എന്നാണ്. എന്നാല്‍ ‘റഹ്മത്ത്’ എന്ന ധാതുവില്‍ നിന്ന് തന്നെ എടുത്ത ‘റഹീം’ എന്ന വിശേഷണത്തെക്കുറിച്ച് പറഞ്ഞത്, ‘റഹീമുല്‍ ആഖിറഃ'(പരലോകത്ത് കരുണചൊരിയുന്നവന്‍) എന്നാണ്. ഈ ലോകത്ത് അവന്റെ കാരുണ്യത്തെ തിരിച്ചറിഞ്ഞു ജീവിച്ചവന് അല്ലാഹു പരലോകത്ത് കാരുണ്യം നല്‍കുന്നു. ‘റഹ്മാന്‍’ എന്ന വിശേഷണത്തിലൂടെ ദൈവഭക്തനും ദൈവനിഷേധിക്കും ഈ ലോകത്ത് അല്ലാഹുവിന്റെ കാരുണ്യം കണ്ടെത്താന്‍ കഴിയും.
”പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍. സ്തുതിയൊക്കെയും അല്ലാഹുവിനാണ്. അവന്‍ സര്‍വലോക സംരക്ഷകന്‍” (അല്‍ഫാതിഹഃ 1,2)

Topics