വിശിഷ്ടനാമങ്ങള്‍

അല്ലാഹു

സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ ഏറ്റവും ഉത്കൃഷ്ടമായ നാമമാണിത്. ദൈവിക ഗുണങ്ങളുടെ സകല മഹത്വങ്ങളും ഉള്‍ക്കൊള്ളുന്ന ഈ നാമം മറ്റാര്‍ക്കും പ്രയോഗിക്കാവതല്ല. ‘അല്ലാഹു’ ഒഴികെ മറ്റെല്ലാ നാമങ്ങളും അവന്റെ വിശിഷ്ടഗുണങ്ങളെയും ‘അല്ലാഹു’ എന്നത് അവന്റെ സത്തയെയും പ്രതിനിധീകരിക്കുന്നു. ഈ നാമം ഖുര്‍ആനില്‍ 2647 സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.
”അല്ലാഹു: അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ വലയം ചെയ്തുനില്‍ക്കുന്നു. അവയുടെ സംരക്ഷണം അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്” (അല്‍ബഖറഃ: 255)

Topics