വിശിഷ്ടനാമങ്ങള്‍

അല്‍വാഹിദ് (ഏകന്‍)

അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളില്‍ സുപ്രധാനമായ ഒന്നാണ് ഇത്. ഭാഗിക്കാനാവാത്തതും അംശമില്ലാത്തതും എന്നാണ് വാഹിദ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ സത്തയിലും ഗുണങ്ങളിലും കര്‍മങ്ങളിലും ഒരു തുല്യനെ കണ്ടെത്തുക അസാധ്യമാണ്. ”അല്ലയോ വേദക്കാരേ, സ്വമതത്തില്‍ അതിരുകവിയാതിരിക്കുവിന്‍. സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാതിരിക്കുവിന്‍. മര്‍യമിന്റെ പുത്രന്‍ ഈസാ മസീഹ് ദൈവദൂതനും ദൈവം മര്‍യമിലേക്കയച്ച വചനവുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അല്ലാഹുവിങ്കല്‍നിന്നുള്ള (മര്‍യമിന്റെ ഗര്‍ഭാശയത്തില്‍ ശിശുവായി രൂപംകൊണ്ട) ഒരാത്മാവുമായിരുന്നു. നിങ്ങളും അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം വാദിക്കാതിരിക്കുക. അതില്‍നിന്നു വിരമിക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. അല്ലാഹു ഏകനാകുന്നു. പുത്രനുണ്ടായിരിക്കുന്നതില്‍നിന്ന് പരിശുദ്ധനുമാകുന്നു. ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്റേതത്രെ. അവയുടെ കൈകാര്യത്തിനും മേല്‍നോട്ടത്തിനും അവന്‍തന്നെ എത്രയും മതിയായവനല്ലോ” (അന്നിസാഅ്: 171)

Topics