വിശിഷ്ടനാമങ്ങള്‍

അല്‍ മുഅ്മിന്‍ (വിശ്വാസി, അഭയംനല്‍കുന്നവന്‍)

വിശ്വാസത്തെ കാത്തുരക്ഷിക്കുന്നവന്‍ എന്നാണ് ഒരര്‍ത്ഥം. ‘അംന്’ എന്ന വാക്കിനര്‍ത്ഥം സുരക്ഷിതത്വത്തിന്റെ പേരിലുള്ള നിര്‍ഭയത്വം എന്നാണ്. പരമസത്യമായ അല്ലാഹുവിലുള്ള വിശ്വാസം മാത്രമാണ് ഒരു മനുഷ്യനെ എല്ലാ ഭയാശങ്കകളില്‍നിന്നും മുക്തനാക്കുന്നത്. അല്ലാഹു പറയുന്നു: ”വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തെ അക്രമവുമായി കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കാകുന്നു നിര്‍ഭയത്വത്തിന്റെ സുരക്ഷിതത്വം(അംന്). നേര്‍വഴികളിലേക്ക് നയിക്കപ്പെടുന്നതും അവര്‍ത്തന്നെ” (അല്‍ അന്‍ആം:82). അല്ലാഹുവിന്റെ സംരക്ഷണം, ഒരു തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ പരുന്ത് റാഞ്ചാന്‍ വരുമ്പോള്‍ ചിറകുവിരിച്ച് അതിനടിയില്‍ സംരക്ഷിക്കുന്നതുപോലെയും ആരോരും സഹായിക്കാനില്ലാതെ നിരായുധനായി ശത്രുവിന്റെ മുമ്പില്‍ പെട്ടുപോകുന്നവനെ രക്ഷപ്പെടുത്തുന്ന സഹായിയെപ്പോലെയുമായിരിക്കും. അതുപോലെ ഏകനായ അല്ലാഹുവിനെ വിശ്വസിക്കുന്നതിനുപകരം അവനോടൊപ്പം മറ്റു ആരാധ്യരെ പങ്കാളിയാക്കുന്ന അധര്‍മത്തില്‍ പെട്ടുപോകുന്നവര്‍ക്ക് ദൈവത്തില്‍ നിന്ന് കിട്ടുന്ന സംരക്ഷണവും ഇതില്‍പ്പെടുന്നു.

Topics