വിശിഷ്ടനാമങ്ങള്‍

അല്‍അളീം

ഗാംഭീര്യമുള്ളവന്‍, മഹാന്‍, തന്റെ സത്തയുടെ യാഥാര്‍ഥ്യം ആരാലും പ്രാപിക്കാന്‍ കഴിയാത്തവന്‍, തന്റെ സത്തയുടെ മഹത്വത്തിന് അറ്റമോ ആരംഭമോ ഇല്ലാത്തവന്‍ എന്നൊക്കെ അര്‍ഥമുണ്ട്. അല്ലാഹുവിന്റെ എല്ലാ തരത്തിലുമുള്ള ഗാംഭീര്യത്തെ സൂചിപ്പിക്കുന്ന ഒരു വിശേഷണമാണിത്. വലുപ്പം രണ്ട് തരത്തിലുണ്ട്. ഒന്ന്: കാഴ്ചയിലൊതുങ്ങുന്നത്. മല, ആന പോലുള്ളവ ഉദാഹരണം. രണ്ട്: കാഴ്ചയില്‍ ഒതുങ്ങാത്തത്. ഭൂമി, ആകാശം പോലുള്ളവ ഉദാഹരണം. എല്ലാത്തരം വലുപ്പത്തേക്കാളും മഹത്തരമാണ് അല്ലാഹുവിന്റെ വലുപ്പം. ഗുരുനാഥന്‍ ശിഷ്യന്‍മാര്‍ക്ക് അളീമാണ്. പ്രവാചകന്‍ സമുദായത്തിന് അളീമാണ്. എന്നാല്‍ ഇതിനെല്ലാം മുകളിലാണ് അല്ലാഹുവിന്റെ മഹത്വവും ഔന്നിത്യവും. ”അതിനാല്‍ പ്രവാചകന്‍, തന്റെ മഹനീയ നാഥന്റെ നാമത്തെ പ്രകീര്‍ത്തിക്കുക.” (അല്‍വാഖിഅ: 74), ”നിങ്ങള്‍ മൂസായോടു പറഞ്ഞതോര്‍ക്കുക: ‘അല്ലാഹുവിനെ (നിന്നോട് സംസാരിക്കുന്നതായി) ഞങ്ങള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് പരസ്യമായി കാണും വരെ, നീ പറയുന്നതൊന്നും ഞങ്ങള്‍ വിശ്വസിക്കുന്നതല്ലതന്നെ.’ അപ്പോള്‍, നോക്കിനില്‍ക്കെ ഒരു മഹാസ്‌ഫോടനം നിങ്ങളെ പിടികൂടി. നിങ്ങള്‍ ജീവനറ്റു നിലംപതിച്ചു. എങ്കിലും പിന്നെയും നാം നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിച്ചു. ഈ അനുഗ്രഹങ്ങളെത്തുടര്‍ന്നെങ്കിലും നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ.” (അല്‍ബഖറ: 55, 56)

Topics