നമസ്‌കാരസമയം അറിയിച്ചുകൊണ്ട് പള്ളിയില്‍ നിന്ന് നമസ്‌കാര സമയത്തിന്റെ തുടക്കത്തില്‍ നടത്താറുള്ള അറിയിപ്പാണ് ബാങ്ക്. അറബിയില്‍ ഇതിന് അദാന്‍ എന്ന് പറയും.
‘അല്ലാഹു അക്ബറുല്ലാഹു അക്ബര്‍’ (രണ്ടു തവണ) (അല്ലാഹു ഏറ്റവും മഹാന്‍), അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ് (രണ്ട് തവണ) (അല്ലാഹുമാത്രമാണ് ഇലാഹ് എന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു), അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് (രണ്ടു തവണ) ( മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു), ഹയ്യ അലസ്സ്വലാത്ത് (രണ്ട് തവണ) ( നമസ്‌കാരത്തിലേക്ക് വരിക), ഹയ്യ അലല്‍ ഫലാഹ് (രണ്ട് തവണ) (വിജയത്തിലേക്ക് വരിക), അല്ലാഹു അക്ബര്‍(രണ്ടു തവണ). ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ഇലാഹില്ല). ഇതാണ് ബാങ്കിന്റെ ഉള്ളടക്കം. എന്നാല്‍ സുബ്ഹ് നമസ്‌കാരത്തിനുള്ള ബാങ്കില്‍ ‘ഹയ്യ അലല്‍ ഫലാഹ്’ എന്നതിന് ശേഷം ‘ അസ്സലാത്തുഖൈറുന്‍ മിനന്നൗം( നമസ്‌കാരം നിദ്രയെക്കാള്‍ ഉത്തമമാകുന്നു) എന്നു കൂടി രണ്ടു തവണ പറയണം
ബാങ്ക് വിളിച്ചു പറയുന്ന ആള്‍ക്ക് മുഅദ്ദിന്‍ എന്നു പറയുന്നു. ഖിബിലക്ക് അഭിമുഖമായി നിന്നു കൈകള്‍ ചെവിക്ക് നേരെ ഉയര്‍ത്തി ഉറക്കെ അദാന്‍ വിളിക്കണം. അദാന്‍ എന്നതിന്റെ ഉറുദുപദമാണ് ബാങ്ക്. ഈ പദം മലയാളത്തിലും ഉപയോഗിക്കുന്നു.
ബാങ്കുവിളിക്ക് ശേഷം നമസ്‌ക്കരിക്കുന്നതിന് തൊട്ടുമുമ്പ് നടത്തുന്നതാണ് ഇഖാമ അഥവാ ഇഖാമത്ത് എന്ന പേരിലറിയപ്പെടുന്നത്. ഇഖാമ എന്ന വാക്കിന് സ്ഥാപിക്കുക, നിലനിര്‍ത്തുക എന്നെല്ലാം അര്‍ത്ഥങ്ങളുണ്ട്. ബാങ്കുവിളിയുടെ ലഘുരൂപമായ ഇഖാമത്തിന്റെ അവസാനഭാഗത്ത്, അല്ലാഹു അക്ബര്‍… ലാ ഇലാഹ ഇല്ലല്ലാഹിന് മുമ്പായി ഖദ് ഖാമത്തിസ്സ്വലാത്ത് എന്ന് രണ്ട് തവണ ചൊല്ലുന്നു.
Add Comment