സ്മാര്‍ട്ട് ക്ലാസ്സ്‌

മേനിയില്‍ ചിത്രം വരപ്പിക്കാതെ

നക്ഷത്രങ്ങളാണ്‌ കുട്ടികള്‍-20

കുട്ടികള്‍ക്ക്‌ എങ്ങനെ സദാചാര മൂല്യങ്ങളും ധാര്‍മിക പാഠങ്ങളും പകര്‍ന്നു കൊടുക്കാന്‍ കഴിയും എന്നത്‌ സാമൂഹിക ശാസ്‌ത്രജ്ഞരെയും വിദ്യാഭ്യാസ ചിന്തകരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും
എക്കാലത്തും കുഴക്കിയിട്ടുള്ള ഒരു പ്രഹേളികയാണ്‌. താത്വികമായി അഭിപ്രായൈക്യമുള്ള വിഷയമാണ്‌ ഇതെങ്കിലും പ്രായോഗിക രീതിശാസ്‌ത്രത്തിന്റെ കാര്യത്തില്‍ ഭിന്നതകളുണ്ട്‌. ധാര്‍മിക ബോധം യഥാര്‍ത്ഥത്തില്‍ ഓരോ കുട്ടിയിലും അന്തര്‍ലീനമായിട്ടുള്ള ജന്മദത്തമായ ഒരു ചോദനയാണ്‌. ഓരോ വ്യക്തിയിലുമുള്ള നന്മയുടെ പ്രകാശനമാണ്‌ വിദ്യാഭ്യാസം വഴി സാധിക്കേണ്ടത്‌ എന്ന്‌ മഹാത്മാഗാന്ധി പറയുമ്പോള്‍ നന്മ എന്നതിന്റെ വിവക്ഷ ഈ ധാര്‍മികതയാകാം. നല്ലതും ചീത്തയും തമ്മില്‍, നേരും നുണയും തമ്മില്‍, സദാചാരവും ദുരാചാരവും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയുന്ന വിവേചനാത്മക
ശേഷിയാണ്‌ ധാര്‍മികത എന്ന്‌ പറയാറുണ്ട്‌. ഇത്തരമൊരു ശേഷി ഓരോ കുട്ടിയിലും നിലീനമാണ്‌. അതിനെ, മാതൃകകള്‍ കാണിച്ചു കൊടുത്ത്‌,അനുഭവങ്ങള്‍ പകര്‍ന്നു കൊടുത്ത്‌, സാരോപദേശങ്ങള്‍ പറഞ്ഞു കൊടുത്ത്‌ മുതിര്‍ന്നവര്‍ പരിപോഷിപ്പിച്ചെടുക്കുകയാണ്‌ വേണ്ടത്‌. കുട്ടികളിലെ ധാര്‍മികതാ വികാസത്തെ ക്കുറിച്ചു പ്രമുഖ മനശ്ശാസ്‌ത്രജ്ഞന്‍ ലോറന്‍സ്‌ കോള്‍ബേര്‍ഗ്‌ ( Lawrence Kohlberg – 1927-1987 ) പറഞ്ഞിട്ടുണ്ട്‌.
പ്രായാനുബന്ധിതമായ മൂന്നു ഘട്ടങ്ങളായിട്ടാണ്‌ പ്രസ്‌തുത വികാസത്തെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്‌. Pre-Conveventional l-evel ആണ്‌ ആദ്യത്തേത്‌. ശരി തെറ്റുകള്‍ രൂപം കൊള്ളുന്നത്‌ മറ്റുള്ളവരില്‍ നിന്നു കിട്ടുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ്‌. കുട്ടികള്‍ തെറ്റ്‌ ചെയ്യുമ്പോള്‍ അത്‌ പ്രോത്സാഹിപ്പിക്കുന്ന സമീപനം വളരെ അടുപ്പമുള്ളവരില്‍ നിന്നുണ്ടാകുമ്പോള്‍ ആ തെറ്റ്‌ അവരില്‍ ഉറക്കാനിടയാകും. അതേസമയം , നിരുത്സാഹപ്പെടുത്തലും ബോധവല്‍ക്കരിക്കലുമാണ്‌ സംഭവിക്കുന്നതെങ്കില്‍ അതുമൂലം അവരുടെ മൂല്യബോധത്തില്‍ മൗലികമായ മാറ്റമുണ്ടാവുകയും ചെയ്യും.

പലപ്പോഴും സ്വന്തമായ ഒരഭിപ്രായത്തിലുറച്ചു നില്‍ക്കുന്നതിനപ്പുറം ശിക്ഷയില്‍ നിന്നോ ശകാരത്തില്‍ നിന്നോ ഒഴിവാകാനും പ്രോല്‍സാഹനം ലഭിക്കാനുമാകും കുട്ടികള്‍ ഒരു മൂല്യ സങ്കല്‍പം വെച്ചു പുലര്‍ത്തുന്നത്‌.എന്നാല്‍ കുറച്ചു കഴിഞ്ഞു ` എനിക്കിതിലൊക്കെ എന്ത്‌ ചേതം, എനിക്കെന്തു നേട്ടം എന്ന്‌ കുട്ടികള്‍ ചിന്തിക്കാന്‍ തുടങ്ങും. രക്ഷിതാക്കളും മുതിര്‍ന്നവരും അത്‌ വരെ പറഞ്ഞതിനെ അപ്പടി വിശ്വസിച്ചു പിന്തുടരുന്ന നിലപാടില്‍ നിന്ന്‌ അവര്‍ മാറി ചിന്തിക്കാന്‍ ആരംഭിക്കുകയും ചെയ്യും.

ചെറിയ പ്രായത്തില്‍ കുട്ടികളുടെ മൂല്യബോധത്തിന്‌ പരിക്കേല്‍പ്പിക്കുന്ന ശ്രമങ്ങള്‍ വളരെ അടുത്തവരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. സമീപ കാലത്ത്‌ കേരളത്തില്‍ സാമുഹിക പ്രശ്‌നങ്ങളില്‍ അസാധാരണ രീതിയില്‍ ഇടപെടാറുള്ള ഒരു വനിതാ ആക്ടിവിസ്റ്റ്‌, തന്റെ അര്‍ദ്ധ നഗ്‌ന മേനിയില്‍ സ്വന്തം കുട്ടികളെക്കൊണ്ട്‌ ചിത്രം വരപ്പിക്കുകയും പ്രസ്‌തുത ചിത്രങ്ങള്‍ പിന്നീട്‌ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവം കടുത്ത വിമര്‍ശനങ്ങള്‍ക്ക്‌ തിരികൊളുത്തുകയുണ്ടായി. മനശ്ശാസ്‌ത്രജ്ഞന്‍മാര്‍ പോലും രൂക്ഷമായ ഭാഷയില്‍ ആക്ടിവിസ്റ്റിനെ വിചാരണ ചെയ്യുന്നതും നാം കണ്ടു. കുട്ടികളുടെ മുന്നില്‍ ഒരമ്മ വിവസ്‌ത്രയായി കിടക്കുക. അവരുടെ കൈയില്‍ ബ്രഷും പെയിന്റും കൊടുക്കുക. എന്നിട്ടാ നഗ്‌ന ശരീരത്തില്‍ ചിത്രം വരക്കാന്‍ പറയുക. ഇതിനേക്കാളും വലിയ ഒരു അശ്ലീല വൃത്തി വേറെ എന്തുണ്ട്‌? അഭിജാതയായ ഏതമ്മയാണ്‌ ഈ അശ്‌ളീലത്തോട്‌ യോജിക്കുക.? എന്നിട്ടും ആ ആക്ടിവിസ്റ്റ്‌ പറയുന്നു, സ്‌ത്രീയുടെ സ്വത്വം അംഗീകരിക്കാനും വ്യക്തിത്വത്തെ ആദരിക്കാനും ചിത്രം വരയിലൂടെ കുട്ടികളെ പരിശീലിപ്പിക്കുകയായിരുന്നു എന്ന്‌. ലോറന്‍സ്‌ കോള്‍ബേര്‍ഗ്‌ മുന്നറിയിപ്പ്‌ നല്‍കുന്നത്‌ ഇത്തരം ധാര്‍മികതാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരിലാണ്‌. ചിത്രം വരക്കാന്‍ പറ്റുന്ന ഏറ്റവും നല്ല കാന്‍വാസാണ്‌ സ്‌ത്രീയുടെ നഗ്‌ന ശരീരം എന്ന പ്രതിലോമകരമായ ചിന്തയാണ്‌ ആക്ടിവിസ്റ്റ്‌ മക്കള്‍ക്ക്‌ പകര്‍ന്നു നല്‍കിയത്‌. സ്‌ത്രീ നഗ്‌നത ആഘോഷിക്കപ്പടേണ്ട വസ്‌തുവാണ്‌ എന്ന അപകടകരമായ സന്ദേശവും. കുട്ടികളെ ഇതിനേക്കാളും മോശമായി എങ്ങനെ അധാര്‍മികവല്‍ക്കരിക്കാനാകും.

കോള്‍ബേര്‍ഗ്‌ പറയുന്ന രണ്ടാമത്തെ തലം Conventional Level ആണ്‌.
രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആഗ്രഹത്തിനൊത്ത മൂല്യസങ്കല്‍പം വെച്ചു പുലര്‍ത്തുകയും എന്നാല്‍ കാര്യങ്ങള്‍ തന്റേതായ രീതിയില്‍ കുട്ടികള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന തലമാണിത്‌.മറ്റുള്ളവരുടെ പക്ഷത്ത്‌ നിന്ന്‌ കൂടി ചിന്തിക്കാന്‍ വ്യക്തി പ്രാപ്‌തനാകുന്ന തലം കൂടിയാണിത്‌. സമൂഹത്തില്‍ താനൊരു നല്ല പിള്ളയാവേണ്ടതുണ്ട്‌ എന്ന്‌ ചിന്തിക്കാനും അതിനനുസൃതമായി പ്രവര്‍ത്തിക്കാനും ഈ ഘട്ടത്തില്‍ നിര്‍ബന്ധിതനാകും.

മൂന്നാമത്തേത്‌ Post -Conventional Level ആണ്‌. തന്റേതായ വിശാലവും യുക്തിഭദ്രവുമായ ചിന്തയില്‍ മുന്നോട്ടു പോകാനും പ്രവര്‍ത്തിക്കാനും ശ്രമിക്കുന്ന കാലമാണിത്‌. ധാര്‍മികതയിലാണ്‌ നമ്മുടെ കുട്ടികളുടെ ജീവിത ഭദ്രത കിടക്കുന്നത്‌. വ്യവഹാരങ്ങളില്‍ ധാര്‍മികത അപ്രത്യക്ഷമായാല്‍ പിന്നെ സംഭവിക്കുന്നത്‌ അപചയമാണ്‌. കരുതല്‍ കൊണ്ടേ ഇതിനെ പ്രതിരോധിക്കാനാവൂ. അമേരിക്കന്‍ നോവലിസ്റ്റും കവിയുമായ ജോസിയ ഗില്‍ബേര്‍ട്‌ ഹോളണ്ടിന്റെ (Josiah Gilbert Holland( 1819- 1882 )പ്രശസ്‌തമായ വരികള്‍ ഓര്‍മ്മ വരുന്നു: ശക്ത മാനസങ്ങളെയും അഭിജാത ഹൃത്തങ്ങളെയും നിര്‍വ്യാജ വിശ്വാസത്തെയും വിശുദ്ധ ഹസ്‌തങ്ങളെയുമാണ്‌ ഇതുപോലുള്ളൊരു കാലം നമ്മോട്‌ ആവശ്യപ്പെടുന്നത്‌. പുതുതലമുറയെ മുന്നില്‍ വച്ചു ഈ കാവ്യശകലങ്ങളുടെ ആഴങ്ങള്‍ നാം വിശകലനം ചെയ്യേണ്ടതുണ്ട്‌.( തുടരും )

ഡോ.കുഞ്ഞുമുഹമ്മദ്‌ പുലവത്ത്‌

Topics