സ്ത്രീജാലകം

സ്‌ത്രൈണതയുടെ ആശങ്കകള്‍

വിവാഹത്തിനായി ഒരുങ്ങുന്ന ഒരു യുവതി ആശങ്കയോട് കൂടി എന്നോട് ചോദിച്ചു ‘എന്റെ പ്രതിശ്രുധ വരന് എന്നെ ഇഷ്ടമാകുമോ? ഞാനെങ്ങനെയാണ് അതറിയുക?
ഇത്തരം ചോദ്യങ്ങള്‍ ഈയൊരു യുവതിക്ക് മാത്രമുള്ളതല്ല. വിവാഹിതരോ അല്ലാത്തവരോ ആയ, യുവതിയോ മധ്യവയസ്‌കയോ ആയ എല്ലാ സ്ത്രീകളുടെയും മനസ്സിനെ ഉലക്കുന്ന ചോദ്യമാണ് ഇത്. സ്ത്രീകളെ പൊതുവായി അലട്ടുന്ന ചോദ്യങ്ങളില്‍ വളരെ സുപ്രധാനമായ ആശങ്കകളിലൊന്നാണ് ഇത്.

ഓരോ വര്‍ഷവും കഴിഞ്ഞ് പോകുമ്പോള്‍ സ്ത്രീയുടെ മനസ്സില്‍ രൂപപ്പെടുന്ന ചോദ്യം ‘തനിക്കെങ്ങനെയാണ് സുരക്ഷിതത്വം ലഭിക്കുക’ എന്നതാണ്. പക്ഷെ അതിന് മുമ്പുള്ള ചോദ്യം തന്നെയാണ് പരമ പ്രധാനം. ‘എന്റെ ഭര്‍ത്താവ് എന്നെ ഇഷ്ടപ്പെടുന്നുവോ? എന്നതാണ് അത്. കാരണം ഭര്‍ത്താവിന്റെ സ്‌നേഹം ലഭിക്കുന്നുവെന്ന് ഉറപ്പുള്ള, അക്കാര്യം അനുഭവിച്ചറിഞ്ഞ സ്ത്രീ, താന്‍ തന്നെയാണ് സുന്ദരിയും സൗഭാഗ്യവതിയുമെന്ന് കരുതുകയും അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ പൂര്‍ണസുരക്ഷിതത്വത്തോടെ കണ്ണുനിറയെ ശാന്തമായി ഉറങ്ങുകയും ചെയ്യുന്നു.

പുരുഷന്റെ വാക്കുകള്‍ തന്നെയാണ് അദ്ദേഹത്തിന്റെ വികാരങ്ങളെക്കുറിക്കുന്ന സുപ്രധാന അടയാളങ്ങള്‍. സത്യസന്ധമായും, സുവ്യക്തമായും തന്നോടുള്ള സ്‌നേഹം ഭര്‍ത്താവ് പ്രകടിപ്പിച്ചാല്‍ സ്ത്രീ സന്തോഷിക്കുകയും സമാധാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിന് വിപരീതമായ അവസ്ഥകളും ഉണ്ടാവാറുണ്ട്. നല്ല മധുരിതമായ വാക്കുകള്‍ കൊണ്ട് ഇണയെ സുഖിപ്പിക്കുകയും ഹൃദയത്തില്‍ ഒരിറ്റ് സ്‌നേഹം പോലുമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ അതിനുദാഹരണമാണ്. ഹൃദയത്തില്‍ സ്‌നേഹം നിറഞ്ഞ് തുളുമ്പുകയും എന്നാല്‍ അക്കാര്യം പ്രകടിപ്പിക്കാന്‍ അറിയാതെ പോവുന്ന സാഹചര്യവും പല പുരുഷന്‍മാരിലും കാണപ്പെടാറുണ്ട്.

സ്ത്രീക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാര്‍ഗം സംസാരം തന്നെയാണ്. അവളുടെ ഹൃദയത്തെ കീഴടക്കാനും, സാന്ത്വനിപ്പിക്കാനും, സന്തോഷിപ്പിക്കാനും പ്രിയതമന്റെ വാക്കുകള്‍ക്ക് സാധിക്കുന്നതാണ്. വളരെ ലളിതമായ വാക്കുകള്‍ മതി അവളെ ആനന്ദത്തിന്റെ കൊടുമുടി കയറ്റുവാന്‍. അവളോട് നടത്തുന്ന വളരെ നിസ്സാരമായ കുശലാന്വേഷണങ്ങള്‍ മാത്ര മതിയാവും അവളുടെ ഹൃദയത്തില്‍ പ്രണയവും, കണ്ണുകളില്‍ അനുരാഗവും നിറക്കാന്‍.
പുരുഷന്റെ വാക്കുകളേക്കാള്‍ പ്രാധാന്യവും, ആധികാരികതയും അവന്റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. പ്രണയവും സ്‌നേഹവും പ്രകടമാകുന്നത് പരിഗണനയിലൂടെയാണ്. തന്റെ പ്രിയതമയുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളും വിശദാംശങ്ങളോടെ തന്നെ അറിയുവാന്‍ പ്രിയതമന് ആഗ്രഹമുണ്ടായിരിക്കും. അവള്‍ക്ക് വേണ്ടി ലോകം മുഴുക്കെ സമര്‍പിക്കാന്‍ അദ്ദേഹം തയ്യാറാവുന്നു. സമ്പത്തിനോട് ആഗ്രഹമുണ്ടായിരിക്കെ തന്നെ ഇണയുടെ ക്ഷേമത്തിനായി അവ നിര്‍ലോഭം അവന്‍ ചെലവഴിക്കുന്നു. ധാരാളം സമ്പത്ത് കൈവശമില്ലാത്തവന്‍ തന്റെ കഴിവനുസരിച്ച് ചെലവഴിക്കുന്നു. മറ്റുള്ളവര്‍ പൂച്ചെണ്ട് നല്‍കുമ്പോള്‍ അവന്‍ ഒരു പൂവെങ്കിലും സമ്മാനമായി സമര്‍പിക്കുന്നു. അവളോടൊത്ത് ശാന്തമായ കടല്‍തീരത്ത് ആനന്ദത്തോടെ ചെന്നിരിക്കുന്നു.
കോപത്തിന്റെയും, വിയോജിപ്പിന്റെയും സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥ വികാരം കൂടുതല്‍ വ്യക്തമായി പുറത്തേക്കൊഴുകുന്നു. ബന്ധം എത്ര തന്നെ ശക്തവും, പ്രണയബദ്ധവുമാണെങ്കിലും കോപത്തില്‍ നിന്നും, തര്‍ക്കത്തില്‍ നിന്നും മുക്തമാവുകയില്ല. അവയൊരിക്കലും പ്രതികൂലമായ അടയാളങ്ങളല്ല. മറിച്ച് ബന്ധത്തിന്റെ ശക്തിയെയും, ദാര്‍ഢ്യത്തെയുമാണ് അവ കുറിക്കുന്നത്. അജ്ഞത കൊണ്ടും, മറ്റു ചിലപ്പോള്‍ ഇണയുടെ കാര്യത്തിലെ ആത്മരോഷം കൊണ്ടുമെല്ലാം കോപം കടന്ന് വരാവുന്നതാണ്. ഇണക്കവും പിണക്കവുമെല്ലാം ദാമ്പത്യത്തിന്റെ ചൂട് പരിശോധിക്കാനുള്ള തെര്‍മോമീറ്ററുകളാണ്. പിണക്കത്തിന് ശേഷം ഏകാന്തതയും, ആഗ്രഹവും മനസ്സില്‍ നിറയുന്നുവെങ്കില്‍ ബന്ധം ആരോഗ്യകരമാണെന്നുറപ്പ്. എന്നാല്‍ അപ്പോഴും സന്തോഷവും, സമാധാനവുമാണ് മനസ്സിലുള്ളതെങ്കില്‍ ആ ബന്ധത്തെക്കുറിച്ച് പുനരാലോചന നടത്തേണ്ടിയിരിക്കുന്നു.

ഈമാന്‍ അല്‍ഖുദൂസി

Topics