ഹയാത് (ജീവിതം), ഹയാഅ്(നാണം) തുടങ്ങിയ പദങ്ങള്‍ക്കിടയിലെ യോജിപ്പ് യാദൃശ്ചികമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ രണ്ട് പദങ്ങള്‍ക്കുമിടയില്‍ അവസാനത്തെ അക്ഷരത്തിന് മാത്രമാണ് വ്യത്യാസമുള്ളത്. മാത്രമല്ല ആദ്യ പദത്തിന്റെ അവസാന അക്ഷരം സ്ത്രീലിംഗത്തെ കുറിക്കുന്ന താഅ് ആണ്. സ്ത്രീയും, നാണവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിക്കുന്നതാണ് പ്രസ്തുത താഅ് എന്നാണ് എന്റെ അഭിപ്രായം. ഒരു പക്ഷെ, പദങ്ങളെ അതിന്റെതല്ലാത്ത സ്ഥാനത്ത് ചുമത്തുന്നതാണ് എന്റെ അഭിപ്രായമെന്ന് നിങ്ങള്‍ക്ക് ആക്ഷേപമുണ്ടായേക്കാം. എന്നാല്‍ പോലും സ്ത്രീയും ലജ്ജയും തമ്മില്‍ ജീവിതത്തിലും പെരുമാറ്റത്തിലും നിര്‍ണായകമായ ബന്ധമുണ്ടെന്ന കാര്യത്തില്‍ നിങ്ങള്‍ എന്നോട് യോജിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
സ്ത്രീയുടെ ഏറ്റവും തിളക്കമാര്‍ന്ന അലങ്കാരമാണ് നാണം. അതിനേക്കാള്‍ മനോഹരമായ മറ്റൊരു വിശേഷണം അവള്‍ക്ക് നല്കാനില്ല. നാണമാണ് ആദരിക്കപ്പെട്ടവളായും, പ്രതാപമുള്ളവളായും ജീവിക്കാന്‍ അവളെ സഹായിക്കുന്ന ഘടകം. സമൂഹത്തില്‍ തലയുയര്‍ത്തി നില്ക്കാന് അവളെ പ്രാപ്തമാക്കുന്നതും അത് തന്നെയാണ്. അവിവേകികളുടെ നാവില്‍ നിന്നും, തെമ്മാടികളുടെ കണ്ണുകളില്‍ നിന്നും, ചെന്നായ്ക്കളുടെ ഹൃദയങ്ങളില്‍ നിന്നും അവളെ രക്ഷിക്കുന്നതും നാണമെന്ന മറ കവചം കൊണ്ട് തന്നെയാണ്.
സ്ത്രീ നാണം കൊണ്ട് തന്റെ അഭിമാനവും പവിത്രതയും കാത്ത് സൂക്ഷിക്കുകയും നാണം നഷ്ടപ്പെടുന്നതോട് കൂടി അവളുടെ എല്ലാ വിശുദ്ധിയും നഷ്ടപ്പെടുകയും ചെയ്യുന്നു.
സ്ത്രീക്ക് തന്റെ നാണം നഷ്ടപ്പെട്ടത് കൊണ്ട് സംഭവിക്കുന്ന അപകടങ്ങള്‍ക്ക് നിലനില്‍ക്കുന്ന ലോകത്ത് ഉദാഹരണം സമര്‍പിക്കേണ്ടതില്ല. മാത്രമല്ല, തല മറക്കാതെ തോളില്‍ ഷാള്‍ ചുറ്റി ഇരുഭാഗത്തേക്ക് തൂക്കിയിട്ട പെണ്‍കുട്ടികള്‍ തലമറക്കുന്ന പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ഇണക്കത്തോടും, താല്പര്യത്തോടും അന്യപുരുഷന്മാരോട് ഇടപെടുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. അത്തരത്തില്‍ അന്യരുമായി ഇണങ്ങുകയും സംസാരിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ് മിക്കവാറും പീഡനങ്ങള്‍ക്കോ, വഞ്ചനക്കോ വിധേയമാകാറുള്ളത്. തന്നോട് സംസാരിക്കുകയും, തന്റെ അടുത്തേക്ക് വരികയും ചെയ്യുന്ന പെണ്‍കുട്ടിയില്‍ തന്റെ ഇഛാപൂര്‍ത്തീകരണത്തിന് പുരുഷന് സ്വാഭാവികമായും വഴി കാണുന്നു.
ഉന്നതവും മഹത്തരവുമായ ഗുണമാണ് നാണം. മഹത്തായ മനസ്സിനെയും, ഉയര്‍ന്ന ബുദ്ധിയെയും, അടിയുറച്ച മൂല്യത്തെയുമാണ് അത് അടയാളപ്പെടുത്തുന്നത്. അതിനാല്‍ തന്നെ സ്ത്രീ നാണമില്ലാതെ നടക്കുകയെന്നത് സ്വയം നിന്ദിക്കുന്നതിനും അപമാനിക്കുന്നതിനും തുല്യമാണ്.
നാണം ഊരിയെറിയുകയെന്നത് ക്രമേണയായി സംഭവിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണ്. പക്ഷെ പ്രസ്തുത കവാടം തുറന്ന് വെച്ചാല്‍ അത് കൊട്ടിയടക്കാന്‍ അവള്‍ക്ക് സാധിച്ചെന്ന് വരില്ല.
ശരീരം തുറന്നിട്ട്, ലജ്ജ ഊരിയെറിഞ്ഞ് ജീവിക്കാന്‍ നമ്മുടെ സ്ത്രീകള്‍ ഒട്ടേറെ ന്യായങ്ങള്‍ നിരത്താറുണ്ട്. അണിഞ്ഞൊരുങ്ങാന്‍ സമയമില്ലായ്മ, ചുറ്റുപാടുമുള്ള സാഹചര്യം, പരിഷ്കാരം, ആത്മവിശ്വാസം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ട് അപ്രകാരം സംഭവിക്കുന്നു. ആദ്യമാദ്യം നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുകയും പിന്നീടവ ഗുരുതരമായ അവസ്ഥയിലെത്തിച്ചേരുകയും ചെയ്യുന്നു. ഒടുവില്‍ ഒരു തരത്തിലുമുള്ള നാണമില്ലാതെ സമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ മാത്രം അവള് പാകപ്പെടുന്നു.
നാണമില്ലാത്ത, ദൗര്‍ബല്യമുള്ള സ്ത്രീ ചില്ലകളുണങ്ങിയ പടുവൃക്ഷത്തെപ്പോലെയാണ്. അവ ജനങ്ങള്‍ക്ക് യാതൊരു നിലക്കും ഉപകരിക്കുന്നില്ല. ജനങ്ങള്‍ അതിനെ തങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്ക്കുന്നതായി കാണുന്നു. പക്ഷെ, അതിന് ജീവിതമോ, ജീവനോ ഇല്ല. തന്റെ തന്നെ സവിശേഷതകളെ ആദരിക്കാത്ത സ്ത്രീയെയാണ് സമൂഹം കൈകാര്യം ചെയ്യുന്നത്. സ്വന്തത്തെ ആദരിക്കാത്തവള് എങ്ങനെയാണ് മറ്റുള്ളവരാല്‍ ആദരിക്കപ്പെടുക?
നബീല്‍ ബിന്‍ അബ്ദുല്‍ മജീദ് നശമി
സഹോദരീ, ലജ്ജ തന്നെയാണ് നിന്റെ ജീവിതം

Add Comment