വിശിഷ്ടനാമങ്ങള്‍

അല്‍ ഹലീം (അപാരസഹനശീലന്‍)

‘ഹില്‍മ്’ എന്ന ധാതുവില്‍ നിന്നുണ്ടായ ഈ വിശേഷണത്തിന് സഹനം, വിവേകം, ഇണക്കം, പരമജ്ഞാനം തുടങ്ങിയ അര്‍ഥങ്ങളാണുള്ളത്. അവന്റെ ദാസന്‍മാരുടെമേല്‍ ഏറെ സഹനമുള്ളവനും അവര്‍ക്ക് പൊറുത്തുകൊടുക്കുന്ന വനുമാകുന്നു. സൃഷ്ടികള്‍ തെറ്റുചെയ്യുമ്പോള്‍ ഉടനടി പ്രതികാര നടപടി സ്വീകരിക്കുകയോ ശിക്ഷനടപ്പാക്കുകയോ ചെയ്യാതെ അവര്‍ക്ക് പശ്ചാത്തപിക്കാനും തെറ്റുതിരുത്താനുമുള്ള അവസരം അവന്‍ നല്‍കുന്നു. ഖുര്‍ആനില്‍ പലയിടങ്ങളിലും അല്ലാഹുവിന്റെ ഗുണമായും സൃഷ്ടികളുടെ ഗുണമായും ഇതു സൂചിപ്പിച്ചതായിക്കാണാം. അല്‍ഹലീം എന്ന വിശേഷണം സ്രഷ്ടാവിനുള്ളതുപോലെ സൃഷ്ടികള്‍ക്കും ആവശ്യമാണ്. അതവരുടെ സല്‍ഗുണങ്ങളില്‍പ്പെടുന്നു. ”ഏഴാകാശങ്ങളും ഭൂലോകവും അവയിലുള്ളതൊക്കെയും അവന്റെ വിശുദ്ധി പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു. അവന്റെ സ്തുതി പ്രകീര്‍ത്തിക്കാത്ത യാതൊരു വസ്തുവുമില്ല. പക്ഷേ, നിങ്ങള്‍ അവയുടെ പ്രകീര്‍ത്തനം ഗ്രഹിക്കുന്നില്ല. അവന്‍ വളരെ കനിവുള്ളവനും പൊറുക്കുന്നവനുമാകുന്നു എന്നതത്രെ യാഥാര്‍ഥ്യം.” (അല്‍ ഇസ്‌റാഅ്: 44), ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദേശത്യാഗം ചെയ്ത് പിന്നെ വധിക്കപ്പെടുകയോ സ്വാഭാവികമായി മരിക്കുകയോ ചെയ്തവരുണ്ടല്ലോ, അവര്‍ക്ക് അല്ലാഹു വിശിഷ്ട വിഭവങ്ങള്‍ നല്‍കുന്നുണ്ട്. നിശ്ചയം, അല്ലാഹു അത്യുത്തമനായ വിഭവദാതാവാണല്ലോ. അവര്‍ തൃപ്തിപ്പെടുന്നിടത്തേക്ക് അവന്‍ അവരെ എത്തിക്കും. നിസ്സംശയം, അല്ലാഹു സര്‍വജ്ഞനും കൃപയുള്ളവനുമല്ലോ”. (അല്‍ഹജ്ജ്: 58,59)

Topics