വിശിഷ്ടനാമങ്ങള്‍

അസ്സമീഅ് (സര്‍വ്വ ശ്രോതാവ്)

എത്ര ചെറുതായാലും എത്ര വലുതായാലും എത്ര അവ്യക്തമായാലും അല്ലാഹു കേള്‍ക്കാത്ത ഒരു ശബ്ദവുമില്ല. അല്ലാഹു മാത്രമാണ് ഈ കഴിവുള്ളവന്‍. കൂരിരുട്ടുള്ള രാത്രിയില്‍, ഉറച്ചപാറയില്‍ കറുത്ത ഉറുമ്പിഴയുന്ന ശബ്ദം പോലും അവന്‍ കേള്‍ക്കുന്നു. എന്നാല്‍ അവന്‍ കേള്‍ക്കുന്നത് ചെവികൊണ്ടോ ശ്രവണേന്ദ്രിയം കൊണ്ടോ അല്ല. അതുപോലെ അവന്റെ കേള്‍വിശക്തിക്ക് ഒരിക്കലും യാതൊരു തകരാറും സംഭവിക്കുകയില്ല. അല്ലാഹു ദാസന്റെ വിളികേള്‍ക്കുന്നവനും പ്രാര്‍ത്ഥനക്കുത്തരം നല്‍കുന്നവനുമാണ്. എന്നാല്‍ അവന്റെ കേള്‍വിശക്തിക്ക് മനുഷ്യന്റെ കേള്‍വിശക്തിയുമായി സാമ്യമില്ല. കാരണം, മനുഷ്യന്റെ കേള്‍വിശക്തിക്ക് ഒരുപാട് പരിമിതികളുണ്ട്. അത് നശിക്കാന്‍ ഇടയുണ്ട്. അല്ലാഹുവിന്റെ ഈ കഴിവിനെ തിരിച്ചറിഞ്ഞ വ്യക്തി നാവിനെ സൂക്ഷിക്കുകയും അവന്റെ വചനങ്ങള്‍ കേള്‍ക്കാന്‍ ചെവിയെ കൂടുതല്‍ ഉപയോഗപ്പെടുത്തുകയും അതുമുഖേന ദൈവമാര്‍ഗം കണ്ടെത്തുകയും ചെയ്യുന്നു.
”നിങ്ങളെ സൃഷ്ടിക്കലും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കലും ഒരൊറ്റയാളെ അങ്ങനെ ചെയ്യുംപോലെത്തന്നെയാണ്. സംശയമില്ല; അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്” (ലുഖ്മാന്‍: 28)

Topics