വിശിഷ്ടനാമങ്ങള്‍

അല്‍ ഖാലിഖ് (സ്രഷ്ടാവ്, സൃഷ്ടി പദ്ധതി ആവിഷ്‌കരിക്കുന്നവന്‍)

അല്ലാഹു പറയുന്നു: ”നബിയേ, താങ്കള്‍ പറയുക, അല്ലാഹുവാണ് സമസ്ത വസ്തുക്കളുടെയും സ്രഷ്ടാവ്’ (അര്‍റഅ്ദ്:16). ഇല്ലായ്മയില്‍നിന്ന് സൃഷ്ടികള്‍ക്ക് രൂപം നല്‍കിയത് അവനാണ്. രൂപകല്‍പ്പന നടത്തിയവനെന്നും സംവിധാനിച്ചവന്‍ എന്നും അര്‍ത്ഥമുണ്ട്. സൃഷ്ടിപ്പിനെ ഒരു കെട്ടിടനിര്‍മാണത്തോട് ഉപമിച്ചാല്‍ ‘ഖാലിഖ്’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹു എന്‍ജിനീയറുടെ പണിചെയ്യുന്നു എന്നാണ്. എന്നാല്‍ ഇതുമാത്രമല്ല നിര്‍മാണവും രൂപീകരണവും അല്ലാഹു തന്നെ. അടുത്ത രണ്ട് വിശേഷണങ്ങളില്‍നിന്ന് അത് മനസ്സിലാക്കാം. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയാണെന്ന് അറിയുന്നതോടെ സ്രഷ്ടാവില്‍ ജീവിതം അര്‍പ്പിക്കാനും അവനെ ആശ്രയിക്കാനും മനുഷ്യന്‍ ബാധ്യസ്ഥനാകുന്നു. ‘ഖലഖ’ എന്ന പദത്തിന്റെ സൂക്ഷ്മാര്‍ത്ഥം പരിശോധിച്ചാല്‍ മനസ്സിലാവും, അത് ഇല്ലായ്മയില്‍ നിന്ന് ഒരു പുതിയ രൂപത്തെ സൃഷ്ടിച്ചെടുക്കുന്നതിനാണ് പറയുക.
”അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍ തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവനുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും’

Topics