ഫിഖ്ഹ്

ഫിഖ്ഹ് പ്രവാചകന്റെ കാലത്ത്

പ്രവാചകന്റെ കാലത്ത് ഫിഖ്ഹ് ഒരു ശാസ്ത്രമായി വികസിച്ചിരുന്നില്ല. ഇന്നത്തെപ്പോലെ ഒരു സാങ്കേതികശബ്ദമായി അന്ന് പ്രയോഗിക്കപ്പെട്ടിട്ടുമില്ല. സാമാന്യമായിട്ടായിരുന്നു ഫിഖ്ഹിന്റെ അന്നത്തെ പ്രയോഗം. അഥവാ വിശുദ്ധ ഖുര്‍ആന്റെയും സുന്നത്തിന്റെയും പ്രയോഗങ്ങളുടെ ആത്മചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രയോഗം. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഗ്രഹിക്കുന്ന എല്ലാ അടിസ്ഥാനങ്ങളെയും അവര്‍ ഫിഖ്ഹിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി. അവ ആദര്‍ശവുമായി ബന്ധപ്പെട്ട വിശ്വാസകാര്യങ്ങളാവാം. ജീവിതത്തില്‍ പാലിക്കേണ്ട ഇസ്ലാമിക ധാര്‍മിക വിധികളാവാം. പ്രായോഗികരംഗത്ത് ആവിഷ്കരിക്കേണ്ട ഇസ്ലാമിക ശരീഅത്തിലെ നിയമങ്ങളുമാവാം.

ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും പ്രവാചകന്‍ തിരുമേനിയുടെ സ്വതസിദ്ധമായ ഒരു ഫിഖ്ഹ് നമുക്ക് ദര്‍ശിക്കാനാവും. വ്യക്തി സംസ്കരണം, കുടുംബസംസ്കരണം, സമൂഹത്തിന്റെ നിര്‍മാണം/പുനര്‍നിര്‍മാണം, കര്‍മശാസ്ത്രങ്ങള്‍, രാഷ്ട്രീയ രൂപീകരണം, സാമ്പത്തിക പരിഷ്കരണം, എന്നുതുടങ്ങി വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന രംഗങ്ങളില്‍ തനതായ ഫിഖ്ഹ് പ്രവാചകനുണ്ടായിരുന്നു. താത്വികവും പ്രായോഗികവുമായ ഒരു രീതിശാസ്ത്രമായിരുന്നു പ്രസ്തുത ഫിഖ്ഹ്. ഇസ്ലാമിക ശരീഅത്തെന്ന പൂര്‍ണതയിലേക്ക് നയിക്കുന്ന കൈത്തോടും ചെറുപുഴയും വിശാലമായ പാതയുമായിരുന്നു ആ ഫിഖ്ഹ്.

കര്‍മശാസ്ത്രപ്രശ്നങ്ങളില്‍ നബി അനുവദിച്ച ഫിഖ്ഹിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം സൂചിപ്പിക്കുന്നു. നബി(സ) സ്വഹാബിവര്യര്‍ക്ക് അനുവദിച്ച ഇജ്തിഹാദില്‍ രൂപപ്പെട്ട ഫിഖ്ഹീ കാഴ്ചപ്പാടുകളാണ് ഇവ. തിരുമേനിയുടെ രണ്ട് അനുചരന്മാര്‍ യാത്രചെയ്തുകൊണ്ടിരിക്കെ നമസ്കാരത്തിനു സമയമായി. ഇരുവരുടെയും കൈയില്‍ വെള്ളമില്ല. അവര്‍ തയമ്മും ചെയ്തുനമസ്കരിച്ചു. പിന്നീടവര്‍ക്ക് യാത്രയില്‍ നമസ്കാരസമയം കഴിയുന്നതിനു മുമ്പായി വെള്ളം ലഭിച്ചു. ഒരാള്‍ വെള്ളം കൊണ്ട് അംഗശുദ്ധി വരുത്തി മടക്കി നമസ്കരിച്ചു. മറ്റെയാള്‍ മടക്കി നമസ്കരിച്ചതുമില്ല. അവര്‍ സംഭവം പ്രവാചകനെ ധരിപ്പിച്ചു. ഇരുവരുടെയും പ്രവൃത്തികള്‍ പ്രവാചകന്‍ ശരിവെച്ചു. മടക്കി നമസ്കരിക്കാത്തയാളോട് പ്രവാചകന്‍പറഞ്ഞു: ‘താങ്കള്‍ സുന്നത്ത് കരസ്ഥമാക്കി. താങ്കളുടെ നമസ്കാരം പര്യാപ്തമാക്കി’. മടക്കി നമസ്കരിച്ച വ്യക്തിയോട് പ്രവാചകന്‍ പറഞ്ഞു: ‘താങ്കള്‍ക്ക് രണ്ടുപ്രാവശ്യം പ്രതിഫലമുണ്ട്’ (അബൂദാവൂദ്, തുര്‍മുദി).

അതത് സന്ദര്‍ഭങ്ങളിലുണ്ടാവുന്ന പ്രശ്നങ്ങളോടുള്ള പ്രവാചകന്റെ കാലത്തെ സമീപനം ക്രിയാത്മകമായിരുന്നു. പ്രവാചകനു മുമ്പില്‍ വരുന്ന പ്രശ്നങ്ങള്‍ക്ക് ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ വിധി കല്‍പിക്കും. സ്വഹാബിമാരുടെ മുമ്പില്‍ വരുന്ന പ്രശ്നങ്ങള്‍ക്ക് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അവര്‍ വിധി നല്‍കും. ജീവിതവുമായി ബന്ധപ്പെട്ട അനേകം പ്രശ്നങ്ങള്‍ അവരുടെ മുമ്പിലെത്തും. ഇസ്ലാമിക അടിസ്ഥാനത്തില്‍, സാഹചര്യം, പ്രായോഗികത ഇവയെല്ലാം പരിഗണിച്ചായിരുന്നു അവരുടെ വിധി. അതിനാല്‍ ത്തന്നെ ഒരു പ്രശ്നത്തില്‍ വ്യത്യസ്ത വിധികളും സമീപനങ്ങളും കാണാനാവും. ഹദീസ് ഗ്രന്ഥത്തില്‍ ഇത്തരത്തിലുള്ള ഉദാഹരണങ്ങള്‍ നിരവധിയുണ്ട്.

ആ കാലഘട്ടത്തിലെ ഫിഖ്ഹിന്റെ അടിസ്ഥാനങ്ങള്‍ വിശുദ്ധ ഖുര്‍ആനും സുന്നത്തുമായിരുന്നു. ആ ഫിഖ്ഹിന്റെ, വിശിഷ്യാ പ്രവാചക ഫിഖ്ഹിന്റെ പ്രത്യേകത ദിവ്യവെളിപാടിന്റെ അഥവാ ദൈവിക ഇടപെടലിന്റെ ഭാഗം കൂടി ഉള്‍ക്കൊള്ളുന്നതായിരുന്നു. തെറ്റിയാല്‍ വഹ്യിലൂടെ തിരുത്തപ്പെട്ടു. അതിനാല്‍ ഈ ഫിഖ്ഹിന് ദൈവിക ശരീഅത്തിന്റെ അതേ പ്രാധാന്യമുണ്ട്. മനുഷ്യന്‍ എന്ന നിലക്കല്ല പ്രവാചക ഫിഖ്ഹിന്റെ നിര്‍മാണം. മറിച്ച്, റസൂല്‍ ദൈവിക ശരീഅത്തിന്റെ ദ്വിദീയപ്രമാണം എന്ന നിലയിലുള്ളതാണ് പ്രവാചക ഫിഖ്ഹ്. അതിനാല്‍ ഈ മാതൃകയെ അനുധാവനം ചെയ്യല്‍ മുസ്ലിം ബാധ്യതയാണ്.

ഇജ്തിഹാദ് നടത്താനുള്ള സമ്പൂര്‍ണ സ്വാതന്ത്യ്രം പ്രവാചകന്‍ തന്റെ അനുയായികള്‍ക്ക് അനുവദിച്ചിരുന്നു. ഖുര്‍ആനും സുന്നത്തും അവലംബമാക്കിയുള്ള ജീവിതപ്രശ്നങ്ങളിലുള്ള സമഗ്ര ഇജ്തിഹാദായിരുന്നു അത്. പ്രവാചകന്‍ മുആദിനെ യമനിലേക്ക് അയക്കുന്നതിനിടെ അവര്‍ക്കിടയിലുണ്ടായ വര്‍ത്തമാനങ്ങള്‍ ഇതിലേക്കുള്ള സൂചനയാണ്. മുആദുബ്നു ജബലിനെ(റ) യമനിലെ ഗവര്‍ണറായി നിയമിച്ചപ്പോള്‍ അദ്ദേഹത്തോട് പ്രവാചകന്‍ ചോദിച്ചു: ‘താങ്കളുടെ മുമ്പില്‍ ഒരു പ്രശ്നം വന്നാല്‍ എങ്ങനെയാണ് വിധി കല്‍പിക്കുക’. ഞാന്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിധി കല്‍പിക്കും. ‘അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ കണ്ടില്ലെങ്കിലോ?’ അല്ലാഹുവിന്റെ ദൂതന്റെ ചര്യയനുസരിച്ച്. ‘അതിലും കണ്ടില്ലെങ്കിലോ?’ ‘ഞാന്‍ എന്റെ ബുദ്ധിയുപയോഗിച്ച് ഗവേഷണം ചെയ്യും. വീഴ്ച വരുത്തുകയില്ല’. റസൂല്‍ മുആദിനെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതന്ന് തൃപ്തികരമായത് തോന്നാന്‍ അല്ലാഹുവിന്റെ ദൂതന്റെ ദൂതന്ന് അനുഗ്രഹം നല്‍കിയ അല്ലാഹുവിന് സ്തുതി'(അബൂദാവൂദ്). തിരുമേനിയുടെ സന്നിധിയിലെത്തിയ ഒരു കേസില്‍ വിധി പറയുവാന്‍ നബി(സ) തിരുമേനി അംറുബ്നു ആസിനോട് ആവശ്യപ്പെട്ടു: ‘നീ ഇജ്തിഹാദ് ചെയ്ത് വിധി പറയുക. അത് സുബദ്ധമാണെങ്കില്‍ താങ്കള്‍ക്ക് രണ്ടു പ്രതിഫലമുണ്ട്. അബദ്ധമായാല്‍ ഒരു പ്രതിഫലവും’. ഇങ്ങനെ എല്ലാ കാര്യത്തിലും സാഹചര്യത്തിന്റെ തേട്ടങ്ങള്‍ക്കനുസൃതമായി പ്രശ്നങ്ങളുടെ പരിഹാരത്തില്‍ വിശാലത പുലര്‍ത്താന്‍ പ്രവാചകന്‍ കല്‍പിച്ചിരുന്നു.

Topics