സാമൂഹികം-ഫത്‌വ

ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് ആകാമോ ?

ചോദ്യം: കലാലയങ്ങളിലും പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും വിശ്വാസിക്ക് ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് വിശേഷണത്തോടെയുള്ള സൗഹൃദങ്ങള്‍ അനുവദനീയമാണോ ?

മറുപടി: മുസ്‌ലിംകള്‍ എന്ന നിലക്ക് കലാലയങ്ങളിലും തൊഴിലിടങ്ങളിലും അയല്‍പക്കങ്ങളിലും എല്ലാവരോടും മാന്യതയും കാരുണ്യവും പുലര്‍ത്തുന്ന നല്ല ബന്ധമാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. വിവാഹബന്ധം നിഷിദ്ധമല്ലാത്ത വ്യക്തിയുമായി വളരെ ഗാഢമായ സൗഹൃദബന്ധംപുലര്‍ത്തുന്നത് ഇസ്‌ലാം വിലക്കുന്നു. കാരണം അത് ക്രമേണ നിഷിദ്ധമായ വ്യഭിചാരത്തിലേക്ക് നയിച്ചേക്കും. ‘നിങ്ങള്‍ വിവാഹജീവിതം ആഗ്രഹിക്കുന്നവരാകണം. അവിഹിതവേഴ്ച കാംക്ഷിക്കുന്നവരാകരുത്’ (അന്നിസാഅ് 24).

‘അവര്‍ പരസ്യമായി വ്യഭിചാരത്തിലേര്‍പ്പെടുന്നവരോ രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരോ ആവരുത്'(അല്‍മാഇദ 5). ഈ സൂക്തത്തിലെ ‘അഖ്ദാന്‍’ എന്ന വാക്ക് സൂചിപ്പിക്കുന്നത് അവിഹിതബന്ധത്തിലെ രഹസ്യക്കാരി, ജാരന്‍ ,കാമുകന്‍ എന്നൊക്കെയാണ് .
നബിതിരുമേനി അരുളിയിരിക്കുന്നു. ‘എതിര്‍ലിംഗത്തില്‍പെട്ട രണ്ടുപേര്‍ തനിച്ചായാല്‍ അവിടെ മൂന്നാമനായി അവര്‍ക്കിടയില്‍ വരിക പിശാചായിരിക്കും'(തിര്‍മിദി).

അതിനാല്‍ ഒരു മുസ്‌ലിമായ യുവാവിന് ഗേള്‍ഫ്രണ്ടോ, യുവതിക്ക് ബോയ്ഫ്രണ്ടോ ഉണ്ടാവുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. അവരുടെ സൗഹൃദത്തിന്റെ ഉദ്ദേശ്യങ്ങള്‍ എത്രതന്നെ നിസ്സ്വാര്‍ഥമായാലും ഗുണകാംക്ഷാപരമായാലും ശരി.
നിങ്ങളുടെ ക്ലാസിലെയോ തൊഴിലിടങ്ങളിലെയോ ആണ്‍/പെണ്‍കുട്ടികളോ യുവജനങ്ങളോ നിങ്ങളുടെ മാന്യമായ പെരുമാറ്റത്തിന് അര്‍ഹരാണ്. എന്നാല്‍ എതിര്‍ലിംഗത്തില്‍പെട്ടവരെ ഉറ്റസുഹൃത്താക്കരുത്. ഇസ്‌ലാം സ്വവര്‍ഗലൈംഗികത നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാല്‍ അത്തരം ലൈംഗികവിചാരത്തോടെ പുരുഷന് മറ്റൊരുയുവാവിനെയോ ബാലനെയോ, സ്ത്രീക്ക് മറ്റൊരു യുവതിയോ ബാലികയോ ഉറ്റസുഹൃത്തായി ഉണ്ടാകാന്‍ പാടില്ല.

വ്യത്യസ്തലിംഗത്തില്‍പെട്ടവര്‍ തമ്മിലുള്ള സൗഹൃദം അധികസംഗതികളിലും സുരക്ഷിതമോ പ്രലോഭനമുക്തമോ ആകാറില്ലെന്ന് സ്ഥിതിവിവരക്കണക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. എല്ലാ അര്‍ഥത്തിലും മാതൃകാപരമായ, ഒറ്റപ്പെട്ട എതിര്‍ലിംഗസൗഹൃദങ്ങളെ ചൂണ്ടിക്കാട്ടി സമൂഹത്തിനായി അവയെ സാമാന്യവത്കരിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല.

എതിര്‍ലിംഗത്തില്‍പെട്ട ആളെ പ്രലോഭിപ്പിക്കുംവിധം സംസാരിക്കുന്നതോ പെരുമാറുന്നതോ ഖുര്‍ആന്‍ വിലക്കുന്നു. അനിവാര്യസാഹചര്യത്തില്‍ സ്ത്രീക്ക് അന്യപുരുഷനോട് സംസാരിക്കേണ്ടിവന്നാല്‍ ഹൃദയങ്ങളില്‍ രോഗമുള്ളവരെ പ്രലോഭിപ്പിക്കുംവിധം കൊഞ്ചിക്കുഴയുകയോ പെരുമാറുകയോ ചെയ്യരുത്. അതേസമയം, ഉറ്റസൗഹൃദം എന്ന പേരില്‍ വിശേഷിപ്പിക്കുന്ന ബന്ധങ്ങളിലധികവും ഹറാമിലേക്ക് നയിക്കുന്നതാണ് എന്ന യാഥാര്‍ഥ്യം തിരസ്‌കരിക്കാനാവില്ല. ശരീരത്തിലെ ഏതെങ്കിലും അവയവത്തിന് ക്ഷതം ബാധിച്ചാല്‍ അതിന് പരിഹാരമായി മരണകാരണമായേക്കാവുന്ന ഓപറേഷനാണ് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നതെങ്കില്‍ നാം അത് തള്ളിക്കളഞ്ഞ് വേദന സഹിക്കാനാണ് ശ്രമിക്കുക. എതിര്‍ലിംഗസൗഹൃദത്തിന്റെ വിഷയത്തിലും നിഷിദ്ധത്തിലേക്ക് വഴിതുറക്കുംവിധം റിസ്‌ക് ഒഴിവാക്കാനാണ് ആണ്‍-പെണ്‍ സൗഹൃദം ഇസ്‌ലാം വിലക്കുന്നത്.

ഇസ്‌ലാമിന്റെ നിയമങ്ങള്‍ ദൈവികനിയമങ്ങളാണ്. അത് എപ്പോഴും മനുഷ്യനെ സുരക്ഷിതമാക്കി നിലനിര്‍ത്തുന്നു. യുക്തിയെ പിന്തുടരാനും അതിനെ അവലംബമാക്കാനും ആണ് നാം മുതിരുന്നതെങ്കില്‍ അറിയുക, തീര്‍ച്ചയായും യുക്തിക്ക് പലപ്പോഴും അബദ്ധങ്ങള്‍ പിണയാറുണ്ട്. എന്നല്ല, ചിലപ്പോള്‍ ഏതാണ് ബുദ്ധിപരം , ഏതാണ് വിഡ്ഢിത്തം എന്ന് അതിന് വേര്‍തിരിക്കാന്‍ കഴിയാത്ത അവസ്ഥപോലുമുണ്ട്. എല്ലാറ്റിനുമുപരി ചിലകാര്യങ്ങളില്‍ , യുക്തിതന്നെ കണ്ടെത്താന്‍ കഴിയാത്ത നിസ്സഹായാവസ്ഥയുമുണ്ട്.

Topics