ചോദ്യം: ഞാന്‍ വിവാഹിതനായിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. ഭാര്യ ഗര്‍ഭിണിയായി ആറുമാസം കഴിഞ്ഞിരിക്കുന്നു. അല്‍ഹംദുലില്ലാഹ്!. ചില സമയങ്ങളില്‍ ഭാര്യ ഉദാസീനഭാവത്തിലാണ്. അതുകാണുമ്പോള്‍ എന്റെ മനസ്സ് തളര്‍ന്നുപോകുകയാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ വീടിന് പുറത്ത് കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കുകയാണിപ്പോള്‍. വ്യക്തികളുടെ മാനസികാവസ്ഥയെ മാറ്റാന്‍ വഴികളുണ്ടെന്നറിയാം. എന്നാല്‍ അതെങ്ങനെയെന്ന് എനിക്കറിയില്ല. സന്തോഷം നിറഞ്ഞ വീടകമാണ് എനിക്കാവശ്യം. എന്നെ സഹായിക്കുമോ ?
ഉത്തരം: ഗര്‍ഭധാരണം ഒരു സ്ത്രീയില്‍ ശാരീരികമായും മാനസികമായും ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഗര്‍ഭാശയത്തില്‍ പുതിയ ഒരു ജന്മം ഉടലെടുക്കുന്നതിനായി ഹോര്‍മോണുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതിന്റെ ഫലമാണിത്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കുകയാണ് ജീവിതപങ്കാളിയെന്ന നിലക്ക് താങ്കള്‍ ആദ്യമായി ചെയ്യേണ്ടത്. എങ്കില്‍ മാത്രമാണ് ഇപ്പോഴത്തേതുപോലുള്ള പ്രതിസന്ധികളെ സംയമനത്തോടെ കൈകാര്യംചെയ്യാനാവുക.
ഒന്നാമതായി, ശരീരശാസ്ത്രപരമായി പറഞ്ഞാല്‍ ഗര്‍ഭിണിയുടെ ശരീരം ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഒരു ശിശുവിന് ജന്മംകൊടുക്കുന്നതിന്റെ ഭാഗമായി ഹോര്‍മോണുകളും ശരീരാവയവങ്ങളും തയ്യാറെടുപ്പുകള്‍ക്ക് വിധേയമാകുന്നു. അത്തരത്തിലുള്ള ഹോര്‍മോണുകള്‍ മാനസികാവസ്ഥയെയും ശാരീരികാവസ്ഥയെയും ബാധിക്കുന്നതുകൊണ്ട് ഗര്‍ഭാവസ്ഥയുടെ ചില അസ്വസ്ഥതകള്‍ ഉണ്ടാകും.
ജീവിതത്തില്‍ ആദ്യമായി മാതാവാകുന്നതിന്റെ മാനസികാവസ്ഥയിലാണ് ഭാര്യയുള്ളത് എന്നതാണ് രണ്ടാമത്തെ കാര്യം രക്ഷിതാവിന്റെ ചുമതല ജീവിതത്തില്‍ ഒട്ടേറെ വെല്ലുവിളികളുയര്‍ത്തുന്നതാണ്. പെട്ടെന്ന് അത്തരത്തിലൊരു ഉത്തരവാദിത്വം തന്നിലേക്ക് വന്നുചേരുന്നത് ചിലരില്‍ സമ്മര്‍ദ്ദമുണ്ടാക്കിയേക്കാം. തനിക്ക് ഒരു കുട്ടിയുണ്ടാകുന്നുവെന്നത് ദൈവാനുഗ്രഹമാണെന്ന തിരിച്ചറിവുണ്ടാക്കും മറ്റുചിലരില്്. ഒരേസമയം ഭയവും, സന്തോഷവും , ആകാംക്ഷയും ഉണ്ടാകുന്നത് മാനസികാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ.
ഈ നെഗറ്റീവ് ഊര്‍ജ്ജം എങ്ങനെ പോസിറ്റീവ് മോഡിലേക്ക് മാറ്റാനാവുമെന്നാണ് താങ്കളുടെ ചോദ്യം. ഇതിനായി ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. അവ താഴെ കുറിക്കുന്നു:
1.പിന്തുണ നല്‍കുക: ഭാര്യയുടെ ഉദാസീനമായ മുഖം കാണുമ്പോള്‍ താങ്കള്‍ക്കും വീട്ടില്‍നിന്ന് മാറിനില്ക്കാന് തോന്നുന്നുവെന്ന് പറഞ്ഞത് ശരിയായ സമീപനമല്ല. അത്തരം നടപടികള്‍ ഭാര്യയില്‍ ഈ നിര്‍ണായകഘട്ടത്തില്‍ ഭര്‍ത്താവ് തന്നെ പിന്തുണക്കുന്നില്ല എന്ന ചിന്ത ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുക. അത് അവരില്‍ ഉദാസീനതയും ഉന്മേഷക്കുറവും വര്‍ധിപ്പിക്കുകയുംചെയ്യും. ഭാര്യയോടൊപ്പമായിരിക്കുകയും അവരുടെ വിവരങ്ങള്‍ തിരക്കുകയും ചെയ്യുന്നതിലൂടെ അവരുടെ മനസ്സ് മനസ്സിലാക്കാന്‍ കഴിയും. മനസ്സിലുള്ള ആശങ്കകളെ തന്നാലാകുംവിധം അകറ്റാന്‍ അത് സഹായിക്കും. ഭാര്യയുടെ മനോവ്യാപാരങ്ങളിലെ ഋതുഭേദങ്ങള്‍ക്ക് പിന്നിലെന്താണെന്ന് അതുവഴി താങ്കള്‍ക്ക് അറിയാനാകും. കൂടാതെ, പരിചരിച്ചും വിശേഷങ്ങള്‍ തിരക്കിയും ഭര്‍ത്താവ് തന്നെ പരിഗണിക്കുന്നുവെന്ന അവര്‍ ആശ്വാസംകൊള്ളുകയുംചെയ്യും എന്നതും കൂടിയുണ്ട്.
2.ഒരുമിച്ചുള്ള വ്യായാമം: ഭാര്യ ഇപ്പോഴനുഭവിക്കുന്ന ശാരീരികപ്രയാസങ്ങള്‍ക്ക് വ്യായാമം വളരെയേറെ ഗുണംചെയ്യും. ഇനി അത്തരത്തില്‍ പ്രയാസമൊന്നുമില്ലെങ്കില്തന്നെയും ലഘുവായ വ്യായാമങ്ങള്‍ അവരുടെ ശരീരത്തിനും പ്രസവതയ്യാറെടുപ്പിനും മതിയായ ശക്തിയും ധൈര്യവും പകര്‍ന്നുകൊടുക്കും. അത് ശരീരത്തിലെ ഹോര്മോണ്നിലയെ സന്തുലിതപ്പെടുത്തി മാനസികനിലയെ ഉത്തേജിപ്പിക്കും. അപ്രകാരംതന്നെ രണ്ടുപേരുംകൂടി വീടിനുപുറത്ത് ഉലാത്താന്‍ സമയംകണ്ടെത്തുന്നത് വളരെ ഗുണംചെയ്യും.
3. ഒരുമിച്ച് ആസൂത്രണം: ഗര്‍ഭധാരണത്തെയും ഗര്ഭകാലപരിചരണത്തെയും ശിശുപരിചരണത്തെയുംകുറിച്ച വിജ്ഞാനം ആര്‍ജ്ജിക്കുക. ഇത് നിങ്ങള്‍ രണ്ടുപേരുംചേര്‍ന്ന് കണ്ടുംകേട്ടും വായിച്ചുംസ്വായത്തമാക്കുക. ഭാര്യയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ (ശാരീരികമായും മാനസികമായും) അറിയുന്നത് അവര്‍ക്ക് എങ്ങനെയെല്ലാം പിന്തുണനല്കാമെന്ന പ്രായോഗികപരിജ്ഞാനം നല്‍കും. അങ്ങനെ പ്രസവം ഭയപ്പെടത്തക്ക പ്രശ്നമല്ലെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നും അവരെ ബോധ്യപ്പെടുത്തണം. ചുരുക്കത്തില്‍ പിന്തുണയുമായി താങ്കള്‍ എപ്പോഴുമുണ്ടെന്ന് അവര്‍ക്ക് അനുഭവവേദ്യമാകണം.
4. പ്രാര്‍ഥനയില്‍ ഒരുമിച്ച്: നല്ല ആരോഗ്യവാനും സച്ചരിതനും മാതാപിതാക്കള്‍ക്ക് നന്മചെയ്യുന്നവനുമായ ശിശുവിനായി പ്രാര്‍ഥിക്കണമെന്ന കാര്യം നിങ്ങളിരുവരും മറക്കരുത്. അവ്വിധം പ്രാര്‍ഥിക്കുന്നത് നിങ്ങളിരുവരും തമ്മിലും അല്ലാഹുവുമായുമുള്ള ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കും.
മേല്പറഞ്ഞ കാര്യങ്ങള്‍ നടപ്പില്‍ വരുത്താനായാല്‍ ഭാര്യയുടെ എല്ലാ ആശങ്കകളും മാറി അവരില്‍ പ്രത്യാശയും പ്രതീക്ഷയും സന്തോഷവും നിറയുന്നത് -ഇന്‍ശാ അല്ലാഹ്- താങ്കള്‍ക്ക് കാണാനാകും. ഇനിയെങ്ങാന്‍ അവര്‍ ഉദാസീനയായാല്തന്നെയും അവരെ പോസിറ്റീവ് മൂഡിലേക്ക് കൊണ്ടുവരാന്‍ താങ്കള്‍ക്ക് പ്രയാസപ്പെടേണ്ടിവരികയുമില്ല. അല്ലാഹു താങ്കളുടെ ദാമ്പത്യവും സന്താനലബ്ധിയും സന്തോഷകരവും ശാന്തിദായകവുമാക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.