ഒരു പഠിതാവില്‍ സംഭവിക്കുന്ന വൈജ്ഞാനിക വികാസമെന്നത് താന്‍ ജീവിക്കുന്ന ചുറ്റുപാടുകളുമായുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതും തീവ്രമാക്കുന്നതുമായ ഒരു നൈരന്തര്യപ്രക്രിയയാണ്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചതിന് ശേഷം അതിനെക്കുറിച്ച് തന്നെ പിന്നെയും ചിന്തിച്ച് ആശയ വ്യക്തത വരുത്താനുള്ള ശേഷി വളരുന്നതോടെയാണ് പഠിതാക്കളുടെ ജ്ഞാനപരിസരം വികസിതമാകുന്നത്. വൈജ്ഞാനിക മേഖലയിലെന്നതുപോലെ സഹ വൈജ്ഞാനിക മേഖലയിലും പഠിതാക്കളാര്ജിക്കുന്ന വളര്‍ച്ചാ വികാസത്തെ കൃത്യമായി അളന്നു തിട്ടപ്പെടുത്താന്‍ സഹായകരമാവും വിധത്തിലുള്ള സമഗ്രവും നിരന്തരവുമായ മൂല്യനിര്‍ണയ പ്രക്രിയയെക്കുറിച്ച് നിരവധി പഠനങ്ങളും ഗവേഷണങ്ങളും കണ്ടെത്തലുകളും നിഗമനങ്ങളും ലോകത്ത് ഇതിനകം നടന്നിട്ടുണ്ട്.
പാഠ്യപദ്ധതി (curriculum) എന്നത് പഠനബോധന പ്രക്രിയയുടെ സാകല്യവും ക്ലാസുമുറിക്കകത്തും പുറത്തുനിന്നുമായി പഠിതാവ് ആര്‍ജിക്കുന്ന പഠനാനുഭവങ്ങളുടെ ആകത്തുകയുമാണ്. പഠന-ബോധന ലക്ഷ്യങ്ങള്‍, പഠന സാമഗ്രികള്‍, രീതിശാസ്ത്രങ്ങള്‍, മൂല്യനിര്‍ണയം എന്നിവയെല്ലാം ഈ സാകല്യത്തിലുള്പ്പെടും. പഠനത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ പഠിതാവ് അറിവിന്റെയും ശേഷിയുടെയും തലത്തില്‍ എവിടെയെത്തിയിരിക്കണം എന്ന് നിശ്ചയിക്കുകയാണ് പാഠ്യപദ്ധതിയുടെ പ്രധാനധര്മങ്ങളിലൊന്ന്. പഠിതാവ് ആര്‍ജിച്ചിരിക്കേണ്ട പഠന നേട്ടം, അവയിലേക്കെത്താന്‍ സഹായിക്കുന്ന സാമഗ്രികള്‍, പഠന- ബോധന ഉദ്ദേശ്യങ്ങള്‍ എന്നിവയെക്കുറിച്ച പ്രസ്താവനയാണ് സിലബസ്. പഠിതാക്കളുടെ പുരോഗതിയും പഠന- ബോധനപ്രക്രിയയുടെ ഫലപ്രാപ്തിയും അളക്കുന്നത് സിലബസ് മുന്നില്‍വെച്ചുകൊണ്ടാണ്. പഠിതാവിന്റെ പഠനനേട്ടങ്ങള്‍ തിട്ടപ്പെടുത്താനുള്ള അളവുകോല്‍ മാത്രമല്ല, പഠന സാമഗ്രികളുടെയും പഠന – ബോധനരീതിശാസ്ത്രങ്ങളുടെയും ഫലപ്രാപ്തി അളക്കാനുള്ള ഉപാധി കൂടിയാണ് സിലബസ്. അതുകൊണ്ട് പാഠ്യപദ്ധതി വിനിമയത്തിന്റെ കാര്യക്ഷമത, പഠനബോധന പ്രക്രിയയുടെ തുടര്പുരോഗതി എന്നിവ വിലയിരുത്താനുള്ള പാഠ്യപദ്ധതിയുടെ ഒരനിവാര്യഘടകം എന്ന നിലയില്‍ മുഖ്യനിര്ണയ പ്രക്രിയയെ മനസ്സിലാക്കേണ്ടതുണ്ട്.
പഠിതാവിന്റെ സര്വോന്മുഖമായ വളര്‍ച്ചാ വികാസത്തെ അളന്നുതിട്ടപ്പെടുത്താനുള്ള പാഠ്യപദ്ധതി പ്രവര്‍ത്തനമാണ് നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയം എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. സവിശേഷമായ രണ്ടു ഘടകങ്ങളിലൂന്നിക്കൊണ്ടുള്ള തല്‍സ്ഥിതി നിര്‍ണയത്തിനുള്ള വികസനാത്മക പ്രക്രിയയാണ് യഥാര്‍ഥത്തില്‍ നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയം. മൂല്യനിര്‍ണയ പ്രക്രിയയില്‍ പാലിക്കപ്പെടേണ്ട നൈരന്തര്യവും പഠിതാക്കള്‍ ആര്‍ജിച്ചിരിക്കേണ്ട പഠനനേട്ടങ്ങളുടെ തല്‍സ്ഥിതി നിര്‍ണയവുമാണ് പ്രസ്തുത രണ്ട് ഘടകങ്ങള്‍. പഠിതാക്കളുടെ വളര്‍ച്ചാ വികാസം കാലാകാലങ്ങളില്‍ വിലയിരുത്തേണ്ടതും തിട്ടപ്പെടുത്തേണ്ടതുമാണ്. പഠന- ബോധന പ്രക്രിയയുടെ ഭാഗമായി സംഭവിക്കേണ്ടതും അക്കാദമിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായി വര്‍ത്തിക്കേണ്ടതുമാണ് ഈ വിലയിരുത്തലും തിട്ടപ്പെടുത്തലും.
പഠിതാക്കളുടെ വൈജ്ഞാനിക- സഹവൈജ്ഞാനിക മേഖലയില്‍ സംഭവിക്കുന്ന വളര്‍ച്ചാ വികാസം തിട്ടപ്പെടുത്താനായി നടത്തുന്ന പ്രവര്‍ത്തനക്രമമാണ് സമഗ്രം എന്നത് കൊണ്ടുള്ള വിവക്ഷ. പഠിതാക്കളുടെ പഠനശേഷികള്‍, മനോഭാവങ്ങള്‍, അഭിരുചികള്‍ എന്നിവ വിലയിരുത്തപ്പെടേണ്ടതും അതിനായി വ്യത്യസ്ത ഉപാധികളും തന്ത്രങ്ങളും പ്രയോജനപ്പെടുത്തേണ്ടതുമുണ്ട്. വിശകലനം , മൂല്യനിര്‍ണയം, ആസ്വാദനം എന്നീ പ്രക്രിയകളില്‍ പഠിതാവാര്ജിച്ച ഉയര്‍ന്ന ചിന്താശേഷിയും തിട്ടപ്പെടുത്തേണ്ടതുണ്ട്. പഠന കാലയളവില്‍ നടക്കുന്ന തിട്ടപ്പെടുത്തലുകള്‍ പഠന തെളിവുകളുടെ അടിസ്ഥാനത്തിലാകേണ്ടതും പഠന -പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹാര ബോധനത്തിലേക്ക് നയിക്കാന്‍ സഹായകമാകേണ്ടതുമാണ്.
സമഗ്രമായ മൂല്യനിര്‍ണയം എന്നത് ഒരു ഉയര്‍ന്ന പാഠ്യപദ്ധതി വിഭാവനയാണ്. യാന്ത്രികമായ മനഃപാഠമാക്കല്‍ പ്രക്രിയയില്‍ നിന്ന് അര്‍ഥപൂര്‍ണമായ അറിവ് നിര്‍മാണത്തിലേക്ക് പഠിതാവിനെ പ്രചോദിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പാഠ്യപദ്ധതി രൂപമാറ്റം എന്ന് ഇതിനെ വിശേഷിപ്പിക്കാം. സ്ഥായിയായ മൂല്യങ്ങള്‍ കാലോചിതമായ ശേഷികള്‍, അക്കാദമികമായ മികവിന് പുറമേ അഭികാമ്യമായ മറ്റു ജീവിത നൈപുണികള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന പൗരന്മാരെ വാര്‍ത്തെടുക്കുക എന്നതാണ് സമഗ്രമായ മൂല്യനിര്‍ണയത്തിന്റെ പ്രധാനലക്ഷ്യം. വിജയപ്രതീക്ഷയോടും ആത്മവിശ്വാസത്തോടും കൂടി ജീവിതവെല്ലുവിളികളെ നേരിടാന്‍ പഠിതാക്കളെ സജ്ജമാക്കുക എന്ന ലക്ഷ്യവും ഇതോടൊപ്പമുണ്ട്. സമതുലിതമായ വ്യക്തിത്വ വികാസം പ്രത്യേകമായി മുന്നില്‍കണ്ടുള്ള പഠിതാവിന്റെ സഹ – വൈജ്ഞാനിക മേഖലയിലുള്ള തല്‍സ്ഥിതി നിര്‍ണയം വിദ്യാലയങ്ങളുടെ ഒരു ബാധ്യതയാണ്. ഭാവിയില്‍ ആജീവനാന്ത പഠനത്തിലേക്ക് പഠിതാവിനെ നയിക്കാന്‍ അതിടയാക്കുകയും വേണം.
നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ താഴെപറയുന്ന കാര്യങ്ങള്‍ ഗൗരവത്തിലെടുക്കേണ്ടതുണ്ട് :
- പഠിതാക്കള്‍ എന്തൊക്കെയാണ് പഠിപ്പിച്ചിരിക്കേണ്ടതും ഏതൊക്കെ പഠനശേഷികളാണ് ആര്ജിച്ചിരിക്കേണ്ടത് എന്നുമുള്ള കൃത്യവും സൂക്ഷ്മവുമായ അറിവ്.
- പഠനശേഷികള്‍ തിട്ടപ്പെടുത്തുന്നതിന് സഹായകവും അനുയോജ്യവുമായ ശോധകങ്ങള്‍ വികസിപ്പിക്കുന്നതിനാവശ്യമായ ജ്ഞാനവും കഴിവും.
- പഠനനേട്ടം മുന്നില്‍ വെച്ചുകൊണ്ട് പഠന-ബോധന പ്രക്രിയ രൂപപ്പെടുത്താനുള്ള ആസൂത്രണ പാടവം, ബോധനപ്രക്രിയക്കും മൂല്യനിര്‍ണയ പ്രക്രിയക്കുമിടയില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട പാരസ്പര്യം ഉറപ്പുവരുത്തല്‍.
- പഠന ശേഷികള്‍ മൂല്യനിര്‍ണയം ചെയ്യുന്നത് പോലെ തന്നെ പഠിതാവിന്റെ വ്യക്തിത്വ സവിശേഷതകളും മനോഭാവവും മൂല്യനിര്‍ണയം ചെയ്യാനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കല്‍.
- മൂല്യനിര്‍ണയ രേഖകളുടെ സൂക്ഷിപ്പും പ്രയോജനപ്പെടുത്തലും.
- മൂല്യനിര്‍ണയത്തിന് ശഷമുള്ള തുടര്‍പ്രവര്‍ത്തനത്തിലും ബോധനത്തിനും അധ്യാപകരെ സജ്ജമാക്കല്‍
വിദ്യാലയങ്ങളില്‍ നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയം ഫലപ്രദമായി നടപ്പാക്കുന്നതിന് പലപ്പോഴും തടസ്സമായി വര്‍ത്തിക്കുന്നത് താഴെപ്പറയുന്ന ഘടകങ്ങളാണ്:
- മൂല്യനിര്‍ണയത്തെക്കുറിച്ചുള്ള ധാരണകളുടെയും അത് നടപ്പാക്കാനാവശ്യമായ ശേഷികളുടെയും കുറവ്.
- സമയത്തിന്റെയും സൗകര്യങ്ങളുടെയും അപര്യാപ്തി
- സിലബസ് മുഴുവനും പഠിപ്പിച്ച് തീര്‍ക്കാനുള്ള അധ്യാപകരുടെ ബദ്ധപ്പാടും ഉല്‍ക്കണ്ഠകളും
- പഠിതാവിന്റെ പഠനപുരോഗതിയെക്കുറിച്ചുള്ള വിവരം സമൂഹത്തിലേക്ക് എത്തിച്ചേരുന്നതിനെക്കുറിച്ചുള്ള ആശങ്ക.
- അധ്യാപകര്‍ക്ക് നല്കുന്ന പരിശീലനപരിപാടികളില്‍ മൂല്യനിര്‍ണയ മേഖലക്ക് വേണ്ടത്ര മുന്‍തൂക്കം ലഭിക്കാതെ പോകുന്നതും ആവശ്യമായ പിന്തുണാസംവിധാനം ഏര്‍പ്പെടുത്താത്തതും.
നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയം എന്തിന് ?
- പഠിതാക്കളിലെ ബൗദ്ധിക- മാനസിക- വൈകാരിക ശേഷീ വികാസത്തെ പരിപോഷിപ്പിക്കുക.
- മനഃപാഠമാക്കല്‍ പ്രക്രിയ നിരുത്സാഹപ്പെടുത്തി ചിന്തനപ്രക്രിയയെ പ്രോത്സാഹിപ്പിക്കുക.
- മൂല്യനിര്‍ണയത്തെ പഠന-ബോധനപ്രക്രിയയുടെ ഒരവിഭാജ്യ ഘടകമാക്കി മാറ്റുക.
- പഠിതാവിന്റെ നേട്ടത്തെയും പഠന-ബോധനതന്ത്രങ്ങളെയും ഒരേസമയം മെച്ചപ്പെടുത്തുക. പഠനപ്രശ്നങ്ങളുടെ നിര്‍ധാരണത്തിനും പരിഹാരബോധനത്തിനും അവസരം നല്‍കുക.
- പഠിതാവിന്റെ ആവിഷ്കാര നിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കുന്ന ഗുണ നിയന്ത്രണ ശോധകമായി മൂല്യനിര്‍ണയ പ്രക്രിയയെ പ്രയോജനപ്പെടുത്തുക.
- സാമൂഹികാവശ്യകത, അഭികാമ്യത എന്നിവ തീരുമാനിക്കുകയും പഠിതാവ് , പഠനപ്രക്രിയ, പഠനപരിസരം എന്നിവയെ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യുക.
എന്തൊക്കെയാണ് വിലയിരുത്തപ്പെടേണ്ടത് ?
പഠിതാവിന്റെ കായികവും , സാമൂഹികവും വൈകാരികവും ബൗദ്ധികവുമായ വികാസ വളര്‍ച്ചയാണ് വിദ്യാഭ്യാസം ലക്ഷ്യമിടേണ്ടത്. എങ്കില്‍ ഇപ്പറഞ്ഞ ഓരോ മേഖലയും മൂല്യനിര്‍ണയത്തിന് വിധേയമാക്കേണ്ടിവരും. കുറച്ചുനാള്‍ മുമ്പ് വരെ പഠിതാവിന്റെ ചില പ്രത്യേക വിഷയമേഖലകളിലുള്ള വൈജ്ഞാനികനേട്ടം മാത്രമാണ് വിലയിരുത്തലിന് വിധേയമായിരുന്നുള്ളൂ. എഴുത്ത് പരീക്ഷകളെയാണ് പ്രധാനമായും അതിനായി അവലംബിച്ചിരുന്നത്. പഠനത്തിനായി പഠിതാവ് നടത്തിയ ശ്രമങ്ങള്‍ , അവരുടെതായ ആവിഷ്കാരങ്ങല്, പഠനത്തോടുള്ള മനോഭാവം, പഠിച്ച കാര്യങ്ങള്‍ നൂതന സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാനുള്ള ശേഷി എന്നിവയൊന്നും മൂല്യനിര്‍ണയത്തിന്റ പരിധിയില്‍ വന്നിരുന്നില്ല. പലപ്പോഴായി പഠിക്കേണ്ടി വരുന്നതോ ആര്‍ജിക്കേണ്ടി വരുന്നതോ ആയ ആശയങ്ങളെയും ധാരണകളെയും വിമര്‍ശനാത്മകമായി വിലയിരുത്താനുള്ള പഠിതാക്കളുടെ കഴിവിനെയും വേണ്ടത്ര പരിഗണിച്ചിരുന്നില്ല.
ക്ലാസ് മുറിക്കകത്തും പുറത്തുമായി ഭിന്ന പഠന സാഹചര്യങ്ങളും വൈവിധ്യമാര്‍ന്ന പരിസരങ്ങളും സൃഷ്ടിച്ചുകൊണ്ട് പഠിതാക്കളുടെ പഠനനേട്ടം വിലയിരുത്താന്‍ ശ്രമിക്കുമ്പോഴേ മൂല്യനിര്‍ണയപ്രക്രിയ സമഗ്രമാവൂ. വിദ്യാഭ്യാസത്തിന്റെ പ്രതീക്ഷിത നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ വിദ്യാലയവും അധ്യാപകരും സംവിധാനവും എത്രത്തോളം വിജയിച്ചു എന്ന തിരിച്ചറിവ് മൂല്യനിര്ണയപ്രക്രിയയിലൂടെ ലഭിക്കേണ്ടതുണ്ട്.
പഠിതാവിന്റെ താഴെ പറയുന്ന പഠനശേഷികളിലൂന്നി മൂല്യനിര്‍ണയം മുന്നോട്ട് പോകുമ്പോഴേ പഠനഗതിയെക്കുറിച്ച് സാമാന്യചിത്രം രൂപപ്പെടുകയുള്ളൂ.
- വ്യത്യസ്ത വിഷയമേഖലകളുമായി ബന്ധപ്പെട്ട അഭികാമ്യമായ ശേഷികളുടെ ആര്‍ജനം
- വ്യത്യസ്ത വിഷയമേഖലകളില്‍ നിശ്ചിതപഠന നിലവാരമാര്ജിക്കല്
- പഠിതാവിന്റെ ശേഷികള്‍, അഭിരുചികള്‍ മനോഭാവങ്ങള്‍, അഭിപ്രേരണ എന്നിവ വികസിക്കല്‍.
- ആരോഗ്യകരവും പ്രത്യുല്പന്നപരവുമായ ഒരു ജീവിതം എന്താണെന്ന് മനസ്സിലാക്കുകയും അത്തരമൊരു ജീവിതം നയിക്കാന്‍ സജ്ജമാക്കുകയും ചെയ്യല്‍.
- പഠിതാവിന്റെ പഠനം, പെരുമാറ്റം, പുരോഗതി എന്നിവയില്‍ കാലക്രമേണ വരുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കല്‍.
- വിദ്യാലയത്തിനകത്തും പുറത്തുമുള്ള ഭിന്ന സാഹചര്യങ്ങളോടും അവസരങ്ങളോടും ആരോഗ്യകരമായി പ്രതികരിക്കാനുള്ള പ്രാപ്തി നേടല്‍
- വ്യത്യസ്ത പരിസരങ്ങളില്‍നിന്നും സാഹചര്യങ്ങളില്‍നിന്നും പഠിച്ചെടുത്ത ആശയങ്ങളും , അറിവും നൂതന സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കല്‍.
- സ്വതന്ത്രമായും , സഹകരണാത്മകമായും സൗഹൃദപരമായും പ്രവര്‍ത്തിക്കല്‍
- പ്രശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കാനും വിലയിരുത്താനുമുള്ള ശേഷി നേടല്‍.
- സാമൂഹികവും പരിസ്ഥിതിപരവുമായ പ്രശ്നങ്ങളെക്കുറിച്ച് ജാഗരൂകമാകല്. സാമൂഹികവും പരിസ്ഥിതിപരവുമായ പ്രോജക്ടുകള്‍ ഏറ്റെടുക്കല്‍.
- പഠിച്ചത് നിലനിര്‍ത്തല്‍.
സമൂഹത്തില്‍ സംഭവിക്കുന്ന തുടര്‍ച്ചയായ മാറ്റങ്ങളോട് സംവദിക്കുക, ഇടപെടലുകളില്‍ സാധ്യമായത്ര വഴക്കം പാലിക്കുക, സാഹചര്യങ്ങളോട് ക്രിയാത്മകമായി പ്രവര്‍ത്തിക്കുക, ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും ഏറ്റെടുക്കുക തുടങ്ങിയ ശേഷികള്‍ പഠിതാക്കളില്‍ വളര്‍ത്തിയെടുക്കാന്‍ വിദ്യാലയങ്ങള്‍ക്ക് കഴിയണം.
എങ്ങനെയായിരിക്കണം മൂല്യനിര്‍ണയം നടത്തേണ്ടത് എന്നാലോചിക്കുന്നതിന് മുമ്പ് വ്യത്യസ്തമേഖലകളില്‍ എന്തൊക്കെ നേട്ടങ്ങളാണ് അതാത് കാലയളവില്‍ പഠിതാക്കള്‍ ആര്ജ്ജിച്ചിരിക്കേണ്ടത് എന്ന് തീരുമാനിക്കപ്പെടണം. വൈജ്ഞാനിക തലത്തിലും ശേഷിതലത്തിലും , വൈകാരികതലത്തിലും സാധിക്കേണ്ട നേട്ടങ്ങല് ശ്രദ്ധിക്കപ്പെടണം. ഓരോ ഘട്ടങ്ങളുടെയും ഒടുവില്‍ പഠിതാവ് എവിടെ എത്തിയിരിക്കണമെന്നും പഠിതാവിന്റെ വ്യക്തിത്വ വികാസം പ്രതിഫലിക്കും വിധത്തില്‍ വിവിധവിഷയമേഖലകളില് എന്തെല്ലാം നേട്ടങ്ങള്‍ ആര്‍ജിച്ചു എന്നും കൃത്യമായി അറിയേണ്ടത് ആവശ്യമാണ്.
ചുരുക്കത്തില്‍ മൂല്യനിര്‍ണയം പ്രയോജനപ്രദവും ശാക്തീകരണക്ഷമവുമായ ഒരു പ്രക്രിയയാണ് ച താഴെപറയുന്ന അളവുകോലുകള്‍ പിന്തുടരുമ്പോഴേ മൂല്യനിര്‍ണയത്തിന്റെ പ്രാധാന്യം ഒരാള്‍ക്ക് ബോധ്യപ്പെടൂ.
- പഠിതാവിന്റെ തല്‍സ്ഥിതി അറിയല്‍
- പഠിതാവിന്റെ പഠനപുരോഗതിയും പഠനപ്രശ്നങ്ങളും അറിയാന്‍ വ്യത്യസ്ത സങ്കേതങ്ങളുപയോഗിച്ച് ദത്തങ്ങള്‍ ശേഖരിക്കല്‍.
- പഠന-പ്രക്രിയയുടെ കാര്യക്ഷമത തിട്ടപ്പെടുത്തല്‍
- തുടര്‍ച്ചയായ വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തല്‍.
- ഓരോ പഠിതാവിന്റെയും പഠനരീതി, പഠിക്കാനെടുക്കുന്ന സമയം എന്നിവ പരിശോധിക്കുന്നതിന് മുന്‍ഗണന നല്കല്.
- പഠിതാവിന്റെ മെച്ചപ്പെടലിലേക്ക് നയിക്കാനുതകുന്ന പഠനപദ്ധതികള്‍ രൂപപ്പെടല്‍.
- ശരാശരിക്ക് താഴെ, ശരാശരി, ശരാശരിക്കുമുകളില്‍ എന്നിങ്ങനെ പഠിതാക്കളുടെ തത്സ്ഥിതി നിര്‍ണയിക്കല്‍
- പഠന നിലവാരം താരതമ്യം ചെയ്യല്‍
Add Comment