Dr. Alwaye Column

പ്രബോധനത്തിലെ വൈവിധ്യ സരണികള്‍

പ്രബോധിത സമൂഹം അസത്യത്തില്‍ അടിയുറച്ചുനില്‍ക്കുകയും അവരുമായുള്ള ആശയവിനിമയം വൃഥാവിലായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. സത്യാന്വേഷണ വാഞ്ചയോ സത്യത്തില്‍ എത്തിച്ചേരണമെന്ന താല്‍പര്യമോ ഇല്ലാത്തവരോട് സംവദിച്ചതുകൊണ്ടോ ചര്‍ച്ച നടത്തിയതുകൊണ്ടോ വേണ്ടത്ര പ്രയോജനം ലഭിച്ചില്ലെന്ന് വരാം. പരാങ്മുഖത്വവും ഗര്‍വും നിഷേധവും മാത്രമായിരിക്കും അത്തരക്കാരുടെ ഭാഗത്തുനിന്നുണ്ടാവുക. അത്തരം സന്ദര്‍ഭങ്ങളില്‍ യുക്തിദീക്ഷയോടെ അവരുമായുള്ള സംവാദവും തര്‍ക്കവും അവസാനിപ്പിക്കുന്നതാവും ഉചിതം. പ്രവാചകതിരുമേനിയുടെ ചര്യ അതായിരുന്നു.

‘ നീ പറയുക. ജനങ്ങളേ നിങ്ങളുടെ നാഥനില്‍നിന്ന് സത്യമാര്‍ഗം നിങ്ങള്‍ക്ക് വന്ന് കിട്ടിയിരിക്കുന്നു. അതാരെങ്കിലും പിന്‍പറ്റിയാല്‍ അവന്‍ സ്വയമേവ സന്‍മാര്‍ഗത്തിലായി. ആരാണോ അതില്‍നിന്ന് വ്യതിചലിച്ചത് സ്വയമേവ അവന്‍ ദുര്‍മാര്‍ഗത്തിലുമായി. ഞാന്‍ നിങ്ങളുടെ വക്കാലത്ത് ഏറ്റെടുക്കുന്നില്ല’.

1. ലിഖ്യാധിഷ്ഠിത പ്രബോധനം:

ലിഖിതരൂപേണയുള്ള സത്യപ്രബോധനത്തെക്കുറിച്ച് നമുക്ക് പറയാം. ഇതിന് സുപരിചിതമായ മൂന്ന് മാര്‍ഗങ്ങളുണ്ട്. സമകാലികലോകസാഹചര്യത്തില്‍ നിന്നുകൊണ്ട് ഗ്രന്ഥരചന, പത്രങ്ങളിലും മാഗസിനുകളിലും ഗവേഷണാത്മകമായ ലേഖനമെഴുത്ത,് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കത്തുകള്‍ തയ്യാറാക്കല്‍ എന്നിവയൊക്കെയാണ് ഈ മാധ്യമങ്ങള്‍. ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്രന്ഥങ്ങള്‍ തയ്യാറാക്കുന്നത് സത്യപ്രബോധനത്തിന് ഏറ്റവും പ്രയോജനപ്രദമായ ഒരു മാര്‍ഗമാണ്. അതുപോലെ തന്നെയാണ് പത്രമമാഗസിനുകളില്‍ ഗവേഷണസ്വഭാവത്തോടെയുള്ള ലേഖനങ്ങളെഴുതുന്നതും. ലക്ഷക്കണക്കായ വായനക്കാരുടെ അടുത്തേക്ക് അതുവഴി സത്യസന്ദേശം എത്തിച്ചേരും. താഴ്ന്ന നിലവാരക്കാര്‍ക്ക് പോലും ഗ്രഹിക്കാനാവുംവിധം വ്യക്തവും ക്ലിഷ്ടവുമായ രചനാ ശൈലി പിന്തുടരാന്‍ എഴുത്തുകാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ചക്രവര്‍ത്തിമാര്‍, ഗവര്‍ണര്‍മാര്‍, ഗോത്രത്തലവന്‍മാര്‍ തുടങ്ങി പ്രമുഖരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയക്കുന്ന പതിവ് നബി തിരുമേനിക്കുണ്ടായിരുന്നു. അത്തരം കത്തുകളില്‍ ‘മുഹമ്മദ് ദൈവദൂതന്‍’ എന്നൊരു മുദ്ര പതിപ്പിക്കുന്ന ശീലവും പ്രവാചകന്‍ സ്വീകരിച്ചിരുന്നു. വെള്ളികൊണ്ടുണ്ടാക്കിയ മുദ്രയായിരുന്നു അത്.
റോമാചക്രവര്‍ത്തി, നേഗസ് രാജാവ്, പേര്‍ഷ്യന്‍ ചക്രവര്‍ത്തി, മുഖൗഖിസ് ചക്രവര്‍ത്തി തുടങ്ങിയവര്‍ക്കെല്ലാം ഇപ്രകാരം തിരുമേനി കത്തുകളയച്ചിരുന്നു. ഇത്തരം കത്തുകള്‍ വഴി ഇസ്‌ലാംവിരുദ്ധ വിമര്‍ശനങ്ങളോട് പോരടിക്കാനും അജ്ഞാന ശക്തികള്‍ ഇളക്കിവിടുന്ന മിഥ്യാവാദങ്ങളുടെയും കെട്ടുകഥകളുടെയും ഊഹാപോഹങ്ങളുടെയും മുനയൊടിക്കാനും കഴിയും. വിശുദ്ധഖുര്‍ആന്റെയും തിരുവചനങ്ങളുടെയും ഗ്രന്ഥങ്ങളുടെയും ഗവേഷണപ്രബന്ധങ്ങളുടെയും പരിഭാഷകള്‍ തയ്യാറാക്കുന്നതും പ്രയോജനകരമായ പ്രബോധനരീതികളാണ്. പ്രസ്തുത പരിഭാഷകള്‍ ലോകത്തെ സമസ്ത ഭൂഖണ്ഡങ്ങളിലുമുള്ള രാജ്യങ്ങളിലേക്ക് അയച്ചുകൊടുത്ത് ഇസ്‌ലാമികസന്ദേശം സാര്‍വലൗകികമാക്കാനും വ്യാപിപ്പിക്കാനും സാധിക്കും.

ആധുനികലോകത്ത് വാചികപ്രബോധനമാര്‍ഗങ്ങളുടെ മുന്‍നിരയില്‍ വരുന്നത് റേഡിയോ പ്രക്ഷേപണവും ടെലിവിഷന്‍ സംപ്രേഷണവുമാണ് . പ്രേക്ഷകരിലും ശ്രോതാക്കളിലും സത്യസന്ദേശം പ്രചരിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായ മാര്‍ഗമാണിത്. ഓരോ രാജ്യത്തിന്റെയും സാഹചര്യം പരിഗണിച്ച് യുക്തിദീക്ഷയോടും ഔചിത്യബോധത്തോടും കൂടി ചടുലമായ ശാസ്ത്ര-സാങ്കേതികമാര്‍ഗങ്ങള്‍ ഇസ്‌ലാമികപ്രബോധനത്തിന് വേണ്ടി പ്രയോജനപ്പെടുത്താന്‍ സത്യപ്രബോധകര്‍ക്ക് സാധിക്കണം.

2. പ്രവര്‍ത്തനാധിഷ്ഠിത പ്രബോധനം

ഇസ്‌ലാമികപ്രചാരണം, ഖുര്‍ആന്‍ ബോധനം, പ്രവാചകചര്യയുടെയും മതവിജ്ഞാനങ്ങളുടെയും അധ്യാപനം, ജനങ്ങള്‍ക്കിടയിലെ ദീനി പ്രബോധനം, ഇസ്‌ലാമികവിദ്യാഭ്യാസത്തിനും അറബിഭാഷാപഠനത്തിനും വേണ്ടി പുതിയ തലമുറക്ക് അവസരമൊരുക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ നടത്തപ്പെടുന്ന പദ്ധതികളും പരിപാടികളും പ്രവര്‍ത്തനാധിഷ്ഠിത പ്രബോധനത്തിന്റ ഗണത്തില്‍ പെടുന്നതാണ്. നീതിയുടെ സംസ്ഥാപനത്തിനും വിജ്ഞാനപ്രചരണത്തിനും സഹായകമായ സ്ഥാപനങ്ങള്‍, പാഠശാലകള്‍, പള്ളികള്‍ എന്നിവ പടുത്തുയര്‍ത്തുന്നതും പ്രവര്‍ത്തനാധിഷ്ഠിത പ്രബോധനമായി കാണാം. സ്വയം സാമ്പത്തികസഹായം ചെയ്‌തോ സംഭാവനകള്‍ ശേഖരിച്ചോ പ്രബോധനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും അതിനായി സമയം വിനിയോഗിക്കുന്നതും ജനങ്ങളെ ഇക്കാര്യത്തില്‍ പ്രേരിപ്പിക്കുന്നതും നടേ പറഞ്ഞ പ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ പരിഗണിക്കാവുന്നതാണ്. ഇതെല്ലാം സത്യസന്ദേശപ്രചാരണത്തിന്റെ സുസ്ഥിരവും സുസ്ഥാപിതവുമായ രീതിശാസ്ത്രങ്ങളാണ്.

പ്രയോഗതലത്തില്‍ നന്‍മയെ സ്ഥാപിക്കലും തിന്‍മ വിപാടനം ചെയ്യലും പ്രവര്‍ത്തനാധിഷ്ഠിത പ്രബോധനമാണ്. ഇപ്രകാരമൊരു പ്രവാചകവചനമുണ്ടല്ലോ; ‘നിങ്ങളില്‍ ആരെങ്കിലും ഒരു തിന്‍മ കണ്ടാല്‍ അതിനെ കൈകൊണ്ട് തടുക്കുക. അതിന് സാധിച്ചില്ലെങ്കില്‍ നാവുകൊണ്ട് തടുക്കുക. അതിനും കഴിഞ്ഞില്ലെങ്കില്‍ ഹൃദയംകൊണ്ട് തടുക്കുക; വിശ്വാസദൗര്‍ബല്യത്തെയാണ് അത് സൂചിപ്പിക്കുന്നതെങ്കിലും.’

വിപാടനം ചെയ്യപ്പെടേണ്ട തിന്‍മയെ സംബന്ധിച്ച് കൃത്യമായ ധാരണയും ബോധ്യവും പ്രബോധകര്‍ക്കുണ്ടാകേണ്ടതും സാധ്യമായിടത്തോളം സൗമ്യമായ സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതുമാണ്. തിന്‍മ പ്രവര്‍ത്തിക്കുന്നവരെ അധിക്ഷേപിക്കലോ അവരോട് പ്രതികാരം തീര്‍ക്കലോ ലക്ഷ്യമായിക്കൂടാ. ഒരു പ്രവര്‍ത്തനം നടപ്പാക്കുന്നതിന് മുമ്പ് അതിന്റെ വരുംവരായ്കകള്‍ പരിശോധിക്കപ്പെടേണ്ടതുമുണ്ട്. പ്രവാചകതിരുമേനിയുടെ ജീവിതത്തില്‍ നിന്ന് ഇവ്വിഷയകമായിട്ടുള്ള വ്യക്തമായ രൂപരേഖയും യുക്തമായ മാതൃകയും പിന്തുടരാനും പ്രബോധകന്‍മാര്‍ക്ക് കഴിയണം. ഇമാം ബുഖാരി രേഖപ്പെടുത്തുന്ന ഒരു സംഭവം കാണുക:
‘ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ കയറിവന്ന് മൂത്രമൊഴിച്ചു. ജനങ്ങള്‍ അദ്ദേഹത്തിനുമേല്‍ ചാടിവീഴാനൊരുങ്ങി. അപ്പോള്‍ ദൈവദൂതന്‍ തടഞ്ഞു: ‘അദ്ദേഹത്തെ വിട്ടേക്കുക. മൂത്രമൊഴിച്ചിടത്ത് വെള്ളം കൊണ്ട് വന്നുതളിച്ച് ശുദ്ധമാക്കുക. ജനങ്ങള്‍ക്ക് ആശ്വാസം പകരാനാണ് പ്രയാസം സൃഷ്ടിക്കാനല്ല നിങ്ങളെ നിയോഗിച്ചിട്ടുള്ളത്”.

പ്രവാചകന്‍ സ്വീകരിച്ച ഇത്തരം പ്രബോധനരീതി ജനഹൃദയങ്ങളില്‍ എത്ര ആഴത്തിലാണ് സ്വാധീനിച്ചതെന്ന് നോക്കുക!. എത്ര വേഗത്തിലാണ് പ്രബോധനലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാന്‍ ഈ രീതി സഹായിച്ചത് ! ലോകാനുഗ്രഹിയായ ദൈവദൂതന്‍ കൊണ്ടുവന്ന ഇസ്‌ലാമിക ദര്‍ശനത്തിന്റെ മേന്‍മകള്‍ക്ക് എത്ര ശക്തമായാണ് ഈ പ്രബോധനശൈലി അടിവരയിട്ടത്!

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics