പ്രവാചകന്‍മാര്‍ ശുഐബ്‌

ശുഐബ് (അ)

ദൈവികശിക്ഷയ്ക്ക് വിധേയരായ സദൂം സമൂഹത്തില്‍നിന്ന് വളരെയകലെയല്ലാത്ത പ്രദേശമാണ് മദ്‌യന്‍. അത് ഇന്നും ആ പേരില്‍ത്തന്നെ അറിയപ്പെടുന്നു. മദ്‌യന്‍ ഗോത്രത്തിന്റെ പ്രപിതാവിന്റെ പേരു തന്നെയാണ് പ്രദേശത്തിനിട്ടിരിക്കുന്നത്. വൃക്ഷനിബിഡമായ പ്രദേശത്തുള്ളവര്‍ (അസ്ഹാബുല്‍ ഐകത്ത്) എന്ന് ഖുര്‍ആനില്‍ (50: 14) പറഞ്ഞതും മദ്‌യന്‍കാരെപ്പറ്റിത്തന്നെയാണ്.
കൃഷിയിലും കച്ചവടത്തിലുമായി ജീവിതം നയിച്ചിരുന്ന മദ്‌യന്‍കാര്‍ ബഹുദൈവാരാധകര്‍ ആയിരുന്നു. കൂടാതെ സാമൂഹിക സാമ്പത്തിക രംഗത്ത് പല തി•കളും അവരില്‍ വ്യാപകമായിരുന്നു. പ്രത്യേകിച്ചും അളവിലും തൂക്കത്തിലുമുള്ള കൃത്രിമത്വം ആ സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട സംസ്‌കാരം പോലെ ആയിത്തീര്‍ന്നു. വിശ്വാസ സാമൂഹ്യതലത്തില്‍ ഏറെ ജീര്‍ണതകളില്‍ മുഴുകിയ ആ സമൂഹത്തിലേക്ക് മാര്‍ഗദര്‍ശനത്തിനായി നിയോഗിക്കപ്പെട്ട ദൈവദൂതനായിരുന്നു ശുഐബ്(അ). അദ്ദേഹത്തിന്റെ സദുപദേശങ്ങളും സമുദായത്തിന്റെ പ്രതികരണങ്ങളും അനന്തരഫലങ്ങളും ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്.
”മദ്‌യന്‍കാരിലേക്ക് അവരുടെ സഹോദരനായ ശുഐബ് നിയോഗിക്കപ്പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ ഒരു ദൈവവുമില്ല. അളവിലും തൂക്കത്തിലും നിങ്ങള്‍ കുറവുവരുത്തരുത്. തീര്‍ച്ചയായും നിങ്ങളെ ഞാന്‍ കാണുന്നത് ക്ഷേമത്തിലാണ്. നിങ്ങളെ ആകെ വലയം ചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷയെ നിങ്ങളുടെ മേല്‍ ഞാന്‍ ഭയപ്പെടുന്നു. എന്റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വം പൂര്‍ണമാക്കിക്കൊടുക്കുക. ജനങ്ങളുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മി വരുത്താതിരിക്കുക. നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്.” (11: 84,85)
മദ്‌യന്‍ നിവാസികളുടെ പ്രതികരണം നിഷേധാത്മകമായിരുന്നു.’ഞങ്ങളുടെ പിതാക്കളുടെ ആരാധ്യരെ സ്വീകരിക്കുന്നതും ഞങ്ങളുടെ മുതല്‍ ഞങ്ങളുടെ ഇഷ്ടംപോലെ കൈകാര്യം ചെയ്യുന്നതും വിലക്കാന്‍ നിന്റെ നമസ്‌കാരമാണോ നിന്നെ പ്രേരിപ്പിക്കുന്നത്?’ എന്നാണവര്‍ ചോദിച്ചത്. (11: 87)
”നീ പറയുന്നത് ഞങ്ങള്‍ക്കു തിരിയുന്നില്ല. നിന്നെ ദുര്‍ബലനായിട്ടാണ് ഞങ്ങള്‍ കാണുന്നത്. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ നിന്നെ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു” എന്നൊക്കെ ആ സമൂഹം ശുഐബ് നബിയോട് പ്രതികരിച്ചു. സദുപദേശം നടത്തി പ്രവാചകന്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടു എന്നല്ലാതെ അവരില്‍ ഒരു മാറ്റവും ഉണ്ടായില്ല. അവസാനം ആ സമുദായത്തെ അല്ലാഹു ശിക്ഷിക്കുകയായിരുന്നു.
”നമ്മുടെ കല്‍പ്പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വാസിച്ചവരെയും നമ്മുടെ കാരുണ്യംമൂലം നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടി. നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു. അവര്‍ അവിടെ താമസിച്ചിട്ടില്ലാത്തതുപോലെ സ്ഥലം ശൂന്യമായി. ഥമൂദ് നശിച്ചതുപോലെത്തന്നെ മദ്‌യനിലും നാശം.” (11: 94,95)

Topics