ചോദ്യം: സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കെ ഫര്‍ദ് നമസ്‌കാരത്തിനായി ഇഖാമത്ത് നിര്‍വഹിക്കപ്പെട്ടാല്‍ സുന്നത്തില്‍ നമസ്‌കാരത്തില്‍ തുടരുകയാണോ, അതോ അതവസാനിപ്പിച്ച് ഫര്‍ദ് നമസ്‌കാരത്തിലേക്ക് പ്രവേശിക്കുകയാണോ ചെയ്യേണ്ടത് ? മറുപടി പ്രതീക്ഷിക്കുന്നു.
—————————
ഉത്തരം: അല്ലാഹു വിശ്വാസികളെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നു: വചനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും എന്നിട്ടവയിലേറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവരാണവര്‍. അവരെത്തന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. ബുദ്ധിശാലികളും അവര്‍ തന്നെ. (ഖുര്‍ആന്‍ 39:18).
നിര്‍ബന്ധനമസ്‌കാരത്തിനായി ഇഖാമത്ത് നിര്‍വഹിക്കപ്പെട്ടാല്‍ ഇമാമിനോടൊപ്പം തക്ബീര്‍ ചൊല്ലി ഫര്‍ദ് നമസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിനായി സുന്നത്ത് നമസ്‌കാരം പരമാവധി ചുരുക്കുകയാണ് ചെയ്യേണ്ടത്. അബൂഹുറയ്‌റ (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നബി(സ) പറയുന്നു: നിര്‍ബന്ധ നമസ്‌കാരത്തിനായി ഇഖാമത്ത് നിര്‍വഹിക്കപ്പെട്ടാല്‍ പിന്നീട് നിര്‍ണിത ഫര്‍ദ് നമസ്‌കാരമല്ലാതെ മറ്റൊന്നും ഉണ്ടാകാവതല്ല (മുസ് ലിം).
ഇബ്‌നു ഖുദാമ (റ) അല്‍മുഗ് നിയില്‍ പറയുന്നു: ഫര്‍ദ് നമസ്‌കാരത്തിന് ഇഖാമത്ത് നിര്‍വഹിക്കപ്പെട്ടാല്‍, ആദ്യത്തെ റകഅത്ത് നഷ്ടപ്പെടുമെന്ന ഭയം ഉണ്ടായാലും ഇല്ലെങ്കിലും ഒരാള്‍ പിന്നീട് ഐച്ഛിക നമസ്‌കാരത്തില്‍ തുടരാവതല്ല. അബൂഹുറയ്‌റ, ഇബ്‌നുഉമര്‍, ഉര്‍വ, ഇബ്‌നുസീരീന്‍, സഈദ് ബിന്‍ ജുബൈര്‍, ഇമാം ശാഫിഈ, ഇസ്ഹാഖ്, അബുസ്സൗര്‍ എന്നിവരുടെയെല്ലാം അഭിപ്രായം ഇതാണ്. (അല്‍ മുഗ് നി 1/272).
അല്‍ഹാഫിസ് അല്‍ഇറാഖി പറഞ്ഞു: ”മറ്റൊരു നമസ്‌കാരവും ഉണ്ടാകാവതല്ല’ എന്ന നബി(സ)യുടെ വാചകം, ആ സമയത്ത് സുന്നത്ത് നമസ്‌കാരം പാടില്ലായെന്നും അല്ലെങ്കില്‍ സുന്നത്ത് നമസ്‌കാരം നീട്ടരുതെന്നും വ്യാഖ്യാനിക്കാം. ഇനി, ഇഖാമത്തിന് മുമ്പാണ് സുന്നത്ത് നമസ്‌കാരം തുടങ്ങിയതെങ്കില്‍, നിര്‍ബന്ധ നമസ്‌കാരത്തിലെ ആദ്യത്തെ തക്ബീര്‍ ലഭിക്കുന്നതിന് വേണ്ടി ആ നമസ്‌കാരം ചുരുക്കണമെന്നും നബി(സ)യുടെ വാചകം അറിയിക്കുന്നു.’ (ഫതാവ ലജ്‌നത്തുദ്ദാഇമ ലില്‍ബുഹൂസില്‍ ഇല്‍മിയ്യ 7/312)
ഇവ്വിഷയത്തില്‍ ശൈഖ് ഇബ്‌നു ഉഥൈമീന്‍ (റ) പറയുന്നു: ഇഖാമത്ത് നിര്‍വഹിക്കപ്പെടുമ്പോള്‍ സുന്നത്ത് നിര്‍വഹിക്കുന്നയാള്‍ അതിന്റെ ആദ്യത്തെ റക്അത്തിലാണെങ്കില്‍ അയാള്‍ നമസ്‌കാരം ചുരുക്കണം. രണ്ടാമത്തെ റക്അത്തിലാണെങ്കില്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണം, ചുരുക്കേണ്ടതില്ല.
‘ആര്‍ നമസ്‌കാരത്തിലെ ആദ്യത്തെ റക്അത്തിന് എത്തിയോ, അയാള്‍ക്കാണ് യഥാര്‍ഥത്തില്‍ നമസ്‌കാരം ലഭിച്ചത്’ എന്ന പ്രവാചക വചനമാണ് ഇക്കാര്യത്തില്‍ നമുക്ക് തെളിവ്. (അശ്ശര്‍ഹുല്‍ മുംതി 4/238).
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍
Add Comment