സ്മാര്‍ട്ട് ക്ലാസ്സ്‌

ബോധ്യത്തിനും ശിക്ഷണങ്ങള്‍ക്കും അവസരമൊരുക്കൂ…

നക്ഷത്രങ്ങളാണ് കുട്ടികള്‍-31

ഞാന്‍ വായിച്ച ഏറ്റവും വലിയ ഗ്രന്ഥം എന്റെ അമ്മയാണ് എന്ന് എബ്രഹാം ലിങ്കണ്‍ പറഞ്ഞിട്ടുണ്ട്. ഡോ. എ.പി.ജെ.അബ്ദുല്‍ കലാം, തന്റെ പിതാവിന്റെ സ്വഭാവ മഹിമയുടെ ആഴം ബോധ്യപ്പെടുത്താന്‍ പറയുന്ന ഒരു ജീവിതാനുഭവം അങ്ങേയറ്റം ഹൃദയ സ്പര്‍ശിയാണ്. ഒരു ദിവസം അത്താഴത്തിന് ഉമ്മയുണ്ടാക്കിയ റൊട്ടികള്‍ മുഴുവന്‍ കരിഞ്ഞു പോയി. തിന്നാന്‍ കൊള്ളാവുന്നതായി അവയില്‍ ഒന്നു പോലുമുണ്ടായിരുന്നില്ല. ഉപ്പയോടോപ്പം ഞങ്ങള്‍ എല്ലാവരും അത്താഴം കഴിക്കാനിരുന്നു. റൊട്ടി കണ്ടാല്‍ ഉപ്പക്ക് ദേഷ്യം വരുമോ, ഉമ്മയെ വഴക്ക് പറയുമോ എന്ന പേടി എനിക്കുണ്ടായി.
വളരെ അസ്വസ്ഥതയോടും പരിഭ്രമത്തോടും കൂടി ഞാന്‍ ഉപ്പയുടെ മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ടിരുന്നു. ഉപ്പയുടെ ഭാവം മാറുന്നുണ്ടോ, റൊട്ടി തിന്നാതെ എഴുന്നേറ്റു പോകുമോ , പിണങ്ങുമോ എന്നൊക്കെയറിയാന്‍.

പക്ഷേ, എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് പിന്നെ സംഭവിച്ചത്. എനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിയാത്ത സംഗതികള്‍. ഉമ്മയുണ്ടാക്കിയ, നന്നായി കരിഞ്ഞ ആ റൊട്ടികള്‍ മതിയാവോളം ഉപ്പ കഴിച്ചു. സംതൃപ്തിയോടെ, സന്തോഷത്തോടെ. അത്താഴം കഴിഞ്ഞ് എഴുന്നേറ്റു എല്ലാവരും പോയെങ്കിലും, എന്റെ ചിന്ത ഉപ്പക്ക് ചുറ്റും കിടന്നു കറങ്ങുകയായിരുന്നു. കരിഞ്ഞ റൊട്ടി കണ്ടപ്പോള്‍ ഉപ്പ എന്തേ ദേഷ്യം പിടിക്കാതിരുന്നത്. ഉമ്മയെ വഴക്ക് പറയാതിരുന്നത്? പാത്രം തട്ടി മാറ്റി എഴുന്നേറ്റു പോകാതിരുന്നത്?

ഉറങ്ങാന്‍ കിടന്നപ്പോഴും ഇതൊക്കെത്തന്നെ ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നു. ഉമ്മ അപ്പോഴും അടുക്കളയില്‍ പണിയിലായിരുന്നു. ഉപ്പ കിടക്കുന്ന മുറിയിലേക്ക് ഞാന്‍ പതുക്കെയൊന്ന് നോക്കി. ഉപ്പയും ഉറങ്ങിയിട്ടില്ല. ഞാന്‍ എഴുന്നേറ്റു ഉപ്പയുടെ മുറിയിലേക്ക് ചെന്നു. ഉപ്പയുടെ അടുത്തിരുന്നു.

‘ഉപ്പ എന്നോട് സത്യം പറയണം. ഇഷ്ടപ്പെട്ടിട്ട് തന്നെയാണോ ഇന്ന് ആ കരിഞ്ഞ റൊട്ടി നല്ല പോലെ കഴിച്ചത്. ഞാന്‍ വിചാരിച്ചു, ഉമ്മയെ വഴക്ക് പറയുമെന്ന് ‘

ഉപ്പ സൗമ്യനായി എന്നെ നോക്കി. എന്നെ ചേര്‍ത്തു പിടിച്ചു. എന്നിട്ട് പറഞ്ഞു,’മോനേ, രാവിലെ മുതല്‍ വീട്ടുപണി ചെയ്തു വൈകുന്നേരമാകുമ്പോഴേക്കും നിന്റെ ഉമ്മ തളര്‍ന്നിട്ടുണ്ടാകും. ആ തളര്‍ന്ന കൈകള്‍ കൊണ്ട് റൊട്ടിയുണ്ടാക്കുമ്പോള്‍ കരിഞ്ഞു പോയെന്നു വരും. പാവം ഉമ്മ, നമുക്ക് വേണ്ടി ഉണ്ടാക്കിയില്ലേ? ഉമ്മ വിഷമിക്കാതിരിക്കാന്‍ ഉപ്പ നന്നായി കഴിച്ചു’

‘മനസ്സു കൊണ്ട് ഉമ്മയെ ഇത്രയധികം സ്‌നേഹിക്കുന്ന ഉപ്പയെക്കുറിച്ചാണല്ലോ ആവശ്യമില്ലാത്ത ഭയം വെച്ചു പുലര്‍ത്തിയത് എന്ന് ഞാന്‍ ആലോചിച്ചു. ഉള്ളു കൊണ്ട് ഉമ്മയെ വിശുദ്ധമായി സ്‌നേഹിക്കുന്ന , ഉപ്പയുടെ കവിളുകളില്‍ ഞാനപ്പോള്‍ ഒരുപാട് ഉമ്മ കൊടുത്തു’

ഡോ.എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ചിന്തയിലും ജീവിതത്തിലും സ്വന്തം പിതാവ് ചെലുത്തിയ സ്വാധീനം വായനക്കാരുമായി പങ്കു വെക്കുകയാണദ്ദേഹം. കുട്ടിയായിരുന്ന കാലത്ത് തന്റെ സ്വഭാവത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ മാതാപിതാക്കള്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചു എന്ന് ബോധ്യപ്പെടുത്തുകയാണ് ഡോ.കലാം.

അന്ധതയെയും ബധിരതയെയും വെല്ലുവിളിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ ഹെലന്‍ കെല്ലറെ നന്നായി അറിയണമെങ്കില്‍ ‘An Intimate History of Humantiyയോ ഹെലന്‍ കെല്ലറുടെ ‘The Story of My Self’ എന്ന ആത്മകഥയോ ഒരാവര്‍ത്തി വായിക്കണം. ഒന്നര വയസ്സുള്ളപ്പോള്‍ മസ്തിഷ്‌ക ജ്വരം പിടിച്ചു കിടപ്പിലായ ഹെലന് ദീര്‍ഘ കാലത്തെ ചികിത്സ വേണ്ടി വന്നു. ചികിത്സ നീണ്ടു നീണ്ടു പോയപ്പോള്‍ രോഗം ഭേദമായെങ്കിലും കാഴ്ച ശക്തിയും കേള്‍വി ശക്തിയും പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു.

സ്വന്തം കുട്ടിക്ക് അത്തരമൊരു ദുരന്തം ജീവിതത്തില്‍ വരുന്നത് താങ്ങാന്‍ ബഹുഭൂരിപക്ഷം അമ്മമാര്‍ക്ക് കഴിയണമെന്നില്ല. ഹെലന്റെ അമ്മ പക്ഷേ, തളര്‍ന്നില്ല. കാഴ്ചയും കേള്‍വിയും ഇനിയൊരിക്കലും തന്റെ മകള്‍ക്ക് തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും ,ആ അമ്മ മകളെ പഠിപ്പിക്കാന്‍ അനുയോജ്യയായ ഒരധ്യാപികയെ അന്വേഷിക്കുകയായിരുന്നു. അങ്ങനെയാണ്ആനി സള്ളിവന്‍എന്ന അധ്യാപികയെ കിട്ടിയത്. കാഴ്ചയും കേള്‍വിയുമില്ലാത്ത ഒരു കുട്ടിയെ പഠിപ്പിക്കാന്‍ വരുന്ന ഒരധ്യാപികയുടെ മുന്നിലുള്ള വെല്ലുവിളി ഒന്ന് സങ്കല്‍പിച്ചു നോക്കൂ. ഇടതു കയ്യിലേക്ക് വെള്ളമൊഴിച്ച് വലതു കയ്യില്‍ Waterഎന്ന് ആവര്‍ത്തിച്ചെഴുതി വെള്ളംഎന്ന ആശയം ഹെലന്‍ എന്ന കുട്ടിയിലേക്ക് പകര്‍ന്നു കൊടുക്കാന്‍ പെടാപ്പാട് പെടുന്ന ആനി സള്ളിവന്‍ എന്ന അധ്യാപികയുടെ ആ ക്ഷമ, സഹന ശക്തി, ആത്മ വിശ്വാസം, ആത്മാര്‍ഥത, പ്രതിബദ്ധത, ഭിന്നശേഷിക്കാരിയായ ഒരു കുട്ടിയോടുള്ള വിവരിക്കാനാവാത്ത സ്‌നേഹം. ഹെലന്റെ അമ്മ മരണപ്പെട്ടപ്പോള്‍,അമ്മയുടെ സ്ഥാനം കുടി ആനി സള്ളിവന്‍ ഏറ്റെടുത്തു.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയെടുത്ത ആദ്യത്തെ അന്ധ-ബധിര വിദ്യാര്‍ത്ഥി ഹെലന്‍ കെല്ലറായിരുന്നു. ആനി സള്ളിവന്‍ എന്ന അധ്യാപികയില്ലായിരുന്നുവെങ്കില്‍ ഹെലന്‍ കെല്ലര്‍ ലോകത്ത് അറിയപ്പെടുമായിരുന്നില്ല. വാല്‍സല്യ നിധിയായ ഒരമ്മയില്ലായിരുന്നെങ്കില്‍ ഹെലന്‍ കെല്ലര്‍ക്ക്, ആനി സള്ളിവന്‍ എന്ന അധ്യാപികയെ കിട്ടുമായിരുന്നില്ല. ഹെലന്‍ കെല്ലര്‍ തികഞ്ഞ വികാര വായ്പുകളോടും നിറകണ്ണുകളോടുമാണ് സ്‌നേഹ നിധിയായ അമ്മയെയും വഴിവിളക്കായ അധ്യാപിക ആനി സള്ളിവനെയും ഓര്‍ക്കുന്നത്.

എബ്രഹാം ലിങ്കണ്‍ അമ്മയെക്കുറിച്ചും, ഡോ.എ.പി.ജെ.അബ്ദുല്‍ കലാം ഉപ്പയെക്കുറിച്ചും, ഹെലന്‍ കെല്ലര്‍ അധ്യാപികയെക്കുറിച്ചും അനുസ്മരിച്ച കാര്യം ഇവിടെ കുറിച്ചതിന്റെ പ്രധാന ഉദ്ദേശ്യം, കുട്ടികളുടെ വ്യക്തിത്വ, ചിന്ത,സ്വഭാവ രൂപീകരണത്തില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും നിഷേധിക്കാനാവാത്ത പങ്ക് വഹിക്കാന്‍ കഴിയും എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ്. ഈയൊരു വ്യക്തിത്വ,ചിന്ത, സ്വഭാവ രൂപീകരണമാണല്ലോ യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ ധാര്‍മിക വല്‍ക്കരണം. ധാര്‍മികവല്‍ക്കരണം സാധ്യമാക്കുന്ന ഒരുപാട് സാമുഹിക സന്ദര്‍ഭങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്നുണ്ട്. വീടിനകത്തെ കുടുംബാംഗങ്ങളോടൊത്തുള്ള ജീവിതം, കൂട്ടുകാരൊടൊത്തുള്ള കളി, വിദ്യാലയങ്ങളിലെ പഠന-സഹവര്‍ത്തനം, യാത്രകളിലും വിരുന്നുകളിലും ആഘോഷങ്ങളിലും പങ്കെടുക്കാനുള്ള അവസരം. ഇതെല്ലാം കുട്ടികളില്‍ ഒട്ടേറെ ധാര്‍മിക പാഠങ്ങളും, മാനവീയ മൂല്യങ്ങളും പകര്‍ന്നു കൊടുക്കുന്നുണ്ട്. ജീര്‍ണ്ണിച്ച ഒരു സാമുഹിക ഘടനയുടെ ഭാഗമായത് കൊണ്ട് പക്ഷേ, കുട്ടികളില്‍ അധാര്‍മികതയുടെ സ്വാധീനം സ്വാഭാവികമായും ഉണ്ടാകും. മൂല്യച്യുതിയും സംഭവിച്ചേക്കും. ബോധവല്‍ക്കരണത്തേക്കാള്‍ ബോധ്യപ്പെടാനുള്ള അവസരങ്ങളുണ്ടാക്കുകയാണ് പ്രധാനം. ശിക്ഷിക്കുകയല്ല , ശിക്ഷണത്തിനുള്ള സാധ്യതകള്‍ അധികരിപ്പിക്കുകയാണാവശ്യം.

ഒരു ദിവസം സ്‌കൂളില്‍ നിന്നും പതിവിലും വൈകിയെത്തിയ ആറാം ക്ലാസുകാരി അമ്പിളി അമ്മയുടെ മുമ്പില്‍ നല്ലൊരു പാര്‍ക്കര്‍ പേന ഉയര്‍ത്തിക്കാട്ടി, ‘നടന്നു വരുമ്പോള്‍ വഴിയില്‍ കിടന്നു കിട്ടിയതാണമ്മേ’ എന്ന് പറഞ്ഞു. അമ്മക്ക് എന്തോ പന്തികേട് തോന്നിയെങ്കിലും പ്രകടിപ്പിച്ചില്ല. അമ്പിളിക്ക് ചായയും അന്ന് പ്രത്യേകമുണ്ടാക്കിയ പലഹാരവും കൊടുത്തു. സാധാരണത്തേതു പോലെ അയല്‍പക്കത്തെ കൂട്ടുകാരികളോടൊപ്പം കളിക്കാനും പോയി, അമ്പിളി.

പാര്‍ക്കര്‍ പേനയെടുത്ത് അമ്മ സൂക്ഷിച്ചു നോക്കി. ക്‌ളാസ് അധ്യാപികയുടെ കയ്യില്‍ പലപ്പോഴും കണ്ടിട്ടുള്ള പേന. അതുപോലൊരു പേന കിട്ടാനുള്ള ആഗ്രഹം, അത്തരമൊരു പേന കൊണ്ട് എഴുതാനുള്ള മോഹം, അങ്ങനെയൊരു പേന വാങ്ങാനുള്ള കഴിവില്ലായ്മ. എല്ലാം കൂടി മകളെ ആ പേനയിലേക്ക് ആകര്‍ഷിച്ചിരിക്കാം. തരം കിട്ടിയപ്പോള്‍ അവളത് കൈക്കലാക്കി. സ്‌കൂളില്‍ സ്വന്തംകാറില്‍ വന്നു പോകുന്ന അധ്യാപികയുടെ പേന വഴിയില്‍ വീണുപോകാന്‍ സാധ്യതയില്ലെന്ന് അമ്മ തിരിച്ചറിഞ്ഞു.

മകളെ തിരുത്തണം. നന്നായി പഠിക്കുന്ന മിടുക്കിയാണവള്‍. അധ്യാപികക്ക് അവളോട് നല്ല മതിപ്പുമുണ്ട്. അമ്മ കരുതലോടെ നീങ്ങി.

രാത്രി ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കെ അമ്മ, പേന ക്‌ളാസ് അധ്യാപികയുടെതായിരിക്കുമെന്നും വീണു പോയതാകുമെന്നും അടുത്ത ദിവസം ചെല്ലുമ്പോള്‍, അത് തിരിച്ചു കൊടുത്താല്‍ കുടുതല്‍ ഇഷ്ടം അധ്യാപികയ്ക്ക് മോളോട് തോന്നുമെന്നും അമ്പിളിയോട്, പറഞ്ഞു. അമ്പിളി സമ്മതിച്ചു. സ്റ്റാഫ് റൂമില്‍, ഉച്ചയ്ക്കുള്ള ഇടവേളയില്‍ അധ്യാപികയുടെ ബാഗില്‍ നിന്ന് അമ്പിളി എടുത്തതായിരുന്നു പേന.

അടുത്ത ദിവസം അമ്മ പറഞ്ഞതു പോലെ അമ്പിളി ചെയ്തു. ടീച്ചര്‍ക്ക് സന്തോഷമായി. ബാഗില്‍ സൂക്ഷിച്ചു വെച്ചിരുന്ന മറ്റൊരു പാര്‍ക്കര്‍ പേന ടീച്ചര്‍ അമ്പിളിക്ക് സമ്മാനമായി നല്‍കി.

സത്യം പാലിക്കാന്‍ മകളെ തയ്യാറാക്കിയ അമ്മ, സത്യസന്ധത കാണിച്ച വിദ്യാര്‍ഥിയെ സമ്മാനം കൊടുത്തു ആദരിച്ച അധ്യാപിക, ജീവിതത്തില്‍ സത്യവതിയായാല്‍ ഉപകാരമുണ്ടാവും എന്ന് ബോധ്യപ്പെടുന്ന കുട്ടി.

ധാര്‍മികവല്‍ക്കരണത്തിന്റെ ഇത്തരം രീതിശാസ്ത്രത്തെക്കുറിച്ച് നാമാലോചിക്കേണ്ടതാണ്(തുടരും).

ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്

.

Topics