ചോദ്യം: ഞാനൊരു കോളേജ് വിദ്യാര്‍ഥിയാണ്. കാമ്പസിലെ ചുറ്റുപാടുകള്‍ എന്നില്‍ വളരെ നെഗറ്റീവ് ചിന്താഗതികള്‍ കുത്തിവെച്ചിരിക്കുന്നു എന്നാണ് എന്റെ തോന്നല്‍. വിദ്യാര്‍ഥികള്‍ എല്ലാ തരത്തിലുമുള്ള അനാശാസ്യമായ ബന്ധങ്ങളില്‍ മുഴുകുന്നു . അതില്‍ ഇസ്‌ലാമിക വസ്ത്രധാരണങ്ങള്‍ സ്വീകരിച്ചിട്ടുള്ള മുസ്‌ലിംപെണ്‍കുട്ടികളും ഉള്‍പ്പെടും. അത്തരത്തില്‍ അവരുടെ ഇടപഴകല്‍ കാണുമ്പോള്‍ ഒട്ടേറെ ആശങ്കകള്‍ കടന്നുവരും. ഭര്‍ത്താവ് തന്റെ ജീവിതപങ്കാളിക്ക് വിവാഹത്തിന് മുമ്പ് ഇത്തരത്തില്‍ ബന്ധങ്ങളുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ അത് എത്രമാത്രം മനോവേദനയുണ്ടാക്കുകയില്ല! ഞാനും ഒരിക്കല്‍ വിവാഹംചെയ്യേണ്ടവനാണല്ലോ.
അതെക്കുറിച്ച ചിന്തകള്‍ എന്നെ പെണ്‍കുട്ടികളുമായി സൗഹൃദഭാഷണങ്ങള്‍ നടത്തുന്നതില്‍ നിന്ന് തടഞ്ഞിരിക്കുന്നു. അത് എന്റെ ഈമാനിനെ വര്‍ധിപ്പിച്ചുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പലതരത്തിലുള്ള ബന്ധങ്ങളില്‍കൂടി കടന്നുവന്നിട്ടുള്ള പെണ്‍കുട്ടിയെ പങ്കാളിയാക്കേണ്ടിവരുമല്ലോയെന്നോര്‍ത്ത് വിവാഹംകഴിക്കാന്‍ മടിക്കുകയാണ് ഞാന്‍. അത്തരം പെണ്‍കുട്ടികളെ വിവാഹംകഴിക്കാന്‍ എനിക്ക് ഒട്ടുംതാല്‍പര്യമില്ല. വിവാഹശേഷം അത്തരം ബന്ധങ്ങളെക്കുറിച്ച് അറിയാനിടവന്നാല്‍ അവരെ ഉപദ്രവിക്കാനൊന്നും ഞാന്‍ നില്‍ക്കില്ല. വിവാഹമോചനംചെയ്ത് ഒഴിവാക്കും.
ഇതൊക്കെയാണ് എന്നെ മഥിച്ചുകൊണ്ടിരിക്കുന്ന ചിന്തകള്‍. അതിനാല്‍ കാണാന്‍ സൗന്ദര്യമില്ലാത്ത, അംഗവൈകല്യമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതാണ് സുരക്ഷിതം എന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം, അവര്‍ വിവാഹപൂര്‍വപ്രണയങ്ങളിലൊന്നും പെട്ടിട്ടുണ്ടാകില്ലെന്നതുതന്നെ. എന്റെ മറ്റൊരു പേടി വിവാഹശേഷം പങ്കാളി എന്നെ വഞ്ചിക്കുമോയെന്നതാണ്. ഇതെല്ലാമോര്‍ക്കുമ്പോള്‍ വിവാഹംകഴിക്കാതെ മുന്നോട്ടുജീവിച്ചാലോ എന്നുപോലും ചിലപ്പോള്‍ തോന്നും. രണ്ട് പെണ്ണുങ്ങളെ വിവാഹംകഴിച്ച് അത് സന്തുലിതമാക്കാമെന്ന് ചിലപ്പോള്‍ തോന്നും. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് . ഞാന്‍ വിവാഹംകഴിക്കണോ?(ദൈര്‍ഘ്യത്താല്‍ ചോദ്യം ചുരുക്കിയിരിക്കുന്നു)
ഉത്തരം: തന്റെ കോളേജ് പഠനകാലത്ത് കണ്ട കാര്യങ്ങള്‍ താങ്കളെ തീര്‍ത്തും സങ്കടക്കടലിന്റെ നടുവിലെത്തിച്ചെന്ന് തോന്നുന്നു
. കൗമാരത്തിന്റെയും യൗവനത്തിന്റെയും തുടക്കത്തില്‍ പഠനം വീട്ടില്‍നിന്ന് ദൂരെ കാമ്പസുകളിലാകുമ്പോള്‍ കൗതുകങ്ങളുടെയും പരീക്ഷണങ്ങളുടെയും അന്തരീക്ഷമാണ് അവിടെ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നത്. രക്ഷിതാക്കളുടെ ശ്രദ്ധയില്ലാത്ത പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ആ സാഹചര്യം നിഷിദ്ധമായ പല സംഗതികളിലേക്കും നയിക്കും. അത്തരത്തിലുള്ള കാഴ്ചകളാണ് കാമ്പസില്‍ താങ്കള്‍ കണ്ടത്. ഏവരുടെയും ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന അവസ്ഥാവിശേഷമാണിത്.
മുസ്‌ലിം-മുസ്‌ലിമേതര സമുദായങ്ങളില്‍പെട്ട പെണ്‍കുട്ടികളിലധികവും ആണ്‍സുഹൃത്തുക്കളുമായി സല്ലപിക്കുന്നുവെന്ന് താങ്കള്‍ പറഞ്ഞല്ലോ. കൃത്യമായ ചിട്ടവട്ടങ്ങളിലല്ലാതെ വളര്‍ന്ന വ്യക്തിത്വങ്ങള്‍ തങ്ങള്‍ക്കുകിട്ടിയ സ്വാതന്ത്ര്യത്തെ സമ്പൂര്‍ണമായി ആസ്വദിക്കുന്നതാണ് അതിന് കാരണം. മുസ്‌ലിംവിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ദീനിന്റെ പാതയില്‍നിന്ന് അവരെ അത് തെറ്റിച്ചുകളയുന്നു.
അതെന്തായാലും അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികള്‍ പിന്നീട് ശരിയായ സത്യപാതയിലേക്ക് മടങ്ങിയെത്തുന്നുണ്ടെന്ന വസ്തുത വിസ്മരിക്കരുത്. തന്റെ ജീവിതത്തിലുണ്ടാകുന്ന മോശവും മുറിപ്പെടുത്തുന്നതുമായ അനുഭവങ്ങള്‍ അവരെ ദൈവികദീനിലേക്ക് പശ്ചാത്തപിച്ച് മടങ്ങാന്‍ ശക്തമായി പ്രേരിപ്പിക്കുന്നുണ്ട്.
ഇപ്പറഞ്ഞതെല്ലാം പെണ്‍കുട്ടികളില്‍ മാത്രം കണ്ടുവരുന്നതാണെന്ന് കരുതേണ്ട. കാമ്പസുകളില്‍ വ്യഭിചാരങ്ങളിലേക്കെത്തിക്കുന്ന ആഴമേറിയ ആണ്‍പെണ്‍ സൗഹൃദങ്ങളും(?) ഇടപഴക്കങ്ങളും ഇക്കാലത്ത് സാധാരണമാണ്. കാമ്പസുകളില്‍ മാത്രമല്ല, വിവാഹജീവിതംനയിച്ച് കുട്ടികളുള്ള പുരുഷന്‍മാരും സ്ത്രീകളും അവിഹിത ബന്ധങ്ങളിലേര്‍പ്പെടുന്ന എത്രയോ സംഭവങ്ങളുണ്ട്. ഒന്നിലേറെ വിവാഹത്തിന് പുരുഷന്‍മാര്‍ക്ക് അനുവാദംകൊടുത്തിട്ടും വന്‍പാപമായ വ്യഭിചാരത്തിന്റെയും അവിഹിതത്തിന്റെയും മാര്‍ഗം അവര്‍ തേടുന്നതിന് എന്ത് ന്യായീകരണമാണുള്ളത്?
സുഹൃത്തേ, പറഞ്ഞുവരുന്നത് ഇത് കാമ്പസുകളുടേതുമാത്രമായ, പെണ്‍കുട്ടികളില്‍ മാത്രം പരിമിതമായ കാര്യമല്ലെന്നാണ്. അശ്ലീലതയുടെയും അസാന്‍മാര്‍ഗികതയുടെയുമായ ചുറ്റുപാടുകള്‍ എല്ലായിടത്തുമുണ്ട്. കാമ്പസില്‍ താങ്കള്‍ കണ്ട കാഴ്ചയുടെ പേരില്‍ എല്ലാ വിദ്യാര്‍ഥിനികളും ദുസ്വഭാവികളാണെന്ന്് ധരിക്കേണ്ട. തങ്ങള്‍ കണ്ടുംകേട്ടും പരിചയിച്ചും അറിഞ്ഞ മത ധാര്‍മികമൂല്യങ്ങളെ ശക്തമായി മുറുകെപ്പിടിക്കുന്ന എത്രയോ പെണ്‍കുട്ടികളുണ്ട്. ഒട്ടേറെ പ്രലോഭനങ്ങളെ ചെറുത്തുനില്‍ക്കാനുള്ള ഈമാനികകരുത്ത് കൈമുതലായുള്ള വിശ്വാസിനികളും ഏറെയാണ്.
യഥാര്‍ഥത്തില്‍ ഒരു വ്യക്തിയുടെ മതവിശ്വാസത്തെ ശക്തമായി പരീക്ഷിക്കുന്ന ഇടമാണ് കാമ്പസ് എന്നതാണ് വസ്തുത. ആ പരീക്ഷണശാലയില്‍ ചിലര്‍ കാലിടറി വീഴുന്നതാണ് താങ്കള്‍ കണ്ടത്. അങ്ങനെ ഒരിക്കല്‍ കാലിടറി വീണവരില്‍ പലരും അത്യധികം പശ്ചാത്താപത്തോടെ ദീനിലേക്ക് മടങ്ങിയിട്ടുമുണ്ട്. വിശ്വാസത്തിന്റെ കരുത്താണ് അതിന് അവരെ സഹായിച്ചത്. ഇത് ജീവിതത്തിലെ ഒരു ഗുണപാഠമാണ്. മനുഷ്യരെന്ന നിലക്ക് നാം അറിഞ്ഞും അറിയാതെയും തിന്‍മകളില്‍ പെട്ടുപോകാം. തെറ്റിന്റെ ഗൗരവം ബോധ്യപ്പെടുന്നത് വ്യക്തികള്‍ക്കനുസരിച്ച് വ്യത്യസ്തപ്പെടാം എന്നുമാത്രം.
അതിനാല്‍ സുഹൃത്തേ, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനും അവരോട് ദേഷ്യപ്പെടുന്നതിനും മുമ്പ് നിഷിദ്ധവൃത്തികളില്‍പെട്ടുപോകുന്നവര്‍ക്കായി പ്രാര്‍ഥിക്കുകയാണ് ഉത്തമം.കൂടാതെ, മറ്റുള്ളവരെ കുറ്റപ്പെടുത്തുംമുമ്പ് താങ്കള്‍ കാണുന്നതെല്ലാം സത്യമാണെന്ന് ഉറപ്പുവരുത്തുക. എല്ലാം അറിയുന്നത് അല്ലാഹുവാണല്ലോ. സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി അവരെ തെറ്റുകാരായി മുദ്രകുത്താതിരിക്കുക. ഉദാഹരണത്തിന് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും കൈകോര്‍ത്തുപിടിച്ച് ഇരിക്കുന്നത് കണ്ടാല്‍ അവര്‍ വ്യഭിചാരത്തിലേര്‍പ്പെട്ടെന്ന് തെറ്റുധരിക്കാതിരിക്കുക. അതിനാല്‍ ഊഹങ്ങളിലധികവും വര്‍ജിക്കുക.
ഒരിക്കല്‍ അനുയായികളില്‍ ചിലര്‍ നബിതിരുമേനി(സ)യോട് ചോദിച്ചു: ‘ആരുടെ ദീനാണ് ഏറ്റവും ഉത്തമം.(ആരാണ് ഉത്തമവിശ്വാസിയെന്ന്?)’. അതിന് പ്രവാചകന്‍ ഇപ്രകാരം മറുപടി കൊടുത്തു: ‘ഏതൊരാളുടെ നാവില്‍നിന്നും കൈയില്‍നിന്നും വിശ്വാസികള്‍ രക്ഷപ്പെട്ടുവോ അയാളാണ് യഥാര്‍ഥ മുസ്‌ലിം'(ബുഖാരി).
പരീക്ഷണങ്ങള്‍
ദീനി സംസ്‌കാരവും ശിക്ഷണങ്ങളുമുള്ള കുടുംബപശ്ചാത്തലത്തില്‍ ജനിച്ചതുകൊണ്ടായിരിക്കാം ഒരു പക്ഷേ താങ്കള്‍ കാമ്പസില്‍ നിഷിദ്ധങ്ങളായ ബന്ധങ്ങളില്‍പെടാതെ രക്ഷപ്പെട്ടതും ജീവിതവിശുദ്ധി പുലര്‍ത്തുന്നതും. അതിന് അല്ലാഹുവിനോട് നന്ദി പ്രകാശിപ്പിക്കുക. ഒരുപക്ഷേ ഇത് താങ്കള്‍ക്ക് പരീക്ഷണമായിരിക്കുകയില്ല. ഭൂതകാലത്ത് ഭൂഷണമല്ലാത്ത ബന്ധങ്ങളുണ്ടായിരുന്ന പെണ്‍കുട്ടിയെ വിവാഹംകഴിക്കേണ്ടിവരുമോയെന്ന ആശങ്കയാണ് താങ്കള്‍ക്ക്. കന്യകാത്വം നഷ്ടപ്പെട്ടവളായിരിക്കുമോ അവളെന്നും ഭയക്കുന്നു. താങ്കളുടെ അത്തരം ആശങ്കകള്‍ ശക്തമാണ് എന്നതിന് തെളിവാണ് വിവാഹംതന്നെ വേണ്ടെന്ന നിശ്ചയത്തോളം വന്ന ദേഷ്യപ്രകടനം.
ജീവിതപങ്കാളിയായി വരുന്ന വ്യക്തിക്ക് ഭൂതകാലത്തില്‍ ബന്ധമുണ്ടായിരുന്നു എന്നറിഞ്ഞാല്‍ ഉപദ്രവിക്കാനൊന്നും മുതിരില്ല,അപ്പോള്‍ തന്നെ വിവാഹമോചനം ചെയ്യും എന്ന് താങ്കള്‍ പറഞ്ഞു. പക്ഷേ അവരോട് വിട്ടുവീഴ്ച ചെയ്യും എന്ന കാര്യം താങ്കള്‍ പറഞ്ഞില്ല. അതാണ് താങ്കള്‍ക്കുള്ള പരീക്ഷണം. മാപ്പുകൊടുക്കലും ദേഷ്യപ്പെടലും പരീക്ഷണമാണ്. തെറ്റുചെയ്തവരോട് പശ്ചാത്തപിക്കണമെന്ന് നാം ആവശ്യപ്പെടും. എത്രവലിയ പാപമായാലും അല്ലാഹു പൊറുത്തുതരും എന്ന് പറഞ്ഞതുകൊണ്ടുമാത്രമാണ് നാം ആ ഉപദേശം നല്‍കുന്നത്. അതോടൊപ്പം അല്ലാഹു അങ്ങേയറ്റം കരുണാവാരിധിയാണെന്നും പശ്ചാത്താപം സ്വീകരിക്കുന്നവനുമാണെന്നും പറയുന്നുണ്ട്. തെറ്റുചെയ്ത വ്യക്തിയോട് താങ്കള്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് തുറന്നുപറയാന്‍ കാട്ടിയ സത്യസന്ധതയെ അംഗീകരിക്കുന്നു. പക്ഷേ, താങ്കള്‍ ഹൃദയനൈര്‍മല്യത്തിനായി അല്ലാഹുവോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. വിശ്വാസികള്‍ വിട്ടുവീഴ്ച ചെയ്യുന്നവരും പൊറുത്തുകൊടുക്കുന്നവരുമാകണമെന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത്. അല്ലാഹു നമുക്ക് എല്ലാം പൊറുത്തുതരണമെന്ന് അതിയായി ആഗ്രഹിക്കുന്നവരല്ലേ നാം. അങ്ങനെയെങ്കില്‍ മറ്റുള്ളവരുടെ വീഴ്ചകളും നാം പൊറുത്തുകൊടുക്കണം. പ്രവാചകന്‍ മുഹമ്മദ് (സ)നെ നാം പിന്തുടരാനും മാതൃകയാക്കാനും നാം ഉദ്ദേശിക്കുന്നുവെങ്കില്‍ എല്ലാവരോടും വിട്ടുവീഴ്ച ചെയ്‌തേ മതിയാകൂ. നബിതിരുമേനി തന്നോട് മോശമായി പെരുമാറിയ എത്രയോ ആളുകള്‍ക്ക് വിട്ടുവീഴ്ച ചെയ്തത് നാം കേട്ടിട്ടുണ്ട്. അതിനാല്‍ വിട്ടുവീഴ്ച എന്ന സ്വഭാവം നാം പരിശീലിക്കണം. നബിതിരുമേനി ദേഷ്യവും വെറുപ്പും വെച്ചുപുലര്‍ത്തിയിരുന്ന ആളല്ല. ദേഷ്യം എന്നത് അതിന്റെ ഉടമയെ ഇല്ലാതാക്കുന്ന വിഷമാണ്.
സുലൈമാന്‍ ബിന്‍ സുരദില്‍നിന്നുള്ള ഹദീഥില്‍ ഇപ്രകാരം കാണാം: ‘ഒരിക്കല്‍ രണ്ടാളുകള്‍ നബിതിരുമേനിയുടെ സാന്നിധ്യത്തില്‍ അന്യോന്യം വഴക്കടിച്ചു. ദേഷ്യത്താല്‍ അതിലൊരാളുടെ മുഖം ചുവന്നു. നബി(സ) അദ്ദേഹത്തിന്റെ നേര്‍ക്ക് നോക്കി ഇപ്രകാരം പറഞ്ഞു. ‘എനിക്ക് ചില വചനങ്ങള്‍ അറിയാം. അത് ചൊല്ലുന്നയാളുടെ ദേഷ്യം ഇല്ലാതായിത്തീരും. അവ ഇവയാണ്: ഞാന്‍ ശപിക്കപ്പെട്ട പിശാചില്‍നിന്ന് അല്ലാഹുവില്‍ അഭയം തേടുന്നു.’ ഇതുകേട്ട അയാള്‍ മറ്റയാളുടെ അടുത്തുചെന്ന് ഇപ്രകാരം പറഞ്ഞു: എന്താണ് നബിതിരുമേനി പറഞ്ഞതെന്നറിയാമോ? ഞാന്‍ ശപിക്കപ്പെട്ട പിശാചില്‍നിന്നും അല്ലാഹുവിങ്കല്‍ അഭയം തേടുന്നു എന്ന്. ഉടന്‍ അപരന്‍ തിരിച്ചടിച്ചു: ഞാന്‍ ബുദ്ധിമോശം പ്രവര്‍ത്തിക്കുന്നവനല്ല (ബുഖാരി-അദബുല്‍ മുഫ്‌റദ്).
സുഹൃത്തേ, എല്ലാവരോടും വിട്ടുവീഴ്ചചെയ്യുന്ന സ്വഭാവം നല്‍കാന്‍ താങ്കള്‍ ആത്മാര്‍ഥമായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക. ദേഷ്യം കുറക്കാനും അങ്ങനെയത് ഇല്ലാതാക്കാനും അല്ലാഹുവിനോട് ഉതവി തേടുക. ദേഷ്യം, വിട്ടുവീഴ്ചയില്ലായ്മ, അജ്ഞത എന്നിവയെല്ലാം ഇസ്‌ലാം വിലക്കുന്നു എന്ന് തിരിച്ചറിയുക.
ഭൂത-വര്‍ത്തമാന കാലചെയ്തികള്‍
സ്വസമുദായത്തിലെ വ്യക്തികളുടെ പ്രവൃത്തികള്‍ കാണുമ്പോള്‍ നിരാശ തോന്നാന്‍ താങ്കള്‍ക്ക് അവകാശമുണ്ടെന്ന് സമ്മതിച്ചുകൊണ്ടുതന്നെ പറയട്ടെ, എല്ലാ മുസ്‌ലിംകളും ദുഷിച്ചുപോയിരിക്കുന്നുവെന്ന് കരുതാന്‍ ന്യായമില്ല. താങ്കളുടെ കുറ്റപ്പെടുത്തലിന്റെ കുന്തമുന സ്ത്രീവര്‍ഗത്തിനുനേരെയാണെന്ന് മനസ്സിലാക്കുന്നു. എല്ലാ സ്ത്രീകളും മോശക്കാരികളാണെന്ന് ധരിക്കുന്നത് വസ്തുതാവിരുദ്ധമാണ്. നിഷിദ്ധമായ കാര്യങ്ങളില്‍ വഴുതിവീണിട്ടുള്ള സ്ത്രീകളില്‍ പലരും പിന്നീട് തങ്ങളുടെ ചെയ്തികളില്‍ പശ്ചാത്തപിച്ച് നല്ല ജീവിതം നയിക്കുന്നതായി നമുക്കറിയാം. അത്തരത്തില്‍ പരിവര്‍ത്തനം സംഭവിച്ചവര്‍ നല്ല തഖ്‌വയുള്ള മനസ്സ് കൈമുതലാക്കിയവരും ദാമ്പത്യത്തില്‍ വിജയിച്ചവരുമാണ്.
തെറ്റുകളും അബദ്ധങ്ങളും സംഭവിക്കുന്നത് ചിലരുടെ വ്യക്തിജീവിതത്തില്‍ വളരെ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. അവരുടെ വ്യക്തിത്വവികാസം കാര്യക്ഷമമാകുന്നതും ദീനിനോട് കൂടുതല്‍ പ്രതിബദ്ധരാകുന്നതും അപ്പോഴാണ്. ആണ്‍സൗഹൃദങ്ങളില്ലാത്ത, കന്യകയായ, ആരാധനാനിഷ്ഠകളുള്ള ചില പെണ്‍കുട്ടികളില്‍ ക്ഷിപ്രകോപം, അസൂയ, പിശുക്ക് തുടങ്ങി ആശാസ്യമല്ലാത്ത സ്വഭാവവിശേഷങ്ങളും നാം കണ്ടിട്ടില്ലേ. കന്യകാത്വവും വിശുദ്ധിയും കാത്തുസൂക്ഷിച്ചിട്ടുണ്ടെങ്കിലും പെരുമാറ്റമര്യാദകളുടെ വിഷയത്തില്‍ ഈമാന്‍ വേണ്ടത്ര അവരില്‍ ശക്തമല്ല എന്നതാണതിന് കാരണം. ഒരുവേള നമസ്‌കാരകാര്യങ്ങളില്‍ അത്ര കൃത്യനിഷ്ഠ ഇല്ലാത്തവരും അക്കൂട്ടരിലുണ്ടാകാം. കന്യകാത്വമോ ചാരിത്ര്യമോ നഷ്ടപ്പെടാതെ ഒരു പെണ്‍കുട്ടി അവശേഷിക്കുന്നതിന് കാരണം അല്ലാഹുവെക്കുറിച്ച ഭയം ഉള്ളതുകൊണ്ടാണ് എന്ന് തീര്‍ച്ചപ്പെടുത്താനാവില്ല. ആണുങ്ങളുമായുള്ള ഇടപഴക്കങ്ങള്‍ക്ക് മതിയായ സാഹചര്യമോ ധൈര്യമോ ഇല്ലാത്തതുകൊണ്ട് ആ വലിയതെറ്റില്‍ അകപ്പെടാതിരുന്നതുമാകാം.
പറഞ്ഞുവരുന്നത്, കഴിഞ്ഞകാല ജീവിതമോ പ്രത്യേകസ്വഭാവസവിശേഷതയോ മാത്രം മുന്‍നിര്‍ത്തി ഒരാളെക്കുറിച്ച് വിധിയെഴുതാനാവില്ല എന്നാണ്. അവരുടെ ഇപ്പോഴത്തെ ജീവിതരീതിയും അല്ലാഹുവുമായുള്ള ബന്ധവും എങ്ങനെയെന്നത് ഒരു പരിധിവരെ വ്യക്തിത്വത്തെ തിരിച്ചറിയാന്‍ നമ്മെ സഹായിക്കും.
വിട്ടുവീഴ്ചയും മാപ്പും
വിവാഹേതര ബന്ധത്തില്‍ചെന്നുചാടിയശേഷം അതെക്കുറിച്ച് പശ്ചാത്താപബോധമുള്ള ആളുകള്‍ ചോദ്യങ്ങളുന്നയിക്കുമ്പോള്‍ അവര്‍ക്ക് സാധാരണയായി കൊടുക്കുന്ന മറുപടി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയെന്നതാണ് എന്ന് താങ്കള്‍ ആക്ഷേപം ഉന്നയിക്കുകയുണ്ടായല്ലോ. അതീവ ഗുരുതരമായ പാപമാണ് ചെയ്തതെന്ന് അവരെ ശക്തിയായി ഗുണദോഷിക്കണമെന്നാണ് താങ്കളുടെ താല്‍പര്യം. ഒരുകാര്യം നാമെല്ലാവരും മനസ്സിലാക്കണം. കുറ്റബോധത്താല്‍ ആശ്വാസവാക്കുകള്‍ തേടി നമ്മുടെയടുത്തേക്ക് വരുന്നവരെ വീണ്ടും കുറ്റപ്പെടുത്തുകയല്ല വേണ്ടത്. അവര്‍ക്ക് അല്ലാഹുവില്‍നിന്നുള്ള പാപമോചനത്തെക്കുറിച്ച കരുണാവര്‍ത്തമാനങ്ങളാണ് നല്‍കേണ്ടത്. അത് ഖുര്‍ആന്‍ ശക്തിയായി പ്രസ്താവിക്കുന്നുണ്ട്. അതീവഗുരുതരമായ തെറ്റുചെയ്തുവെന്ന് തിരിച്ചറിഞ്ഞ വ്യക്തിയെ ദൈവത്തിലേക്ക് മടങ്ങാന്‍ സഹായിക്കുകയാണ് വേണ്ടത്.
തെറ്റുകളെ ചൂണ്ടിക്കാട്ടി ആളുകളെ വിമര്‍ശിക്കുന്നത് ഗുണകാംക്ഷയെന്ന് പറയാനാവില്ല. കാരണം, എല്ലാ കുറ്റപ്പെടുത്തലുകളും അവരെ പ്രതീക്ഷയറ്റവരാക്കിമാറ്റുകയാണ് ചെയ്യുക. പാപംപൊറുത്തുകിട്ടാന്‍ പോലും യോഗ്യതയില്ലാത്തവരാണ് തങ്ങളെന്ന ചിന്ത കൂടുതല്‍ പാപകൃത്യങ്ങളിലേക്ക് തള്ളിവിടാനേ ഉപകരിക്കൂ.
മനോവേദന, ദേഷ്യം
എല്ലാം പൊറുത്തുമാപ്പാക്കുന്ന അല്ലാഹുവുണ്ടായിരിക്കെ, ദേഷ്യത്തോടെ മറ്റുള്ളവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല എന്ന് വാശിപിടിക്കാന്‍ മാത്രം എന്ത് മേന്‍മയാണ് നമുക്കുള്ളത്? അല്ലാഹുവിനെക്കാള്‍ മഹത്വം സ്വയം അവകാശപ്പെടുകയാണ് അത്തരക്കാര്‍ ചെയ്യുന്നത്. നബിതിരുമേനി (സ) എത്രയോ പ്രാവശ്യം ആളുകളോട് വിട്ടുവീഴ്ചയോടെ വര്‍ത്തിച്ചിരിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത നിലപാട് നമ്മുടെ സന്തോഷത്തെ ഇല്ലാതാക്കുകയാണ് ചെയ്യുക.
താങ്കള്‍ കൂടുതല്‍ ആണ്‍സൗഹൃദങ്ങളില്‍ മുഴുകുക. നല്ല സംസാരങ്ങളിലേര്‍പ്പെടുക. അനുവദനീയമായ വിനോദങ്ങളാല്‍ മനസ്സിനെ കുളിര്‍പ്പിക്കുക. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ക്ക് പിന്നാലെ കൂടാതിരിക്കുക. മനസ്സിലെ ദേഷ്യം അടക്കിവെക്കുക. ക്രമേണയായി ആ സ്വഭാവത്തെ ഉപേക്ഷിക്കുക.
സഹോദരാ, താങ്കള്‍ നന്മയും ഭക്തിയും കൈമുതലായുള്ള യുവാവാണ്. താങ്കള്‍ക്ക് നല്ല ഒരു ദാമ്പത്യത്തിന് അര്‍ഹതയുണ്ട്. ഭയക്കേണ്ട കാര്യം, ദാമ്പത്യത്തെ ഉലച്ചേക്കാവുന്ന ദേഷ്യം എന്ന സ്വഭാവം ഉപേക്ഷിക്കുക. ദാമ്പത്യത്തില്‍ പങ്കാളിയെ സൂക്ഷ്മനിരീക്ഷണം നടത്തുന്നതും സംശയിക്കുന്നതും ഭൂതകാലം ചികഞ്ഞ് കുറ്റപ്പെടുത്തുന്നതും ഭൂഷണമല്ല. വിവാഹം കഴിക്കുന്നതോടെ നാം സമാധാനവും പരസ്പരവിശ്വാസവും ,ദയയും കാരുണ്യവും, സ്‌നേഹവും ഉപയോഗപ്പെടുത്തി പരസ്പരബന്ധം ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്.
സമുദായത്തില്‍ കണ്ട പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള നിരാശ, കോപം, മനോവേദന എന്നീ പ്രശ്‌നങ്ങളില്‍ താങ്കള്‍ വിവേകപൂര്‍ണമായ വീക്ഷണംവെച്ചുപുലര്‍ത്തുന്നതുവരെ വിവാഹത്തിലേക്ക് തല്‍ക്കാലം പ്രവേശിക്കാതിരിക്കുകയാണ് നല്ലത്്.
ദേഷ്യത്തിന്റെ മൂലകാരണമെന്ത്?
അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കുക അത്രയെളുപ്പമല്ല. താങ്കള്‍ , സ്വവികാര-വിചാരങ്ങളെ ആത്മപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. സമുദായത്തിലെ ആളുകള്‍ തെറ്റുചെയ്യുന്നുവെന്നതിനാലാണോ താങ്കള്‍ക്ക് അവരോട് ദേഷ്യംതോന്നുന്നത്? അവരുടെ ജീവിതത്തെക്കുറിച്ച് താങ്കള്‍ക്ക് ആശങ്കയുണ്ടോ?അസാന്‍മാര്‍ഗികതയിലേക്കും അതുവഴി അല്ലാഹുവിന്റെ കോപത്തിലേക്കും അവര്‍ ആപതിക്കുമെന്നതാണോ താങ്കളുടെ ദേഷ്യത്തിന് കാരണം.അതല്ല, താങ്കള്‍ മാത്രമേ യഥാര്‍ഥമുസ് ലിമായുള്ളൂ; മറ്റുള്ളവര്‍ വന്‍പാപംചെയ്തവരാണ് എന്ന ധാരണയാലുള്ള ദേഷ്യമാണോ അത്? ഇതിനെയെല്ലാം സൂക്ഷ്മവിശകലനം നടത്തുക. അല്ലാഹുവിന് വേണ്ടിയുള്ളതാകട്ടെ നമ്മുടെ ജീവിതം.
ആഇശാ മുഹമ്മദ്
Add Comment