വികസനത്തിന്റെയും സാമ്പത്തികപുരോഗതിയുടെയും മേനിപറച്ചിലിനിടയില്‍ ദാമ്പത്യബന്ധങ്ങള്‍ അതിവേഗം ശിഥിലമായിക്കൊണ്ടിരിക്കുന്ന റിപോര്‍ട്ടുകള്‍ നാം വായിക്കുന്നു. അതിന് വ്യത്യസ്തങ്ങളായ കാരണങ്ങളാണ് സാമൂഹികശാസ്ത്രകാരന്‍മാര്‍ പറയുന്നത്. ആ കാരണങ്ങളിലൊന്ന് ലൈംഗികതയുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ മുസ്‌ലിംദാമ്പത്യങ്ങളില്‍ തികച്ചും ഗുണകരമായ മാറ്റങ്ങളുണ്ടാകണമെങ്കില്‍ ഭാര്യമാരുടെ ലൈംഗികതയെക്കുറിച്ച തെറ്റുധാരണകള്‍ തിരുത്തപ്പെട്ടേ മതിയാകൂ. ദാമ്പത്യജീവിതത്തിലെ ലൈംഗിക അസംതൃപ്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ മുസ്‌ലിംസമൂഹം കൈകാര്യംചെയ്യുന്നിടത്ത് പലപ്പോഴും ഗുരുതരമായ പിഴവുകള്‍ സംഭവിക്കുന്നു. സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട അജ്ഞതയാണ് അതിന് കാരണം.
സ്ത്രീലൈംഗികതയുമായി ബന്ധപ്പെട്ട് ഇന്ന് സമൂഹത്തില്‍ പ്രചാരത്തിലിരിക്കുന്ന ചില വാദങ്ങള്‍ താഴെ കൊടുക്കുന്നു:
- മുസ്‌ലിംപെണ്‍കുട്ടികള്‍ക്ക് (പ്രത്യേകിച്ചും ‘യാഥാസ്ഥിതിക, ദീനിപശ്ചാത്തലമുള്ള കുടുംബത്തില്‍ പിറന്ന’വര്‍) വിവാഹത്തിനുമുമ്പ് ലൈംഗികവികാരമുണ്ടാവുകയില്ല.
- സ്‌ത്രൈണപ്രകൃതമനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് ലൈംഗികവികാരം കുറവാണ്.
- ലൈംഗികകാര്യങ്ങള്‍ സംസാരിക്കുന്നതില്‍ സ്ത്രീകള്‍ പ്രകൃത്യാ അന്തര്‍മുഖരാണ്. അവിവാഹിതകളായ സ്ത്രീകള്‍ ലൈംഗികകാര്യങ്ങളെക്കുറിച്ച് പറയാന്‍ ഭയപ്പെടുന്നു.
- വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയോട് ലൈംഗികകാര്യങ്ങള്‍ സംസാരിക്കാനേ പാടില്ല.
- സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടെ അത്രയും വികാരമൂര്‍ഛ ആവശ്യമില്ല. അവരുടെ ലൈംഗികതാല്‍പര്യങ്ങള്‍ കുറവാണ്. ശാരീരികബന്ധത്തില്‍ പരിലാളനകളെക്കാള്‍ വൈകാരികബന്ധമാണ് അവര്‍ ആഗ്രഹിക്കുന്നത് (അവരുടെ ലൈംഗികസംതൃപ്തി).
മേല്‍ക്കൊടുത്തതിന് സമാനമായ വസ്തുതാവിരുദ്ധമായ ധാരണകള്‍ സമുദായത്തില്‍ വളരെ വ്യാപകമാണെന്നുമാത്രമല്ല, മതപണ്ഡിതന്‍മാരെപ്പോലെയുള്ളവര്‍ സമുദായമസ്തിഷ്‌കത്തില്‍ അവയെ അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ദുഃഖകരമായ വസ്തുത കൂടിയുണ്ട്. ഫലത്തില്‍, കടുത്ത യാഥാസ്ഥിതികചിന്തകളില്‍ അഭിരമിക്കുന്ന സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും സെക്‌സിനെക്കുറിച്ചും സ്ത്രീ ലൈംഗികതയെക്കുറിച്ചും തികഞ്ഞ അജ്ഞതയാണുള്ളത്.
ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും സ്ത്രീകളുടെ ആത്മീയ-ഭൗതിക അവകാശങ്ങളെ പൂര്‍ണമായും അവര്‍ക്ക് വകവെച്ചുകൊടുത്തിരിക്കുന്നു. എന്നിട്ടും സ്ത്രീലൈംഗികതയെ സമുദായനേതാക്കള്‍ തങ്ങളുടെ സാംസ്‌കാരികചുറ്റുപാടുക്കള്‍ക്കനുസൃതമായി കാണാനാണ് ഇഷ്ടപ്പെടുന്നത്. മാത്രമല്ല, അവയെ ഇസ്‌ലാമിന്റെ വീക്ഷണമായി അവതരിപ്പിക്കുകയുംചെയ്യുന്നു.
സ്ത്രീക്ക് പ്രേമപ്രകടനങ്ങളില്ല, അവളുടെ ശരീരത്തിന് വികാര ഉണര്‍ച്ചയുടെ ആവശ്യമില്ല, വിവാഹത്തിന് മുമ്പ് അവളില്‍ കാമവികാരങ്ങളുണ്ടാകില്ല; അതിനാല്‍ സെക്‌സിനെക്കുറിച്ച വര്‍ത്തമാനങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം അസ്വാഭാവികവും അസ്വാസ്ഥ്യജനകവും ആയിരിക്കും, അല്ലെങ്കില്‍ വിവാഹത്തിന് മുമ്പ് ശാരീരികബന്ധത്തിന് അവര്‍ക്ക് സാധിക്കുകയില്ല എന്നൊക്കെ തികച്ചും പരിഹാസ്യമായ ധാരണകളാണ് സ്ത്രീ ലൈംഗികതയെ സംബന്ധിച്ച് പ്രചരിപ്പിക്കുന്നത്. പറയുമ്പോള്‍ എല്ലാം പറയണമല്ലോ പാശ്ചാത്യന്‍ -ശാസ്ത്രീയ വീക്ഷണങ്ങളില്‍ (ഹിസ്റ്റീരിയ സംബന്ധിച്ച വിക്‌റ്റോറിയന്‍ കാഴ്ചപ്പാടും, സിഗ്മണ്ട് ഫ്രോയിഡിന്റെ ദര്‍ശനങ്ങളും)അടുത്ത കാലംവരെയും ഇത്തരത്തില്‍ തെറ്റായ വിശ്വാസങ്ങളും നിഗമനങ്ങളുമുണ്ടായിരുന്നു. അങ്ങനെയാണെങ്കിലും പാശ്ചാത്യന്‍ സമൂഹം സ്ത്രീലൈംഗികതയുടെ വിഷയത്തില്‍ കിഴക്കന്‍ (മുസ്‌ലിം)സംസ്‌കാരങ്ങളെക്കാള്‍ വേഗത്തില്‍ പുതിയ ഗവേഷണഫലങ്ങളെ സ്വാംശീകരിക്കാന്‍ തയ്യാറായിട്ടുണ്ട്.
അപ്പോഴും നമ്മള്‍ അടിവരയിട്ട് മനസ്സിലാക്കേണ്ട കാര്യമുണ്ട്. അതായത്, പുരുഷലൈംഗികതയെ കുറിച്ച ഗവേഷണ പഠനങ്ങളെക്കാള്‍ തുലോം കുറവാണ് സ്ത്രീ ലൈംഗികതയെ കുറിച്ച പഠനങ്ങള്‍. പൊതുവില്‍ പറഞ്ഞാല്‍, സ്ത്രീലൈംഗിക സ്വഭാവങ്ങളെക്കുറിച്ച് ഇനിയും ആഴത്തിലുള്ള പഠനങ്ങള്‍ നടക്കാനുണ്ട്.
സെക്‌സിനെക്കുറിച്ച തെറ്റായ സാംസ്‌കാരികകാഴ്ചപ്പാടുകളുടെയും സെക്‌സിനുവേണ്ടിയുള്ള സ്ത്രീയുടെ സ്വാഭാവിക ശാരീരിക- മനോവ്യാപാരങ്ങളുടെയും അവിയല്‍രൂപമാണ് സമൂഹത്തില്‍ പഠിപ്പിക്കപ്പെടുന്നത്. എല്ലായിടങ്ങളിലുമുള്ള മുസ്‌ലിം സമൂഹങ്ങള്‍ സ്ത്രീലൈംഗികതയെക്കുറിച്ച തദ്ദേശീയസാംസ്‌കാരികവീക്ഷണം തങ്ങളുടെ സ്ത്രീജനങ്ങളുടെ മസ്തിഷ്‌ക്കങ്ങളില്‍ കുത്തിവെക്കുന്നത്. ലൈംഗികത മ്ലേഛവും അശുദ്ധവുമാണെന്ന ധാരണ അത്തരത്തിലൊന്നാണ്. പ്രകൃത്യാ സ്‌ത്രൈണപ്രകൃതിയില്‍ അന്തര്‍ലീനമായ ലൈംഗികതയുടെ ബാഹ്യപ്രകടനങ്ങള്‍ അവരിലില്ലാ എന്ന് അരക്കിട്ടുറപ്പിക്കുകയാണിവിടെ.
വിവാഹത്തിനുമുമ്പുതന്നെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും സ്ത്രീകള്‍ക്ക് ലൈംഗിക ഉണര്‍വ് ഉണ്ടാകുമെന്നിരിക്കെ വിവിധനാടുകളിലെ സംസ്‌കൃതികള്‍ സ്ത്രീലൈംഗികതയെക്കുറിച്ച് വളരെ മോശമായ പൊതുബോധം സൃഷ്ടിക്കുകയാണ്. സ്ത്രീകളില്‍ ഉണര്‍വിന്റെ തീവ്രത കൂടുമ്പോള്‍ അവര്‍ക്ക് രതിമൂര്‍ഛയുണ്ടാകുകയും സ്വപ്‌നസ്ഖലനം സംഭവിക്കുകയും ചെയ്യുമെന്നത് ഒരു യാഥാര്‍ഥ്യമാണ്. സ്വഹാബി വനിതയായ ഉമ്മുസുലൈം ഈ വിഷയം പ്രവാചകതിരുമേനി(സ)യോട് സംശയനിവാരണം നടത്തിയത് നമുക്കറിയാമല്ലോ.
രണ്ടാംകിടയല്ല സ്ത്രീ
സ്വപ്‌നസ്ഖലനവും മുഷ്ടിമൈഥുനവും മാത്രമല്ല, പുതിയ ജീന്‍സ് പോലുള്ള വസ്ത്രങ്ങളും മസ്സാജ് ചെയറും സ്ത്രീകള്‍ക്ക് ലൈംഗികോത്തേജനം പകര്‍ന്നുകൊടുത്തേക്കാം. യാദൃശ്ചികമല്ല അതൊന്നും. തങ്ങളുടെ ശരീരത്തെക്കുറിച്ച് തികഞ്ഞ ബോധവതികളാണ് സ്ത്രീകള്‍. അതിനെ എങ്ങനെ ഉത്തേജിപ്പിക്കാമെന്നും ശാരീരികവും മാനസികവുമായ തലത്തില്‍ ലൈംഗികസംതൃപ്തി എങ്ങനെ നേടാമെന്നും അവര്‍ നന്നായറിയുന്നു(എല്ലാറ്റിനുമുപരി, തലച്ചോര്‍ ഏറ്റവും ശക്തമായ ലൈംഗികാവയവമെന്ന് ശാസ്ത്രം പറയുന്നു).
സെക്‌സിനെക്കുറിച്ച ആകാംക്ഷ പുരുഷന്‍മാരിലെന്ന പോലെ സ്ത്രീകളിലും ഉണ്ട്. ആണ്‍കുട്ടികളെക്കാള്‍ വേഗത്തില്‍ പെണ്‍കുട്ടികള്‍ ശാരീരികമായും മാനസികമായും പക്വതയാര്‍ജിക്കുന്നു. അതിനാല്‍തന്നെ ആകാംക്ഷയിലും അവര്‍ തന്നെയായിരിക്കും മുന്നില്‍. പ്രേമകഥകളും നോവലുകളും സിനിമകളും കൂടുതല്‍ താല്‍പര്യത്തോടെ ആസ്വദിക്കുന്ന പെണ്‍കുട്ടികള്‍ പ്രേമത്തിന്റെയും സെക്‌സിന്റെയും അവസ്ഥകളെ അടുത്തറിയാനുള്ള ആകാംക്ഷയാണ് പ്രകടിപ്പിക്കുന്നത്. അവര്‍ക്ക് വെറും നേരമ്പോക്കല്ല കഥകളും സിനിമകളുമെന്നര്‍ഥം.
ലൈംഗികവിഷയങ്ങളെക്കുറിച്ച എല്ലാം വ്യവഹാരങ്ങളും സംസ്‌കാരികമൂശയില്‍ വാര്‍ത്തെടുക്കുന്നതിനാല്‍ ഭയത്താല്‍ അവരുടെ നൈസര്‍ഗിക ചോദനകള്‍ മരവിച്ചുപോകുന്നു.
വിവാഹാന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയോട് ലൈംഗികവിഷയങ്ങളില്‍ നിര്‍ദ്ദോഷമായ അന്വേഷണങ്ങളോ ചോദ്യങ്ങളോ പോലും പാടില്ലെന്ന് മുസ്‌ലിംയുവതയെ മതനേതൃത്വങ്ങള്‍ വിലക്കാറുണ്ട്. ഇത് യഥാര്‍ഥത്തില്‍ ആണിനെയും പെണ്ണിനെയും ഒരുപോലെ അപമാനിക്കലാണ്. നാണക്കേട്, നിഷിദ്ധബോധം,അപകര്‍ഷം എന്നീ വികാരങ്ങള്‍ കുത്തിവെക്കാതെ പരസ്പരബഹുമാനം, അന്തസ്സ്, വിശ്വസ്തത എന്നിവ മുറുകെപ്പിടിച്ച് വിഷയത്തെ കാണാന്‍ സ്ത്രീപുരുഷന്‍മാരെ പ്രചോദിപ്പിക്കുകയാണ് വേണ്ടത്. ആദ്യഘട്ടത്തില്‍ അത് അസ്വസ്ഥമായി തോന്നിയേക്കാം. പക്ഷേ, രചനാത്മകമായ വളര്‍ച്ചയ്ക്കും മാറ്റത്തിനും സമൂഹത്തിന് അതൊക്കെ ആവശ്യമാണ്.
ഇവിടെ മുസ്‌ലിം യുവാക്കളും യുവതികളും ലൈംഗികവിഷയങ്ങള്‍ അന്യോന്യം പരസ്പരബഹുമാനത്തോടെയും പക്വതയോടെയും അന്തസ്സ് കൈവിടാതെയും എങ്ങനെ സംസാരിക്കണമെന്നതില്‍ പരിശീലനം നല്‍കാനാണ് പദ്ധതികള്‍ നടപ്പാക്കേണ്ടത്.
അവസാനമായി, ലൈംഗികമായി സ്ത്രീ പുരുഷനെക്കാള്‍ ഒരുപടി താഴെയാണ് എന്ന സമൂഹത്തിന്റെ മൂടുറച്ച ധാരണ തിരുത്തപ്പെടേണ്ടതുണ്ട്. സ്ത്രീയും പുരുഷനും ജീവശാസ്ത്രപരമായി തികച്ചും വ്യത്യസ്തരാണ് എന്നതില്‍ യാതൊരു സംശയവുമില്ല. ലൈംഗികവിഷയത്തിലും അങ്ങനെതന്നെ.
എന്നാല്‍ ആ വ്യതിരിക്തതയും സ്ത്രീ ലൈംഗികമായി തണുപ്പനാണ് എന്ന വാദവും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണെന്ന് മനസ്സിലാക്കണം. യഥാര്‍ഥത്തില്‍ സ്ത്രീക്കും പുരുഷനും വികാരമുണരുന്നതും ഉത്തേജനമുണ്ടാകുന്നതുമെങ്ങനെയെന്ന് കൃത്യമായി എല്ലാവരും മനസ്സിലാക്കണം. അത്തരം ഉത്തേജനങ്ങളോട് ഇരുവരും പ്രതികരിക്കുന്നതെങ്ങനെയെന്ന് അറിയണം. അവ്വിധം ഉത്തേജനങ്ങളോടുള്ള പ്രതികരണങ്ങളുടെ തോത് എത്രമാത്രമാണ് എന്ന് ബോധ്യമുള്ളവരാകണം.
സ്ത്രീകള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് വൈകാരികബന്ധത്തിന്റെ ഊഷ്മളത നിലനിര്‍ത്താന്‍ മാത്രമാണെന്ന കെട്ടുകഥ ഈ ആധുനികകാലത്തും നിലനില്‍ക്കുന്നു. ശരിയാണ്, ജീവിതപങ്കാളിയോട് ഊഷ്മളമായ വൈകാരികബന്ധം നിലനിര്‍ത്തുന്ന സ്ത്രീകള്‍ സെക്‌സ് ഏറ്റവും നന്നായി ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ശാരീരികബന്ധത്തില്‍ രതിമൂര്‍ഛയിലെത്താന്‍ ആ വൈകാരികബന്ധം അവശ്യഉപാധിയേയല്ല. പുരുഷലിംഗാഗ്രത്തില്‍ സമ്മേളിക്കുന്ന നാഡിഞരമ്പുകളേക്കാള്‍ ആയിരമധികം നാഡികള്‍ സ്ത്രീകളുടെ ക്ലിറ്റോറിസില്‍ സമ്മേളിക്കുന്നുണ്ട്. അതിനാല്‍ രതിമൂര്‍ഛ പുരുഷനേക്കാള്‍ കൂടുതലായിരിക്കും. എന്നുമാത്രമല്ല, പുരുഷനേക്കാള്‍ അത് തീവ്രതരമായിരിക്കും. സ്ത്രീക്ക് ലൈംഗികവികാരമുണ്ടാകുന്നില്ല എന്ന അന്ധവിശ്വാസത്തിന് കടകവിരുദ്ധമാണിത് (സ്ത്രീകള്‍ക്ക് വിവിധവും എണ്ണമറ്റതുമായ രതിമൂര്‍ഛകള്‍ ഉണ്ടെന്ന് ഇതോടൊപ്പം മനസ്സിലാക്കുക).
വികാരതരളിതയാകുന്ന സ്ത്രീ, പുരുഷന്‍ രതിമൂര്‍ഛയിലെത്തുന്നതിന്റെ പതിന്‍മടങ്ങ് നന്നായി രതിമൂര്‍ഛ ആസ്വദിക്കാനിഷ്ടപ്പെടുന്നു. അതിനാല്‍ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെട്ടവളെ രതിമൂര്‍ഛയിലെത്തിക്കാതെ വിടുന്നത് വൈകാരിക അസംതൃപ്തിയിലേക്കും ശാരീരികഅസ്വസ്ഥതയിലേക്കും നയിക്കും. അതിനാല്‍ തന്റെ പങ്കാളിയെ സംതൃപ്തയാക്കാതെ വികാരപൂര്‍ത്തീകരണം നടത്തുന്ന പുരുഷന്‍ അവരെ മുന്നോട്ടുള്ള ജീവിതത്തില്‍ ശാരീരികബന്ധത്തിന് താല്‍പര്യമില്ലാത്തവളാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്.
ദാമ്പത്യത്തിലെ ലൈംഗിക അസംതൃപ്തി വിവാഹേതരബന്ധങ്ങളിലേക്ക് നയിക്കുമെന്ന് മനഃശാസ്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് തീവ്രമായി വികാരങ്ങളില്ലെന്നോ, രതിമൂര്‍ഛയുണ്ടാവാറില്ലെന്നോ ഉള്ള തെറ്റുധാരണ ബന്ധങ്ങളില്‍ ഉലച്ചിലുണ്ടാക്കുമെന്നതില്‍ സംശയംവേണ്ട.
അല്ലെങ്കിലും സ്ത്രീകള്‍ വികാരരഹിതരാണെന്ന് വാദിച്ചതുകൊണ്ട് ആര്‍ക്കും നേട്ടമില്ലല്ലോ. എന്നാല്‍, പുരുഷന്‍മാരോട് ജീവിതപങ്കാളിയുടെ ലൈംഗികാവശ്യങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് ഉപദേശിച്ചുവിടുന്നതില്‍ വലിയ ദോഷമുണ്ടുതാനും. ( ഇസ്‌ലാം സംരക്ഷിച്ച സ്ത്രീകള്‍ക്കുള്ള അവകാശങ്ങളില്‍പെട്ട ലൈംഗികസംതൃപ്തിക്കുള്ള അവകാശം ലംഘിക്കപ്പെടുകയാണിവിടെ.)അതോടൊപ്പം യഥാര്‍ഥത്തില്‍ തന്നെയുള്ള ലൈംഗികസംതൃപ്തി മരീചിക മാത്രമാണെന്നും ജീവശാസ്ത്രപരമായി അത്തരം അനുഭൂതികള്‍ അനാവശ്യമാണെന്നുമുള്ള തോന്നല്‍ സ്ത്രീകളില്‍ രൂഢമൂലമാകും.
ദാമ്പത്യത്തില്‍ സ്ത്രീയും പുരുഷനും ഉള്ളുതുറന്ന് സംസാരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം ആവശ്യമാണ്. ഉള്ളുതുറന്ന സംസാരത്തില്‍ ലൈംഗികഅഭിരുചികളും താല്‍പര്യങ്ങളും കടന്നുവരണം. അങ്ങനെ വരുമ്പോള്‍ ഇരുകൂട്ടരുടെയും ശാരീരികതാല്‍പര്യങ്ങളും പരിഗണിക്കപ്പെടും. നല്ലപാതിയുടെ അഭിരുചികളെ അടുത്തറിയാനാകും. രതിമൂര്‍ഛയെ തടയുന്ന കാര്യങ്ങളേതെന്ന് മനസ്സിലാക്കാനാകും. പുരുഷന്‍മാര്‍ക്ക് അവരവരുടെ സംവേദനമാര്‍ഗങ്ങളുള്ളതുപോലെ സ്ത്രീകള്‍ക്ക് അവരുടെ സംവേദനമാര്‍ഗങ്ങളും രുചിഭേദങ്ങളും ആഗ്രഹങ്ങളുമുണ്ട്.
അതിനാല്‍ മുസ്‌ലിംകുടുംബങ്ങളിലെ ദാമ്പത്യം ഊഷ്മളമാക്കാന്‍ പുരുഷകേന്ദ്രീകൃതമായ സ്ത്രീലൈംഗികവീക്ഷണങ്ങളെ മാറ്റിനിറുത്തേണ്ടതുണ്ട്. അതിന് സ്ത്രീയെയും പുരുഷനെയും കുറിച്ച പുതിയതും പഴയതുമായ ദര്‍ശനങ്ങളുടെ വീക്ഷണം മാറ്റിവെക്കേണ്ടതുണ്ട്. ഖുര്‍ആനും സുന്നത്തും മനസ്സിലാക്കിത്തരുന്ന അവകാശങ്ങളുടെയും ബാധ്യതകളുടെയും പൂര്‍ണചിത്രം അറിഞ്ഞിരിക്കേണ്ടതുണ്ട്.
Add Comment