നവോത്ഥാന നായകര്‍

ശൈഖ് മുഹമ്മദുല്‍ ഗസാലി

ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാന നായകരില്‍ പ്രമുഖനാണ് ശൈഖ് മുഹമ്മദുല്‍ ഗസാലി. മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ ഭൗതികമുന്നേറ്റത്തിന്റെ കുത്തൊഴുക്കില്‍ മുങ്ങിപ്പൊങ്ങിയ ആധുനിക മുസ്‌ലിംസമൂഹത്തിന് കൃത്യമായ ദിശാബോധം നല്‍കി കൈപിടിച്ചുയര്‍ത്തി എന്നതാണ് അദ്ദേഹത്തെ ശ്രേഷ്ഠനാക്കുന്നത്. സേഛാധിപത്യത്തെയും രാഷ്ട്രീയമേല്‍ക്കോയ്മയെയും ചെറുത്തുതോല്‍പിച്ച് സാമൂഹിക നീതി സാധ്യമാക്കുക എന്നതായിരുന്നു അദ്ദേഹം ഉന്നംവെച്ചിരുന്നത്. ഈയൊരു ലക്ഷ്യത്തിനായി തന്റെ പേനകൊണ്ടും നാവുകൊണ്ടും അവസാനശ്വാസം വരെ അദ്ദേഹം പോരാടുകയുണ്ടായി. പ്രലോഭനങ്ങള്‍കൊണ്ടും ഭീഷണികള്‍കൊണ്ടും തടയാന്‍ ശ്രമിച്ചവരോട് അത്തരം വിലകുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ ദൈവികസരണിയില്‍നിന്ന് അകറ്റാന്‍ സാധ്യമല്ലെന്ന് തുറന്നടിച്ചു ‘ഞങ്ങള്‍ ഇസ്‌ലാമിന് വേണ്ടി സേവനമനുഷ്ഠിക്കുന്നവരാണ്. യാതൊരുവിധ ആക്രമണത്തെയും ഞങ്ങള്‍ ഭയപ്പെടുന്നില്ല. മാത്രമല്ല, അവയെല്ലാം തകര്‍ന്നടിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.’

ജനനവും വളര്‍ച്ചയും

ഈജിപ്തിലെ ‘നക്‌ല അല്‍ ഇനബ് ‘ഗ്രാമത്തില്‍ 1917-ലാണ് ശൈഖ് മുഹമ്മദുല്‍ ഗസാലി ജനിച്ചത്. ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂഹാമിദില്‍ ഗസാലിയെ ഏറെയാദരിച്ചിരുന്ന അദ്ദേഹത്തിന്റെ പിതാവ് മകനെ മുഹമ്മദുല്‍ഗസാലി എന്ന് നാമകരണം ചെയ്തു. കുടുംബത്തിലെ പ്രഥമസന്താനമായിരുന്നു അദ്ദേഹം. പിതാവിന്റെ പാത പിന്‍പറ്റി പത്താംവയസ്സില്‍ തന്നെ വിശുദ്ധഖുര്‍ആന്‍ മനഃപാഠമാക്കി.

അലക്‌സാണ്ട്രിയയിലെ ഒരു മതവിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. അവിടെനിന്നാണ് ഇമാം ശഹീദ് ഹസനുല്‍ബന്നായുമായി പരിചയപ്പെടുന്നത്. അദ്ദേഹം തന്നെ തന്റെ സ്വപ്‌നസമാനമായ അനുഭവം വിശദീകരിക്കുന്നു: ‘ഞാന്‍ അലക്‌സാണ്ട്രിയയിലെ സ്ഥാപനത്തില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ഇമാം ശഹീദ് ഹസനുല്‍ ബന്നായെ പരിചയപ്പെടുന്നത്. അദ്ദേഹത്തോടൊപ്പമുള്ള സുന്ദരമായ സായാഹ്നം എന്റെ ഓര്‍മയില്‍ കൊത്തിവെച്ചിരിക്കുകയാണ്. ആത്മാക്കളെ രൂപപ്പെടുത്തിവെക്കുന്നതിലും അവയെ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നും തിരുസുന്നത്തില്‍നിന്നുമുള്ള ജീവഗ്രന്ഥിയായ ഉറവിടത്തോട് ചേര്‍ക്കുന്നതിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം എനിക്ക് മറക്കാന്‍ കഴിയുകയില്ല.’
ആത്മീയസംസ്‌കരണം സൂക്ഷ്മ കലയാണ്. എപ്രകാരമെന്നാല്‍ തീ ഒരു നിശ്ചിത ദൂരത്ത് നിന്നും ചൂട് നല്‍കുന്നു. അടുത്താണെങ്കിലും അത് കത്തിക്കുന്നു. ഇപ്രകാരമാണ് ജനങ്ങളോട് ഇഹ- പരലോകങ്ങളെ സംബന്ധിച്ച് സംസാരിക്കുന്നത്. ഈ സംസാരം ഒരേ സമയം തന്നെ ചാവേര്‍ പടയാളികളെയും അന്തര്‍മുഖരെയും സൃഷ്ടിക്കും.

ബോധമുള്ള ഹൃദയങ്ങളിലേക്ക് ഇസ്‌ലാമിനെ എത്തിക്കുന്നതില്‍ നിപുണനായിരുന്നു ശഹീദ് ഹസനുല്‍ബന്നാ എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. പടക്കളത്തില്‍ മരണത്തെ വെല്ലുവിളിച്ച് മുന്നേറാന്‍ തയ്യാറായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യര്‍.

ഇക്കാലത്ത് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന മഹാത്മാക്കള്‍ അദ്ദേഹത്തിന്റെ ആത്മീയസംസ്‌കരണത്തിന്റെ ഫലങ്ങളാണ്. പകലിലെ അവരുടെ സാഹസികത രാത്രിയിലെ ആരാധനയുടെ സന്തതിയാണ്. അല്ലാഹുവുമായുള്ള ദൃഢബന്ധത്താലാണ് അവരുടെ ജീവിതത്തിലെ ആസൂത്രണങ്ങള്‍ വിജയിക്കുന്നത്.

ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചിരുന്നതായ അനുഗൃഹീത രാവുകള്‍ ഇനി മടങ്ങിവരുമോ! അവ മടങ്ങിവന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! ഇമാം മുഹമ്മദുല്‍ ഗസാലിയുടെ ബൗദ്ധിക-ധൈഷണിക വാസനകള്‍ പൂര്‍ണമായും വളര്‍ന്നുവികസിച്ചത് ശഹീദ് ഹസനുല്‍ ബന്നായുടെ ശിക്ഷണത്തിന് കീഴിലായിരുന്നു. 1937-ല്‍ അസ്ഹര്‍ സെക്കന്റി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. ഇതേവര്‍ഷം തന്നെയാണ് ഇഖ്‌വാന്റെ അംഗത്വം സ്വീകരിച്ചത്. ഉന്നത പഠനത്തിന് കെയ്‌റോയിലെ ഉസ്വൂലുദ്ദീന്‍ കോളേജില്‍ ചേര്‍ന്ന അദ്ദേഹം 1941-ല്‍ ‘ആലിം ‘ പട്ടം നേടിയെടുത്തു. ഇവിടെ വിദ്യാര്‍ഥിയായിരിക്കെ വിവാഹം കഴിച്ച അദ്ദേഹത്തിന് അല്ലാഹു ഏഴ് സന്താനങ്ങളെ നല്‍കി അനുഗ്രഹിച്ചു.

ഡോ.അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Topics