നവോത്ഥാന നായകര്‍

സയ്യിദ് അഹ്മദ് സര്‍ഹിന്ദി: ചിന്തകനും യുഗപുരുഷനും

ഹസ്രത്ത് ഉമറുല്‍ ഫാറൂഖിന്റെ തലമുറയിലെ മദീനാവാസിയായ ആള്‍ ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്ത് പട്യാലയിലെ സര്‍ഹിന്ദ് ഗ്രാമത്തില്‍ താമസമുറപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വംശപരമ്പരയില്‍ അബ്ദുല്‍ അഹദ് എന്നയാളുടെ പുത്രനായി ഹി. 971 ശവ്വാല് 14 ന് അഹ്മദ് സര്‍ഹിന്ദി ജനിച്ചു. ബാല്യത്തില്‍തന്നെ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കുകയും സ്വന്തംപിതാവില്‍നിന്ന് പ്രാരംഭവിദ്യാഭ്യാസം നേടുകയും ചിശ്ത്തിയ സ്വൂഫീധാരയില്‍ ചേരുകയുംചെയ്തു. പിതാവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് ഹജ്ജിനായി ദല്‍ഹിവഴി പുറപ്പെട്ട അദ്ദേഹം മുല്ലാ ഹസന്‍ കാശ്മീരിയെന്ന സിദ്ധനുമായി കണ്ടുമുട്ടുകയും ഖ്വാജാ ബാഖി ബില്ലാഹ് നഖ്ശബന്ദിയെന്ന സ്വൂഫീവര്യനെക്കുറിച്ച് അറിയുകയുംചെയ്തു. അത് സര്‍ഹിന്ദിയെ ആ സ്വൂഫീവര്യനുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കി. അദ്ദേഹവുമായുള്ള സര്‍ഹിന്ദിയുടെ സഹവാസം നഖ്ശബന്ദിയ്യ ത്വരീഖത്തിലേക്ക് അടുപ്പിച്ചു.

ഇമാം റബ്ബാനിയെന്നും അപരനാമമുള്ള സര്‍ഹിന്ദിയുടെ ബുദ്ധിശക്തിയെയും പാണ്ഡിത്യത്തെയും ഗുരുവായ ഹസ്രത്ത് ഖ്വാജാ സദാ പ്രകീര്‍ത്തിക്കുമായിരുന്നു. പ്രത്യക്ഷവും പരോക്ഷവുമായ സംഗതികളില്‍ ഏറെ അറിവുണ്ടായിരുന്ന അനുഗൃഹീതനായിരുന്നു അദ്ദേഹം. ഹനഫീ മദ്ഹബുകാരനായിരുന്ന അദ്ദേഹം, വിശ്വാസികള്‍ ഏതെങ്കിലും ഇമാമിനെ പിന്തുടരണമെന്ന അഭിപ്രായക്കാരനായിരുന്നു. ഖുര്‍ആനികനിയമങ്ങളും ഹദീസുകളും കണിശമായി പാലിക്കുന്നതില്‍ തരിമ്പുംവിട്ടുവീഴ്ചയ്ക്ക് തയ്യാറില്ലാതിരുന്ന അദ്ദേഹം അതിന്റെ പേരില്‍ നേരിട്ടേക്കാവുന്ന ഭവിഷ്യത്തുകളും പ്രയാസങ്ങളും കണക്കിലെടുത്തിരുന്നില്ല.
മുഗള്‍ ഭരണത്തിന്റെ പ്രതാപം അതിന്റെ ഉച്ചകോടിയിലെത്തിയിരുന്ന കാലഘട്ടമായിരുന്നു അത്. സര്‍ഹിന്ദിയുടെ ബാല്യത്തില്‍ അക്ബര്‍ രാജാവായിരുന്നു അധികാരത്തില്‍ പിന്നീട് നൂറുദ്ദീന്‍ ജഹാംഗീര്‍ ഇന്ത്യഭരിച്ചു. ചക്രവര്‍ത്തി തന്റെ ആഡംബരജീവിതത്തെയും പ്രതാപത്തെയും ന്യായീകരിക്കാന്‍ ആദര്‍ശസ്ഥിരതയില്ലാത്ത പുരോഹിതന്‍മാരില്‍നിന്ന് ഫത്‌വകള്‍ കരസ്ഥമാക്കി. അദ്ദേഹത്തിന്റെ ഭാര്യ നൂര്‍ജഹാന്‍ ശീഈവിഭാഗത്തില്‍പെട്ടവരായിരുന്നു. ചക്രവര്‍ത്തി ഭരണഭാരം ഏല്‍പിച്ചതിനെത്തുടര്‍ന്ന് നൂര്‍ജഹാന്‍ മതവിഷയങ്ങളില്‍ കാര്യമായ അറിവൊന്നുമില്ലാതിരുന്ന നൂറുല്ലാ ശീരിസ്തിരി എന്നയാളെ ചീഫ് ജസ്റ്റീസ് ആയി നിയമിച്ചു. നാട്ടിലെങ്ങും വ്യാജസ്വൂഫികളുടെയും പാതിമുല്ലമാരുടെയും തരംഗമുണര്‍ന്നു. വീരാരാധനയും ബിംബാരാധനയും തലപൊക്കി. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൂലംകുത്തിയൊഴുകി. സ്വഹാബികളെ -വിശിഷ്യാ ഹസ്രത്ത് അലി(റ)വുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്ന പ്രവാചകാനുയായികള്‍ക്കെതിരെ കുറ്റാരോപണങ്ങള്‍ ഉന്നയിച്ചു. മുസ്‌ലിംസമൂഹം അത്യന്തം അന്തഃസംഘര്‍ഷങ്ങളിലുഴലുന്ന ഘട്ടത്തില്‍ മതപണ്ഡിതന്‍മാരാകട്ടെ പ്രതിഷേധത്തിലൂടെ ആപത്തുകള്‍ ക്ഷണിച്ചുവരുത്തേണ്ടെന്ന് നിനച്ച് തങ്ങളുടെ നാവുകളും തൂലികകളും അടച്ചുവെച്ചു.
ഇത്തരം പ്രതിസന്ധി ഘട്ടത്തിലാണ് ഇമാം സര്‍ഹിന്ദി രംഗത്തുവരുന്നത്. പ്രഥമഘട്ടത്തില്‍ സ്വാര്‍ഥംഭരികളും അധികാരത്തിന്റെ അടിത്തൂണ്‍പറ്റുകാരുമായിരുന്ന പണ്ഡിതന്‍മാരും വിവരംകെട്ട മുല്ലമാരും റബ്ബാനിക്കെതിരെ രംഗത്തുവന്നു. ശീഈകള്‍ക്ക് ചക്രവര്‍ത്തിനിയുടെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് അവരുടെ എതിര്‍പ്പ് രൂക്ഷമായിരുന്നു. ശൈഖ് അബ്ദുല്‍ഹഖ് മുഹദ്ദിസ് മൗലവിയെപ്പോലുള്ള പണ്ഡിതശീര്‍ഷര്‍ പോലും ഇമാം സര്‍ഹിന്ദിനെതിരെ കുറ്റാരോപണമുന്നയിക്കാന്‍ തുനിഞ്ഞുവെന്ന് പറയുമ്പോള്‍ നിക്ഷിപ്തതാല്‍പര്യക്കാരുടെ പ്രചാരണം എത്രമാത്രം ശക്തമായിരുന്നുവെന്ന് ഊഹിക്കാനാകും.
ഇമാം സര്‍ഹിന്ദി അധികാരജീര്‍ണതകള്‍ക്കും സമുദായത്തിലെ എല്ലാ വ്യതിചലനങ്ങള്‍ക്കും എതിരില്‍ തൂലിക ചലിപ്പിച്ചു. മുഗള്‍ രാജാക്കന്‍മാരുടെ ജനദ്രോഹനടപടികളെ രൂക്ഷമായി വിമര്‍ശിച്ചു. അക്ബറിന്റെ ദീനെ ഇലാഹി എന്ന കൊട്ടാര മതത്തോടും രാജാധികാരത്തോട് ബന്ധപ്പെട്ടു നിന്ന അധാര്‍മികതകളോടും അനീതികളോടും അദ്ദേഹം പോരാടുകയും അക്കാലത്തു നിലനിന്നിരുന്ന സൂഫിസത്തിലെ പലതരം വ്യതിയാനങ്ങളെയും ഇസ്ലാമേതര അംശങ്ങളെയും തുറന്നു കാണിക്കുകയും ചെയ്തു.

ഭരണാധികാരികളെ പരിഷ്‌കരിക്കാന്‍ അദ്ദേഹം നടത്തിയ യത്‌നങ്ങള്‍ അങ്ങേയറ്റം ശ്ലാഘനീയമാണ്. ഭരണാധികാരികള്‍ക്കനുസരിച്ചാണ് ജനങ്ങള്‍ നീങ്ങുകയെന്നും അതിനാല്‍ ഭരണാധികാരി നന്നാവണമെന്നും അദ്ദേഹം നിരന്തരം ഉദ്‌ബോധിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് ചില പണ്ഡിതന്‍മാര്‍ ചക്രവര്‍ത്തിയെ ഇളക്കിവിട്ടു. അതെത്തുടര്‍ന്ന് ഇമാമിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച ചക്രവര്‍ത്തി പക്ഷേ, കൂടിക്കാഴ്ചക്കൊടുവില്‍ ഇമാമിനെ വെറുതെവിടുകയുണ്ടായി. എന്നിട്ടും എതിരാളികള്‍ അടങ്ങിയിരുന്നില്ല. ചക്രവര്‍ത്തിയുടെ മുന്നില്‍ സാഷ്ടാംഗം നമിക്കുന്നില്ലെന്ന മറ്റൊരു ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നു. അതെത്തുടര്‍ന്ന് ജഹാംഗീര്‍ ചക്രവര്‍ത്തി അദ്ദേഹത്തെ ഒരു വര്‍ഷം ജയിലിലടച്ചു. അതേസമയം ജയിലിലടക്കപ്പെട്ട നാളുകളില്‍ ചക്രവര്‍ത്തി അദ്ദേഹവുമായി നിരന്തരബന്ധം പുലര്‍ത്തുകയും അങ്ങനെ ചക്രവര്‍ത്തി സുരപാനത്തില്‍നിന്നും മതവിരുദ്ധപ്രവൃത്തികളില്‍നിന്നും പശ്ചാത്തപിച്ചുമടങ്ങിയെന്നും ചില റിപോര്‍ട്ടുകളില്‍ കാണുന്നുണ്ട്.

ഇഥ്ബാതുന്നുബുവ്വ, റദ്ദെ റവാഫിദ്, മക്ത്തൂബാത് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ധൈഷണിക സംഭാവന സൂഫിസവും ശരീഅത്തുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങളാണ്. സൂഫി ചരിത്രം മുഴുവന്‍ പരിശോധിച്ച് ശരീഅത്തുമായി പൊരുത്തപ്പെടുന്ന സൂഫി ആശയങ്ങളും ആചാരങ്ങളും ഏതൊക്കെയാണെന്ന് അദ്ദേഹം വേര്‍തിരിച്ചു.

ഇബ്‌നുഅറബിയുടെ വിഖ്യാതമായ വഹ്ദത്തുല്‍ വുജൂദ് (ഏകസത്താവാദം) ഇസ്‌ലാമിന്റെ മൗലികതക്ക് വിരുദ്ധമാണെന്ന് വാദിച്ചുകൊണ്ട് അദ്ദേഹം വഹ്ദത്തു ശുഹൂദ് എന്നൊരു പുതിയ സിദ്ധാന്തം അവതരിപ്പിച്ചു. സൂഫിസത്തിന്റെ കാതലായ വശങ്ങളെ അംഗീകരിക്കുമ്പോള്‍ തന്നെ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കകത്ത് അവയെ ബന്ധിച്ചുനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു. ഇമാം ഗസ്സാലി സൂഫി മാര്‍ഗത്തിലൂടെ ഇസ്‌ലാമിക ശരീഅത്തിനെ വ്യാഖ്യാനിച്ചപ്പോള്‍ സര്‍ഹിന്ദി ശരീഅത്തിന്റെ മാര്‍ഗത്തിലൂടെ സൂഫിസത്തെ വ്യാഖ്യാനിക്കുകയായിരുന്നു എന്ന് പറയാം.

ഇസ്‌ലാമിന്റെ രാഷ്ട്രീയ ശക്തി ശിഥിലമാവുകയും ധാര്‍മികച്യുതിയും ഭൗതികാസക്തിയും മുസ്‌ലിംകളുടെ ഹൃത്തടത്തില്‍ അര്‍ബുദമായി പടര്‍ന്നുതുടങ്ങിയ ചരിത്രസന്ദര്‍ഭത്തിലാണ് സൂഫിസം സമുദായത്തിന്റെ നാഡിഞെരമ്പുകളില്‍ ലഹരിയായി ആവേശിച്ചത്. ഇസ്‌ലാമിക നാഗരികതയെ സമ്പന്നവും സജീവവുമാക്കിയ ധൈഷണികനീക്കങ്ങള്‍ക്ക് അത് തടയിട്ടു. ഇസ്‌ലാമിക സമൂഹത്തില്‍ മാത്രമല്ല, പാശ്ചാത്യവും പൗരസ്ത്യവുമായ എല്ലാ നാഗരികതകളിലും ഇതാണ് സംഭവിച്ചതെന്ന് ഇഖ്ബാല്‍ കുറിക്കുന്നുണ്ട്. ശൈഖ് അഹ്മദ് സര്‍ഹിന്ദി ജീവിച്ചിരുന്നതും അത്തരമൊരു സവിശേഷ ചരിത്രസന്ദര്‍ഭത്തിലായിരുന്നു. സൂഫീ ത്വരീഖത്തുകളുടെ അമിതവാഴ്ചയില്‍ ശക്തിക്ഷയം സംഭവിച്ച മുസ്‌ലിം സമുദായത്തിന്റെ ആത്മവീര്യം വീണ്ടെടുക്കാനുള്ള പോരാട്ടമാണ് തന്റെ സൂഫിസ നവീകരണ സംരംഭത്തിലൂടെ അദ്ദേഹം നിര്‍വഹിച്ചത്. സൂഫിസത്തിന്റെ ലക്ഷ്യം ആത്മസംസ്‌കരണം മാത്രമാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. ദൈവത്തില്‍ വിലയം (നിര്‍വാണം-ഫനാഅ്) പ്രാപിക്കലല്ല ആത്മീയ സാധനയുടെ പരമോന്നതാവസ്ഥ. മറിച്ച്, ദൈവത്തില്‍ വിലയം പ്രാപിച്ച സൂഫി അവിടെനിന്നും മനുഷ്യര്‍ക്കിടയിലേക്ക് തിരിച്ചുവന്ന് തന്റെ സാമൂഹിക ബാധ്യതകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ഇസ്‌ലാമികലോകത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന സാമൂഹികമുഖത്തിന്റെ വീണ്ടെടുപ്പാണ് സര്‍ഹിന്ദി ഇതിലൂടെ സാധിച്ചത്.

Topics