നോമ്പ്-ലേഖനങ്ങള്‍

വ്രതം വെറുതെയല്ല

അനാഥയെ പടിക്കുപുറത്തേക്ക് ആട്ടിപ്പായിച്ചും അഗതികള്‍ക്ക് അന്നമുറപ്പുവരുത്താന്‍ ശ്രമിക്കാതെയും മതനിഷേധംകാട്ടുന്ന നമസ്‌കാരക്കാരന് കൊടിയ ശിക്ഷയെ കുറിച്ച് മുന്നറിയിപ്പുനല്‍കിയ മതമാണ് ഇസ്‌ലാം. വിശ്വാസിയെന്ന നിലക്ക് അനുവര്‍ത്തിക്കേണ്ട അടിസ്ഥാനകര്‍മങ്ങളുടെ ഉദ്ദേശ്യമാണ് ഈയൊരു മുന്നറിയിപ്പിലൂടെ മുസ്‌ലിംകള്‍ക്ക് അത് പകര്‍ന്നുകൊടുത്തത്. അതുപോലെ മറ്റ് അടിസ്ഥാനകര്‍മങ്ങളായ സകാത്തിന്റെയും ഹജ്ജിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മുത്തഖിയാക്കിത്തീര്‍ക്കുന്ന റമദാന്‍ നോമ്പിന്റെ സാരവും അവന് ബോധ്യമാവുകതന്നെ ചെയ്യും.

നാം വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കാറുണ്ട്. ഇന്ധനം കത്തിച്ചുതീര്‍ക്കാനല്ല നാം വാഹനമുപയോഗിക്കുന്നത്. നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് വാഹനം ചെയ്യുന്നത്. ലക്ഷ്യസ്ഥാനത്തെത്താന്‍ സഹായിക്കുന്ന ഇന്ധനം ആവശ്യമായ അളവില്‍ നല്‍കിക്കൊണ്ടിരിക്കുന്നു എന്ന് കരുതി അതിനുവേണ്ടിയാണ് വാഹനം എന്ന ് നാം ധരിക്കാറില്ല. അതുപോലെയാണ് നമ്മുടെ നോമ്പും . പകല്‍വേളയില്‍ പട്ടിണി കിടക്കുകയാണ് വിശ്വാസി. എന്നാലോ പട്ടിണി പരിശീലിപ്പിക്കുക എന്ന ഉദ്ദേശ്യമതിനൊട്ടില്ലതാനും. അന്ന-പാനീയ-കാമനകള്‍ ഉപേക്ഷിക്കുന്നത് തഖ്‌വയെന്ന ലക്ഷ്യം കൈവരിക്കാനാണ്. ആ ലക്ഷ്യത്തിലെത്തിയാലേ നോമ്പ് സാര്‍ഥകമാകൂ. അല്ലാതെ പട്ടിണികിടന്നതുകൊണ്ടുമാത്രം കാര്യമില്ല, അതിനു പ്രതിഫലവുമില്ല. പട്ടിണി കിടക്കുകയെന്ന ആത്മീയ പീഢയായിരുന്നു ലക്ഷ്യമെങ്കില്‍ ഇരുപതും ഇരുപത്തിനാലും മണിക്കൂര്‍ തുടര്‍ച്ചയായി വ്രതത്തില്‍ തുടരാന്‍ അല്ലാഹു കല്‍പിച്ചേനെ.

പറഞ്ഞുവന്നത്, തഖ്‌വ കൈവരിച്ചെങ്കിലേ റമദാന്റെ ഉദ്ദേശ്യലക്ഷ്യം പൂര്‍ത്തിയാകുന്നുള്ളൂ എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ റമദാനില്‍ വ്രതമനുഷ്ഠിക്കുന്നവനുള്ള പ്രതിഫലം അവന് പൂര്‍ണമായും ലഭിക്കുക അവന്റെ ശിഷ്ടകാലപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും. കാരണം, വിശ്വാസിയെന്ന നിലയില്‍ കച്ചവടക്കാരന്‍ തന്റെ കൊള്ളക്കൊടുക്കകളിലും , തൊഴിലാളി തന്റെ അധ്വാനത്തിലും, അധ്യാപകന്‍ തന്റെ ശിക്ഷണപ്രക്രിയയിലും, ഡ്രൈവര്‍ തന്റെ വാഹനയോട്ടത്തിലും, കര്‍ഷകന്‍ തന്റെ ഉല്‍പാദനപ്രക്രിയയിലും എത്രമാത്രം സൂക്ഷ്മതയും ദൈവികനിര്‍ദേശവും പിന്‍പറ്റി എന്നതായിരിക്കും അല്ലാഹു പരിശോധിക്കുക. ഇതാകട്ടെ കേവലം റമദാന്‍ മാസത്തില്‍ മാത്രം പരിമിതവുമല്ല.

എന്നാല്‍ തഖ്‌വ മുറുകെപ്പിടിക്കാന്‍ കഴിയുന്നതെങ്ങനെ? അതിനുള്ള വഴി അല്ലാഹു തന്നെ അറിയിച്ചുതന്നിട്ടുണ്ട്. ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട നിര്‍ദേശങ്ങളെ അറിയുകയും അതിനെ പിന്‍പറ്റുകയും ചെയ്യുമ്പോഴേ അത് സാധിക്കുകയുള്ളൂ. അല്ലാഹു നമുക്ക് മുഹമ്മദ് നബി(സ)യിലൂടെ അറിയിച്ചുതന്ന ആ നിര്‍ദേശങ്ങളാണ് ഖുര്‍ആന്‍. ഖുര്‍ആനെപ്പറ്റി അത് സ്വയംവിശേഷിപ്പിച്ചത് തഖ്‌വ കൈക്കൊള്ളുന്നവര്‍ക്ക് വഴികാട്ടിയാണെന്നാണ് (അല്‍ബഖറ 2).ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്‍ എന്നതാണ് അതിനെ പുണ്യകരമാക്കുന്നത്. അതായത്, പട്ടിണി കിടക്കുന്ന നോമ്പല്ല , മറിച്ച് മുത്തഖിയാകാന്‍ സഹായിക്കുന്ന ഖുര്‍ആനാണ് റമദാനെ സവിശേഷമാക്കിയതെന്നര്‍ഥം. ആ വിശുദ്ധഖുര്‍ആന്‍ അറബിയിലായതുകൊണ്ട് അതിലെ നിര്‍ദേശങ്ങള്‍ നാം ഏതുവിധേനയും മനസ്സിലാക്കിയെടുത്തേ തീരൂ. രോഗിക്ക് മരുന്ന് കുറിപ്പടി വായിച്ചാലല്ല മരുന്ന് തന്നെ അകത്താക്കിയാലേ രോഗം മാറൂ എന്നതുപോലെ അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അന്ധമായി പാരായണംചെയ്താലല്ല അതിനെ ഹൃദയത്തിനകത്താക്കിയാലേ(ഹൃദ്യമാക്കിയാലേ) മുത്തഖിയാവുകയുള്ളൂ. ആ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ തയ്യാറാകുന്നവന് ആയിരംമാസങ്ങളെക്കാള്‍ ശ്രേഷ്ഠമായ രാവ്(ലൈലത്തുല്‍ ഖദ്ര്‍) ഒരുക്കിവെച്ചത് അതുകൊണ്ടാണ്.

അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാനുള്ള വിശാലഹൃദയവും മനസ്സും അവന്റെ കാരുണ്യമുണ്ടെങ്കിലാണ് നമുക്ക് ലഭിക്കുക. ആ കാരുണ്യമാണ് നമുക്ക് പാപമോചനവും നരകവിമുക്തിയും സ്വര്‍ഗപ്രവേശനവും നല്‍കുന്നത്.അതിനാല്‍ റമദാനിലുടനീളം നാം കരുണാമയനായ അല്ലാഹുവിനോട് മേല്‍പറഞ്ഞതെല്ലാം മനമുരുകി കരളുരുകി ചോദിച്ചുകൊണ്ടേയിരിക്കണം. അങ്ങനെ ചോദിക്കുമ്പോള്‍ പാലിക്കേണ്ട ഒരു നിബന്ധനയുണ്ട്: ഭക്ഷണവും പാനീയവും വസ്ത്രവും ഉപജീവനമാര്‍ഗവും ഹറാമുകളില്‍നിന്ന് മുക്തമായിരിക്കണം എന്നതാണത്.
സുഹൃത്തേ, വിശുദ്ധറമദാന്‍ ഒരുക്കുന്ന അസുലഭാവസരമാണ് നമ്മുടെ മുന്നിലുള്ളത്. അത് നഷ്ടപ്പെടുത്തിയവന് ഇഹ-പര ലോകങ്ങള്‍ നഷ്ടമായിരിക്കുന്നു. പ്രിയപ്പെട്ടവരുടെ വേര്‍പാടും, ബിസിനസിലെ തകര്‍ച്ചയും, ജനിച്ചനാള്‍മുതല്‍ പിന്തുടരുന്ന ദാരിദ്ര്യവും അങ്ങനെ എണ്ണിയാല്‍ തീരാത്ത ഭൗതികജീവിതത്തിലെ ഏത് നഷ്ടവും നിസ്സാരമാണെന്ന് തിരിച്ചറിയുക. എന്നാല്‍ അന്തിമവിജയമായി നാം മനസ്സിലാക്കിയ സ്വര്‍ഗം കൈവരിക്കാന്‍കഴിഞ്ഞില്ലെങ്കില്‍ ജീവിതം മഹാനഷ്ടത്തിലാണ്. കാര്യങ്ങളെ ഇനിയും തിരിച്ചറിഞ്ഞ് തിരുത്താനുള്ള ഈ അവസരം നാം വിവേകപൂര്‍വം പ്രയോജനപ്പെടുത്താന്‍ അല്ലാഹു തൗഫീഖ് ചെയ്യട്ടെ! ആമീന്‍.

Topics