കുടുംബം-ലേഖനങ്ങള്‍

വിവാഹ മോചനം: ഇസ്‌ലാമിന്റേത് യുക്തിഭദ്ര നിലപാട്

വിവാഹമോചനത്തിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ഓരോ വിവാഹമോചനം നടക്കുമ്പോഴും അല്ലാഹുവിന്റെ സിംഹാസനം വിറകൊള്ളുമെന്നാണ് പ്രവാചകാധ്യാപനം വിവാഹം കുടുംബ ജീവിതത്തിന്റെ അടിത്തറയാണ്. അന്യരായിരുന്ന സ്ത്രീയും പുരുഷനും വിവാഹത്തോടു കൂടെ ജീവിത പങ്കാളിയും അങ്ങേയറ്റത്തെ സ്‌നേഹബന്ധത്താല്‍ ഒരു ആത്മാവെന്നവണ്ണം ശക്തമായ ബന്ധത്തിന്റെ ഉടമകളായി മാറുന്നു. എന്നാല്‍ ഈ ബന്ധത്തിന് മാനസികമായ തകരാറുകളാലും മറ്റും തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.ഇത്തരം അവസരങ്ങളില്‍ പെട്ടെന്ന് പൊട്ടിച്ചു കളയാവുന്നതല്ല പവിത്രമായ ബന്ധങ്ങള്‍.

സ്വാഭാവികമായി കുടുംബ ബന്ധത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ രമ്യമായി പരിഹരിക്കാനും ആ പരിഹാര സംരംഭം വിജയിക്കാതെ വരുമ്പോള്‍ മാത്രം വിവാഹ ബന്ധം വേര്‍പെടുത്തി പരസ്പരം സ്വതന്ത്രരാകാനും ഇസ്‌ലാം അനുവദിക്കുന്നുണ്ട്. ഇന്നു ലോകത്ത് നിലവിലുള്ള ഏറ്റവും ശാസ്ത്രീയവും മനഃശാസ്ത്ര പരവുമായ സംവിധാനമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. പക്ഷെ ഇസ്‌ലാമിനെ വിമര്‍ശിക്കല്‍ കുലത്തൊഴിലായി സ്വീകരിച്ചവര്‍ ഇസ്‌ലാമിന്റെ വീക്ഷണങ്ങളെ തെറ്റായി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാം സ്ത്രീയെ അനാവശ്യമായി മൊഴിചൊല്ലി വിടുകയാണെന്ന് പ്രചരിപ്പിച്ച് താറടിക്കുകയാണവര്‍.

വിവാഹമോചന പ്രഖ്യാപനത്തിലേക്കു ഒരുവ്യക്തി കടന്നുവരുന്നതിനു മുമ്പ് അവന്‍ സ്വീകരിക്കേണ്ട ചില അച്ചടക്കങ്ങളും മര്യാദകളും ഉണ്ട്. ഇസ്‌ലാമിക വീക്ഷണത്തില്‍ കുടുംബത്തിന്റെ സംരക്ഷണ ചുമതല പുരുഷനാണ്.അപ്പോള്‍ കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അതു പരിഹരിക്കാന്‍ മുന്‍കൈയെടുക്കേണ്ടതിന്റെ ഉത്തരവാദിത്വമാണ്.

ഇത്തരം ഘട്ടത്തില്‍ ചില പ്രാഥമിക അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക; (അത് ഫലിക്കാതെ വന്നാല്‍) ശയനസ്ഥാനങ്ങളില്‍ അവരെ വെടിയുക; (അതും ഫലപ്രദമായില്ലെങ്കില്‍) അവരെ ചെറിയ തോതില്‍ അടിക്കുക. അങ്ങനെ നിങ്ങള്‍ക്ക് കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ച് മറ്റൊരു മാര്‍ഗവും അന്വേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും വലിയവനുമാകുന്നു. (4 :34).

ഇവിടെ പരാമര്‍ശിച്ച ഭാഗങ്ങള്‍ ശ്രദ്ധിക്കുക. ഒന്നാമതായി ഖുര്‍ആന്‍ പറയുന്നത് ഉപദേശിക്കലാണ്. സ്ത്രീസഹജമായി വന്നുചേരാന്‍ ഇടയുള്ള അവിവേകങ്ങളെ ഉപദേശിച്ചു നേരെയാക്കാന്‍ ശ്രമിക്കണം. എന്നിട്ടും ശരിപ്പെടുന്നില്ലെങ്കില്‍ കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക.തികച്ചും മനഃശാസ്ത്ര പരമായ ഒരുസമീപനമാണിതെന്നു ആധുനിക സൈക്കോളജിസ്റ്റുകള്‍ പോലും സമ്മതിക്കുന്ന വസ്തുതയാണ്. ഇങ്ങനെ അകന്നു കഴിയേണ്ടി വന്നത് തന്റെ തെറ്റായ നിലപാട് കൊണ്ടാണല്ലോ എന്ന് ചിന്തിക്കാന്‍ ഈ ബഹിഷ്‌കരണം സ്ത്രീകള്‍ക്ക് പ്രചോദനമാകും.തന്റെ ശരീരത്തെ തന്റെ ഭര്‍ത്താവിനു വേണ്ടാതായി എന്നത് അവള്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. ഇതവളെ ചിന്തിപ്പിച്ചു സൗഹൃദത്തില്‍ കഴിയാന്‍ പ്രേരിപ്പിച്ചേക്കും. ഒരു പരിധിവരെ വിട്ടുവീഴ്ചയിലേക്കു നയിക്കാന്‍ കിടപ്പറ ബഹിഷ്‌കരണം കാരണമാകും.

ഇനിയും ചിലര്‍ ഇത്തരം ചികിത്സ കൊണ്ടൊന്നും ഫലം കാണാത്തവരെ ചെറിയതോതിലുള്ള പ്രഹരം നല്‍കി ഭയപ്പെടുത്തിയാലെ അനുസരിക്കുകയുള്ളൂ. എന്നാല്‍ അത് വാശിയും വൈരാഗ്യവും തീര്‍ക്കുന്ന തരത്തിലാകരുത്. ഈ അനുവാദത്തിന്റെ മറവില്‍ തൊട്ടതിനെല്ലാം ഭാര്യമാരെ തല്ലുന്നത് അനീതിയാണ്, ശിക്ഷാര്‍ഹവുമാണ്. ഇത്തരക്കാരായ പുരുഷന്മാര്‍ക്ക് പ്രവാചകന്‍ താക്കീത് നല്‍കിയിട്ടുണ്ട്. അത്തരം രംഗങ്ങള്‍ സൃഷ്ടിക്കരുതെന്നു സ്ത്രീകളെയും പ്രവാചകന്‍ ഉപദേശിച്ചിട്ടുണ്ട്. ഇത്തരം പ്രാഥമിക നടപടികള്‍ കൊണ്ടൊന്നും പിണക്കം മാറിയില്ലെങ്കില്‍ വിഷയം ഇരു കൂട്ടരുടെയും കുടുംബ കാരണവന്മാരുടെ ‘കോടതി’ ക്ക് വിടണം:

‘അവരിരുവര്‍ക്കുമിടയില്‍ പിളര്‍പ്പുണ്ടാകുമെന്ന് ഭയപ്പെട്ടാല്‍ അവന്റെയും അവളുടെയും ബന്ധുക്കളില്‍ നിന്ന് ഓരോ പ്രതിനിധിയെ നിങ്ങള്‍ അയക്കുക. അവര്‍ രണ്ടുപേരും സന്ധിയുണ്ടാക്കണമെന്നുദ്ദേശിക്കുന്നപക്ഷം അല്ലാഹു അവരെ തമ്മില്‍ യോജിപ്പിക്കുന്നതാണ്. നിശ്ചയമായും അല്ലാഹു സര്‍വജ്ഞനും മഹാസൂക്ഷ്മജ്ഞാനിയുമാകുന്നു'(4:35).

ഇങ്ങനെ കുടുംബകാരണവന്മാര്‍ ശ്രമിച്ചിട്ടും ഫലിക്കാതെ വന്നാല്‍ ബന്ധം ഒഴിവാക്കാവുന്നതാണ്. വിവാഹബന്ധം വേര്‍പ്പെടുത്തിയാലും ദീക്ഷകാലം തീരുന്നത് വരെ പുരുഷന്റെ ചെലവില്‍ സ്ത്രീ കഴിയണം. അവര്‍ക്ക് തെറ്റുകള്‍ മനസ്സിലാക്കി വീണ്ടും ഒന്നിക്കുവാന്‍ പ്രേരണ നല്‍കുന്ന അവസരമാണിത്. ത്വലാഖിന്റെ രീതി ഖുര്‍ആന്‍ ഇങ്ങനെയാണ് വ്യക്തമാക്കുന്നത്:

‘(മടക്കിയെടുക്കുവാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടുപ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചു വിടുകയോ ആണ് വേണ്ടത്. നിങ്ങള്‍ അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നല്‍കിയിട്ടുള്ളതില്‍ നിന്ന് യാതൊന്നും തിരിച്ചു വാങ്ങുവാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല’ (2:229).

അഥവാ ഏതെങ്കിലും അവസ്ഥയില്‍ വിവാഹമോചനം നടത്തിയാല്‍ അവളുടെ ഈ (3 ശുദ്ധികാലം ) കഴിയുന്നതിനു മുന്‍പ് തിരിച്ചെടുക്കാവുന്നതാണ്. ഈ സമയം കഴിഞ്ഞാല്‍ ഒരു നിക്കാഹിലൂടെയും തിരിച്ചെടുക്കാം. ഇതേ പ്രകാരം ഏതെങ്കിലും അവസരത്തില്‍ വിവാഹമോചനം നടന്നാലും ഇതേ രീതി ആവര്‍ത്തിക്കാവുന്നതാണ്. ഇതോടെ ഖുര്‍ആന്‍ പറഞ്ഞ ‘രണ്ടു പ്രാവശ്യം’ പൂര്‍ണ്ണമായി. മൂന്നാം തവണ വിവാഹമോചനം ആവര്‍ത്തിച്ചാല്‍ ഇതേ പ്രകാരം തിരിച്ചെടുക്കുവാന്‍ അനുവാദമില്ല. അവള്‍ മറ്റൊരു വിവാഹം കഴിച്ചു ഏതെങ്കിലും കാലത്ത് വിവാഹമോചിതയായിട്ടോ അല്ലെങ്കില്‍ അവളുടെ ഭര്‍ത്താവ് മരിച്ചിട്ടോ, ആദ്യ ഭര്‍ത്താവിനു അവളെ വിവാഹം കഴിക്കാം (2:230 ).

വിവാഹമോചനത്തിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മൂന്നുത്വലാഖാണ് ഇസ്‌ലാം അനുവദിച്ചിട്ടുള്ളത്. ഇതു ഒറ്റയിരുപ്പില്‍ ചൊല്ലേണ്ടതല്ല. ഇനിയൊരാള്‍ ചൊല്ലിയാല്‍ അതു സാധുവാകും. ത്വലാഖിനെ പൊതുവായും മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലലിനെ പ്രത്യേകമായും നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഓരോ വിവാഹമോചനം നടക്കുമ്പോഴും അല്ലാഹുവിന്റെ സിംഹാസനം കുലുങ്ങിവിറയ്ക്കുമെന്നാണ് പ്രവാചകാധ്യാപനം.

റുകാന ഇബ്‌നു അബ്ദിയസീദ്(റ) തന്റെ ഭാര്യയായ സുഹൈമത്തിനെ ‘അല്‍ബത്ത’ എന്ന പദമുപയോഗിച്ചു ത്വലാഖു ചൊല്ലി. അദ്ദേഹം അതിനെക്കുറിച്ച് പ്രവാചക(സ)യെ അറിയിക്കുകയും ഒരു ത്വലാഖ് മാത്രമേ ഉദ്ദേശിച്ചുള്ളു എന്നു പറയുകയും ചെയ്തു. നിങ്ങള്‍ ഒറ്റ (ത്വലാഖു) മാത്രമെ ഉദ്ദേശിച്ചുള്ളുവെന്നു അല്ലാഹുവിനെ സാക്ഷ്യമാക്കുന്നോ? എന്നു നബി(സ) തിരിച്ചു ചോദിച്ചു.

അദ്ദേഹം പറഞ്ഞു : അതെ നബിയേ ഞാന്‍ അല്ലാഹുവിനെ സാക്ഷ്യമാക്കുന്നു. ഞാന്‍ ഒറ്റ (ത്വലാഖു) അല്ലാതെ ഉദ്ദേശിച്ചിട്ടില്ല. അതിനാല്‍ അല്ലാഹുവിന്റെ ദൂതന്‍(സ) അവളെ അദ്ദേഹത്തിന് മടക്കിക്കൊടുത്തു(മുസ്‌ലിം).

അല്‍ ബത്ത എന്ന പദം ഒന്നിനും മൂന്നിനും ഉപയോഗിക്കാമെന്നും മൂന്ന് ഉദ്ദേശിച്ച് പറഞ്ഞാല്‍ മൂന്നും സംഭവിക്കുമെന്നും ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി ശറഹ് മുസ്‌ലിമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒറ്റയിരുപ്പില്‍ മൂന്നു ചൊല്ലിയാലും ഒന്നേ സംഭവിക്കുകയുള്ളൂവെങ്കില്‍ ഒന്നു മാത്രമേ താന്‍ ഉദ്ദേശിച്ചിട്ടുള്ളൂവെന്ന് റുകാന(റ)യെ കൊണ്ട് സത്യം ചെയ്യിക്കേണ്ട ആവശ്യമില്ലല്ലോ? ഇക്കാര്യത്തില്‍ ഉമര്‍(റ)ന്റെ കാലത്ത് സ്വഹാബത്തിന്റെ ഏകോപനം ഉണ്ടായിട്ടുമുണ്ട്.

വൈവാഹിക ബന്ധം വേര്‍പിരിയാന്‍ പുരുഷന് ഏത് നിമിഷവും സാധിക്കും. പക്ഷെ, മുസ്‌ലിം സ്ത്രീ കോടതി കയറാനും നിയമങ്ങള്‍ക്ക് പിറകെ പോകാനും നിര്‍ബന്ധിതരാവുന്നു. ഇതിന് അനീതിയും അതിക്രമവും ആണെന്നാണ് ചിലരുടെ വാദം. അതിലെ യുക്തി പരിശോധിക്കാന്‍ ഇവര്‍ തയാറാകുന്നില്ലെന്നതാണ് വാസ്തവം.

സ്ത്രീ പുരുഷനെ അപേക്ഷിച്ച് കൂടുതല്‍ വൈകാരികമായി പ്രവര്‍ത്തിക്കുന്നവളാണ്. സാധാരണഗതിയില്‍ പുരുഷനെ പോലെ വിവേകത്തോടെയും അവധാനതയോടെയും തീരുമാനമെടുക്കാനുള്ള കഴിവ് അവര്‍ക്ക് ഉണ്ടാകണമെന്നില്ല. മനസ്സ് ദുര്‍ബലപ്പെടുമ്പോഴേക്കും വിവാഹ മോചനം നടത്താനുള്ള സാധ്യത കൂടുതലാണ്.

ഏക പക്ഷീയമാണ് ഇസ്‌ലാമിലെ വിവാഹമോചനമെന്നത് അടിസ്ഥാന രഹിതമാണ്. പുരുഷന് നല്‍കിയ വിവാഹമോചനാധികാരം ചില നിബന്ധനകളോടെ സ്ത്രീകള്‍കും ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അതിനു ഇന്ത്യന്‍ നിയമവ്യവസ്ഥിതിയില്‍ നിയമപ്രാബല്യമില്ല. ഇതു പ്രാബല്യത്തില്‍ വരുത്തുന്നത് സ്ത്രീകള്‍ക്കു ശരീഅത്തു അനുവദിച്ച ആനുകൂല്യം ലഭ്യമാകുന്നതിനും വിവാഹമോചനാവകാശം അവര്‍ക്കും ലഭിക്കുന്നതിനും കാരണമാകും. ശരീഅത്തിന്റെ നിയമങ്ങള്‍ ഭാഗികമായി മാത്രം നടപ്പാക്കുകയും തെറ്റായ വ്യാഖ്യാനത്തിനു പഴുതു നല്‍കുകയും ഒടുവില്‍ ശരീഅത്തിനെ കഥയറിയാതെ വിമര്‍ശിക്കുകയും ചെയ്യുന്ന സമീപനം മാറണം.

കടപ്പാട്: suprabhaatham.com

Topics