കുടുംബ ജീവിതം-Q&A

വിവാഹാലോചന: കന്യകയാണോ എന്ന് ചോദിക്കാമോ ?

ചോദ്യം: വിവാഹാലോചനയുടെ അന്വേഷത്തിന്റെ ഭാഗമായി പുരുഷന് സ്ത്രീയോട് കന്യകയാണോ എന്ന കാര്യം തിരക്കാമോ?

ഉത്തരം: വിവാഹമാലോചിക്കുന്ന പെണ്‍കുട്ടിയോട് അവളുടെ കന്യകാത്വത്തെക്കുറിച്ച് ചോദിക്കുന്നത് മോശമായ കാര്യമാണ്. അത് അവള്‍ക്ക് മാത്രമല്ല, അവളുടെ കുടുംബത്തിനും അപമാനകരമായ കാര്യമാണ്. എല്ലാറ്റിനുമുപരി, ഒരാള്‍ തന്റെ ദുര്‍വൃത്തികളില്‍ അല്ലാഹുവോട് ആത്മാര്‍ഥമായി പശ്ചാത്തപിച്ചുമടങ്ങുകയും അല്ലാഹു അത് രഹസ്യമാക്കി വെക്കാനുദ്ദേശിക്കുകയും ചെയ്യുമ്പോള്‍ അതിനിടയില്‍ മറ്റൊരാള്‍ കടന്നുവരുന്നത് അവകാശലംഘനമായാണ് മനസ്സിലാക്കേണ്ടത്.

വിവാഹത്തിന് തയ്യാറെടുക്കുന്ന താങ്കള്‍ മറ്റൊരാളുടെ പൂര്‍വകാലത്തെക്കുറിച്ച് തലപുണ്ണാക്കേണ്ടതില്ല എന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. പകരം അവരുടെ അല്ലാഹുവുമായുള്ള ബന്ധം എവ്വിധത്തിലുള്ളതാണ് എന്നതിലാണ് താങ്കള്‍ ശ്രദ്ധയൂന്നേണ്ടത്. അവരുടെ തഖ്‌വാബോധം, ഹൃദയവിശുദ്ധി, പരസ്പര പൊരുത്തം, ദാമ്പത്യ ജീവിതത്തിന് അവശ്യംവേണ്ട മറ്റുഘടകങ്ങള്‍ ഇവയെക്കുറിച്ചെല്ലാം താങ്കള്‍ക്ക് ഔചിത്യമാര്‍ഗേണ അറിയാന്‍ അവകാശമുണ്ട്.

പ്രതിശ്രുത വധുവിന്റെ മുന്‍കാല ജീവിതത്തില്‍ എന്തെങ്കിലും പാകപ്പിഴവുകളോ ധാര്‍മികവിശുദ്ധിയില്ലായ്മയോ ഉണ്ടായിട്ടുള്ളത് താങ്കള്‍ക്ക് വിട്ടുവീഴ്ചചെയ്യാനും പൊറുക്കാനും കഴിയില്ലെങ്കില്‍ താങ്കള്‍ വിവാഹംചെയ്യുന്നതിനെക്കുറിച്ച് ഒന്നുകൂടി ആലോചിക്കണം എന്നെനിക്ക് തോന്നുന്നു. അല്ലാഹുവാണ് എല്ലാറ്റിനെക്കാളും പ്രാധാന്യമുള്ളത് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായേ തീരൂ. ആദംസന്തതികള്‍ തെറ്റുപറ്റുന്നവരാണ്. സ്വന്തം തെറ്റുകുറ്റങ്ങളില്‍ നിന്ന് പശ്ചാത്താപബോധത്തോടെ പിന്‍മാറുന്നവരാണ് അവരിലേറ്റവും ഉത്തമര്‍ എന്ന പ്രവാചകവചനം നാം മറന്നുപോകരുത്. എല്ലാം വിട്ടുവീഴ്ചചെയ്യുന്ന, പാപങ്ങള്‍ പൊറുത്തുതരുന്ന അല്ലാഹുവാണ് നമ്മുടെ സന്‍മാര്‍ഗ വിധികര്‍ത്താവ്.

Topics