Gulf

മേഖലയില്‍ സമാധാനം ഉറപ്പാക്കണം:ഖത്തര്‍ അമീര്‍

ന്യൂയോര്‍ക്ക്: യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ തിടംവെക്കുന്ന പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം നിലനിറുത്താന്‍ ആത്മാര്‍ഥശ്രമമുണ്ടാകണമെന്ന് അഭ്യര്‍ഥിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍സാനി. യുഎന്‍ സുരക്ഷാസമിതിയുടെ 74-ാമത് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവേയാണ് അദ്ദേഹം സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുന്ന നയങ്ങള്‍ മേഖലയിലെ രാജ്യങ്ങള്‍ കൈയ്യൊഴിയണമെന്ന് ആവശ്യപ്പെട്ടത്.
‘ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെ ചോദ്യംചെയ്യുന്ന ഇടപെടലുകളും യുദ്ധനീക്കങ്ങളും കൈവെടിയാന്‍ നാമെല്ലാവരും തയ്യാറാകണം. കുഴപ്പങ്ങള്‍ സൃഷ്ടിച്ച് , ഉപരോധം ഏര്‍പ്പെടുത്തി സ്വന്തംതാല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് മേഖലയുടെ താല്‍പര്യത്തിന് ഹിതകരമായിരിക്കുകയില്ല.’ അമീര്‍ വ്യക്തമാക്കി.

ഖത്തറിനെതിരെ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സഖ്യം 2017 ജൂണ്‍ മുതല്‍ കര-ജല-വായുമാര്‍ഗങ്ങളിലെല്ലാം ഏര്‍പ്പെടുത്തിയ ഉപരോധം ഇപ്പോഴും തുടരുകയാണ്. ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വാദം ജനറല്‍ അസംബ്ലിയിലും ഉയര്‍ത്തിയെങ്കിലും അതെല്ലാം അമീര്‍ തള്ളിക്കളഞ്ഞു.

Topics