അനുഷ്ഠാനം അനുഷ്ഠാനം-ലേഖനങ്ങള്‍

മനസ്സും ശരീരവും: ഇസ്‌ലാമിന്റെ സമീപനം

ശരീരത്തിനും മനസ്സിനുമിടയില്‍ സന്തുലിതത്വം പുലര്‍ത്തുന്നില്ല എന്നതാണ് മനുഷ്യന്റെ ദുരന്തം. അവന്റെ കാല്‍ മുറിക്കുന്നതിനിടവരുത്തിയ ആക്‌സിഡന്റിലേക്ക് വഴിതെളിച്ച അവന്റെ മോഹത്തെ അറുത്തുമാറ്റുന്നില്ല. ലൈംഗികാവയവം മുറിച്ച് കളയാനുള്ള ഓപറേഷന്‍ അവന്റെ ലൈംഗിക വികാരത്തെ ഛേദിക്കുന്നില്ല. വാര്‍ധക്യം കാരണം കാഴ്ച ശക്തി മങ്ങുമ്പോള്‍ കാണാനുള്ള അവന്റെ ത്വരക്ക് യാതൊരു മങ്ങലുമേല്‍ക്കുന്നില്ല. ശരീരം ദുര്‍ബലപ്പെടുന്നതിന് അനുസരിച്ച് വികാരങ്ങള്‍ അസ്തമിക്കുന്നില്ല. പല്ലുകള്‍ കൊഴിഞ്ഞ് വീഴുംതോറും ചവച്ചരച്ചുതിന്നാനുള്ള ആഗ്രഹം കലശലായികൊണ്ടേയിരിക്കുന്നു.
തന്റെ യുവത്വത്തെ മര്യാദ പഠിപ്പിക്കാന്‍ സാധിക്കാത്തവന് ഒരിക്കലും തന്റെ വാര്‍ധക്യത്തെ മര്യാദ പഠിപ്പിക്കാന്‍ കഴിയില്ല. ചെറുപ്രായത്തില്‍ മനസ്സിനെ പിടിച്ച് നിര്‍ത്താന്‍ കഴിയാത്തവന് മധ്യവയസ്സില്‍ അതിന് സാധിക്കില്ല. അവന്റെ ആസ്വാദനം തുടര്‍ന്നുകൊണ്ടേയിരിക്കുകയും അവസാനം അവന്‍ നിന്ദിക്കപ്പെടുകയും ചെയ്യുന്നു. അതിനാലാണ് ചില ധിക്കാരികളായ ധൂര്‍ത്തന്മാരുടെ അവധി അല്ലാഹു നീട്ടിക്കൊടുക്കുന്നത്. ഒടുവില്‍ അവര്‍ തങ്ങളുടെ കാലഘട്ടത്തിന്റെ പരിഹാസപാത്രമാവുകയും നിന്ദിക്കപ്പെടുകയും വരുംതലമുറകള്‍ ഗുണപാഠത്തിന് ചൊല്ലിക്കൊടുക്കുന്ന ദുരന്തകഥയുമായിത്തീരുകയും ചെയ്യുന്നു.
തെമ്മാടികളും അധര്‍മകാരികളും പ്രായം ചെയ്യുന്നതോടെ വീണ്ടും കുട്ടികളായിത്തീരുകയാണ് ചെയ്യുന്നത്. കിടന്നിടത്തുതന്നെ മലമൂത്ര വിസര്‍ജനം നടത്തുകയും നിരങ്ങി നീങ്ങേണ്ട ഗതികേടുവരികയും ചെയ്യുന്നു. ചെറുപ്രായത്തില്‍ വേദനിച്ച് കിളിര്‍ത്തുവന്ന പല്ലുകള്‍ ഇപ്പോള്‍ വേദനയോടെ പൊഴിഞ്ഞ് പോവുന്നു. പിച്ചവെക്കാന്‍ പരിശീലിച്ച കാലുകള്‍ ക്ഷയിക്കുകയും വടിയൂന്നി നടക്കേണ്ടി വരികയും ചെയ്യുന്നു. ആരും അവരെ സന്ദര്‍ശിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല. പിന്നീട് മരണപ്പെടുന്നതോടെ ജനാസയില്‍ പങ്കെടുക്കാന്‍പോലും ആരും വരില്ല. അവരുടെ പേരില്‍ ആരും കണ്ണീര്‍പൊഴിക്കുന്നില്ല. ആരും അവരെക്കുറിച്ച് അന്വേഷിക്കുന്നില്ല. അവരെ സ്മരിക്കാനോ, പ്രശംസിക്കാനോ ആരും തന്നെയില്ല. കുഴിച്ചുമൂടപ്പെട്ട വന്യമൃഗത്തെപ്പോലയാണ് അവരുടെ അവസ്ഥ. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:’നാം ആര്‍ക്കെങ്കിലും ദീര്‍ഘായുസ്സ് നല്‍കുകയാണെങ്കില്‍ അയാളുടെ പ്രകൃതി തന്നെ പാടെ മാറ്റിമറിക്കുന്നു. എന്നിട്ടും അവരൊട്ടും ആലോചിച്ചറിയുന്നില്ലേ?'(യാസീന്‍ 68)
മനസ് വാര്‍ധക്യം ബാധിക്കുകയോ, ദുര്‍ബലമാവുകയോ ചെയ്യുന്നില്ല എന്നതാണ് ഈ ദുരന്തത്തിനുള്ള കാരണം. ശരീരത്തെ ബാധിക്കുന്ന കാലഭേദങ്ങള്‍ മനസ്സിനെ ബാധിക്കുന്നില്ല. ശരീരം രൂപപ്പെട്ട പദാര്‍ത്ഥത്തില്‍ നിന്നല്ലല്ലോ മനസ്സ് രൂപപ്പെട്ടിരിക്കുന്നത്. വണ്ടിയോടിക്കുന്ന ഡ്രൈവറെപോലെയാണ് മനുഷ്യ മനസ്സ്. കാലപ്പഴക്കത്താല്‍ തന്റെ വാഹനം തുരുമ്പ് പിടിച്ചാലും, നശിച്ചുതുടങ്ങിയാലും അത് ഓടിക്കുകയാണ് ഡ്രൈവര്‍ ചെയ്യുന്നത്. എത്ര പഴകിയാലും അത് വലിച്ചുകൊണ്ട് പോവുകയല്ലാതെ മറ്റുമാര്‍ഗമില്ല അയാള്‍ക്ക്. അതുപോലെ വാര്‍ധക്യത്തില്‍ ശരീരം എത്ര ശോഷിച്ചാലും, ദുര്‍ബലപ്പെട്ടാലും അവ വഹിച്ച് മുന്നോട്ടുനീങ്ങുകയാണ് മനസ്സ് ചെയ്യുന്നത്. മനസ്സ് അതിന്റെ പൂര്‍ണതയില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. പക്ഷെ തനിക്ക് കീഴ്‌പെടാത്ത, തളര്‍ന്ന ശരീരത്തെ കൊണ്ട് അതിന് ഒന്നും ചെയ്യാനാവുന്നില്ലെന്നുമാത്രം.
മനസ്സിന്റെ ആഗ്രഹങ്ങള്‍ നടപ്പിലാക്കുന്ന കേവലം യന്ത്രം എന്നതിനേക്കാളുപരിയായി കയറാനും ഇറങ്ങാനും പറ്റുന്ന കോണിയാണ് ശരീരമെന്നാണ് സൂഫികള്‍ പറയാറുള്ളത്. ഉദാഹരണമായി ആമാശയം ഭക്ഷണം ചെന്നടിയുന്നതിനുള്ള അവയവമാണ്. അതേസമയം തന്നെ അത് നോമ്പെടുക്കാനുള്ള അവയവം കൂടിയാണ്. ലൈംഗിക ബന്ധത്തിന് ഉപയോഗിക്കാനുള്ളതാണ് ലിംഗം. എന്നാല്‍ അതേസമയം തന്നെ മനുഷ്യന്റെ പവിത്രതയും അതുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്.
മാനസികവും ആത്മീയവുമായ മുന്നേറ്റവും വളര്‍ച്ചയും ഭൗതികമായ ഒരു ഘടനയെ അനിവാര്യമാക്കുന്നുണ്ട്. ഈയര്‍ത്ഥത്തിലാണ് സ്വൂഫികള്‍ ശരീരത്തെ സമീപിക്കുന്നത്. അവര്‍ ശരീരത്തിന് ആദരവും പരിശുദ്ധിയും കല്‍പിക്കുന്നു. കാരണം മനസ്സിന്റെ മിഹ്‌റാബ് ആണ് ശരീരമെന്നത്.
ശരീരത്തെ മാലിന്യമായി കണക്കാക്കുന്ന സമീപനം ഇസ്‌ലാമിന്റേതല്ല. എന്നല്ല ഇസ്‌ലാമിന് വിരുദ്ധമായ ആശയമാണ് അത്. ഇസ്‌ലാം സമഗ്രമായ ദര്‍ശനമാണ്. മനുഷ്യനെ അവന്റെ ശരീരവും ആത്മാവും ചേര്‍ത്താണ് ഇസ്‌ലാം പരിഗണിച്ചിരിക്കുന്നത്. ഇവയിലേതെങ്കിലും നഷ്ടപ്പെട്ടാല്‍ മനുഷ്യന്റെ ഉത്തരവാദിത്തത്തിന് തന്നെ വിഘ്‌നം സംഭവിക്കുമെന്നതാണ് സത്യം.


ഡോ. മുസ്ത്വഫാ മഹ്മൂദ്

Topics