ലോകമതസമ്മേളനം ഏറ്റവും പഴക്കമേറിയതും എല്ലാമതവിശ്വാസധാരകളെ ഉള്‍ക്കൊള്ളുന്നതുമായ കൂട്ടായ്മയെന്ന് പറയാം. ഒരുപക്ഷേ, നമ്മിലധികപേരും അങ്ങനെയൊരു സംഗതിയെപ്പറ്റി അറിയാത്തവരാണ്. കാരണം ആ പാര്‍ലമെന്റില്‍ വാഗ്വാദങ്ങളില്ല, ഏറ്റുമുട്ടലുകളില്ല, ഇറങ്ങിപ്പോക്കില്ല, സഭാതടസ്സപ്പെടുത്തലുകളില്ല, പ്രതിപക്ഷമില്ല, വിവാദങ്ങളില്ല എന്നതുതന്നെ. ഒരുപക്ഷേ, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്ന തത്ത്വമാണ് അത് മുറുകെപ്പിടിക്കുന്നത് എന്നതുകൊണ്ടാവാം അങ്ങനെ. ആ ആശയം പഴകിപ്പുളിച്ചതൊന്നുമല്ല, പ്രത്യേകിച്ചും ഇന്നത്തെ ആഗോളസാഹചര്യം കണക്കിലെടുക്കുമ്പോള്‍. ഈ പാര്‍ലമെന്റ് പുതിയൊരു ആള്‍ക്കൂട്ടമാണ്. അവിടെപക്ഷേ, 1969 ലെ റോക് മ്യൂസിക് ഫെസ്റ്റിവല്‍ തുടങ്ങി സമാധാന പ്രസ്ഥാനങ്ങളിലെപ്പോലെ മാതിരി മയക്കുമരുന്നും സെക്‌സും നശീകരണപ്രവണതകളുമില്ല. ഇത്തവണത്തേത്, ബുദ്ധിജീവികളുടെ സ്‌നേഹസദ്യയായിരുന്നു; എസ്‌കേപിസം സ്വീകരിക്കാത്ത ഉയര്‍ന്ന വൈജ്ഞാനികപടുക്കളുടെ ഒത്തുകൂടലായിരുന്നു. മതം ഒരിക്കലും ആളെ മയക്കുന്ന കറുപ്പായിരുന്നില്ല. കാരണം, പൊതുജനം ഉണര്‍വിലും ജാഗ്രതയിലുമായിരുന്നല്ലോ. മതം തിരിച്ചുവരവിലാണിപ്പോള്‍. നീത്‌ഷെ വിശേഷിപ്പിച്ച ദൈവം മരിച്ചിട്ടൊന്നുമില്ല. അവന്‍ അനശ്വരനും സര്‍വവ്യാപിയുമാണ്. അമ്പതോളം വിശ്വാസധാരകളെ പ്രതിനിധീകരിച്ചെത്തിയ പതിനായിരത്തോളം ആളുകള്‍ ആ പാര്‍ലമെന്റില്‍ ദൈവത്തെ പ്രകീര്‍ത്തിക്കുകയായിരുന്നു. എനിക്കും പറയാനുണ്ടായിരുന്നു’അല്ലാഹു അക്ബര്‍.’
ലോകത്ത് നടമാടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെ അഭിസംബോധനചെയ്യാനാണ് ലോകമതപാര്‍ലമെന്റ് വിളിച്ചുകൂട്ടിയത്. അതില്‍ മുഖ്യമായ വിഷയം ലോകത്ത് ഇക്കാണുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി മതമല്ല എന്നത് ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ട് എന്നതാണ്. അക്കാര്യം പക്ഷേ, മതവിശ്വാസികള്‍ തന്നെയാണ് ബോധ്യപ്പെടുത്തേണ്ടത്. കരെന്‍ ആംസ്‌ട്രോങ് പറഞ്ഞതുപോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മതേതരപാപങ്ങള്‍ക്ക് മതങ്ങളെ കുറ്റപ്പെടുത്തുന്നത് നാം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.
ഐസിസിന് ലോകമതപാര്‍ലമെന്റില്‍ പ്രതിനിധികളെ അയക്കണമല്ലോയെന്ന തലവേദനയുണ്ടായില്ല. കാരണം അവര്‍ ഒരു മതത്തേയും പ്രതിനിധീകരിക്കുന്നവരായിരുന്നില്ല. അല്ലെങ്കില്‍ അവര്‍ അത്തരത്തിലുള്ള പ്രസ്ഥാനവുമായിരുന്നില്ല. പാര്‍ലമെന്റ് ഏവരെയും ബോധ്യപ്പെടുത്തിയ ഒരു സംഗതിയുണ്ട്. അതായത്, നാളത്തെ ഭാവിനേതാക്കള്‍ യുവാക്കളല്ല, അവര്‍ ഇന്നുതന്നെ നേതാക്കളായിരിക്കുന്നു. പക്ഷേ, മതമൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ലോകമാറ്റത്തിനായി പരിശ്രമിക്കുന്ന അത്തരം യുവതയുടെ പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ ബോധപൂര്‍വം അവഗണിക്കുന്നതായാണ് കാണുന്നത്. അത്തരം യുവപ്രസ്ഥാനങ്ങള്‍ വൈകാരികമായി ക്ഷോഭിക്കാതെ ധാര്‍മികമൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് ആത്മീയപിന്‍ബലത്തില്‍ മുന്നോട്ട് നീങ്ങുന്നവരാണ്. ഇന്നത്തെ തലമുറ ആദ്യം ദൈവത്തില്‍ വിശ്വസിക്കുകയും പിന്നീട് മതത്തെ മാനദണ്ഡമാക്കുന്നവരുമാണ്. മുമ്പ് മതത്തെ മാനദണ്ഡമാക്കി, സമുദായമായി വേര്‍തിരിഞ്ഞ് ദൈവത്തെ പര്യായമായി സ്വീകരിച്ച തലമുറയായിരുന്നു ഉണ്ടായിരുന്നത്. ദൈവം എല്ലാറ്റിലും പങ്കുകൊള്ളുന്നു എന്ന് ഇക്കാലത്തെ യുവത തിരിച്ചറിഞ്ഞിരിക്കുന്നു. അത് സ്വകാര്യതയില്‍ മാത്രം തളച്ചിടേണ്ട ശക്തിയല്ലല്ലോ. മറ്റുള്ളവരുടെ കണ്ണിലൂടെ തന്നെ നിരീക്ഷിക്കുന്നുണ്ട് ദൈവം എന്ന് അവര്‍ക്ക് ബോധ്യമായിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ തലമുറക്ക് സ്വത്വപ്രതിസന്ധിയില്ല. തങ്ങളോരോരുത്തരും വിശ്വസിക്കുന്ന ആശയസംഹിതകളെ പരസ്പരം അറിയിച്ചുകൊണ്ടും പങ്കുവെച്ചുകൊണ്ടും നിലകൊള്ളുന്നതില്‍ അവര്‍ ആഹ്ലാദംകണ്ടെത്തുന്നു. ധാര്‍മികമൂല്യങ്ങളെല്ലാംതന്നെ ദൈവപ്രോക്തമാണെന്ന് അവര്‍ തിരിച്ചറിയുന്നു.
ലോകമതപാര്‍ലമെന്റിന്റെ ദൗത്യം ഇതായിരുന്നു: ‘ലോകത്തുള്ള വ്യത്യസ്തമതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദവും രജ്ഞിപ്പും പരിപോഷിപ്പിക്കുക. ലോകത്തെ നീതിയിലും സമാധാനത്തിലും ചരിക്കുന്ന ക്രമത്തിലേക്ക് വഴിനടത്തുക.’ പാര്‍ലമെന്റില്‍ പ്രസംഗിച്ച യുവപണ്ഡിതന്‍ താരീഖ് റമദാന്റെ സന്ദേശവും അതുതന്നെയായിരുന്നു.’ഇസ്‌ലാം സമാധാനത്തിന്റെ മതമല്ല. അത് സമാധാനത്തിലേക്ക് വഴിനടത്തുന്ന മതമാണ്.’ സമാധാനം ആകാശത്തുനിന്ന് അടര്‍ന്ന് പൊട്ടിവീഴുന്ന സാധനമല്ലല്ലോ. അത് ഭൂമിയില്‍ നടപ്പാകാന്‍ ചില ഉപാധികള്‍ പൂര്‍ത്തിയാകണം. മുസ്‌ലിംകള്‍ സമാധാനം ഉണ്ടാക്കാന്‍ പണിയെടുക്കണം. അനീതി നടമാടുമ്പോള്‍ അവര്‍ മൗനിബാബകളാകാന്‍ പാടില്ല. ഉറക്കെ ശബ്ദിക്കണം. ആക്രമണോത്സുകരാകാന്‍ പാടില്ല. പക്ഷേ, ശക്തരായിരിക്കുകയുംവേണം. വെറുപ്പ് നമ്മുടെ രക്തത്തിലില്ല. പക്ഷേ, അയഞ്ഞ നിലപാട് വെടിയുകയുംവേണം. ദയകാട്ടി ഞാന്‍ കൊല്ലുകയില്ല. പക്ഷേ, മരണംവരെ ഞാന്‍ നിങ്ങളെ സ്‌നേഹിക്കും. സ്‌നേഹം വെറുപ്പിനെ കുഴിച്ചുമൂടുമല്ലോ.
ഒരു കുടക്കീഴില്‍ വ്യത്യസ്തമതങ്ങളെ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ അടിസ്ഥാനപരമായി ചില സംഗതികള്‍ ഉണ്ടാകുന്നു. ഒന്നാമതായി , ആളുകളെ പുറംമോടിയില്‍ വിലയിരുത്താനാകില്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാകും. മുഴുവന്‍മറയുംവിധം വസ്ത്രം ധരിച്ച കന്യാസ്ത്രീകളെയും പാതിരിമാരെയും ഓറഞ്ചുനിറത്തിലുള്ള വസ്ത്രം ധരിച്ച ബുദ്ധവിശ്വാസികളെയും നിങ്ങള്‍ക്ക് കാണാം. മിക്കവാറും തലകളില്‍ പലതരത്തിലുള്ള തലപ്പാവുകള്‍ ദൃശ്യമാകും. മുസ്‌ലിംസ്ത്രീകള്‍ മുഖപടം, ഹിജാബ്, ജില്‍ബാബ്, ജീന്‍സ് എന്നിവ ധരിച്ചതും കാണാനാകുന്നു.
ഞാന്‍ ഹിജാബ് ധരിക്കാറില്ല. പക്ഷേ, എന്റെ ചില ഹിജാബ് ധാരിണികളായ സുഹൃത്തുക്കളെക്കാള്‍ യാഥാസ്ഥിതികയാണ് ഞാന്‍. ആ സുഹൃത്തുക്കള്‍ നമസ്‌കാരത്തിന് ഇമാം ആകണമെന്നും പാടണമെന്നും ഡാന്‍സ് ചെയ്യണമെന്നും പറയുന്നവരാണ്. പക്ഷേ, അവരോട് സമുദായത്തിന്റെ ഭാഗമാകാന്‍ പരിശ്രമിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്ന നവസാമൂഹികവാദങ്ങളില്‍ അഭിരമിച്ച് സ്വത്വം മറന്നുപോകരുതെന്നും അവരെ ഉണര്‍ത്തുന്നു.
ലോകത്തിന് വലിയ ഒരു സാമൂഹികമുതല്‍കൂട്ടായി മാറുകയാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടത്. സഹിഷ്ണുത എന്ന വാക്ക് ക്ലീഷേ ആയിരിക്കുന്നു. ബഹുമാനം എന്നതാണ് ഇനി ഉയര്‍ന്നുവരേണ്ടത്. നിങ്ങള്‍ എന്നെ സഹിക്കണം എന്ന് ഞാന്‍ പറയില്ല. പക്ഷേ, നിങ്ങളെന്നെ ആദരിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. വിധിതീര്‍പ്പുകളെ അടിച്ചമര്‍ത്താനാണ് സഹിഷ്ണുത ആവശ്യപ്പെടുന്നത്. എന്നാല്‍ നിങ്ങളുടെ വിധികളെയും കാഴ്ചപ്പാടുകളെയും അടിച്ചമര്‍ത്തിവെക്കണമെന്ന് ഞാന്‍ ആവശ്യപ്പെടില്ല. മറിച്ച് വിധികര്‍ത്താവ് ആകരുതെന്നേ പറയുന്നുള്ളൂ. ദൈവത്തിനുമാത്രമേ വിധികര്‍ത്താവാകാന്‍ അവകാശമുള്ളൂ. നാം മനുഷ്യരെല്ലാം അവന്റെ വിധിതീര്‍പ് കാത്തിരിക്കുന്നവരാണ്. മനുഷ്യരേക്കാള്‍ എത്രയോ കാരുണ്യവാനും വിട്ടുവീഴ്ച ചെയ്യുന്നവനുമാണ് ദൈവമെന്നത് നാമോര്‍ക്കണം.
ഇന്നത്തെ യുഗത്തില്‍ മതസമുദായങ്ങള്‍ക്ക് ബാധിച്ച മുഖ്യരോഗം വേറിട്ടുനില്‍ക്കല്‍ വാദമാണെന്നത് പറയാതിരിക്കാന്‍വയ്യ. നല്ലകാര്യങ്ങള്‍ ചെയ്യാന്‍ വേറിട്ടുനില്‍ക്കുന്നതല്ല, മറിച്ച് ഞങ്ങള്‍ അക്രാമകലോകത്തിന്റെ ഇരകളെന്ന ചിന്തയാണ് അക്കൂട്ടര്‍ക്ക്. എല്ലാ വിഭാഗത്തിലും അത്തരത്തിലുള്ള ചിന്തയുണ്ട്. ഇന്ന് മനുഷ്യരുടെ മനോഗതിയില്‍ ഇത്തരം ചിന്താഗതി വേരോടിക്കഴിഞ്ഞിട്ടുണ്ട് എന്നെനിക്കുതോന്നുന്നു. നേരായ മാര്‍ഗത്തില്‍ ചലിക്കുന്നവര്‍ക്ക് എല്ലാതരം പീഡനങ്ങളും ഏല്‍ക്കേണ്ടിവരും എന്നതുകൊണ്ടാണ് തങ്ങള്‍ എല്ലാവരാലും വേട്ടയാടപ്പെടുന്നത് എന്ന് അക്കൂട്ടര്‍ ചിന്തിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാനും ബലപ്രയോഗമേതുമില്ലാതെ തനിക്കിഷ്ടപ്പെട്ടത് വിശ്വസിക്കാനും അന്തരീക്ഷമുണ്ടായാല്‍ ആര്‍ക്കും തങ്ങള്‍ ഇരകളാണെന്ന അധമബോധമുണ്ടാവുകയില്ല.
നല്ലതുപ്രവര്‍ത്തിച്ച് ശ്രദ്ധ നേടാനാകാതെ വരുമ്പോഴാണ് നാം മറ്റുള്ളവരുടെ ന്യൂനതകളിലേക്കും ദൂഷ്യങ്ങളിലേക്കും വിരല്‍ചൂണ്ടാനൊരുങ്ങുന്നത്. പക്ഷേ, മതം ആത്മവീര്യമുള്ള ഊര്‍ജദായിനിയാണ്. അത് ഒരിക്കലും മറ്റുള്ളവരോട് പോരടിക്കുകയോ അവരെ ആക്ഷേപിക്കുകയോ ഇല്ല. സത്യം ഒരിക്കലും തെറ്റുകളെ കൂട്ടുപിടിക്കുകയോ അതുവഴി അതിജയിക്കുകയോ ഇല്ല. അതേസമയം അസത്യത്തിന് സത്യത്തിന്റെ ആവരണം അണിയാതെ നിലനില്‍പ്പുമില്ല. വ്യക്തികളെന്ന നിലക്ക് ഈ യാഥാര്‍ഥ്യമാണ് നമ്മുടെ മുമ്പിലെ ഇന്നത്തെ വിഷയം. സത്യസന്ധരാകുകയെന്നതാണ് നാം അഭിമുഖീകരിക്കുന്ന വെല്ലുവിളി. നാം ദൈവഭക്തരോ മതബോധമുള്ളവരോ ബുദ്ധിജീവിയോ അല്ലെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കിയാലും കുഴപ്പമില്ല. പക്ഷേ കപടനായി വിലസരുത്. സ്വന്തത്തോട് സത്യസന്ധതപുലര്‍ത്താനാണ് നാം ശ്രമിക്കേണ്ടത്. മറ്റുള്ളവരെ എന്തൊക്കെയോ ആണെന്ന് തെറ്റുധരിപ്പിക്കാനല്ല.
Add Comment