Gulf

നികുതിവിഹിതം വെട്ടിച്ചുരുക്കല്‍:ഇസ്രയേലിനെതിരെ ഹമാസ്

ജറൂസലം: ഫലസ്തീനികള്‍ക്ക് നല്‍കിവരാറുള്ള നികുതിവിഹിതത്തില്‍ കുറവുവരുത്തിയ ഇസ്രയേലി തീരുമാനത്തിനെതിരെ ചെറുത്തുനില്‍പിനാഹ്വാനം ചെയ്ത് ഹമാസ്. മാസംതോറും ഫലസ്തീന് കിട്ടേണ്ട വിഹിതത്തില്‍നിന്ന് 43 ദശലക്ഷം ഡോളറാണ് ഇസ്രയേല്‍ ഇക്കഴിഞ്ഞദിവസം വെട്ടിച്ചുരുക്കിയത്.
‘ഇസ്രയേല്‍ ചെയ്യുന്നത് പകല്‍കൊള്ളയാണ് ‘ഹമാസിന്റെ ഔദ്യോഗികവക്താവ് ഹസീം ഖാസ്സിം തുറന്നടിച്ചു. ഇസ്രയേലിന്റെ അവകാശനിഷേധ നടപടിക്കെതിരെ ഒന്നിച്ചുനിന്ന് പോരാടാന്‍ ഫലസ്തീന്‍ നിയുക്തഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രയേലി അധിനിവേശത്തിന്റെ കെടുതിക്കിരയായവര്‍ക്ക് ഈ ഫണ്ടുകള്‍ ഉപയോഗിച്ച് പുനരധിവാസനടപടികളെത്തിക്കുകയാണ് ഫലസ്തീന്‍ അധികാരികള്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഫലസ്തീന്റെ നികുതിവിഹിതത്തില്‍നിന്ന് 144 മില്യണ്‍ ഡോളര്‍ വെട്ടിക്കുറച്ച നടപടിക്ക് ഇന്നലെ നെസറ്റ് അംഗീകാരം നല്‍കുകയുണ്ടായി.
കഴിഞ്ഞ പതിമൂന്നുവര്‍ഷമായി ഗസ്സയെ ഉപരോധിച്ചിരിക്കുകയാണ് ഇസ്രയേല്‍. അതെത്തുടര്‍ന്ന് ഇരുപത് ലക്ഷത്തോളം വരുന്ന ഗസ്സ നിവാസികള്‍ അടിസ്ഥാനസൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട് തുറന്ന ജയിലിലെന്നപോലെ കഴിയുകയാണ്.

Topics