സുന്നത്ത്-പഠനങ്ങള്‍

നബിയുടെ വഹ്‌യല്ലാത്ത വര്‍ത്തമാനങ്ങള്‍

പ്രവാചകതിരുമേനിയുടെ കല്‍പനാനിരോധങ്ങളിലും ചില വര്‍ത്തമാനങ്ങളിലും വഹ്‌യേതര സ്പര്‍ശം കാണാം. സ്വന്തം നിലയിലോ പ്രാദേശിക സാമൂഹികാനുഭവങ്ങളുടെ വെളിച്ചത്തിലോ മനുഷ്യന്‍ എന്ന നിലയിലുള്ള പ്രായോഗിക ഇടപെടലുകളുടെ ഭാഗമായോ ഉള്ള വിവരങ്ങളും ധാരണകളും വെച്ച് അദ്ദേഹം പലതും പറഞ്ഞിരുന്നു. അതൊന്നും ദിവ്യബോധനം എന്ന നിലയിലായിരുന്നില്ല. ഈത്തപ്പന പരാഗണം സംബന്ധിച്ച പരാമര്‍ശം ഉദാഹരണം. ആ അഭിപ്രായപ്രകടനം തന്റെ ഒരു ധാരണ മാത്രമായിരുന്നുവെന്ന് അദ്ദേഹം തിരുത്തുകയുണ്ടായി. രോഗപ്പകര്‍ച്ചയെക്കുറിച്ച് അദ്ദേഹത്തിന്റെ പരാമര്‍ശവും തഥൈവ. ‘രോഗം പകരുകയില്ല. എങ്കില്‍ ഒന്നാമത്തെ ആള്‍ക്ക് രോഗംപകര്‍ന്നത് ആര്? ‘എന്നീ പരാമര്‍ശങ്ങള്‍ ഉദാഹരണം. മറ്റു ചില ഹദീഥുകളില്‍ രോഗം സംക്രമിക്കുമെന്നും കാണാം. ‘സിംഹത്തില്‍ നിന്നെന്നെ പോലെ കുഷ്ഠരോഗിയില്‍ നിന്ന് ഓടിയൊളിക്കുക’, ‘ആരോഗ്യമുള്ള മൃഗങ്ങള്‍ ഉള്ള സ്ഥലത്ത് രോഗമുള്ള മൃഗങ്ങളെ കൊണ്ടുവരരുത്’, ‘പ്ലേഗുള്ള നാട്ടില്‍ പ്രവേശിക്കരുത്’ . മേല്‍ ഹദീഥുകളെല്ലാം ബുഖാരിയും മുസ്‌ലിമും ഒന്നിച്ചോ ഒറ്റയ്‌ക്കോ ഉദ്ധരിച്ചവയാണ്. ഈ ഇനത്തിലെ പരസ്പരവിരുദ്ധമായ ഹദീഥുകള്‍ പണ്ഡിതന്‍മാര്‍ സംയോജിപ്പിച്ച് നിരീക്ഷിച്ചിട്ടുണ്ട്. രോഗങ്ങള്‍ പകരുമെന്ന് സ്ഥാപിക്കുന്ന ഹദീഥുകള്‍ പകരുകയില്ലെന്ന് സ്ഥാപിക്കുന്ന ഹദീഥുകളെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ഇബ്‌നുല്‍ ഖയ്യിം തന്റെ ‘മിഫ്താഹു ദാരിസ്സആദ’എന്ന കൃതിയില്‍ ഇത്തരം ഹദീഥുകള്‍ സംയോജിപ്പിച്ച് വ്യാഖ്യാനിക്കേണ്ടതിനെക്കുറിച്ച് പണ്ഡിതന്‍മാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ എടുത്തുചേര്‍ത്തിട്ടുണ്ട.

ഇത്രയും പറഞ്ഞതില്‍ നിന്ന് നബിചര്യയില്‍ നിയമപരിധിയില്‍വരാത്ത ഊഹങ്ങളുമുണ്ടെന്ന് മനസ്സിലായി. നമ്മുടെ ബുദ്ധിയും ഗവേഷണവും ആധാരമാക്കി ആ വക കാര്യങ്ങളില്‍ ആസൂത്രണങ്ങളാകാം. അവയെക്കുറിച്ച് നമുക്കാണ് കൂടുതല്‍ അറിയുക. അതേപോലെ, നബിവചനങ്ങളില്‍ സാര്‍വകാലികമായും സാര്‍വജനീനമായും നിലനില്‍ക്കാത്ത നിയമാവിഷ്‌കാരങ്ങളുമുണ്ട്. നിര്‍ണിതമായ സാഹചര്യങ്ങളെയും പാര്‍ശ്വികമായ അവസ്ഥകളെയും മാത്രമേ അതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. നേതൃത്വം എന്ന നിലയിലും രാഷ്ട്രനായകന്‍ എന്ന നിലയിലുമാണ് ഇത്തരം നിയമാവിഷ്‌കാരങ്ങളെ നാം നോക്കിക്കാണേണ്ടത്. ഈ വീക്ഷണകോണിലൂടെ തിരുചര്യയെ വ്യവഛേദിച്ചു മനസ്സിലാക്കുകയാണെങ്കില്‍ ഫിഖ്ഹിലെ പല പ്രശ്‌നങ്ങളും പരിഹൃതമാകും. അതിനൊരുദാഹരണം: നബി ഖൈബറിലെ തോട്ടങ്ങള്‍ പടയാളികള്‍ക്ക് വീതിച്ചു നല്‍കുകയുണ്ടായി. അതേസമയം ഖലീഫ ഉമര്‍ ഇറാഖിലെ കീഴടങ്ങിയ പ്രദേശങ്ങള്‍ ആര്‍ക്കും വീതിച്ചുനല്‍കാതെ വരും തലമുറകളുടെ ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചു. അവിടെനിന്നും കിട്ടിയ വരുമാനം സൈനികര്‍ക്കും രാഷ്ട്രത്തിന്റെ കാവല്‍ച്ചുമതലയുണ്ടായിരുന്നവര്‍ക്കുമായി വിനിയോഗിച്ചു. ‘കീഴടങ്ങുന്ന ഭൂമി ഏറ്റെടുക്കുന്നതോടെ പൊതുസ്വത്തായി മാറുമെന്ന സ്വഹാബികളുടെ ഏകകണ്ഠാഭിപ്രായ’ത്തെക്കുറിച്ച് ഇബ്‌നു ഖുദാമഃ ‘മുഗ്‌നി’യില്‍ പറയുന്നു: നബി ഖൈബറിലെ ഭൂമി സേനാനികള്‍ക്കായി വീതിച്ചത് ഇസ്‌ലാമിന്റെ ആദ്യഘട്ടം എന്ന നിലയിലാണ്. അന്ന് അതായിരുന്നു വേണ്ടിയിരുന്നത്. കാലം മാറിയപ്പോള്‍, ഭൂമി പൊതുസ്വത്തായി നീക്കിവെക്കേണ്ടത് നിര്‍ബന്ധമായി വന്നു. മുആദ്ബ്‌നു ജബലില്‍നിന്ന് അഹ്മദ് , അബൂദാവൂദ്, തിര്‍മിദി, നസാഈ എന്നിവര്‍ ഉദ്ധരിച്ച താഴെ ഹദീഥ് മറ്റൊരു ഉദാഹരണം: നബി(സ) മുആദിനെ യമനിലെ ഗവര്‍ണറായി നിയമിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായ ഓരോരുത്തരില്‍നിന്നും ഒരു ദീനാറോ അതിനു തുല്യം ‘മആഫിര്‍’ വസ്ത്രമോ വസൂല്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. അതേസമയം, ഉമര്‍ തന്റെ ഭരണകാലത്ത് മറ്റൊരു രീതിയാണ് സ്വീകരിച്ചത്. അമുസ്‌ലിം പൗരന്‍മാര്‍ക്ക് സാമ്പത്തിക സ്ഥിതിയടിസ്ഥാനമാക്കി മൂന്ന് തരം നിരക്ക് നിശ്ചയിച്ചു. സമ്പന്നര്‍ വര്‍ഷാന്തം നാല്‍പത്തിയെട്ട് ദിര്‍ഹമും മധ്യനിലക്കാര്‍ ഇരുപത്തിനാല് ദിര്‍ഹമും പിരമിത വരുമാനക്കാര്‍ പന്ത്രണ്ട് ദിര്‍ഹമും വീതമായിരുന്നു അടക്കേണ്ടിയിരുന്നത്.

ഉമര്‍(റ)ന്റെ നടപടി തിരുചര്യക്ക് വിരുദ്ധമല്ല. കാലിക സാഹചര്യം പരിഗണിച്ചുകൊണ്ടുള്ള നിലപാടായിരുന്നു അത്. യമന്‍കാരില്‍നിന്ന് ഭിന്നമായിരുന്നു ഇറാഖുകാരുടെയും ശാമുകാരുടെയും അവസ്ഥ. ഈ അന്തരം ജിസ്‌യഃ നിര്‍ണയത്തില്‍ അദ്ദേഹം പരിഗണിച്ചു. യമന്‍കാരില്‍നിന്ന് ഒന്നും ശാമുകാരില്‍നിന്ന് നാലും വീതം ദീനാര്‍ ഈടാക്കാനുള്ള നിര്‍ദേശത്തിന്റെ പൊരുളെന്താണെന്ന ഇബ്‌നു അബീ നുജൈഹിന്റെ ചോദ്യത്തിന് മുജാഹിദ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ‘സാമ്പത്തിക സാഹചര്യം പരിഗണിച്ച്’.
ഇമാം ശൗകാനി എഴുതുന്നു: ഉമറുള്‍പ്പെടെ സ്വഹാബികള്‍ ഒന്നിലധികം ദീനാര്‍ ഈടാക്കാന്‍ കാരണം നബി കൃത്യമായ പരിധി നിര്‍ണിയിച്ചിരുന്നില്ല എന്നതായിരുന്നു. മുആദിനോടുള്ള നിര്‍ദേശം ഒരു പ്രത്യേക സംഭവത്തില്‍ മാത്രം പരിമിതമാക്കാനും സാമാന്യമാക്കാതിരിക്കാനും ഇടയുണ്ട്. പരസ്പരം അംഗീകരിക്കുന്ന സന്ധിയുടെ ഇനങ്ങളിലൊന്നാണ് ജിസ്‌യഃ എന്നതും പരിഗണിക്കേണ്ടതാണ്.

രാഷ്ട്രനായകന്‍ , സമൂഹ നേതാവ് എന്നീ നിലകളില്‍ നബി സ്വീകരിച്ച രാഷ്ട്രീയനടപടിയായും മേല്‍ നിര്‍ണയത്തെ നമുക്ക് വിലയിരുത്താവുന്നതാണ്. അതുകൊണ്ടുതന്നെ പിന്നീട് വരുന്നവര്‍ക്ക് അതാതു കാലസാഹചര്യത്തിനനുസരിച്ച് അത് പുതുക്കി നിര്‍ണയിക്കാവുന്നതാണ്. അത് നബിയുടെ നടപടിക്ക് എതിരാവില്ല. ഇതുവരെ നാം നടത്തിയ ചര്‍ച്ചയില്‍നിന്ന് ഉരുത്തിരിയുന്ന പ്രധാനവസ്തുത തിരുചര്യയിലെ നിയമനിര്‍മാണ-നിയമനിര്‍മാണേതര വശങ്ങളെ നാം പ്രത്യേകം വ്യവഛേദിച്ച് ഗ്രഹിക്കേണ്ടതാണ്. എല്ലാ കാലത്തേക്കുള്ളതും അല്ലാത്തതുമായ നിയമങ്ങളെ തിരിച്ചറിയണം. അതേപോലെ രാഷ്ട്രനായകന്‍, നേതാവ് എന്ന നിലകളില്‍ കൈക്കൊണ്ട നടപടികളും പഠനവിധേയമാക്കണം. ഇങ്ങനെ കൃത്യമായ വിഭജനം സാധ്യമായാല്‍ , തിരുചര്യാ നിര്‍ദേശങ്ങള്‍ സുരക്ഷിതമായി പ്രയോഗവത്കരിക്കാന്‍ സാധിക്കും. അല്ലാഹു നല്ല ഉള്‍ക്കാഴ്ച നല്‍കിയവര്‍ക്കേ ഇത് സാധിക്കുകയുള്ളൂ.

ഡോ. യൂസുഫുല്‍ ഖറദാവി

Topics