ഞാനറിഞ്ഞ ഇസ്‌ലാം

‘ഞാനിപ്പോള്‍ മോഡല്‍ പൂജയല്ല, അംന ഫാറൂഖി’

(നേപ്പാള്‍ മുന്‍സിനിമാ നടിയും മോഡലുമായിരുന്ന പൂജ ലാമയുടെ സത്യാന്വേഷണം)

ചോ: താങ്കളെ ഇസ്‌ലാം സ്വീകരിക്കാന്‍ പ്രചോദിപ്പിച്ചതെന്താണ്?

പൂജ: ഞാന്‍ ബുദ്ധമതവിശ്വാസികളുടെ കുടുംബത്തിലാണ് ജനിച്ചത്. ഒരു വര്‍ഷം മുമ്പ് മറ്റുമതങ്ങളെയും ദര്‍ശനങ്ങളെയും കുറിച്ച് പഠിക്കണമെന്ന് തീരുമാനിച്ചു. തദടിസ്ഥാനത്തില്‍ ഹിന്ദുയിസം, ക്രിസ്ത്യാനിറ്റി, ഇസ്‌ലാം എന്നിവയെ താരതമ്യംചെയ്തുകൊണ്ടുള്ള പഠനം തുടങ്ങി. ഈ പഠനത്തിനിടക്ക് ദുബായ്, ഖത്വര്‍ എന്നീ നാടുകള്‍ സന്ദര്‍ശിച്ചവേളയില്‍ അവിടത്തെ ഇസ്‌ലാമികനാഗരികത എന്നെ വല്ലാതെയാകര്‍ഷിച്ചു. ഇസ്‌ലാമിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഉദ്‌ഘോഷിക്കുന്ന ഏകത്വമാണ്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം പോലെ മറ്റൊന്ന് ഇതരദര്‍ശനങ്ങളിലില്ല.

ചോ: മാധ്യമങ്ങള്‍ ഇസ്‌ലാമിനെ ഭീകരതയുടെ പ്രത്യയശാസ്ത്രമായാണ് താറടിച്ചുകാണിക്കുന്നത്. ഇതിനെ താങ്കള്‍ എങ്ങനെയാണ് നേരിട്ടത്?

പൂജ: എന്റെ ഇസ്‌ലാംസ്വീകരണത്തിന് ഇപ്പറഞ്ഞ മാധ്യമപ്രോപഗണ്ടയും പ്രേരിപ്പിച്ചുവെന്നതാണ് വാസ്തവം. ഞാന്‍ പഠിച്ചുമനസ്സിലാക്കിയതല്ല മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. മനുഷ്യസ്‌നേഹവും സമാധാനവും നീതിയും സംസ്ഥാപിക്കാന്‍ ഇസ്‌ലാമിനോളം അനുയോജ്യമായ മറ്റൊരു ദര്‍ശനവുില്ല.

ചോ: സിനിമാമേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളില്‍പെട്ടയാളാണല്ലോ താങ്കള്‍. ഒരിക്കല്‍ ആത്മഹത്യക്കുപോലും ശ്രമിക്കുകയുണ്ടായി. അതെക്കുറിച്ച് പറയാമോ?

പൂജ: ഞാന്‍ മൂന്നുതവണ വിവാഹിതയായി എന്നും ആദ്യഭര്‍ത്താവിലെ കുട്ടി എന്റെ അമ്മയോടൊപ്പമാണെന്നും മറ്റും എരിവുംപുളിയുംചേര്‍ത്ത് വാര്‍ത്തപടച്ചുവിട്ട മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നില്ല. അതവരുടെ പത്രസ്ഥാപനത്തിന്റെ നിലനില്‍പുമായി ബന്ധപ്പെട്ട വിഷയമാണ്. പക്ഷേ, വില്‍പന വര്‍ധിപ്പിക്കാനായി കള്ളം പടച്ചുവിട്ടത് എന്നെ വളരെയേറെ മുറിവേല്‍പിച്ചു. ആളുകള്‍ അതെല്ലാം എന്റെ പ്രസിദ്ധിക്കുവേണ്ടിയുള്ള നാടകങ്ങളാണെന്ന് എന്നെ കുറ്റപ്പെടുത്തി. ഞാന്‍ അങ്ങേയറ്റം ദുഃഖിതയായ സമയത്താണ് ആത്മഹത്യചെയ്താലോയെന്ന് തോന്നിയത്. എന്നാല്‍ എന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ മതഗ്രന്ഥങ്ങള്‍ വായിക്കുകയും അങ്ങനെ ഇസ്‌ലാമില്‍ എത്തിപ്പെടുകയുമായിരുന്നു. എന്റെ ഭൂതകാലം ഞാന്‍ മറന്നുകഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ എല്ലാ പുഴുക്കുത്തുകളില്‍നിന്നും മുക്തമായ സന്തുഷ്ടജീവിതംനയിക്കുന്നു.

ചോ: പൂജാ, ഇസ്‌ലാംസ്വീകരണത്തിനുശേഷം താങ്കളുടെ വേഷവിധാനത്തിലടക്കം പതിവുരീതികള്‍ക്ക് മാറ്റം വന്നു. കഴിഞ്ഞകാലചെയ്തികളെയോര്‍ത്ത് ഇപ്പോള്‍ പശ്ചാത്താപം തോന്നുന്നുണ്ടോ?

പൂജ: എന്നെ ഇനി പൂജ എന്നുവിളിക്കല്ലേ. അതെന്റെ ഭൂതകാലമാണ് ഇപ്പോള്‍ ഞാന്‍ അംനാ ഫാറൂഖിയാണ്. കഴിഞ്ഞകാലം ഒട്ടനേകം മാനസികസമ്മര്‍ദ്ദങ്ങളുടേതായിരുന്നു. മദ്യവും സിഗരറ്റുമായിരുന്നു എനിക്ക് അന്ന് അഭയം. ചിലപ്പോഴൊക്കെ ബോധംമറയുമാറ് മദ്യപിച്ചിരുന്നു. ഘനാന്ധകാരം സമ്മാനിച്ച വിഷാദത്തിന്റെ ഇരുളിലായിരുന്നു ഞാന്‍. ഇസ്‌ലാംപകര്‍ന്നുനല്‍കിയ സന്തോഷം എന്നെ എല്ലാ ചീത്തസ്വഭാവങ്ങളില്‍നിന്നും മോചിപ്പിച്ചു. ഇപ്പോള്‍ ദീനിവിരുദ്ധമായ കാര്യങ്ങളൊന്നും തന്നെചെയ്യാറില്ല.

ചോ: ഇസ്‌ലാംസ്വീകരണത്തിന് തയ്യാറായത് എപ്പോഴാണ്?

അംന: എനിക്ക് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനംചെയ്ത ഒട്ടേറെ ബുദ്ധവിശ്വാസികളായ സുഹൃത്തുക്കളുണ്ട്. ഞാന്‍ ദുഃഖിച്ചിരിക്കുന്നതു കണ്ടപ്പോള്‍ അവരാണ് എനിക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍തന്ന് പ്രചോദിപ്പിച്ചത്. ഞാന്‍ വായനതുടങ്ങി. ഒരിക്കല്‍ ഞാന്‍ ഇസ്‌ലാമികപഠനക്ലാസില്‍ പങ്കെടുത്തു. അവിടെവെച്ച് എന്റെ ഹൃദയം തുറക്കപ്പെട്ടു. അല്ലാഹുവിനെയല്ലാതെ ഒരു മനുഷ്യനെയും ഭയപ്പെടേണ്ടതില്ലെന്ന് ഞാനന്ന് തിരിച്ചറിഞ്ഞു. ആ സമയത്താണ് ഞാന്‍ ഇസ്‌ലാംസ്വീകരിച്ചത്.

ചോ: താങ്കളുടെ ഇസ്‌ലാംസ്വീകരണത്തോട് കുടുംബത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു ?

അംന: ഇസ്‌ലാം സ്വീകരിച്ചയുടന്‍ ഞാനക്കാര്യം ഇന്ത്യയിലെ ഡാര്‍ജിലിങിലുണ്ടായിരുന്ന എന്റെ കുടുംബത്തെ അറിയിച്ചു. അമ്മ പൂര്‍ണപിന്തുണ അറിയിച്ചു. എന്റെ കുടുംബത്തിന്റെ അഭിപ്രായംഇതായിരുന്നു:’ പ്രിയപ്പെട്ടവളേ, നീ ശരിയായ പാത തെരഞ്ഞെടുത്തു. നിന്നെ സന്തോഷവതിയായി ക്കാണുന്നതില്‍ ഇപ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു.’ എല്ലാ ദുഃശീലങ്ങളില്‍നിന്നും മുക്തയായി എന്നെ അവര്‍കണ്ടപ്പോള്‍ ആദര്‍ശപരിവര്‍ത്തനത്തെ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു.

ചോ: താങ്കള്‍ ഏതോ മുസ്‌ലിംചെറുപ്പക്കാരനുമായി സ്‌നേഹത്തിലാണെന്നും വിവാഹിതയായെന്നും അതാണ് ഇസ്‌ലാം പരിവര്‍ത്തനത്തിന് പിന്നിലുള്ളതെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ടുചെയ്തിരുന്നു. അത് സത്യമാണോ?

അംന: അടിസ്ഥാനരഹിതങ്ങളായ വാര്‍ത്തകളാണതെല്ലാം. എന്റെ കൂട്ടുകാരില്‍ ചിലര്‍ മുസ്‌ലിംകളാണ്. എന്നുവെച്ച് അവരിലൊരാളുമായി ഞാന്‍ പ്രേമത്തിലായിയെന്നും വിവാഹംകഴിക്കാനായി ഇസ്ലാംസ്വീകരിച്ചെന്നും പറയുന്നത് ശുദ്ധഭോഷ്‌കാണ്. ഇപ്പോള്‍ ഞാനൊരു മുസ്‌ലിമാണ്. അതുകൊണ്ടുതന്നെ ഭാവിയില്‍ ഒരു വിവാഹജീവിതം എനിക്കാവശ്യമാണ്. വിവാഹവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാവരെയും അറിയിക്കുകയുംചെയ്യും.

Topics