സല്‍ത്തനത്തുകള്‍

ഗസ്‌നി സല്‍ത്തനത്ത്

മക്‌റാന്‍, സിന്ധ്, മുല്‍ത്താന്‍ എന്നിവയുള്‍പ്പെട്ട ഇന്ത്യ-പാക് ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാം കടന്നുവരുന്നത് ഉമവി ഭരണകാലത്തെ മുഹമ്മദ് ബ്‌നു കാസിമിന്റെ സൈനികനീക്കത്തിലൂടെയാണ്. ഇസ്‌ലാമികലോകത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളായിരുന്നു അവ. അദ്ദേഹത്തിനുശേഷം മൂന്ന് നൂറ്റാണ്ട് കഴിഞ്ഞ് ഖൈബര്‍ ചുരംവഴിയായിരുന്നു മുസ്‌ലിംകള്‍ എത്തിയത്.

സാമാനി ഭരണകൂടം ബലക്ഷയം നേരിട്ടപ്പോള്‍ മേല്‍പറഞ്ഞ പ്രവിശ്യകളിലെ ഭരണാധികാരികള്‍ സ്വയം ഭരണം പ്രഖ്യാപിച്ചു. അങ്ങനെ സബക്തഗിന്‍(ഹി. 366-387) ഗസ്‌നിയില്‍ സ്ഥാപിച്ച ഭരണകൂടമാണ് ഗസ്‌നി സല്‍ത്തനത്ത് എന്നറിയപ്പെടുന്നത്. ഇന്നത്തെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന് തെക്കുള്ള നഗരമാണ് ഗസ്‌നി. മുസ്‌ലിംകള്‍ ആദ്യമായി ഖൈബര്‍ചുരംകടന്ന് പാകിസ്താനില്‍ പ്രവേശിച്ചത് സബക്തഗിന്റെ കാലത്താണ്. അക്കാലത്ത് ലാഹോറില്‍ ഹിന്ദുരാജാവായ ജയ്പാല്‍ ആയിരുന്നു ഭരണം നടത്തിയിരുന്നത്. പെഷവാര്‍ മുതല്‍ കാബൂള്‍ വരെ വ്യാപിച്ചിരുന്ന ആ രാജ്യം സബക്തഗിന്നിന്റെ രാഷ്ട്രാതിര്‍ത്തി പങ്കിട്ടിരുന്നു. ജയ്പാല്‍ വന്‍സൈന്യത്തെ ഒരുക്കി അയല്‍രാജ്യത്തേക്ക് പടനയിച്ചെങ്കിലും പരാജയപ്പെട്ടു. കരാറനുസരിച്ച് കപ്പം നല്‍കാതിരുന്ന അദ്ദേഹത്തെ തോല്‍പിച്ച് പെഷാവര്‍ സബക്തഗിന്‍ കീഴടക്കി.

ഇരുപത് വര്‍ഷത്തെ ഭരണത്തിന് ശേഷം സബക്തഗിന്‍ മരിച്ചു. പുത്രന്‍ മഹ്മൂദ് ഗസ്‌നി(ഹി. 387-421)യാണ് തുടര്‍ന്ന് അധികാരത്തിലേറിയത്. സബക്തഗിന്‍ കുടുംബത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു മഹ്മൂദ്. ധീരനായിരുന്ന മഹ്മൂദ് പിതാവിനോടൊപ്പം ചെറുപ്പത്തില്‍തന്നെ നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്തു. ഭരണമേറ്റെടുത്തതിനുശേഷം അദ്ദേഹം രാജ്യ വിസ്തൃതിക്കായി യത്‌നിച്ചു. സമര്‍ഥനായ പടനായകനായിരുന്ന മഹ്മൂദ് വടക്ക് ഖവാറസ്മും ബുഖാറയും അധീനപ്പെടുത്തി. സമര്‍ഖന്ത് പ്രദേശത്തെ ചെറു ഭരണകൂടങ്ങള്‍ ഗസ്‌നിയുടെ മേല്‍ക്കോയ്മ അംഗീകരിച്ചു. തെക്കു ബനൂ ബുപൈഹിന്റെ കീഴിലായിരുന്ന റയ്യ്, ഇസ്ഫഹാന്‍, ഹമദാന്‍ എന്നിവയും കീഴടക്കി. കിഴക്ക് ഇന്നത്തെ പടിഞ്ഞാറന്‍ പാകിസ്താനിലുള്‍പ്പെടുന്ന പ്രദേശങ്ങള്‍ മഹ്മൂദ് തന്റെ രാജ്യത്തോട് ചേര്‍ത്തു.

ലാഹോറിലെ ജയ്പാല്‍ ഭരണകൂടം ഗസ്‌നി മേല്‍ക്കോയ്മ അംഗീകരിച്ചിരുന്നുവെങ്കിലും അവിടത്തെ രാജാവ് കപ്പം ഇടക്കിടെ നിര്‍ത്തിക്കൊണ്ടിരുന്നു. മാത്രമല്ല, ഇന്ത്യന്‍ രാജാക്കന്‍മാരുടെ സഹായത്തോടെ മഹ്മൂദിനെതിരെ പടനീക്കങ്ങള്‍ നടത്തുകയും ചെയ്തു. മഹ്മൂദ് അവരെയെല്ലാം പലകുറി പരാജയപ്പെടുത്തുകയും ചെയ്തു. പിന്നെയും അവര്‍ ആക്രമണം തുടര്‍ന്നു. ഗത്യന്തരമില്ലാതെ മഹ്മൂദ് ഗസ്‌നി ഹി. 410- ല്‍ ലാഹോറിനെ സ്വന്തം രാജ്യത്തോട് ചേര്‍ത്തു. തുടര്‍ന്ന് ലാഹോര്‍ രാജാവിന് സഹായം നല്‍കിയ രാജാക്കന്‍മാരുടെ പ്രദേശങ്ങളെയും ആക്രമിച്ചു. ഖനൂജും കലഞ്ചറും വരെയുള്ള പ്രദേശങ്ങളിലേക്ക് ഗസ്‌നി രാജ്യം വികസിച്ചു. ഈ പ്രദേശങ്ങളില്‍ അദ്ദേഹം നേരിട്ട് ഭരണം നടത്തിയില്ല. അവിടത്തെ രാജാക്കന്‍മാരെക്കൊണ്ട് തന്റെ മേല്‍ക്കോയ്മ അംഗീകരിപ്പിച്ച ശേഷം അദ്ദേഹം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി. മഹ്മൂദ് അവസാനമായി നടത്തിയ ഏറ്റവും വലിയ യുദ്ധം സോമനാഥത്തോടായിരുന്നു. സോമനാഥത്തില്‍നിന്ന് മടങ്ങുംവഴി മന്‍സൂറ കീഴടക്കി. സിന്ധുവും തന്റെ രാജ്യത്തോട് ചേര്‍ത്തു. പാകിസ്താനിലും ഇന്ത്യയിലുമായി അദ്ദേഹം മൊത്തം പതിനേഴ് തവണ പടയോട്ടം നടത്തി. ഈ യുദ്ധങ്ങള്‍ വഴി മഹ്മൂദ് വളരെ പ്രശസ്തനായെങ്കിലും അവയൊന്നും ഇസ്‌ലാമിന് വേണ്ടിയായിരുന്നില്ല.

മഹ്മൂദിന്റെ സൈന്യം ഡല്‍ഹി, മഥുര, ഖനൂജ്, സോമനാഥം തുടങ്ങിയ പ്രദേശങ്ങളിലൊക്കെ എത്തിയെങ്കിലും അവിടങ്ങളിലെല്ലാം ധനം കൊള്ളചെയ്തും തന്റെ മേല്‍ക്കോയ്മ അംഗീകരിപ്പിച്ചും നാട്ടിലേക്ക് മടങ്ങുകയാണദ്ദേഹം ചെയ്തത്. തന്റെ മേല്‍ക്കോയ്മ അംഗീകരിച്ച ഈ രാജാക്കന്‍മാര്‍ കൂടെക്കൂടെ കലാപം നടത്തിക്കൊണ്ടിരുന്നു. അതിനാല്‍ അദ്ദേഹത്തിന് വീണ്ടും വീണ്ടും സൈന്യവുമായി വരേണ്ടിവന്നു. കീഴടക്കിയ സ്ഥലങ്ങളെ തന്റെ ഭരണത്തിന്‍കീഴില്‍ ഏകീകരിക്കുന്നതില്‍ മഹ്മൂദ് തല്‍പരനായിരുന്നില്ല. അദ്ദേഹത്തിന് കൂടെക്കൂടെ യുദ്ധങ്ങള്‍ നടത്തേണ്ടിവന്നത് അതുകൊണ്ടാണ്. ആളും അര്‍ഥവും കണക്കില്ലാതെ നഷ്ടപ്പെടുക മാത്രമായിരുന്നില്ല ഇതിന്റെ ഫലം, മുസ്‌ലിംകള്‍ യുദ്ധപ്രിയരാണെന്ന തെറ്റുധാരണ തദ്ദേശവാസികളായിരുന്ന ഹിന്ദുക്കള്‍ക്കിടയില്‍ രൂഢമൂലമാവുകയെന്നതുമായിരുന്നു.

പ്രജാവത്സലനായ ഭരണാധികാരിയായിരുന്നു മഹ്മൂദ് ഗസ്‌നി. വിജ്ഞാനത്തിനും സാഹിത്യത്തിനും അദ്ദേഹം വളരെയധികം പ്രോത്സാഹനം നല്‍കിയിരുന്നു. പ്രഗത്ഭവ്യക്തികളുടെ സംഗമസ്ഥലമായിരുന്ന അദ്ദേഹത്തിന്റെ ദര്‍ബാറില്‍ 400-ലേറെ കവികള്‍ തന്നെയുണ്ടായിരുന്നു. ‘ഷാഹ്നാമ’യുടെ കര്‍ത്താവായ പ്രസിദ്ധ കവി ഫിര്‍ദൗസി അവരിലൊരാളായിരുന്നു. പേര്‍ഷ്യന്‍ സാഹിത്യത്തിന് സമാനിദുകളുടെ കാലത്തുണ്ടായതിലധികം വളര്‍ച്ച മഹ്മൂദിന്റെ കാലത്തുണ്ടായി. പേര്‍ഷ്യന്‍ ഭാഷ വളരെയധികം പുരോഗതി കൈവരിച്ചു.
മഹ്മൂദിന്റെ കാലത്ത് ജീവിച്ച പണ്ഡിതനാണ് അല്‍ ബിറൂനി(ഹി. 362). ഗസ്‌നിയുടെ സൈന്യത്തോടൊപ്പമാണ് അദ്ദേഹം ഇന്ത്യയില്‍ വന്നതും അതുവഴി ഇന്ത്യയെക്കുറിച്ചെഴുതാന്‍ പ്രചോദനമുണ്ടായതും.

മഹ്മൂദിന്റെ കാലത്ത് ഗസ്‌നി നഗരത്തിന് വളരെയധികം വികസനമുണ്ടായി. ഗംഭീരമായ പള്ളിയും വലിയ വിദ്യാലയവും കാഴ്ചബംഗ്ലാവും അദ്ദേഹം അവിടെ സ്ഥാപിച്ചു. ഖനൂജ് വിജയത്തിന്റെ സ്മാരകമായി അദ്ദേഹം സ്ഥാപിച്ച മിനാരം ഗസ്‌നിയില്‍ ഇന്നും നിലനില്‍ക്കുന്നു.
മഹ്മൂദിനുശേഷം ഗസ്‌നി ഭരണകൂടത്തിന്റെ അധഃപതനം തുടങ്ങി. മഹ്മൂദിന്റെ പുത്രന്‍ മസ്ഊദിന്റെ അവസാനകാലത്ത് മധ്യേഷ്യയില്‍നിന്ന് വന്ന സല്‍ജൂഖികള്‍ ഗസ്‌നി ഭരണകൂടത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങള്‍ കീഴടക്കി. ഗസ്‌നി സുല്‍ത്താന്‍മാരുടെ അധീനത്തില്‍ ഇന്നത്തെ അഫ്ഗാനിസ്താന്റെ കിഴക്കന്‍ പ്രദേശങ്ങളും പാക്കിസ്താനും മാത്രമേ അവശേഷിച്ചുള്ളൂ.

ഹി. 545 (ക്രി. 1150)ല്‍ ഗോറിലെ സുല്‍ത്താനായ അലാവുദ്ദീന്‍ ഗോറി ഗസ്‌നി പട്ടണം പിടിച്ചടക്കി അഗ്നിക്കിരയാക്കിയതോടെ ഗസ്‌നി സല്‍ത്തനത്ത് തകര്‍ന്നുതുടങ്ങി. ഈ സംഭവത്തിനുശേഷം അവസാനത്തെ രണ്ട് ഗസ്‌നി സുല്‍ത്താന്‍മാര്‍ ലാഹോര്‍ ആസ്ഥാനമാക്കിയാണ് ഭരണം നടത്തിയത്. ഹി. 582 ല്‍ സിഹാബുദ്ദീന്‍ എന്നുപേരായ ഗോറിലെ മറ്റൊരു സുല്‍ത്താന്‍ ലാഹോര്‍ പിടിച്ചടക്കുകയും ഗസ്‌നി ഭരണത്തിന് അന്ത്യം കുറിക്കുകയുംചെയ്തു.

ഗസ്‌നി സുല്‍ത്താന്‍മാരുടെ ഭരണം ഇന്ത്യയുടെ ചരിത്രത്തില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. രണ്ട് നൂറ്റാണ്ടോളം ഇന്ത്യയുടെ പശ്ചിമപ്രദേശങ്ങള്‍ ഗസ്‌നി ഭരണകൂടത്തിന്റെ ഭാഗമായിരുന്നു. ആ കാലത്താണ് പശ്ചിമ ഇന്ത്യയില്‍ ഇസ്‌ലാമിക സംസ്‌കാരം വേരോടിയത്. സുലൈമാന്‍ പര്‍വതത്തില്‍ അധിവസിച്ചിരുന്ന പഠാണികള്‍ ഇസ്‌ലാം സ്വീകരിച്ചതും ലാഹോര്‍ വിജ്ഞാനത്തിന്റെയും സാഹിത്യത്തിന്റെയും കേന്ദ്രമായി വളര്‍ന്നതും ഈ കാലത്താണ്.

Topics