ചോദ്യം : തിന്‍മകളുടെ മൂര്‍ത്തീമല്‍ഭാവമായിരുന്ന ആറാം നൂറ്റാണ്ടിലെ അറബികളെ നന്നാക്കാന്‍ വേണ്ടി ഉണ്ടാക്കിയ നിയമങ്ങളല്ലേ ഖുര്‍ആനില്‍ ഉള്ളത്? ആധുനിക കാലത്ത് അതിന് എന്ത് പ്രസക്തി?
മറുപടി:
ആറാം നൂറ്റാണ്ടിലെ അറബികളെ മാത്രമല്ല, തിന്‍മകളുടെ മൂര്‍ത്തീമല്‍ഭാവമായ ആരെയും നന്നാക്കാനും, ജീവിതലക്ഷ്യമെന്തെന്നറിയാത്തവര്‍ക്ക് അത് വ്യക്തമാക്കിക്കൊടുക്കാനും വേണ്ടി ദൈവം നല്‍കിയ നിയമങ്ങളാണ് ഖുര്‍ആനില്‍ ഉള്ളത്. ഇക്കാര്യത്തില്‍ ആറാം നൂറ്റാണ്ടോ ഇരുപത്തിയൊന്നാം നൂറ്റാണ്ടോ എന്ന വ്യത്യാസമില്ല.
കാലദേശ പരിമിതികള്‍ക്കതീതമായി ജനങ്ങളെ സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്ന ദൈവിക ഗ്രന്ഥമാണ് ഖുര്‍ആന്‍. ലോകത്തിന് മുഴുവന്‍ വഴികാട്ടിയായും സത്യാസത്യ വിവേചനത്തിനുള്ള മാനദണ്ഡമായും ജിബ്’രീല്‍ എന്ന മലക്ക് മുഖേന അല്ലാഹു മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിച്ചുകൊടുത്ത അവസാനത്തെ വേദഗ്രന്ഥമാണ്. അത് ഏതെങ്കിലും വ്യക്തികളാല്‍ ഉണ്ടാക്കപ്പെട്ടതല്ല,ജനങ്ങള്‍ ഭിന്നിച്ച വിഷയങ്ങളില്‍ ദൈവികമായ തീര്‍പ്പ് കല്‍പ്പിക്കുന്നു അത്. മാത്രമല്ല, അവരുടെ ജീവിതത്തിന്റെ ഓരോ വശത്തേക്കും വേണ്ട വെളിച്ചംവീശുകയും, സത്യത്തിലൂടെ വഴിനടത്തുകയും അങ്ങനെ ഐഹികവും പാരത്രികവുമായ വിജയസൗഭാഗ്യങ്ങള്‍ക്ക് അവരെ അര്‍ഹാരാക്കുകയും ചെയ്യുന്നു. ‘മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്‍ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരക്കല്ലായും അവതരിച്ച’ വേദഗ്രന്ഥമാണത് (അല്‍ബഖറ: 185).
‘മനുഷ്യര്‍ക്കാസകലം സുവിശേഷകനും മുന്നറിയിപ്പുകാരനുമായിട്ട് തന്നെയാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്’ (സബഅ് 28).
‘പറയുക, ഹേ ജനങ്ങളേ, നിശ്ചയം ഞാന്‍ നിങ്ങളില്‍ എല്ലാവരിലേക്കുമുള്ള ദൈവദൂതനാകുന്നു’ (അല്‍ അഅറാഫ് -158).
‘പ്രവാചകരേ, താങ്കള്‍ മനുഷ്യരെ അവരുടെ റബ്ബിന്റെ അനുമതിയോടെ അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക്, സ്തുതീയനായ അജയന്റെ സരണിയിലേക്ക് മോചിപ്പിക്കാന്‍ ഈ ഗ്രന്ഥം നാം താങ്കള്‍ക്കിറക്കിത്തന്നിരിക്കുന്നു’ (ഇബ്‌റാഹീം -1).
‘ലോകര്‍ക്കാസകലം മുന്നറിയിപ്പായിരിക്കുന്നതിന് വേണ്ടി തന്റെ ദാസന്ന് ഈ ഖുര്‍ആന്‍ അവതരിപ്പിച്ചുകൊടുത്തവന്‍ അതീവ പരിശുദ്ധനും അത്യുന്നതനുമാകുന്നു'( അല്‍ഫുര്‍ഖാന്‍-1) എന്നിങ്ങനെയെല്ലാം ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്രകാരംതന്നെ, മുഹമ്മദ് നബി(സ) ലോകാവസാനം വരെ വരാനിരിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി നിയോഗിക്കപ്പെട്ട ദൂതനും പ്രവാചക ശൃംഖലയിലെ അവസാന കണ്ണിയുമാണെന്നും, അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ മാലോകര്‍ക്ക് മുഴുവനായി ഉള്ളതും അന്തിമ വേദവുമാണെന്നും ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. അതിന്റെ സംരക്ഷണം നാം ഏറ്റെടുത്തിരിക്കുന്നു എന്നും അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
‘മുഹമ്മദ് നിങ്ങളില്‍ ആരുടെയെങ്കിലും പിതാവായിട്ടില്ല, എന്നാല്‍ അദ്ദേഹം ദൈവദൂതനും പ്രവാചകന്മാരില്‍ അവസാനത്തെയാളുമാണ്’ (അല്‍അഹ് സാബ് : 40).
‘നാമാണ് ഈ ഉദ്‌ബോധനം അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും’ (അല്‍ഹിജ്‌റ്: 9).
ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന നിയമസംഹിതയുടെ സാര്‍വ്വജനീനതയെ സ്ഫുരിപ്പിക്കുന്ന നിരവധി പ്രവാചക വചനങ്ങളുമുണ്ട്. ‘എന്റെയും എനിക്ക് മുമ്പുള്ള പ്രവാചകന്മാരുടെയും ഉപമ ഇതാണ്. ഒരാള്‍ ഒരു മന്ദിരം നിര്‍മിച്ചു. അതിനെ വളരെ സുന്ദരവും സുഭദ്രവുമാക്കി. പക്ഷേ ഒരു ഇഷ്ടികയുടെ സ്ഥാനം ഒഴിവാക്കി വെച്ചു. ജനങ്ങള്‍ അതിനെ പ്രദക്ഷിണം വെക്കുകയും അതിന്റെ ഭംഗി കണ്ട് വിസ്മയിക്കുകയും ചെയ്തു. ‘എന്തുകൊണ്ട് ഈ കല്ലു കൂടി വെച്ചില്ല’ എന്നവര്‍ പറയുകയുണ്ടായി. ഞാനത്രേ ആ കല്ല്. ഞാനത്രേ അന്ത്യപ്രവാചകന്‍’. ‘മുമ്പ് പ്രവാചകന്മാര്‍ തങ്ങളുടെ സമുദായങ്ങളിലേക്ക് പ്രത്യേകമായി അയക്കപ്പെട്ടിരുന്നു. എന്നാല്‍ ഞാന്‍ മുഴുവന്‍ ജനങ്ങളിലേക്കുമായി നിയോഗിക്കപ്പെട്ടിരിക്കുന്നു’, ‘കറുത്തവരിലേക്കും വെളുത്തവരിലേക്കുമെല്ലാമായിട്ടാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്’. കൂടാതെ, താനുള്‍പ്പെടെയുള്ള പ്രവാചകന്മാര്‍ ഭൂമിലോകത്ത് നിര്‍വഹിച്ച ഡ്യൂട്ടി തന്റെ അനുയായികളായ മുസ്‌ലിംകളെ ഏല്‍പിച്ചുകൊണ്ടാണ് മുഹമ്മദ് നബി(സ) വിടപറഞ്ഞത്. എല്ലാറ്റിനും പുറമേ, ആര്‍ക്കും മാതൃകയാക്കാന്‍ കഴിയും വിധം മുഹമ്മദ് നബിയുടെ ചര്യയും (സുന്നത്ത്) സംരക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
ഭക്തന്മാര്‍ക്ക് സന്തോഷവാര്‍ത്തയറിയിക്കാനും കുതര്‍ക്കികളായ അക്രമികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും എന്നതാണ് ഖുര്‍ആന്റെ പ്രഖ്യാപനം. അല്ലാതെ ‘മക്കക്കാര്‍ക്ക് വേണ്ടി മാത്രം’ എന്നോ, ‘ആറാം നൂറ്റാണ്ടിലെ അറബികള്‍ക്ക് മാത്രം’ എന്നോ എവിടെയും അത് പറയുന്നില്ല. അതിനാല്‍ തന്നെ ഖുര്‍ആന്‍ അംഗീകരിക്കുന്ന ഒരാള്‍ക്കും, അത് ആറാം നൂറ്റാണ്ടുകാരായ അറബികളെ നന്നാക്കാന്‍ വേണ്ടി ഉണ്ടാക്കിയ നിയമങ്ങളാണെന്ന് പറഞ്ഞ് പരിമിതപ്പെടുത്താനാവില്ല.
മേല്‍കൊടുത്ത ദൈവിക സൂക്തങ്ങളും പ്രവാചക വചനങ്ങളും വ്യക്തമാക്കുന്നത്, ഖുര്‍ആനും അത് മുന്നോട്ടുവെക്കുന്ന ജീവിതദര്‍ശനമായ ഇസ് ലാമും ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണെന്നത്രെ. മുഹമ്മദ് നബി(സ) അറബികളെ മാത്രം മോചിപ്പിക്കാനായി നിയോഗിക്കപ്പെട്ടതല്ല. മറിച്ച്, എല്ലാരീതിയിലും ചങ്ങലകളാല്‍ ബന്ധിതരായിട്ടുള്ള മനുഷ്യകുലത്തിന്റെ ബന്ധനങ്ങളെ പൊട്ടിച്ചെറിയുന്നവനായിട്ടാണ്. അതുപോലെത്തന്നെ ഇസ് ലാമിക ശരീഅത്ത് മനുഷ്യരെയെല്ലാം ഒരേ കണ്ണിലൂടെയാണ് നോക്കിക്കാണുന്നത്. ശരീഅത്തിന്റെ നിയമങ്ങളിലും അടിസ്ഥാനങ്ങളിലും വിശ്വമാനവികതയുടെ വര്‍ണം ചാര്‍ത്തപ്പെട്ടിരിക്കുന്നു. ജനങ്ങളെ മുഴുവനായി അഭിസംബോധന ചെയ്യുകയാണ് ഖുര്‍ആനിന്റെ ശൈലി. ‘പ്രവാചകരേ, ലോകര്‍ക്ക് കാരുണ്യമായിട്ട് മാത്രമാകുന്നു താങ്കളെ നാം നിയോഗിച്ചിട്ടുള്ളത്’ (അല്‍ അമ്പിയാഅ്: 107). ഇസ്‌ലാമിക ശരീഅത്തിന്റെ സാര്‍വ്വലൗകികതയെ നിഷേധിക്കുന്നവര്‍ ഈയൊരു വസ്തുതയെ ബോധപൂര്‍വം അവഗണിക്കുന്നവരാണ്.
കാലങ്ങളിലൂടെ വളര്‍ന്നുവികസിച്ച് ക്രോഡീകരിക്കപ്പെട്ട കേവലമായ ആചാരങ്ങളും നിയമങ്ങളുമല്ല ഇസ്‌ലാമിക ശരീഅത്ത്. അത് ആകാശത്തുനിന്ന് അര്‍ത്ഥസമ്പൂര്‍ണതയോടും സമഗ്രവിവക്ഷകളോടും കൂടി ഭൂമിയിലേക്ക് അവതരിച്ച ജീവസ്സുറ്റ യഥാര്‍ഥ്യമാണ്. യാതൊരു ന്യൂനതയോ കോട്ടമോ അതില്‍ കണ്ടെത്താന്‍ മനുഷ്യബുദ്ധിക്ക് സാധ്യമല്ല. കാലത്തോടൊപ്പമുള്ള പുരോഗതികളെയും പുതിയ സംഭവവികാസങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ഇലാസ്തികത (flexibiltiy) ശരീഅത്തിനുണ്ട്. സ്വേച്ഛ, അനീതി, പരിമിതി എന്നിവയില്‍നിന്നും മുക്തമാണത്. ന്യൂനതകളോ, കോട്ടങ്ങളോ ബാധിക്കാത്തത് എന്ന അടിസ്ഥാനത്തില്‍ ശരീഅത്ത് സമ്പൂര്‍ണവും, മനുഷ്യന്റെ ഭൗതികആത്മീയ കാര്യങ്ങളെ ഒരുപോലെ കൈകാര്യം ചെയ്യുന്നു എന്ന അടിസ്ഥാനത്തില്‍ സമഗ്രവുമാണ്. സകല മനുഷ്യനിര്‍മിത വ്യവസ്ഥകളെയും അത് കവച്ചുവെക്കുന്നു.
സാമൂഹിക സാമ്പത്തിക ഇടപാടുകള്‍ ക്രമീകരിക്കാനും സമൂഹത്തെ കുറ്റകൃത്യങ്ങളില്‍നിന്നും അരാജകത്വത്തില്‍നിന്നും സംരക്ഷിക്കാനും മാത്രമാണ് മനുഷ്യ നിര്‍മിത വ്യവസ്ഥകള്‍ പ്രാധാന്യം നല്‍കുന്നത്. പക്ഷേ, അവ സ്വഭാവ സംസ്‌കരണത്തില്‍ ശ്രദ്ധ കൊടുക്കുന്നില്ല. മാത്രമല്ല, അത് മനുഷ്യന്റെ ആന്തരിക പ്രകൃതമാണെന്നും അവയെ നിബന്ധനകളുടെ കീഴില്‍ കൊണ്ടുവരിക അസാധ്യമാണെന്നും വാദിക്കുകയും ചെയ്യുന്നു. പക്ഷേ, ഈയൊരു മേഖലയെ അവഗണിച്ചതിന്റെ ഫലമായി മനുഷ്യനിര്‍മിത വ്യവസ്ഥകള്‍ നിലനില്‍ക്കുന്നിടങ്ങളില്‍ നാശവും തകര്‍ച്ചയും ആത്മീയമൂല്യങ്ങളുടെ ശോഷണവും നമുക്ക് കാണാവുന്നതാണ്. ഇതാണ് മനുഷ്യ നിര്‍മിത നിയമ വ്യവസ്ഥകളുടെ പൊതുവായ അവസ്ഥ. പക്ഷേ ഇസ്‌ലാമിക ശരീഅത്ത് ഇതില്‍നിന്ന് തീര്‍ത്തും ഭിന്നമാണ്. അതിന്റെ അധ്യാപനങ്ങളുടെയും വിധികളുടെയും ആത്യന്തിക ലക്ഷ്യം മനഃസംസ്‌കരണവും ആദരണീയ സ്വഭാവങ്ങളെ മുറുകെ പിടിക്കലുമാണ്. ലോകാവസാനം വരെ നിലനില്‍ക്കേണ്ടതെന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടുള്ള ശരീഅത്തിലെ ഒരു നിയമത്തിനും പകരം വെക്കാന്‍ പറ്റിയ മറ്റൊരു ജീവിത വ്യവസ്ഥയും അവതരിപ്പിക്കാന്‍ നാളിതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇനിയൊട്ട് കഴിയുകയുമില്ല. നാസ്തികരുടെ കൈവശമാവട്ടെ സ്വന്തം ദേഹേച്ചക്കുപരി സാര്‍വലൗകികമോ സാര്‍വകാലികമോ ആയ ഒരു നിയമവ്യവസ്ഥയോ ജീവിതക്രമമോ ഇല്ല താനും. നിര്‍മാണാത്മകമല്ല, നിഷേധാത്മകമാണ് മൊത്തത്തിലുള്ള അവരുടെ നിലപാട് തന്നെ!
മദ്യത്തിലും മദിരാക്ഷിയിലും യുദ്ധങ്ങളിലും സായൂജ്യമടഞ്ഞിരുന്ന ഒരു സമൂഹത്തെ 23 വര്‍ഷക്കാലം കൊണ്ട് ഇസ് ലാം അടിമുടി പരിവര്‍ത്തിപ്പിക്കുകയും ധാര്‍മികതയുടെ പ്രയോക്താക്കളും പ്രചാരകരുമാക്കി മാറ്റുകയും ചെയ്തതിന് ചരിത്രം സാക്ഷിയാണ്. അന്ന് വിശുദ്ധ ഖുര്‍ആന്റെ പിന്‍ബലത്തോടെ ധീരമായ ഇടപെടലുകളിലൂടെ പ്രവാചകന്‍ ഇല്ലായ്മ ചെയ്ത, ശക്തമായ ഉദ്‌ബോധനങ്ങളിലൂടെയും നിയമം ഉപയോഗിച്ചും ഉന്മൂലനം ചെയ്ത ഏതാണ്ടെല്ലാ വൃത്തികേടുകളെയും പരിഷ്‌കാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും പേരില്‍ പുതുപുത്തന്‍ ന്യായങ്ങളോടെ പുനരവതരിപ്പിക്കുന്നവരാണ് നാസ്തികര്‍. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെയും നീതിധര്‍മാദികളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരും, ദൈവികമായ എല്ലാറ്റിനും എതിര് നില്‍ക്കുകയും പൈശാചികമായ എന്തിനും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നവരാണവര്‍.
ഇസ്‌ലാം കണിശമായി കൈകാര്യം ചെയ്ത, ശക്തമായി അപലപിച്ച, നിയമം മൂലം നിരോധിച്ച, മദ്യം, പലിശ, ചൂതാട്ടം, വാതുവെപ്പ്, വ്യഭിചാരം, സ്വവര്‍ഗരതി, അഗമ്യഗമനം, മൃഗശവരതി തുടങ്ങി ഏതാണ്ടെല്ലാ ആഭാസത്തരങ്ങള്‍ക്കും സംസ്‌കാരശൂന്യമായ ചിന്തകള്‍ക്കും ചെയ്തികള്‍ക്കും നാസ്തികര്‍ പച്ചപ്പരവതാനി വിരിക്കുന്നു. ആറാം നൂറ്റാണ്ടിലെ അപരിഷ്‌കൃതര്‍ വേശ്യാലയങ്ങള്‍ക്ക് മുന്നില്‍ പതാക നാട്ടിയിരുന്നെങ്കിലും വേശ്യാവൃത്തി ചെയ്തിരുന്നത് രഹസ്യമായിട്ടായിരുന്നു. ഇന്ന് നവാനാസ്തികരാകട്ടെ, മണിയറയിലെ ചുംബനവും വസ്ത്രമുരിയലും തൊലിവെളുപ്പിന്റെ പ്രദര്‍ശനവും പരസ്യവും സമരമുറയുമാക്കിയവരാണ്; കച്ചവടവല്‍ക്കരിക്കുന്നവരും. എന്തിനേറെ, സ്വവര്‍ഗരതിയും ഇന്‍സെസ്റ്റുമെല്ലാം തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും ഭാഗമാണെന്നാണ് അവരുടെ വാദം.
അടുത്ത ബന്ധുക്കളായ സഹോദരി സഹോദരങ്ങളും മക്കളും മാതാക്കളും തമ്മിലുമുള്ള ലൈംഗിക ബന്ധവും (Incest), ശവരതിയും (Necrophilia) നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗോള നവനാസ്തികരുടെ സംഘടനയായ സ്വീഡിഷ് ലിബറേഷന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ യുവജനവിഭാഗം 2016 ഫെബ്രുവരി 28 ന് പ്രമേയം പാസ്സാക്കുകപോലുമുണ്ടായി! ലോറന്‍സ് ക്രൂസ്സ് (Lawrence krauss), പീറ്റര്‍ സിംഗര്‍ (Peter Singer) തുടങ്ങിയ നാസ്തിക ചിന്തകര്‍ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ മൃഗരതിയെ വരെ ന്യായീകരിച്ച് സംസാരിക്കുന്നവരാണ്. വേദനിപ്പിക്കുന്നില്ലെങ്കില്‍ പട്ടികളുമായും പൂച്ചകളുമായും വരെ അതാകുന്നതിനു തെറ്റില്ല എന്നും അവര്‍ വാദിക്കുന്നു!
ഇതിന്റെയൊക്കെ ചുവടുപിടിച്ചുകൊണ്ട്, പരസ്പര സമ്മതത്തോടുകൂടി അഗമ്യഗമനം പോലുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതുകൊണ്ട് യാതൊരു പ്രശ്‌നവും ഇല്ലെന്ന് പറയാന്‍ കേരളത്തിലും ആളുണ്ടായി എന്നത് എത്രത്തോളം ഭീകരമായ രതിവൈകൃതത്തിലേക്കാണ് ഇവര്‍ തരംതാഴുന്നത് എന്നതിന്റെ ഒരുദാഹരണം മാത്രം. സ്വതന്ത്രചിന്താ പ്രസ്ഥാനമായ ‘എസ്സെന്‍സ് ഗ്ലോബലി’ന്റെ വാര്‍ഷിക സമ്മേളനത്തില്‍ ‘ലിറ്റ്മസ്’ വെച്ചാണ് (2019 ഒക്ടോബര്‍ 6 ന്) ധര്‍മബോധമുള്ള മുഴുവന്‍ മലയാളികളെയും ഞെട്ടിച്ചുകൊണ്ട്, മാതൃസഹോദരീ രതിയെ അനുകൂലിച്ച് യുക്തിവാദിയായ മനുപ്രസാദ് പരസ്യമായി പ്രസംഗിച്ചത്.
‘ഈ ലോകം തിന്നാനും കുടിക്കാനും കൂടിയിരുന്ന് മദ്യപിക്കാനും ഉള്ളതാണ്. അവ നഷ്ടപ്പെടുന്നുവെങ്കില്‍ ദുനിയാവിനോട് സലാം പറയുകയാണ് ഭേദം’ എന്ന്! പാടിയ അബൂനുവാസിനും, ‘ഒരു യുവാവിന്റെ ജീവിതത്തില്‍ മദ്യം, യുദ്ധം, പെണ്ണ് എന്നീ മൂന്ന് കാര്യങ്ങള്‍ ഇല്ലെങ്കില്‍ എപ്പോള്‍ മരണംവരിക്കുന്നതും എനിക്ക് തീരേ നിസ്സാരം’ എന്ന് പറഞ്ഞ ത്വറഫത്ബ്‌നുല്‍ അബ്ദിനും, ഇത്തരം കാര്യങ്ങളുടെ പിന്നാലെ നടന്ന് ജീവിതം തുലക്കുകയും, ഒടുവില്‍ ലഹരി ബാധിച്ച് ലക്കുകെട്ട അവസ്ഥയില്‍, പിതാവ് മരിച്ച വിവരമറിഞ്ഞപ്പോള്‍ ‘ഇന്ന് മദ്യം, നാളെ കാര്യം’ എന്ന് പ്രതികരിക്കുകയും ചെയ്ത ‘വഴിതെറ്റിയ രാജകുമാരന്‍’ ഇംറുഉല്‍ ഖൈസിനും എന്തുകൊണ്ടും യോജിച്ച പിന്‍ഗാമികളാണ് നവനാസ്തികര്‍.
ഡാര്‍ക്ക് ഏജിലെ അറബികളുടെ സംസ്‌കാരശൂന്യമായ ചെയ്തികളെ ഇല്ലായ്മ ചെയ്ത ഇസ്‌ലാമിനെ പഴഞ്ചന്‍ മതമായി ആക്ഷേപിക്കുന്ന അവര്‍ തന്നെ ആറാം നൂറ്റാണ്ടിലെ അറബികളുടെ വൃത്തികെട്ട ചെയ്തികളെയെല്ലാം പ്രോത്സാഹിപ്പിക്കുകയും പരിഷ്‌കാരമായി കൊണ്ടുനടക്കുകയും ചെയ്യുന്നു! ഒരുപടി കൂടി കടന്ന്, തെറ്റാണെന്ന ബോധത്തോടെത്തന്നെ അറബികള്‍ ചെയ്തിരുന്ന വേണ്ടാതീനങ്ങളെ ന്യായീകരിക്കുക കൂടി ചെയ്യുന്നു! അങ്ങനെ, തിന്‍മകളുടെ മൂര്‍ത്തീമല്‍ഭാവമായിരുന്ന ആറാം നൂറ്റാണ്ടിലെ കാട്ടറബികളേക്കാള്‍ അധഃപതിച്ചവരായി മാറിയിരിക്കുന്നു നവനാസ്തികര്‍! അന്ന് ആ കാട്ടറബികളെ നന്നാക്കാന്‍ ഖുര്‍ആനിന് കഴിഞ്ഞെങ്കില്‍, ആധുനിക കാലത്തെ അപരിഷ്‌കൃത നാസ്തികരെ സംസ്‌കരിക്കാനും അതിന് കഴിയും; അവര്‍ സ്വയം അബൂജഹലുമാരും അബൂ ലഹബുമാരുമാകാന്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍!
അവതരിപ്പിക്കപ്പെട്ട് പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും വിശുദ്ധ ഖുര്‍ആന്റെ മഹത്വവും ദൈവികതയും അവിശ്വാസികള്‍ പോലും എടുത്തുപറയുന്നു, അവരില്‍ പലരും അതിലാകര്‍ഷിക്കപ്പെട്ട് ഇസ്‌ലാം പുല്‍കുന്നു എന്നത് ഖുര്‍ആന് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന സവിശേഷതയാണ്. മുഹമ്മദ് എന്ന മനുഷ്യന്റെ വചനമായിരുന്നു ഖുര്‍ആനെങ്കില്‍ അത് സ്ഥലകാല പരിമിതികള്‍ക്ക് വിധേയമാകുമായിരുന്നു. പുതുമ വറ്റാതെ നൂറ്റാണ്ടുകള്‍ നിലനില്‍ക്കാനോ ജനപഥങ്ങളെ സ്വാധീനിക്കാനോ അതിന് കഴിയില്ലായിരുന്നു. അതില്‍ വിശ്വാസമില്ലാത്തവര്‍ അതിനെ പുകഴ്ത്തിപ്പറയുന്ന അവസ്ഥയുണ്ടാകില്ലായിരുന്നു. എന്നാല്‍ ഖുര്‍ആന്റെ അനുഭവം മറ്റൊന്നാണ്. അതിന്റെ മഹത്വവും സ്വാധീനവും ദൈവികതയും വിശ്വാസിയോ അവിശ്വാസിയോ, മിത്രമോ ശത്രുവോ, ആസ്തികനോ നാസ്തികനോ എന്ന വ്യത്യാസമില്ലാതെ പലരും എടുത്തുപറഞ്ഞുകൊണ്ടിരിക്കുന്നു! ഏതാനും ഉദാഹരണങ്ങള്‍ കാണുക:
ഗുരുനാനാക്ക് പറഞ്ഞു: ‘വേദങ്ങളുടെയും പുരാണങ്ങളുടെയും കാലം കഴിഞ്ഞു. ഇപ്പോള്‍ ലോകത്തെ നയിക്കാന്‍ പോന്ന ഒരേയൊരു ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാണ്’. ‘ഒരു സംശയത്തിനും ഇടനല്‍കാത്ത മഹത്ഗ്രന്ഥമാണ് ഖുര്‍ആന്‍. ആത്മാര്‍ഥതയാണ് അതിന്റെ ഏറ്റവും വലിയ മഹത്വം. വിവിധങ്ങളായ ഗുണങ്ങള്‍ ഖുര്‍ആന്‍ കൊണ്ടുണ്ടായിട്ടുണ്ട്. ഒരു വിഷയത്തെക്കുറിച്ച് അവസാനവാക്ക് പറയാന്‍ ശേഷിയുള്ള ഗ്രന്ഥം കൂടിയാണത്’എന്നാണ് തോമസ് കാര്‍ലൈല്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. പോപ്പുലര്‍ എന്‍സൈക്ലോപീഡിയ പറയുന്നതിങ്ങനെ: ‘ഖുര്‍ആന്റെ ഭാഷ സാഹിത്യ പുഷ്‌ക്കലമാണ്. സവിശേഷമായ ഘടനയും ആവിഷ്‌ക്കാര ചാരുതയും അതിനെ എന്നെന്നും അതുല്യവും അനുപമവുമാക്കിത്തീര്‍ക്കുന്നു. അതിലെ നിയമങ്ങള്‍ ബുദ്ധിക്കും പ്രകൃതിക്കും യോജിച്ചതാണ്’.
അബ്ദുല്‍ അസീസ് പൊന്‍മുണ്ടം
Add Comment