ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് ബലിപെരുന്നാള്‍. ഈ ലോകത്ത് മനുഷ്യരാശിയുടെ നിലനില്‍പ് ഈ മൂന്നുഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുത വര്‍ത്തമാന സംഭവവികാസങ്ങളെ മുന്‍നിര്‍ത്തി ചിന്തിക്കുന്ന ഏവര്‍ക്കും ബോധ്യമാകും. അവിടെയാണ് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഇബ്‌റാഹീം പ്രവാചകന്റെ കര്‍മസാക്ഷ്യത്തിന്റെ ചരിത്രം അനുസ്മരിക്കുന്നതും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതും പ്രസക്തമാകുന്നത്.
ഇബ്‌റാഹീം നബി(അ)യെക്കുറിച്ച ഒട്ടേറെ പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ പലയിടങ്ങളിലും നമുക്ക് കാണാം. അതില്‍ വളരെ ശ്രദ്ധേയവും ചിന്തനീയവുമായ ഒരു സൂക്തം ആലുഇംറാന്‍ അധ്യായത്തില്‍ (67) വന്നിട്ടുള്ളത് ഇപ്രകാരമാണ്: ‘ഇബ്‌റാഹീം ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. വക്രതയില്ലാത്ത മുസ്‌ലിമായിരുന്നു. അദ്ദേഹം ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നില്ല. ‘ ഈ സൂക്തത്തിന്റെ അവതരണപശ്ചാത്തലത്തെക്കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ കുറിച്ചിട്ടുള്ളത് ഇപ്രകാരമാണ്: ഒരിക്കല്‍ മദീനാപള്ളിയില്‍ ജൂതറബ്ബികളുടെയും ക്രൈസ്തവപാതിരിമാരുടെയും സംഘം മതസംബന്ധിയായ ചര്‍ച്ചകള്‍ക്കായി എത്തി. സംഭാഷണമധ്യേ ഇബ്‌റാഹീം ആരായിരുന്നുവെന്ന ചോദ്യമുയര്‍ന്നു. ആ ഘട്ടത്തില്‍ അദ്ദേഹം ജൂതനായിരുന്നുവെന്ന് ജൂതറബ്ബികള്‍ അവകാശമുന്നയിച്ചു. ക്രൈസ്തവപാതിരിമാര്‍ അദ്ദേഹം ക്രിസ്ത്യാനിയാണെന്ന് വാദിച്ചു. പ്രശ്‌നം തര്‍ക്കകോലാഹലങ്ങളിലേക്ക് വഴുതിമാറുമെന്ന ഘട്ടത്തില്‍ നബി(സ)യ്ക്ക് വഹ്‌യ് ഇറങ്ങി. അതിപ്രകാരമായിരുന്നു: ‘നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തില്‍ നിങ്ങള്‍ ഒരുപാട് തര്‍ക്കിച്ചു. ഇപ്പോള്‍ നിങ്ങളെന്തിന് അറിയാത്ത കാര്യത്തിലും തര്‍ക്കിക്കുന്നു? അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല. ഇബ്‌റാഹീം ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. വക്രതയില്ലാത്ത മുസ്‌ലിമായിരുന്നു. അദ്ദേഹം ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നില്ല'(ആലുഇംറാന്‍ 66,67) യേശുക്രിസ്തുവിനു(ഈസാനബി(അ))ശേഷം വിന്റെ അനുയായികളാണ് ക്രിസ്ത്യാനികള്‍. മോശ(മൂസാ(അ))യുടെ അനുയായികളാണ് ജൂതന്‍മാര്‍ എന്നിരിക്കെ, ഈ രണ്ടുസമുദായങ്ങള്‍ക്കും വളരെ മുമ്പേ ജീവിച്ചിരുന്ന ഇബ്‌റാഹീം നബി എങ്ങനെ ജൂതനും ക്രൈസ്തവനും ആകും എന്ന ലളിതമായ ചോദ്യമാണ് അല്ലാഹു ഉന്നയിച്ചത്. അതോടൊപ്പം, ഋജുമാനസനായ മുസ്‌ലിംആണ് അദ്ദേഹം എന്ന് അല്ലാഹു വിശദമാക്കുകയുംചെയ്തു.
ഇന്ന് നാമെല്ലാവരും മുസ്‌ലിംകള്‍ എന്ന് അവകാശപ്പെടുന്നവരാണ്. മാതാപിതാക്കള്‍ മുസ്‌ലിമാണ്, പേര് മുസ്‌ലിമാണ് അതില്‍ അധികപേരുടെയും അവകാശവാദത്തിന്റെ പിന്‍ബലം എന്നതാണ്. അതേസമയം അവരുടെ സ്വഭാവ-പെരുമാറ്റരീതികള്‍ പരിശോധിച്ചാല്‍ ഇതരസമുദായത്തിലെ സാമ്പ്രദായികതിന്‍മ(മദ്യപാനം,ചൂതാട്ടം, വ്യഭിചാരം, വഞ്ചന..)കളാല്‍ ജീര്‍ണമായിരിക്കും എന്നതാണ് വസ്തുത. എന്നാല്‍ ഖുര്‍ആന്‍ മുസ്‌ലിമായ ആളുടെ യാഥാര്‍ഥ്യം ഇപ്രകാരം വ്യക്തമാക്കുന്നു:’ അല്ലാഹുവിന്റെ ജീവിതവ്യവസ്ഥയല്ലാത്ത മറ്റുവല്ലതുമാണോ അവരാഗ്രഹിക്കുന്നത്? ആകാശഭൂമികളിലുള്ളവരൊക്കെയും സ്വയം സന്നദ്ധമായോ നിര്‍ബന്ധിതമായോ അവനുമാത്രം കീഴ്‌പ്പെട്ടിരിക്കെ. എല്ലാവരുടെയും തിരിച്ചുപോക്കും അവങ്കലേക്കു തന്നെ.(ആലുഇംറാന്‍ 83)’. ഈ സൂക്തത്തില്‍ അസ്‌ലമ എന്നാണ് കീഴ്‌പ്പെടുകയെന്ന ആശയത്തില്‍ ഉപയോഗിച്ചത്. അതായത് ഭൂമിക്കപ്പുറത്തുള്ള സകലചരാചരങ്ങളും അല്ലാഹുവിങ്കല്‍ മുസ്‌ലിംകളായിരിക്കുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമുള്‍പ്പെടെയുള്ള ഖഗോളങ്ങള്‍ അവന്റെ കല്‍പനയ്‌ക്കൊത്ത് ചലിക്കുന്നു എന്നതിനാല്‍ മുസ്‌ലിംകളാണ്. അതിനാലാണ് അവ ഘടികാരദിശക്കെതിരില്‍(Anticlock wise) ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നത്. അതേ യാഥാര്‍ഥ്യത്തിനകത്തുനിന്നുകൊണ്ടാണ് മനുഷ്യരാശിക്കായി നിര്‍മിക്കപ്പെട്ട ആദ്യദൈവഗേഹമായ കഅ്ബയെ ഇടതുവശത്താക്കി വിശ്വാസികള്‍ ത്വവാഫ് ചെയ്യുന്നത്.
പ്രകൃതി അതിന്റെ നിയമം പാലിച്ചുകൊണ്ട് തുടരുന്നതുപോലെ വിശ്വാസികളായ നാമും പൂര്‍ണാര്‍ഥത്തില്‍ ഖുര്‍ആനികകല്‍പനകള്‍ പിന്തുടര്‍ന്ന് സന്തുലനം ഉറപ്പാക്കേണ്ടതുണ്ട്. ഇബ്‌റാഹീം നബി ഇവിടെ മാതൃകയാകുന്നത് അങ്ങനെയാണ്. വിഗ്രഹാരാധനയുടെ ഉന്നതാധികാരിയായിരുന്ന പിതാവിനെ തിരുത്താന്‍ ശ്രമിച്ച അദ്ദേഹത്തെ കുടുംബത്തില്‍നിന്ന് ആട്ടിയിറക്കിയപ്പോള്‍ പ്രതികാരചിന്തകളേതുമില്ലാതെ പ്രാര്‍ഥനകളുരുവിട്ടാണ് മകനെന്ന നിലയില്‍ പ്രതികരിച്ചത്. പിന്നീട് അദ്ദേഹം ആയുസ്സിന്റെ അവസാനനാളുകളില്‍ പിതാവായപ്പോള്‍ സന്താനത്തെ അല്ലാഹുവിന് സമര്‍പ്പിക്കാന്‍ തയ്യാറായിക്കൊണ്ട് അനുകരണനീയനായി. ‘ബാപ്പ കല്‍പിച്ചാലും ഞാനത് ചെയ്യാന്‍ തയ്യാറാണ്’ എന്ന് അനുസരണയോടെ പ്രതികരിക്കുന്ന മകന്‍ ഇസ്മാഈലിനെ വളര്‍ത്തിയെടുത്ത് മാതൃകാപിതാവായി അദ്ദേഹം. അതോടൊപ്പം ഭാര്യ ഹാജറിനെയും ഇസ്മാഈലിനെയും വിജനമായ മക്കാതാഴ്‌വരയില്‍ കൊണ്ടുവന്ന് താമസിപ്പിച്ചുകൊണ്ട് ശക്തമായ കുടുംബത്തിന് അടിത്തറപാകി. ഭൂഖണ്ഡാന്തരങ്ങള്‍ പിന്നിട്ട് സത്യസന്ദേശമറിയിച്ച് ലോകജനതയുമായി സംവദിച്ച് ജനനേതാവെന്ന നിലയില്‍ അനന്യമാതൃകയായി്്.(അതുകൊണ്ടാണ് അദ്ദേഹം സെമിറ്റിക് മതസമൂഹങ്ങളുടെ നേതാവായത്) ആ ഇബ്‌റാഹീമിനെയും ഹാജറിനെയും ഇസ്മാഈലിനെയും അനുസ്മരിക്കുന്ന (മറ്റാരും അനുസ്മരിക്കപ്പെടാത്ത) ആരാധനാകര്‍മങ്ങളാണ് ഹജ്ജില്‍ നാം നിര്‍വഹിക്കുന്നത്.
ബലിപെരുന്നാള്‍ ഹജ്ജുമായി ബന്ധപ്പെട്ട ആഘോഷമാണ്. അതുകൊണ്ടാണ് നാം അറഫയിലെ ഹാജിമാരുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദുര്‍ഹജ്ജ് 9 ന് നോമ്പനുഷ്ഠിക്കുന്നത്. തുടര്‍ന്ന് പെരുന്നാളാഘോഷമായി ബലിയറുക്കുന്നത്. ആ നോമ്പും ബലിയര്‍പ്പണവും സ്വീകാര്യമാകണമെങ്കില്‍ നമ്മുടെ ഇതരകര്‍മങ്ങളും ഇബ്‌റാഹീം നബിയുടേതുപോലെ മുസ്‌ലിമിന്റേതാകണം. അപ്പോള്‍മാത്രമേ അഗ്നി നമുക്ക് കുളിരായി മാറുകയുള്ളൂ. പേര്‍ത്തും പേര്‍ത്തുമുള്ള ഫാസിസ്റ്റുഭീഷണികള്‍ക്ക് പ്രത്യുത്തരമായി നമ്മില്‍ പ്രാര്‍ഥനയുടെ മനസ്സ് ഉണ്ടാകുകയുള്ളൂ. പ്രതികാരം വെടിഞ്ഞ് ഉപകാരം ചെയ്യുന്ന ജനകീയനേതാവായി മാറാന്‍ കഴിയൂ. കാരണം ഇബ്‌റാഹീം (അ) ജനനേതാവായിരുന്നല്ലോ(അല്‍ബഖറ 124).
Add Comment