ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം-15
ആയത്തുകളും സൂക്തങ്ങളും രണ്ടും രണ്ടാണെന്ന് ഞാന്‍ മുമ്പത്തെ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ആയത്ത്! അറബി ഭാഷയില്‍ آية എന്ന പദത്തിന് നിരവധി അര്‍ത്ഥങ്ങള്‍ കാണാന്‍ സാധിക്കും. അതിന്റെ ചിലത് ഇവിടെ സൂചിപ്പിക്കാം. എന്തുകൊണ്ട് ഈ ഒരു പദം അല്ലാഹു തിരഞ്ഞെടുത്തു?
ഒന്നാമതായി, അമൂല്യമായ, വിലപിടിപ്പുള്ള ഒരു കാര്യത്തിനും വസ്തുവിനുംآية എന്ന് വിശേഷിപ്പിക്കുന്നത് കാണാം. ജാഹിലിയ്യ അറബികളുടെ ഭാഷയായ ക്ലാസ്സിക്കല്‍ അറബി നാം ശരിക്കും പരിശോധിച്ചാല്‍ പ്രവാചകകാലഘത്തിലെ അറബികള്‍ സുദീര്‍ഘമായ യാത്രാസന്ദര്‍ഭങ്ങളില്‍ വിവിധയിടങ്ങളില്‍ രാപ്പാര്‍ക്കുന്നവരായിരുന്നുവെന്ന് കാണാം. ഒരു ടെന്റ് കെട്ടി വിവിധ സ്ഥലങ്ങളിലായി അവര്‍ തങ്ങും. പിന്നീടവര്‍ പ്രഭാതത്തിലാണ് തങ്ങളുടെ യാത്ര തുടരാറ്. അങ്ങനെ ഒരു സംഘം തങ്ങിക്കഴിഞ്ഞാല്‍ അഥവാ,അവര്‍ മടങ്ങിയാല്‍ അവര്‍ തങ്ങിയതിന്റെ എല്ലാ വിധ അടയാളങ്ങളും അവശിഷ്ടങ്ങളും അവിടെ ഉപേക്ഷിച്ചിട്ടാണ് അവര്‍ പോകുക. തങ്ങള്‍ യാതൊരു വിലയും മൂല്യവും കല്പിക്കാത്ത സാധനങ്ങളും അവശിഷ്ടങ്ങളുമാണവര്‍ അവിടെ ഉപേക്ഷിക്കുക. മൂല്യവത്തായ സാധനങ്ങളുമായി അവര്‍ പോവുകയും ചെയ്യും. ശേഷം ഏതെങ്കിലും ഒരാള്‍ ആ പ്രദേശത്ത് വന്ന് നോക്കിയാല്‍ ഒരു സംഘം അവിടെ തങ്ങിയതിന്റെ എല്ലാവിധ അടയാളങ്ങളും അവിടെ കൃത്യമായി മനസ്സിലാകും. അത്തരത്തിലുള്ള സ്ഥലത്തെ നോക്കിക്കൊണ്ടാണ് അന്നത്തെ അറബികള്‍ പറഞ്ഞിരുന്നത്; ”خرج القوم بآيتهم’ ‘ഇവിടെ രാപ്പാര്‍ത്തവര്‍ അവരുടെ ആയത്തുകളുമായി പോയി’ എന്ന്. അപ്പറഞ്ഞതിന്റെ ഉദ്ദേശ്യം, ഇവിടെ വന്ന യാത്രാ സംഘം തങ്ങളുടെ വിലമതിപ്പുള്ള, മൂല്യമുള്ള സാധനങ്ങളുമായി പുറപ്പെട്ടു കഴിഞ്ഞു എന്നതാണ്. ഇതേ അര്‍ത്ഥം മനസ്സില്‍ കണ്ട് ദിവ്യഗ്രന്ഥത്തിലേക്ക് നാം നോക്കിയാല്‍ അല്ലാഹു പറഞ്ഞ എല്ലാ യാഥാത്ഥ്യങ്ങളും വിലമതിക്കാനാകാത്തതും മൂല്യവത്തും ആണെന്ന് നമുക്ക് മനസ്സിലാകും.! ഒരു പ്രത്യേക ദിശയിലേക്ക് സൂചന നല്‍കുന്നതിനെക്കുറിക്കാന്‍ ഈ പദം അറബിയില്‍ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊന്ന്. എപ്രകാരമെന്നാല്‍, മരുഭൂമിയില്‍ ഒട്ടകത്തിന്റെ കാല്പാടുകള്‍ മാത്രം കണ്ടാലും അറബികള്‍ പറയുമായിരുന്നു; ‘ഇതിലൂടെ ഒരൊട്ടകം നടന്ന് നീങ്ങിയെന്ന്’ അതായത്, ആ കാല്പാടുകള്‍ കൃത്യമായി ഒട്ടകത്തിലേക്ക് വിരല്‍ ചൂണ്ടുന്നു എന്ന്.! ഈ ആശയം മനസ്സിലാക്കി നാം വിശുദ്ധ ഖുര്‍ആന്‍ പരതിയാല്‍ പടച്ച റബ്ബ് പരാമര്‍ശിച്ച എല്ലാ സംഭവ വികാസങ്ങളും യാഥാര്‍ത്ഥ്യങ്ങളും പ്രകൃതി പ്രതിഭാസങ്ങളും അവന്റെ ദിവ്യബോധനവുമെല്ലാം തന്നെ കൃത്യമായ ഒരു ദിശയിലേക്ക് സൂചന നല്‍കുന്നു.! അതായത്, آية എന്ന് സൂചിപ്പിച്ച എല്ലാം തന്നെ കൃത്യമായ ഒരു ദിശയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ‘അല്ലാഹു എന്ന ദിശയിലേക്ക്.!!’ അതുകൊണ്ടുതന്നെ ചിന്തിക്കുന്ന ആളുകള്‍ക്ക് തങ്ങളുടെ നാഥനെ കണ്ടെത്താന്‍ സാധിക്കുന്നു!
ആയത്തിന്റെ മൂന്നാമത്തെ വിവക്ഷ ”كلمة التعجب” അത്ഭുതത്തെക്കുറിക്കാനും ഇതേ പദം ഉപയോഗിക്കുന്നതാണ്. ഒരു വസ്തുവില്‍ അല്ലെങ്കില്‍ ഒരു കാര്യത്തില്‍ നാം അത്ഭുതപ്പെടുന്ന സന്ദര്‍ഭത്തില്‍ ഈ പദം ഉപയോഗിക്കുന്നു. ഉദാ: ‘ ‘ أي الكتابة ”എന്ന് അറബിഭാഷയില്‍ പറഞ്ഞാല്‍ ‘ഏത് കിതാബ് ‘എന്ന് മാത്രമല്ല . ‘എന്തൊരു കിതാബെന്ന്’ എന്നുംകൂടിയാണ്. ഇവ്വിധം അത്ഭുതത്തോടെ പറയുന്നതിലും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. നിരവധി ചരിത്ര സംഭവങ്ങളിലും ഈ രീതിയില്‍ ഉപയോഗിക്കപ്പെട്ടതായി കാണാം. നാം ചെയ്യേണ്ടത് ഇതേ അര്‍ത്ഥം മനസ്സില്‍ കണ്ടുകൊണ്ട് ദിവ്യഗ്രന്ഥത്തിലേക്ക് നോക്കുകയാണ്. അങ്ങനെ ചിന്തിക്കുന്ന ഒരോ മനുഷ്യനും അതില്‍ ഒരോ കാര്യവും അത്ഭുതമായി തോന്നും എന്നതാണ് യാഥാര്‍ത്ഥ്യം! പടച്ച റബ്ബ് ആയത്തുകളുണ്ടെന്ന് പ്രതിപാദിച്ച ഓരോന്നിലും നാം ഗൗരവത്തോടെ ചിന്തിച്ചാല്‍ അതിലെല്ലാം അത്ഭുതം കണ്ടെത്താനാകും എന്നത് തീര്‍ച്ചയാണ്.! ആ അത്ഭുതമാകട്ടെ പ്രപഞ്ചനാഥനിലേക്കെത്തിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ എന്തിനാണ് അല്ലാഹു ഈ ഒരു പദം തിരഞ്ഞെടുത്തത് എന്ന് ചോദിച്ചാല്‍ آية എന്ന് ഉപയോഗിച്ച ഓരോ കാര്യത്തെയും പറ്റി ആഴത്തില്‍ ചിന്തിക്കാന്‍ വേണ്ടി എന്നാണതിന്റെ ഉത്തരം. പ്രശസ്ത ഇസ്ലാമിക ചിന്തകന്‍ ഡോ: അദ്‌നാന്‍ ഇബ്രാഹിം സൂചിപ്പിച്ചത് പോലെ;
‘” القرآن تاج الأفكار لا تختفي أبدأ ” ‘(ഒരിക്കലും മായാത്ത ചിന്തകളുടെ കിരീടമാണ് വിശുദ്ധ ഖുര്‍ആന്‍).പദങ്ങളുടെ കൃത്യമായ തിരഞ്ഞെടുപ്പാണ് പടച്ച റബ്ബിന്റേത്.! ഇനിയും ധാരാളം അര്‍ത്ഥതലങ്ങള്‍ നമുക്ക് കാണാം.
(തുടരും)
ഹാഫിള് സല്‍മാനുല്‍ ഫാരിസി
Add Comment