‘അബൂ ഹുറൈറ(റ)യില്‍നിന്ന്!. നബി പറഞ്ഞു: ‘നിങ്ങളില്‍ ആരുടെയെങ്കിലും പാനീയത്തില്‍ ഈച്ചവീണാല്‍ നിങ്ങള്‍ അതിനെ അതില്‍ മുക്കുക. എന്നിട്ടതിനെ പുറത്തെടുക്കുക. തീര്‍ച്ചയായും അതിന്റെ ചിറകുകളിലൊന്നില്‍ രോഗവും മറ്റേതില്‍ ശമനവുമുണ്ട്.’ ഐപിഎച്ച് പുറത്തിറക്കിയ സ്വഹീഹുല്‍ ബുഖാരിയുടെ പരിഭാഷയില്‍ 484ആം പേജില്‍ 1334-ാമത്തെ നമ്പറില്‍ കൊടുത്ത ഹദീസ് ആണിത്. ഈച്ച എവിടെയൊക്കെ വന്നിരിക്കുന്ന ജീവിയാണ്? നമ്മളില്‍ ആരെങ്കിലും കഴിക്കാനോ കുടിക്കാനോ കൊണ്ടുവന്നുവെച്ച ഭക്ഷണത്തില്‍ ഈച്ച വീണാല്‍ എന്ത് സമീപനമാണ് സ്വീകരിക്കുക? ശാസ്ത്രം പോട്ടെ, ഈ പറഞ്ഞതിന് എന്ത് ലോജിക്കാണ് ഉള്ളത്?’
‘കുട്ടികള്‍ കണ്ടാല്‍ പ്രശ്‌നമാകുന്ന ഹദീസ്’ എന്ന പേരില്‍, യുക്തിവാദിയായ ജാമിത ടീച്ചര്‍ പുറത്തിറക്കിയ വീഡിയോയില്‍നിന്നുള്ള വാചകങ്ങളാണിത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഇടമറുകിന്റെ ‘ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം’ എന്ന കൃതിയുടെ പുറം ചട്ടയില്‍ പരിഹാസപൂര്‍വം ഈ ഹദീസ് എടുത്തുചേര്‍ത്തതായി കാണാം. ഹദീസിന്റെ അറബി മൂലം ഇതാണ്:
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ إِذَا وَقَعَ الذُّبَابُ فِي إِنَاءِ أَحَدِكُمْ، فَلْيَغْمِسْهُ كُلَّهُ، ثُمَّ لْيَطْرَحْهُ، فَإِنَّ فِي أَحَدِ جَنَاحَيْهِ شِفَاءً وَفِي الآخَرِ دَاءً ”. (صحيح البخاري 5782)
ഇതേ ആശയം ഇമാം അബൂദാവൂദ് (3846), നസാഈ (4279), അഹ്’മദ് (7141), ഇബ്‌നു ഹിബ്ബാന്‍ (1247) എന്നിവര്‍ ഉദ്ധരിച്ച ഹദീസുകളിലും കാണാം. കുടിക്കുന്ന പാനീയത്തില്‍ ഈച്ച വീണാല്‍ അതിനെ മുഴുവനായും മുക്കിയെടുത്ത് പുറത്തു കളയുക, എന്നിട്ടു മാത്രം പാനീയം ഉപയോഗിക്കുക എന്നതാണ് ഈ ഹദീസിന്റെ ആകത്തുക.
ഏതെങ്കിലും തരത്തിലുള്ള, അവഗണിക്കാന്‍ പാടില്ലാത്ത കല്‍പനകളൊന്നും ഇതിലില്ല. ഈച്ച വീണ പാനീയം കളയാതെ നിര്‍ബന്ധമായും കുടിക്കണം എന്നുമില്ല; മറിച്ച്, കുടിക്കുകയാണെങ്കില്‍ ഇങ്ങനെയാണ് ചെയ്യേണ്ടത് എന്നാണുള്ളത്. അഥവാ, ഇസ് ലാമിന്റെ ഏതെങ്കിലും അടിസ്ഥാനത്തോടോ, പ്രത്യക്ഷമോ പരോക്ഷമോ ആയ ചുമതലകളോടോ, നബി(സ)യുടെ നിയോഗമനോദ്ദേശ്യങ്ങളില്‍പെടുന്നതും വിശ്വാസികള്‍ പ്രാവര്‍ത്തികമാക്കേണ്ടതുമായ ഉത്തമ സ്വഭാവങ്ങളോടോ ബന്ധപ്പെട്ടതല്ല ഈ ഹദീസ്. മനുഷ്യന് പരീക്ഷണനിരീക്ഷണങ്ങളിലുടെ കണ്ടെത്താവുന്ന എന്തെങ്കിലും ഭൗതികകാര്യം പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരല്ല പ്രവാചകന്മാര്‍. അത്തരം കാര്യങ്ങളില്‍ ദൈവദൂതന്മാരെക്കാള്‍ അറിവുള്ള മനുഷ്യരുണ്ടാകാം എന്നുതന്നെയാണ് മുഹമ്മദ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. ഈത്തപ്പനയുടെ പരാഗണവുമായി ബന്ധപ്പെട്ട് അവിടന്ന്! പറഞ്ഞ ‘നിങ്ങളുടെ ദുന്‍യാകാര്യം നിങ്ങള്‍ക്കാണ് കൂടുതല്‍ അറിയുക’ എന്ന വചനം അതിന് തെളിവാണ്.
പ്രവാചകന്‍ ഈ പറഞ്ഞത് ശാസ്ത്രീയമാണോ എന്ന കാര്യം ആവശ്യമുള്ളവര്‍ക്ക് അന്വേഷിച്ച് കണ്ടെത്താവുന്നതാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുഹമ്മദ് നബി(സ) പറഞ്ഞതായി സ്ഥിരപ്പെട്ടതെന്തും സംശയലേശമന്യേ അവര്‍ അംഗീകരിക്കും. പറഞ്ഞത് ശാസ്ത്രീയമായ പരീക്ഷണനിരീക്ഷണങ്ങളുമായി ബന്ധപ്പെട്ട വിഷയമായിരിക്കുകയും, ശാസ്ത്രം അത് തെളിയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് അവരുടെ വിശ്വാസം വര്‍ധിക്കാന്‍ കാരണമായേക്കും. ഇനി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതാണെങ്കിലോ, നാളെ ഒരു പക്ഷേ ശാസ്ത്രം കണ്ടുപിടിച്ചേക്കാം എന്ന് അവര്‍ പ്രത്യാശിക്കും. അത്ര മാത്രമേ ഉള്ളൂ.
ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് പ്രസക്തിയുള്ള വിഷയങ്ങളില്‍ പ്രവാചകന്‍ പറഞ്ഞതും, ദീനിന്റെ മൗലികാടിത്തറകളുമായോ വിശ്വാസികള്‍ നിര്‍ബന്ധപൂര്‍വം പിന്തുടരേണ്ട നിയമവിധികളുമായോ ബന്ധപ്പെട്ടതല്ലാത്തതുമായ ഹദീസുകളെ ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടുവേണം സമീപിക്കാന്‍. മേല്‍പറഞ്ഞ വസ്തുത മനസ്സിലാക്കിയിരുന്നെങ്കില്‍ വിമര്‍ശകര്‍ അവയെ പ്രതി ഇസ് ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുകയുമില്ലായിരുന്നു. മൈക്രോസ്‌കോപ്പോ രോഗാണുക്കളോ ഒന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഏഴാം നൂറ്റാണ്ടിലാണ് ഈച്ചയുടെ ശരീരത്തില്‍ രോഗ കാരണവും പ്രസ്തുത രോഗത്തിനുള്ള മറുമരുന്നും ഉണ്ടെന്ന് നബി(സ) പ്രസ്താവിച്ചത് എന്നതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. ഹദീഥിലെ ‘ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറു ചിറകില്‍ മരുന്നും ഉണ്ട്’ എന്ന പരാമര്‍ശത്തെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടതില്ല. അത് ഭാഷാപരമായ ഒരു പ്രയോഗമായിരിക്കാനാണ് സാധ്യത. ഈച്ചയില്‍ രോഗ കാരണങ്ങളും അതിന്റെ മരുന്നും അടങ്ങിയിട്ടുണ്ട് എന്നതായിരിക്കണം അതിലെ ആശയം.
- ഈച്ച വീണ പാനീയത്തെ കുറിച്ച ഈ വചനം പ്രവാചകന്‍ പറയാനുണ്ടായ പശ്ചാത്തലമെന്തായിരുന്നു എന്ന്! പരിശോധിച്ചാല്‍, മനഃശാസ്ത്രപരമായൊരു സമീപനം അതില്‍ സ്വീകരിച്ചതായി കാണാന്‍ കഴിയും. ശുദ്ധജലം എന്നുള്ളത് മരുഭൂമിയില്‍ വളരെ വിലപ്പെട്ട ഒന്നാണ്. ഒട്ടും പാഴായിപ്പോകാതെ സൂക്ഷിച്ചിരുന്ന വിലപ്പെട്ട വിഭവം. ഇന്നത്തെപ്പോലെ കടല്‍വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലം ലഭ്യമാക്കാനുള്ള സംവിധാനമൊന്നും ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല താനും. ഇത്തരമൊരു പശ്ചാത്തലത്തില്‍, തോല്‍ പാത്രങ്ങളിലും മറ്റും ശേഖരിച്ചുവെച്ചിരുന്ന വെള്ളത്തില്‍ ഒരു ഈച്ച വീണാല്‍ ആ വെള്ളം മുഴുവന്‍ തൂത്തുകളയുക എന്നുള്ളത് ജല ദൗര്‍ലഭ്യത രൂക്ഷമായ മരുഭൂവാസികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്ന ഒന്നാണെന്ന്! പ്രത്യേകം പറയേണ്ടതില്ലല്ലോ. അവിടെയാണ് പ്രവാചകന്‍ ഇത്തരമൊരു നിര്‍ദേശം നല്‍കുന്നത്. ഏതൊരു അന്നപാനീയവും സംശയത്തോടെയും ഭീതിയോടെയും കഴിക്കുന്ന പക്ഷം അത് മാനസികമായി വലിയ പ്രയാസം ഉണ്ടാക്കുമെന്നിരിക്കെ, ഈ ഹദീഥിലെ ശാസ്ത്രീയത ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും മനഃശാസ്ത്രപരമായി ആത്മവിശ്വാസം പകര്‍ന്നുനല്‍കുകയാണ് ചെയ്യുന്നത്. ആവശ്യമുള്ള വേളകളില്‍ അത്തരം പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് അറപ്പോ വെറുപ്പോ കൂടാതെ അത് പാനംചെയ്യാം എന്നതാണ് ആ മനഃശാസ്ത്രം. കുടിവെള്ളത്തില്‍ ഈച്ച വീണെന്നുവെച്ച് അസ്വസ്ഥപ്പെടുകയോ വെള്ളക്ഷാമം പോലും പരിഗണിക്കാതെ അത് ഒഴിച്ചുകളയുകയോ ചെയ്യേണ്ടതില്ല. വീണ ഈച്ചയെ അതില്‍ മുക്കിയെടുത്ത് ഒഴിവാക്കിയതിന് ശേഷം ആ പാനീയം ഉപയോഗിച്ചുകൊള്ളുക. എന്തെന്നാല്‍, ഈച്ചയുടെ ശരീരത്തില്‍നിന്നു പകര്‍ന്നേക്കാവുന്ന രോഗാണുക്കളെ നിര്‍വീര്യമാക്കാന്‍ ഉള്ള മറുമരുന്ന് ഈച്ചയുടെ ശരീരത്തില്‍ തന്നെയുണ്ട്.
- ഈച്ച ഉള്‍പ്പെടെ അല്ലാഹുവിന്റെ സൃഷ്ടികളെല്ലാം അവയുടെ ധര്‍മം നിര്‍വഹിച്ചുകൊണ്ടാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. രോഗം പരത്താന്‍ വേണ്ടിയാണ് ഈച്ചയുടെ ജന്‍മമെന്ന് കരുതുക വയ്യ. അല്ലാഹു സൃഷ്ടിച്ച ജീവികളെല്ലാം വിശിഷ്ടമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് (അധ്യായം 32, സൂക്തം 7). അപ്പോള്‍ ഈച്ചയും ബാക്ടീരിയകളും വൈറസുകളുമെല്ലാം അല്ലാഹുവിന്റെ ഉത്തമ സൃഷ്ടികളാണ്. രോഗകാരണങ്ങളും ശമനകാരണങ്ങളും അവയുടെ കൂടെത്തന്നെയുണ്ട്. ഈച്ചകള്‍ക്ക് വംശനാശം സംഭവിക്കാത്തത് രോഗാണുക്കളെ പ്രതിരോധിക്കാന്‍ അവയ്ക്ക് കഴിവുള്ളതുകൊണ്ടാണല്ലോ. പാമ്പിന്റെ വിഷം തന്നെ ചില രാസപ്രക്രിയകള്‍ക്ക് വിധേയമാക്കിയിട്ടാണ് വിഷത്തിനുള്ള മരുന്ന് നിര്‍മിക്കുന്നത്. രോഗകാരണം തന്നെ പ്രതിരോധം ശക്തിപ്പെടാനുള്ള കാരണവുമായി മാറുന്നു, വിഷം തന്നെ മരുന്നായി ഭവിക്കുന്നു എന്നാണ് അതിന്നര്‍ഥം. അതുകൊണ്ടുതന്നെ, ഈച്ചയുടെ ചിറകില്‍ അണുബാധയെ പ്രതിരോധിക്കാനുള്ള ഔഷധമുണ്ടാകുമെന്ന് പറയുന്നത് തദ്‌സംബന്ധമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ പോലും അവിശ്വസനീയമായോ അന്ധവിശ്വാസമായോ കാണേണ്ടതില്ല. ഈച്ച വീണ വെള്ളം കുടിച്ചേ തീരൂ എന്ന് നബി(സ) ആരെയും നിര്‍ബന്ധിച്ചിട്ടില്ലാത്തതുകൊണ്ട് പരാമൃഷ്ട ഹദീസിനെ പരിഹാസ്യമായി കാണുന്നതും സത്യസന്ധമായ നിലപാടല്ല.
- 1915-ല്‍ ഇംഗ്ലീഷുകാരനായ ഫ്രഡറിക് ടോര്‍ട്ടും 1917-ല്‍ ഫ്രഞ്ച്-കനേഡിയക്കാരനായ ഫെലിക്‌സ് ഡി ഹെറെല്ലയും വികസിപ്പിച്ചെടുത്ത ഫേജ് ചികിത്സ അഥവാ (Phage therapy)യുടെ അടിസ്ഥാനം തന്നെ എവിടെയെല്ലാം രോഗകാരികളായ ബാക്ടീരിയകളുണ്ടോ അവിടെയെല്ലാം അവയെ നശിപ്പിക്കുന്ന ബാക്ടീരിയാ ഫേജുകള്‍ എന്ന് വിളിക്കുന്ന വൈറസുകളുമുണ്ട് എന്ന കണ്ടെത്തലാണ്. ബാക്ടീരിയയുടെ കോശത്തിനകത്ത് കയറി ബാക്ടീരിയയെ നശിപ്പിക്കുന്ന വൈറസുകളാണ് ബാക്ടീരിയോഫേജുകള്‍ എന്നറിയപ്പെടുന്നത്. ആന്റിബയോട്ടിക് ചികിത്സകള്‍ ഫലപ്രദമാകാത്തിടങ്ങളില്‍ പോലും ഫേജ് ചികിത്സ ഫലപ്രദമാകുമെന്ന കണ്ടെത്തലിന്റെ വെളിച്ചത്തില്‍ പ്രസ്തുത ചികിത്സാസമ്പ്രദായം പല രാജ്യങ്ങളിലും തിരിച്ചു വരുന്നതെങ്ങനെയെന്ന് അറിയണമെങ്കില്‍ 2011 മെയ് മാസം ഇരുപതിന് പുറത്തിറങ്ങിയ ‘ഡിസ്‌കവര്‍’ മാഗസിനില്‍ ശാസ്ത്ര രചയിതാവായ കാള്‍ സിമ്മെര്‍ എഴുതിയ ‘Eaters of bacteria: Is phage therapy ready for the big time?’ എന്ന ലേഖനം വായിച്ചാല്‍ മതി. രോഗകാരികള്‍ക്കുള്ള മറുമരുന്ന് അവയുള്ള ഇടങ്ങളില്‍നിന്നുതന്നെ പ്രകൃതി നിര്‍ധാരണം വഴി വളര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച പഠനത്തിനാണ് ഫ്രാന്‍സിസ് എച്ച് ആര്‍നോള്‍ഡ്, ജോര്‍ജ് പി സ്മിത്ത്, സര്‍ ഗ്രിഗറി പി വിന്റര്‍ എന്നിവര്‍ക്ക് 2018 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതെന്ന വസ്തുതകൂടി ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
- ഈച്ചയെ സംബന്ധിച്ച ശാസ്ത്രീയമായ പല പഠനങ്ങളും തെളിയിക്കുന്നത്, അതിന്റെ ശരീരത്തില്‍ കുറഞ്ഞത് രണ്ടു തരത്തിലുള്ള രോഗപ്രതിരോധ സംവിധാനങ്ങള്‍ ഉണ്ട് എന്നതാണ്.
a). മുകളില്‍ പറഞ്ഞതുപോലുള്ള ബാക്ടീരിയോഫേജുകള്‍ എന്നറിയപ്പെടുന്ന വൈറസുകളാണ് അവയില്‍ ഒന്നാമത്തേത്. ഈച്ചകളുടെ ശരീരത്തില്‍ ബാക്ടീരിയകളെ നശിപ്പിക്കുന്ന ബാക്ടീരിയോ ഫേജ് വൈറസുകള്‍ ധാരാളമായി ഉണ്ടത്രെ. അമേരിക്കയിലെ പ്രശസ്തമായ റോക്ക്‌ഫെല്ലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് 1927ല്‍ നടത്തിയ പഠനത്തില്‍ നാല് വ്യത്യസ്ത സ്പീഷീസുകളില്‍ പെട്ട ബാക്ടീരിയകളെ നശിപ്പിക്കുന്ന ബാക്ടീരിയോ ഫേജ് വൈറസുകള്‍ ഈച്ചയുടെ ശരീരത്തിലുണ്ട് എന്ന് കണ്ടെത്തി. എന്നുമാത്രമല്ല, ബാക്ടീരിയോ ഫേജ് വൈറസുകള്‍ അല്ലാത്ത; എന്നാല്‍ ബാക്ടീരിയകളെ നശിപ്പിക്കാന്‍ ശേഷിയുളള ഉള്ള മറ്റെന്തോ ചില കെമിക്കലുകള്‍ കൂടി ഈച്ചയുടെ ശരീരത്തില്‍നിന്നും അവര്‍ വേര്‍തിരിച്ചെടുക്കുകയുണ്ടായി. ബാക്ടീരിയോഫേജുകള്‍ നശിപ്പിക്കുന്ന 4 സ്പീഷീസ് ബാക്ടീരിയകള്‍ക്ക് പുറമേ മറ്റ് നാല് തരം വ്യത്യസ്ത ബാക്ടീരിയല്‍ സ്പീഷീസുകളെ ഈ കെമിക്കലുകള്‍ നശിപ്പിക്കുന്നു എന്നും ഈ പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. (ഈച്ചയില്‍നിന്നും താന്‍ കണ്ടുപിടിച്ച ഈ കെമിക്കലുകള്‍ ആന്റിബയോട്ടിക്കുകള്‍ ആണ് എന്ന്, പഠനം നടത്തിയ Dr. Richard E Shope MD തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ അലക്‌സാണ്ടര്‍ ഫ്‌ലെമിങ്ങിന് മുമ്പ് ആന്റിബയോട്ടിക് കണ്ടുപിടിച്ച ക്രെഡിറ്റ് ഇദ്ദേഹത്തിന് ലഭിക്കുമായിരുന്നേനെ!)
യ). ബാക്ടീരിയകള്‍ക്ക് എതിരായിട്ടുള്ള ആന്റിബയോട്ടിക്കുകള്‍ ഈച്ചയുടെ ശരീരത്തില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് രണ്ടാമത്തേത്. ഓസ്‌ട്രേലിയയില്‍ ഈച്ചകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഈച്ചകള്‍ ആന്റിബയോട്ടിക്കുകള്‍ ഉല്‍പാദിപ്പിക്കുന്നു എന്ന് കണ്ടെത്തി. വിസര്‍ജ്യങ്ങളും മാലിന്യങ്ങളും ഭക്ഷിക്കുന്ന ഈച്ചകള്‍ ഭക്ഷണത്തിനായി ബാക്ടീരിയകളോടും യീസ്റ്റിനോടുമൊക്കെ മത്സരിക്കുകയാണ്. സ്വാഭാവികമായും ഈച്ചകള്‍ക്ക് ബാക്ടീരിയകളോട് പ്രതിരോധശേഷി ഉണ്ടെങ്കില്‍ മാത്രമേ അതിജീവനം സാധ്യമാവു എന്നുള്ള ചിന്തയാണ് ഈ പഠനത്തിന് പ്രേരകം. ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ഈച്ചകളില്‍നിന്നും ശേഖരിച്ച ആന്റിബയോട്ടിക്കുകള്‍ staphylococcus, escherichia coli തുടങ്ങിയ രോഗകാരികളായ ബാക്ടീരിയല്‍ കള്‍ച്ചറുകളില്‍ പരീക്ഷിച്ചപ്പോള്‍, അവ ബാക്ടീരിയകളെ പൂര്‍ണമായി നശിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തി.
(Joanne Clarke, another researcher on the project, told UPI all the fly species she analyzed produce antibiotics on the surface during the adult and larval stage, but only occasionally during the pupae stage when they have a protective casing. She harvested the antibiotic from the surface of the flies by soaking them in ethanol for a few days, then removed the ethanol from the solution, leaving just the fly’s secretions. ‘We tested the secreted antibiotic on threet ypes of bacteria,’ Clarke said, including golden staph and the common gut bug, E. coli and a yeast, ‘and the antibiotic killed them all.’)
ഈ വിഷയവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ന്യൂസ് ഏജന്‍സിയായ United press international 2002 ഒക്ടോബര്‍ ‘Science News’ല്‍ ഒന്നിന് വാര്‍ത്ത കൊടുക്കയും ചെയ്തിരുന്നു. (കൂടുതല്‍ വായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്: https://www.ncbi.nlm.nih.gov/pmc/articles/PMC2131160/ )
അലക്‌സാണ്ട്രിയാ യൂനിവേഴ്‌സിറ്റിയിലെ അസ്ഥിചികിത്സാ വിഭാഗം പ്രഫസറായിരുന്ന ഡോ. അമീന്‍ റിദാ 1977ല്‍ ഈജിപ്ഷ്യന്‍ മാസികയായ ‘അത്തൗഹീദി’ല്‍ ഈ ഹദീസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മതപരമായും ശാസ്ത്രീയമായും ഏറെ പ്രസക്തിയുള്ള ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. അതിന്റെ സംഗ്രഹം ഇവിടെ ഉദ്ധരിക്കുന്നത് ഈ വിഷയത്തിന്റെ പൂര്‍ണതക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു:
‘ആനുകാലിക ശാസ്ത്രവുമായി പൊരുത്തപ്പെട്ടുപോകുന്നില്ല എന്ന കാരണത്താല്‍ ഈ ഹദീസെന്നല്ല ഒരു ഹദീസും തിരസ്‌കരിക്കാന്‍ അവകാശമില്ല. കാരണം, ശാസ്ത്രം വളരുകയും അതിന്റെ നിഗമനങ്ങള്‍ മാറിക്കൊണ്ടിരിക്കുകയും ചെയ്യും. ചിലപ്പോള്‍ നിലവിലുള്ളതിന് തീര്‍ത്തും വിരുദ്ധമായ കണ്ടെത്തലുകളില്‍ അത് എത്തിച്ചേര്‍ന്നു എന്നും വന്നേക്കാം. അപ്പോള്‍ ആനുകാലിക ശാസ്ത്ര നിഗമനങ്ങളെ അടിസ്ഥാനമാക്കി ഒരു തിരുവചനത്തെ തള്ളിക്കളയുകയും പിന്നീട് ഈ നിഗമനത്തിന് പകരം മറ്റൊന്ന് രംഗപ്രവേശം ചെയ്യുമ്പോള്‍ വീണ്ടും പ്രസ്തുത ഹദീസ് സ്വാകാര്യമെന്ന് വിധിക്കുകയും ചെയ്യുകയെന്നത് ശരിയല്ല. വല്ല ഹദീസും ‘ബുദ്ധിയുമായി ഏറ്റുമുട്ടുന്നു’ എന്ന കാരണത്താല്‍ മാത്രം തിരസ്‌കരിക്കാനും അവകാശമില്ല. കാരണം, ഈ ഏറ്റുമുട്ടലിനിടയാക്കിയ ന്യൂനത ഹദീസിന്റേതല്ല, ബുദ്ധിയുടേതാണ്. ബുദ്ധിമാനും നീതിമാനുമായ ഒരു ശാസ്ത്രജ്ഞന്‍ തന്റെ അറിവ് വമ്പിച്ചതാണ് എന്നതോടൊപ്പം തന്നെ തനിക്ക് അറിവില്ലാത്തത് അതിലും വമ്പിച്ച അളവിലുണ്ട് എന്നും സമ്മതിക്കും. അതിനാല്‍ നമ്മുടെ കൈവശമുള്ള അറിവിനെ നമ്മെ ആത്മവഞ്ചനയില്‍ അകപ്പെടുത്താന്‍ അനുവദിച്ചുകൂടാ.
രോഗ ചികിത്സക്ക് ഈച്ചകളെ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് വൈദ്യശാസ്ത്രത്തില്‍ ഒരു നിര്‍ദേശവുമില്ല എന്ന വാദം ശരിയല്ല. ഈച്ചകളെ വിവിധ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗപ്പെടുത്തിരുന്നതായി പറയുന്ന പഴയ വൈദ്യശാസ്ത്ര രേഖകള്‍ എന്റെ കൈവശമുണ്ട്. സള്‍ഫാ ഗ്രൂപ്പില്‍ പെട്ട മരുന്നുകള്‍ കണ്ടുപിടിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍ ഈ നൂറ്റാണ്ടിലെ മുപ്പതുകളില്‍ ജീവിച്ച എല്ലാ സര്‍ജന്മാരും ഗുരുതരമായ അസ്ഥിരോഗങ്ങളും പഴക്കമുള്ള വ്രണങ്ങളും ചികിത്സിച്ച് ഭേദമാക്കുന്നതിന് ഈച്ചകളെ ഉപയോഗപ്പെടുത്തുന്നത് നേരിട്ട് കണ്ടവരാണ്. രോഗബീജങ്ങളെ ഹനിക്കാന്‍ കഴിവുള്ള വൈറസുകളെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. ഈച്ചകള്‍ ഒരേസമയം രോഗകാരികളായ ബീജങ്ങളെയും പ്രസ്തുത ബീജങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിവുള്ള വൈറസ്സുകളെയും വഹിക്കുന്നു എന്ന തത്വത്തിലാണ് അത് അധിഷ്ഠിതമായിരുന്നത്. പിന്നീട് വ്രണങ്ങള്‍ ഭേദപ്പെടുത്തുന്നതിന് ഈച്ചകളെ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച ഗവേഷണങ്ങള്‍ നിലച്ചുപോയി. അതിന് കാരണം ആ ചികിത്സാ രീതിയുടെ പരാജയമായിരുന്നില്ല. മറിച്ച്, ഗവേഷകരുടെ ശ്രദ്ധ മുഴുക്കെ പിടിച്ചുപറ്റിയ സള്‍ഫാ മരുന്നുകളുടെ കണ്ടുപിടുത്തമായിരുന്നു.
ഈച്ചകള്‍ വഹിക്കുന്ന രോഗാണുക്കളെ ചെറുക്കാന്‍ കഴിയുന്ന ബീജങ്ങള്‍ ഈച്ചകളില്‍തന്നെയുണ്ട് എന്ന ഒരദൃശ്യ സത്യം ഈ ഹദീസ് ഉള്‍ക്കൊള്ളുന്നു. അതേസമയം, ആധുനിക ശാസ്ത്രത്തിന്റെ ഒരാധ്യാപനം ഇപ്രകാരമാണ്: ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷ്മ ജീവികള്‍ അനുസ്യൂതവും ഘോരവുമായ സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നു. വിഷമയമായ ചില പദാര്‍ഥങ്ങള്‍ സ്രവിച്ച് അവയിലൊരു വിഭാഗം മറ്റൊരു വിഭാഗത്തെ നശിപ്പിക്കുന്നു. വിഷമയമായ ഈ സ്രവങ്ങളില്‍ ചിലത് ഔഷധമൂല്യമുള്ളവയത്രെ. ഇതിനെയാണ് നാം ആന്റി ബയോട്ടിക്‌സ് എന്ന്! വിളിക്കുന്നത്. പെന്‍സിലിന്‍, ക്ലോറോമൈസിന്‍ തുടങ്ങിയവ ഉദാഹരണം.
ഒരു വസ്തുത വൈദ്യശാസ്ത്ര ഗവേഷകര്‍ക്ക് അറിഞ്ഞുകൂടാത്തതോ അവര്‍ ഇതേവരെ കണ്ടെത്തിയിട്ടില്ലാത്തതോ ആണെന്നുവെച്ച് അത് തീര്‍ത്തും അസംഭവ്യമാണെന്ന് ഒരു പ്രവചനം സാധ്യമല്ല. അത്തരം കാര്യങ്ങള്‍ പലതും പിന്നീട് വ്യക്തമാവാന്‍ ഏറെ സാധ്യതയുണ്ട്. അതിനാല്‍ ഹദീസ് നിദാനശാസ്ത്രത്തിന്റെയോ ആധുനിക ശാസ്ത്രത്തിന്റെയോ പിന്‍ബലമില്ലാതെ ഈ തിരുവചനം അസ്വീകാര്യമാണെന്ന് വിധിക്കും മുമ്പ് നാം അല്‍പം സാവകാശം കൈകൊള്ളേണ്ടതുണ്ട്. ഈച്ചകളെ പിടിച്ച് ബലാല്‍ക്കാരം പാത്രത്തിലിടാനോ ഭക്ഷണ പാത്രങ്ങള്‍ തുറന്നിടാനോ ഈ ഹദീസ് ആവശ്യപ്പെടുന്നില്ല. പാത്രത്തില്‍ ഈച്ച വീഴുന്നത് ദുസ്സഹമായി തോന്നുക മൂലം അതിലുള്ള ആഹാരം കഴിക്കാന്‍ സാധിക്കാത്ത ഒരാളോടും അത് ഭക്ഷിക്കണമെന്ന് നിര്‍ബന്ധപൂര്‍വം അനുശാസിക്കുന്നില്ല. ആരോഗ്യപാലകരെയോ ഭിഷഗ്വരന്മാരെയോ ഈച്ചകളെ ആട്ടിയകറ്റുന്നതില്‍നിന്നോ ഉന്മൂലനം ചെയ്യുന്നതില്‍നിന്നോ ഈ ഹദീസ് വിലക്കുന്നതായോ, ഈച്ചകളെ വളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്നതയോ ഒരുമതപണ്ഡിതനും മനസ്സിലാക്കിയിട്ടുമില്ല.’ (ഉദ്ധരണം: ഖറദാവിയുടെ ഫത് വകള്‍ 1/114 117)
ചുരുക്കത്തില്‍, ഈച്ചയുടെ ശരീരത്തില്‍ ബാക്ടീരിയല്‍ സ്പീഷീസുകളെ നശിപ്പിക്കുന്ന എട്ട് വ്യത്യസ്ത തരം ബാക്ടീരിയോ ഫേജുകളും ആന്റിബയോട്ടിക്കുകളും ഉള്ളതായി ഏതാണ്ട് ഒമ്പത് പതിറ്റാണ്ട് മുമ്പ് തന്നെ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും ‘സ്വതന്ത്ര ചിന്തകര്‍’ എന്ന് അവകാശപ്പെടുന്നവര്‍ അതൊന്നും കാണാത്തതും വായിക്കാത്തതും ഇസ് ലാമിന്റെ കുറ്റമല്ല. ‘തെളിവുകള്‍ നയിക്കട്ടെ’ എന്ന മുദ്രാവാക്യം മുഴക്കി നടക്കുന്ന അവര്‍ അതിനോട് തെല്ലെങ്കിലും നീതിപുലര്‍ത്തിയിരുന്നെങ്കില്‍, ഈ ഹദീസ് പൊക്കിപ്പിടിച്ച്, ‘ശാസ്ത്രീയത പോകട്ടെ, അതിലെന്ത് ലോജിക്കാണുള്ളത്’ എന്ന് പറഞ്ഞും, ‘ഈച്ചയുടെ ചിറകില്‍ ഔഷധമോ!’ എന്നത്ഭുതപ്പെട്ടും ഇസ് ലാമിനെയും അതിന്റെ പ്രവാചകനെയും പരിഹസിച്ച് നടക്കുമായിരുന്നില്ല തന്നെ! മുകളില്‍ നാം കണ്ടതുപോലുള്ള ശാസ്ത്രീയ അറിവുകള്‍ ഒന്നുമില്ലാതിരുന്ന ഏഴാം നൂറ്റാണ്ടിലാണ് മുഹമ്മദ് നബി(സ) ഈ കാര്യങ്ങള്‍ പറഞ്ഞത് എന്നതില്‍ ചിന്താശേഷിയുള്ളവര്‍ക്ക് വേറെയും ചില പാഠങ്ങളുണ്ട്. നമ്മുടെ അറിവോ യുക്തിയോ മാത്രമുപയോഗിച്ച് ദൈവിക വെളിപാടുകളെയും പ്രവാചക വചനങ്ങളെയും അപഗ്രഥിച്ച് സ്വീകരിക്കാനും തിരസ്‌കരിക്കാനും മുതിര്‍ന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ രംഗത്തുവരുന്നതോടെ അവയെ വീണ്ടും തിരുത്തേണ്ടിവന്നേക്കും, പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറമുള്ള ആറാം ഇന്ദ്രിയമാകുന്ന ദിവ്യ ബോധനത്തിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന എല്ലാ അറിവുകളുടെയും യുക്തി നമുക്ക് മനസ്സിലായേ തീരൂ എന്ന പിടിവാശി നല്ലതല്ലെന്ന് തിരിച്ചറിയണം.
അബ്ദുല്‍ അസീസ് പൊന്‍മുണ്ടം
Add Comment