വിശിഷ്ടനാമങ്ങള്‍

അത്തവ്വാബ് (ഏറെ പശ്ചാതാപം സ്വീകരിക്കുന്നവന്‍)

അല്ലാഹു സൃഷ്ടികളുടെ പശ്ചാത്താപം സ്വീകരിക്കുന്നവനും അവരുടെ തെറ്റുകള്‍ക്ക് മാപ്പുനല്‍കുന്നവനുമാണ്. തൗബ എന്ന പദം സൃഷ്ടികളെ സംബന്ധിച്ചും സ്രഷ്ടാവിനെ സംബന്ധിച്ചും പറയാറുണ്ട്. സൃഷ്ടികളെക്കുറിച്ചാവുമ്പോള്‍ പശ്ചാതപിച്ചു മടങ്ങിയെന്നും സ്രഷ്ടാവിനെക്കുറിച്ചാവുമ്പോള്‍ പശ്ചാത്താപം സ്വീകരിച്ചു മാപ്പുനല്‍കി എന്നുമാണ് ഉദ്ദേശ്യം. ഇസ്‌ലാമില്‍ പശ്ചാത്താപത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അല്ലാഹുവിന്റെ ഈ ഗുണം ഉപയോഗപ്പെടുത്താന്‍വേണ്ടി, പശ്ചാത്തപിക്കാന്‍ ഖുര്‍ആന്‍ അടിക്കടി മനുഷ്യരെ ഉണര്‍ത്തുന്നതുകാണാം. മനുഷ്യരുടെ പശ്ചാത്താപം സ്വീകരിക്കാന്‍ സദാ സന്നദ്ധനായിരിക്കുന്നവനാണ് അല്ലാഹു. ”ദാസന്‍മാരില്‍നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നതും അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നതും അവനാകുന്നു. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവന്‍ അറിയുന്നുണ്ട്.” (അശ്ശൂറാ: 25), ”നാഥാ, ഞങ്ങളിരുവരെയും നിനക്ക് മുസ്‌ലിം (അനുസരണമുള്ളവര്‍) ആയ ദാസന്‍മാരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍നിന്നും നിനക്കു മുസ്‌ലിമായ ഒരു സമൂഹത്തെ എഴുന്നേല്‍പിക്കേണമേ! ഞങ്ങള്‍ക്കു ഞങ്ങളുടെ ആരാധനാമാര്‍ഗങ്ങള്‍ അറിയിച്ചുതരേണമേ! ഞങ്ങളുടെ വീഴ്ചകള്‍ മാപ്പാക്കിത്തരേണമേ! ഏറെ മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ നീ!!”(അല്‍ബഖറ: 128)

Topics