സകാത്ത്‌ വിധികള്‍

വസ്തുക്കള്‍ക്ക് സകാത്തിനുള്ള നിബന്ധനകള്‍

1. മാല്‍ അഥവാ ധനം

സകാത്ത് മാല്‍ അഥവാ ധനത്തിനാണ് ബാധകമാവുന്നത് എന്ന് ഖുര്‍ആന്‍ പറയുന്നു. ‘അവരുടെ സമ്പാദ്യങ്ങളില്‍ ചോദിക്കുന്നവന്നും നിരാലംബനും അവകാശമുണ്ടായിരുന്നു'(അദ്ദാരിയാത്ത്: 19)
മറ്റൊരിടത്ത് ഇങ്ങനെ കാണാം:

നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും'(അത്തൗബ 103)
മനുഷ്യന് പ്രയോജനകരമായതും സ്വന്തമാക്കാന്‍ കഴിയുന്നതും മൂല്യമുള്ളതുമായ എല്ലാ വസ്തുക്കള്‍ക്കും അറബിഭാഷയില്‍ മാല്‍ എന്ന് പറയാറുണ്ട്. എന്നാല്‍ അതിന് ശരീഅത്ത് പ്രത്യേകം സാങ്കേതികാര്‍ഥം നല്‍കിയിട്ടില്ല. മലയാളത്തില്‍ അതിനെ ധനം ,സമ്പത്ത് എന്നൊക്കെ പറയാം. ഈ ധനത്തില്‍ പല ഇനങ്ങളുമുണ്ട്. ഭക്ഷ്യവിഭവങ്ങള്‍, നാണ്യവിളകള്‍, നാണയങ്ങള്‍, കാലികള്‍ , ഖനിജങ്ങള്‍, സ്വര്‍ണം, വെള്ളി പോലെയുള്ള അമൂല്യമായ ലോഹങ്ങള്‍ തുടങ്ങി പല ഇനങ്ങളും. അതുപോലെ പണ്ടു മാല്‍ ആയിരുന്നിട്ടില്ലാത്ത വെള്ളം, തീ, പുല്ല്, വിറക് ഇക്കാലത്ത് മാല്‍ എന്നതില്‍ വരും.

2. നിസാബ്(നിശ്ചിത അളവ്)

നിശ്ചിത പരിമാണം അഥവാ അളവ് ഉണ്ടെങ്കിലേ ഏത് ധനത്തിനും സമ്പത്തിനും സകാത്ത് ബാധകമാവുകയുള്ളൂ. അതില്‍തന്നെ എല്ലാ ഇനത്തിനും ഒരേ നിസാബല്ല ശരീഅത് നിശ്ചയിച്ചിട്ടുള്ളത്. നാണയങ്ങള്‍ ,സ്വര്‍ണം,വെള്ളി എന്നിവക്ക് 200 ദിര്‍ഹം അല്ലെങ്കില്‍ 20 ദീനാര്‍(85 ഗ്രാം സ്വര്‍ണം) ആണ് നിസാബ്. കാര്‍ഷികവിളകളില്‍ 300 സാഅ്(ഒരു സാഅ് 2.172കി.ഗ്രാം) അഥവാ അഞ്ചു വസ്ഖ് ആണ് അതിന്റെ പരിധി. കാലികളില്‍ അഞ്ച് ഒട്ടകം, 40 ആട്, 30 പശു എന്നിങ്ങനെയാണ് നിസാബ്. ശരീഅത് നേര്‍ക്കുനേരെ നിസാബ് നിശ്ചയിച്ചിട്ടില്ലാത്ത വസ്തുക്കളില്‍ ഖിയാസിലൂടെ(താരതമ്യ ന്യായാധികരണം) നിസാബ് കണ്ടെത്തണം.
നബിയുടെ കാലത്ത് വെള്ളിനാണയങ്ങളാണ് സര്‍വസാധാരണമായിരുന്നത് എന്നതിനാല്‍ ദിര്‍ഹം നിസാബിന് മാനദണ്ഡമായി വന്നു. അക്കാലത്ത് വെള്ളിയും സ്വര്‍ണവും തമ്മില്‍ 10:1 എന്ന അനുപാതത്തിലാണ് മൂല്യമുണ്ടായിരുന്നത്. ഇക്കാലത്ത് അതില്‍ മാറ്റംവന്നിട്ടുള്ളതിനാല്‍ 20 ദീനാര്‍ സ്വര്‍ണം(85 ഗ്രാം സ്വര്‍ണം) എന്നത് പണ്ഡിതന്‍മാര്‍ മാനദണ്ഡമാക്കിയിരിക്കുന്നു.

3. വര്‍ഷം പൂര്‍ത്തിയാവുക

സകാത്തിന് വിധേയമാകുന്ന ധനം രണ്ടിനമുണ്ട്.
ഒന്ന്: മൂലധനം ഒഴിച്ചുനിര്‍ത്തി അതില്‍നിന്നുള്ള വരുമാനത്തിന് ബാധകമാവുന്നവ. ഉദാഹരണം കാര്‍ഷികോല്‍പന്നങ്ങള്‍, വ്യവസായങ്ങള്‍, കെട്ടിടവാടക തുടങ്ങിയവ. കാര്‍ഷികവിളകളില്‍ നിസാബെത്തിക്കഴിഞ്ഞാല്‍ അത് ഉടമയുടെ കൈവശം ഒരുവര്‍ഷം പൂര്‍ത്തിയാകണമെന്ന നിബന്ധനയില്ല. പറിച്ചെടുത്ത ഉടനെയാണ് അതിന്റെ സകാത്ത് നല്‍കേണ്ടത്. ഖുര്‍ആന്‍ പറയുന്നു:’വിളവെടുപ്പുകാലത്ത് അതിന്റെ ബാധ്യത അഥവാ സകാത്ത് കൊടുത്തുതീര്‍ക്കുക'(അല്‍അന്‍ആം 141). അതുപോലെ മറ്റിനങ്ങളും കാര്‍ഷികവിളകളോട് തുലനംചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം . കാരണം കൃഷിയുടെ അടിസ്ഥാനമൂലധനമായ ഭൂമി, അവയിലെ ഫലങ്ങളുണ്ടാകുന്ന സസ്യ-വൃക്ഷാദികള്‍ എന്നിവക്ക് സകാത്തില്ല. അതുപോലെതന്നെയാണ് വ്യവസായങ്ങളുടെ അടിസ്ഥാനമൂലധനം. കൃഷിയെപ്പോലെത്തന്നെ ഒരുവര്‍ഷം പൂര്‍ത്തിയാവുക എന്നത് ഇവക്കില്ല. എന്നാല്‍ ഇവയിലെ വരുമാനത്തിന്റെ പത്തുശതമാനം ആണ് സകാത്ത് നല്‍കേണ്ടത്.
രണ്ട്: മൂലധനത്തിനും അതില്‍നിന്ന് വരുമാനമുണ്ടെങ്കില്‍ അതിനും ഒരുമിച്ച് സകാത്ത് ബാധകമാവുന്നവ: നാണയങ്ങള്‍ ,സ്വര്‍ണം, വെള്ളികള്‍, കാലികള്‍ എന്നിവ ഇതില്‍പെടുന്നു. ഇതിന്റെ തോത് മൊത്തം ധനത്തിന്റെ രണ്ടരശതമാനമാണ്.എന്നാല്‍ ഒരിക്കല്‍ സകാത്ത് കൊടുത്ത ധനത്തിന് പിന്നീട് ഒരു കാരണവശാലും ഒരുവര്‍ഷം പൂര്‍ത്തിയാവുംമുമ്പ് സകാത്ത് ബാധകമല്ല. ഉദാഹരണമായി സകാത്ത് നല്‍കിയ കാര്‍ഷികവിള ഒരാള്‍ വില്‍പന നടത്തി കിട്ടിയ വില നാണയങ്ങളുടെ നിസാബുണ്ടെങ്കിലും (അതായത്, 20 ദീനാര്‍ -85 ഗ്രാം സ്വര്‍ണം- ന് തുല്യം) ഒരു വര്‍ഷം തികയാതെ സകാത്ത് ബാധകമാവുകയില്ല. കാരണം , അതിന്റെ സകാത്ത് ഒരു തവണ നല്‍കിക്കഴിഞ്ഞതാണ്.

എന്നാല്‍ ഇപ്പോള്‍ കൈവശമുള്ള ധനത്തിന്റെ ഉപോല്‍പന്നമോ വിലയോ അല്ലാതെ പുതുതായി ലഭിക്കുന്ന ധനം- ഇതിനെ അല്‍മാലുല്‍ മുസ്തഫാദ് എന്നുപറയും- നിസാബില്‍ കവിഞ്ഞുണ്ടെങ്കില്‍ സകാത്ത് ബാധകമാകാന്‍ ഒരു വര്‍ഷം അത് കയ്യിലിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഇബ്‌നു അബ്ബാസ്, ഇബ്‌നു മസ്ഊദ്, മുആവിയ എന്നീ സ്വഹാബിമാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. അതേസമയം പ്രബലരായ നാലു ഇമാമുമാര്‍ക്ക് ആ ധനം കൈവശം ഒരുവര്‍ഷം സൂക്ഷിച്ചിരിക്കണമെന്ന കാഴ്ചപ്പാടാണ്. പക്ഷേ, ഇതിന് എന്തെങ്കിലും പ്രമാണങ്ങളുടെ പിന്‍ബലമില്ല. അതിനാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളം, വിദഗ്ധതൊഴിലിന് ലഭിക്കുന്ന പ്രതിഫലം, അനന്തരസ്വത്ത്, സര്‍വീസില്‍നിന്ന പിരിയുമ്പോള്‍ കിട്ടുന്ന പ്രൊവിഡണ്ട് ഫണ്ട്, ഗ്രാറ്റ്വിവിറ്റി തുടങ്ങി വിവിധസ്വഭാവത്തില്‍ കിട്ടുന്ന ധനം നിസാബില്‍ കവിഞ്ഞതാണെങ്കില്‍ ഉടന്‍തന്നെ സകാത്ത് നല്‍കണം.

4. നമാഅ് അഥവാ വളര്‍ച്ച

സകാത്ത് നിര്‍ബന്ധമാകുന്ന ധനം എന്നത് അതിന്റെ സ്വഭാവത്തില്‍ വളര്‍ച്ചയ്ക്ക് യോഗ്യമായത് ആവുക എന്നതാണ്. നമാഅ് അഥവാ വളര്‍ച്ച എന്നത് സകാത്ത് നിര്‍ബന്ധമാവുന്നതിന് മാനദണ്ഡമാക്കിയതിന് പണ്ഡിതന്‍മാര്‍ പല തെളിവുകളും ഉദ്ധരിക്കുന്നു.
നബി(സ) പറഞ്ഞു:’ഒരു മുസ്‌ലിമിന് അവന്റെ കുതിരക്കും അടിമക്കും സ്വദഖയില്ല’ (ബുഖാരി , മുസ്‌ലിം)
ഇമാം നവവി ഈ ഹദീസിനെ മുന്‍നിര്‍ത്തി വ്യക്തിപരമായ ഉപയോഗത്തിനുള്ള സ്വത്തിന് സകാത്തില്ലെന്ന് വാദിച്ചു. യഥാര്‍ഥത്തില്‍ അടിമയും കുതിരയും കച്ചവടച്ചരക്കുകളാണല്ലോ. അതിനാല്‍തന്നെ വരുമാനവര്‍ധനയ്ക്ക് അത് യോഗ്യവുമാണ്.(അടിമ-ഉല്‍പാദനോപകരണം-യെയും കുതിര-വാഹനം-യെയും ബിസിനസ് ,കൃഷി ആവശ്യങ്ങള്‍ക്കുപയോഗപ്പെടുത്തുമ്പോള്‍ വിശേഷിച്ചും). മേല്‍ഹദീസ് പറയുന്നത് മനുഷ്യന്റെ അടിസ്ഥാനആവശ്യങ്ങളില്‍ പെടുമ്പോള്‍ അതിന് സകാത്തില്ല എന്നുമാത്രമാണ്.
വളരുന്ന സാധനത്തിനല്ലാതെ നബി(സ) സകാത്ത് വാങ്ങിയിട്ടില്ലെന്നാണ് മറ്റൊരു വാദം. ഇത് പക്ഷേ തെളിവൊന്നുമില്ലാതെ ചിലര്‍ നടത്തുന്ന അനുമാനം മാത്രമാണ്. ഉദാഹരണത്തിന് കാര്‍ഷികവിളകളില്‍ ഉണക്കിസൂക്ഷിക്കാന്‍ കഴിയുന്നതിന് മാത്രമാണ് സകാത്തെന്ന് ഇമാം ശാഫി വാദിച്ചിരുന്നു. നബി (സ) തിരുമേനി സകാത്ത് വാങ്ങിയിരുന്ന വസ്തുക്കളില്‍ പൊതുവായി ദൃശ്യമായ സ്വഭാവം മുന്‍നിര്‍ത്തി സ്വീകരിച്ച അനുമാനം മാത്രമായിരുന്നു അത്. വളര്‍ച്ച ഫലത്തില്‍ വേണമെന്നില്ല തത്ത്വത്തില്‍ ഉണ്ടായാലും മതിയെന്നാണ് വേറെ ചിലരുടെ വാദം. ഉദാഹരണത്തിന് ഒരാള്‍ തന്റെ കൈവശമുള്ള സ്വര്‍ണമോ നാണയങ്ങളോ നിക്ഷേപമാക്കി പെട്ടിയില്‍ സൂക്ഷിച്ചുവെച്ചാല്‍ ഫലത്തില്‍ അതിന്റെ വളര്‍ച്ച ഇല്ലാതായി. പക്ഷേ അത് സകാത്തില്‍ നിന്നൊഴിവാകുന്നില്ലല്ലോ. അതുകൊണ്ടാണ് അവയുടെ വളര്‍ച്ച തത്ത്വത്തിലാണെന്നും സങ്കല്‍പത്തിലാണെന്നും വളരാന്‍ യോഗ്യമായാല്‍മതി എന്ന വാദങ്ങളുയരുന്നത്. വാസ്തവത്തില്‍ എല്ലാ സമ്പത്തും മൂല്യമുള്ളതാണ്. മൂല്യമുള്ളതെല്ലാം കൈമാറ്റത്തിന് യോഗ്യമാണ്. ഈ കൈമാറ്റത്തെ കച്ചവടമെന്ന് പറയാം. അതാണ് ലാഭം നേടിത്തരുന്നതും.
സകാത്ത് എന്ന പദം വര്‍ധനയെക്കുറിക്കുന്നു എന്ന വാദത്തിന് തെളിവായി ഖുര്‍ആന്‍ സൂക്തമുന്നയിക്കുന്നവരുണ്ട്.’എന്നാല്‍ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്നുവെങ്കില്‍, അങ്ങനെ ചെയ്യുന്നവരാണ് അതിനെ ഇരട്ടിപ്പിച്ച് വളര്‍ത്തുന്നവര്‍'(അര്‍റൂം 39) ഇവിടെ ഉദ്ദേശ്യം സകാത്ത് നിര്‍ബന്ധമാകുന്ന വസ്തുക്കളുടെ വര്‍ധനയല്ല, മറിച്ച് സകാത്ത് ദായകര്‍ക്ക് ഇഹത്തിലും പരത്തിലുമുണ്ടാകുന്ന വര്‍ധനയാണ്.
ഒരുവന്റെ വാഹനം, വീട്, പണിയായുധം, വീട്ടുപകരണങ്ങള്‍ വര്‍ധനയില്ലാത്തതുകൊണ്ടാണ് സകാത്തില്‍നിന്നൊഴിവാക്കിയതെന്ന് ചില പണ്ഡിതന്‍മാര്‍ വാദിക്കുന്നു. തികച്ചും ദുര്‍ബലമാണ് ഈ വാദം. കാരണം, ഇപ്പറഞ്ഞതെല്ലാം വില്‍പന നടത്താന്‍ പറ്റിയവയാണ്. യഥാര്‍ഥത്തില്‍ ഇവ മനുഷ്യന്റെ അടിസ്ഥാനആവശ്യങ്ങളില്‍ പെട്ടവയായതുകൊണ്ടാണ് അതിന് സകാത്തില്ലെന്ന് പറഞ്ഞത്. അത് ആരെങ്കിലും വില്‍പനയ്ക്കുള്ള വസ്തുക്കളാക്കുന്നതോടെ അവയില്‍ സകാത്ത് വന്ന്‌ചേരുന്നു.
ചുരുക്കത്തില്‍ നമാഅ് അഥവാ വളര്‍ച്ച എല്ലാ ധനത്തിന്‍മേലും സകാത്ത് നിര്‍ബന്ധമാകുന്നതിനുള്ള മാനദണ്ഡമാണെന്ന് ഖുര്‍ആനില്‍നിന്നോ സുന്നത്തില്‍നിന്നോ അംഗീകാരയോഗ്യമായ മറ്റുപ്രമാണങ്ങളില്‍നിന്നോ ലഭിക്കുന്നില്ല. എന്നാല്‍ വരുമാനത്തിന് മാത്രം സകാത്ത് ബാധകമാവുന്ന ധനത്തില്‍ അത് നിബന്ധനയാണ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured