Home / പ്രമാണങ്ങള്‍ / ഖുര്‍ആന്‍ / ഖുര്‍ആന്‍-പഠനങ്ങള്‍ / സൂര്യനും ചന്ദ്രനും തമ്മില്‍ മത്സരയോട്ടം (യാസീന്‍ പഠനം – 18)
sun and moon

സൂര്യനും ചന്ദ്രനും തമ്മില്‍ മത്സരയോട്ടം (യാസീന്‍ പഠനം – 18)

 

لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ

40. ‘ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യന് സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിതപഥത്തില്‍ നീന്തിത്തുടിക്കുകയാണ് ‘(യാസീന്‍).

ചന്ദ്രനും സൂര്യനും അവയുടേതായ പഥത്തില്‍ മത്സരിച്ച് കുതിക്കുകയാണ്. ‘യസ്ബഹൂന്‍’ എന്ന വാക്ക് വെള്ളത്തിലോ വായുവിലോ വേഗത്തില്‍ കുതിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇമാം ത്വബരി പറയുന്നു: ചന്ദ്രനെ മറികടക്കാന്‍ സൂര്യന് അനുവാദമില്ല. അങ്ങനെ വന്നാല്‍ ചന്ദ്രപ്രകാശത്തിന് അത് തടസ്സം സൃഷ്ടിക്കുകയും തുടര്‍ച്ചയായ പകലുണ്ടാവുകയും രാത്രി ഇല്ലാതാവുകയുംചെയ്യും. പകലിനെ മുന്‍കടക്കാന്‍ രാത്രിക്കും അനുവാദമില്ല. അങ്ങനെവന്നാല്‍ പകല്‍ ഉണ്ടാവുകയില്ല. ഇമാം ഖുര്‍ത്വുബി പറയുന്നു: സൂര്യനും ചന്ദ്രനും അധികാരികളാണ്. പകല്‍വേളയില്‍ സൂര്യന്റെ പ്രകാശം ചന്ദ്രപ്രകാശത്തെ അതിജയിക്കുന്നു. തുടര്‍ന്ന് സൂര്യന്‍ പിന്‍വാങ്ങുന്നു. പിന്നീട് ചന്ദ്രന്‍ അതിന്റെ പ്രകാശം പൊഴിച്ചുകൊണ്ട് രംഗത്തുവരുന്നു. ഈ ഘട്ടത്തില്‍ ചന്ദ്രന്നാണ് എല്ലാ സ്വാധീനവും ഉള്ളത്. മുജാഹിദ് എഴുതുന്നു: സൂര്യനും ചന്ദ്രനും അന്യോന്യം ഇടപെടുന്നില്ല. ഒരു ദണ്ഡിന്റെ അറ്റത്ത് സ്വതന്ത്രമായി കറങ്ങിക്കൊണ്ടിരിക്കുന്ന വളയം പോലെയാണ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കറങ്ങിക്കൊണ്ടിരിക്കുന്നത്. ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലെ കറങ്ങുന്ന വിവിധ ഷാഫ്റ്റുകളും കപ്പികളും കറങ്ങുന്നതിന് സമാനമാണിത്. പൊടിക്കുന്ന മെഷീനും ഷാഫ്റ്റും അന്യോന്യം ബന്ധപ്പെട്ടുതന്നെയാണ് കറങ്ങുന്നതെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അദ്ദേഹം സംഗ്രഹിക്കുന്നു: ‘അതുപോലെയാണ് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനുമെല്ലാം സഞ്ചരിക്കുന്നത്. ഓരോന്നിനും അവയുടെതായ ഭ്രമണപഥമുണ്ട്. ഭ്രമണപഥങ്ങളില്ലാതെ അവയ്ക്ക് സഞ്ചരിക്കാനാവില്ല. അവയില്ലാതെ സഞ്ചാരപഥങ്ങളുമില്ല.’ അതുംപറഞ്ഞ് അദ്ദേഹം വിരല്‍കൊണ്ട് മണ്ണില്‍ കുത്തിതിരിച്ചു.

ഓരോ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും അവയുടേതായ സ്വാധീനംചെലുത്തുന്ന പരിധികളും പഥങ്ങളുമുണ്ട്. അവയിലെല്ലാം തികഞ്ഞ സന്തുലനവും താളൈക്യവും ദൃശ്യമാണ് എന്ന് ഖതാദഃ അഭിപ്രായപ്പെടുന്നു. അല്ലാഹുവിന്റെ പരമജ്ഞാനവും നിര്‍ദ്ദേശവും അനുസരിച്ചാണ് പ്രപഞ്ചത്തിലെ മുഴുവന്‍ പ്രതിഭാസങ്ങളും മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ദ്വഹ്ഹാക് വീക്ഷിക്കുന്നു.

ഗാലക്‌സി

ചന്ദ്രനിലേക്ക് അടുക്കാന്‍ സൂര്യന് അനുവാദമില്ല. പകലിനെ മറികടക്കാന്‍ രാവിന് കഴിയുകയില്ല. പക്ഷേ, രണ്ടും അതിന്റെ പഥത്തിലൂടെ നീന്തിത്തുടിക്കുന്നു. ഭൂമിയെ അപേക്ഷിച്ച് ദശലക്ഷക്കണക്കിന് മൈലുകള്‍ക്കപ്പുറത്ത് സൂര്യനും ചന്ദ്രനും അവയുടെ സഞ്ചാരപഥത്തിലൂടെ പരസ്പരം കൂട്ടിമുട്ടാതെ തികഞ്ഞ സൗഹാര്‍ദ്ദത്തോടെ കടന്നുപോകുകയും ഇവിടെ ജീവജാലങ്ങള്‍ക്ക് അനുഗൃഹീതമായ രീതിയില്‍ രാവുംപകലും സമ്മാനിക്കുകയും ചെയ്യുന്നു. ഇത് യാദൃച്ഛികസംഭവമാണെന്നാണോ കരുതേണ്ടത്? പകല്‍വെളിച്ചമില്ലാത്ത ലോകത്തെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പിക്കാനാവുന്നുണ്ടോ? എന്തായിരിക്കും ജീവജാലങ്ങളുടെ അപ്പോഴത്തെ അവസ്ഥ?
ഇമാം അബൂമുഹമ്മദ് അബ്ദുര്‍റഹ്മാന്‍ ബിന്‍ അബീഹാതിം പറയുന്നു: ഷാഫ്റ്റിനറ്റത്തുള്ള കറങ്ങുന്ന ചക്രംപോലെയാണ് പ്രപഞ്ചം. അഹ്മദ് അല്‍സുബൈരി കൂട്ടിച്ചേര്‍ക്കുന്നു: മരത്തിന്റെ കറങ്ങുന്ന ഒരു ദണ്ഡ്. ആ ദണ്ഡിനറ്റത്ത് കറങ്ങുന്ന മറ്റൊരു ചക്രം. അതുപോലെ ഈ രണ്ടുഗോളങ്ങളും ആകാശവാതിലുകള്‍ക്കിടയില്‍ ഭ്രമണംചെയ്തുകൊണ്ടിരിക്കുന്നു. ഇബ്‌നു അബ്ബാസും(റ) സമാനവീക്ഷണം പങ്കുവെക്കുന്നുണ്ട്.

അച്ചുതണ്ട്

ദഹ്ഹാക് പറയുന്നു: അല്‍ഫലക് വേഗതയെയും ഭ്രമണപഥത്തെയും സൂചിപ്പിക്കുന്നു. യസ്ബഹൂന്‍ എന്നത് യഅ്മലൂന്‍(പ്രവര്‍ത്തിക്കുന്നു) എന്ന ആശയത്തെ ദ്യോതിപ്പിക്കുന്നു. ആ പരികല്‍പന മുന്നില്‍വെച്ചുകൊണ്ട് ‘അല്‍ഫലക് ‘എന്നത് അതിവേഗമാര്‍ന്ന ചലനവും സഞ്ചാരപഥവും ആണ്. ഒരു മില്ലിലെ ഷാഫ്റ്റ് അച്ചുതണ്ടും അതിന്റെ അഗ്രഭാഗത്തുള്ള ചക്രവും തിരിഞ്ഞുകൊണ്ടിരിക്കുന്ന പോലെയാണത്. അതേസമയം ഓരോന്നും അതിന്റെ സഞ്ചാരപഥത്തിലൂടെ നീന്തിക്കൊണ്ടിരിക്കുന്നു. അതെല്ലാം ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്. സൂര്യന്‍ ചന്ദ്രന്‍, രാത്രി, പകല്‍ അതെല്ലാം സഞ്ചാരപഥത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്നു.
ആധുനികശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെ മുമ്പില്‍വെച്ചുകൊണ്ട് ഈ സൂക്തം മുന്നോട്ടുവെക്കുന്ന ആശയത്തെ നമുക്ക് വിശകലനംചെയ്യാം. ആധുനികശാസ്ത്രം പറയുന്നത് ചന്ദ്രന്‍ അതിന്റെ ഭ്രമണപഥത്തില്‍ മണിക്കൂറില്‍ 2288 മൈല്‍ സഞ്ചരിക്കുന്നുണ്ടെന്നാണ്. സൂര്യനാകട്ടെ, മണിക്കൂറില്‍ നാലുലക്ഷത്തി അമ്പതിനായിരം മൈല്‍ സഞ്ചരിക്കുന്നു. നാസയുടെ ഏറ്റവും വേഗതകൂടിയ സ്‌പേസ് ഷട്ടില്‍ മണിക്കൂറില്‍ പതിനേഴായിരത്തി അഞ്ഞൂറ് മൈലാണ് കുതിക്കുന്നതെന്നറിയുമ്പോള്‍ അത് സൂര്യന്റെ വേഗതയുടെ 3.89 ശതമാനം മാത്രമാണ്. നാം സഞ്ചരിക്കുന്ന കാറിന്റെ ചക്രങ്ങള്‍ വേഗതയേറുമ്പോള്‍ സഞ്ചാരപാതയില്‍നിന്ന് വ്യതിചലിക്കുന്നതും നിയന്ത്രണംവിട്ടുപോകുന്നതും നമുക്കറിയാവുന്നതാണല്ലോ. അപ്പോള്‍ ബില്യണ്‍ കണക്കിന് വര്‍ഷങ്ങളായി, സൂര്യ-ചന്ദ്രാദികളെ അവയുടെ സഞ്ചാരപഥത്തില്‍ നിലയുറപ്പിച്ചുനിര്‍ത്തുന്നതിലെ കൃത്യത സ്രഷ്ടാവിന്റെ മഹത്ത്വം വെളിപ്പടുത്തുന്നുണ്ട്.

‘ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യന് സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിതപഥത്തില്‍ നീന്തിത്തുടിക്കുകയാണ്’. അല്ലാഹുവിന്റെ ഈ വചനത്തെക്കുറിച്ച് ഒന്നുകൂടി പര്യാലോചിക്കുക:
ഈ സൂക്തത്തിലെ ‘ഫലക്’ എന്ന പദം വൃത്താകാരത്തിലുള്ള തുടര്‍ചലനത്തിന് വിധേയമാകുന്ന പ്രതിഭാസമാണെന്ന് പണ്ഡിതനായ ഇബ്‌നുതൈമിയ്യ വ്യവഹരിക്കുന്നു. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: കറങ്ങിക്കൊണ്ടിരിക്കുന്ന ഷാഫ്റ്റ് അച്ചുതണ്ട്, വലയംചെയ്യുന്നതുപോലെയാണ് ആകാശമണ്ഡലമായ ‘ഫലകി’ ലും സൂര്യ-ചന്ദ്ര-നക്ഷത്രാദികള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വളരെ വേഗത്തിലുള്ള ചലനം എന്ന ആശയമാണ് അറബിഭാഷാവിദഗ്ധര്‍ ‘സിബാഹത്’ ന് നല്‍കിയിരിക്കുന്നത്. അധികപണ്ഡിതന്‍മാരും സൂര്യ-ചന്ദ്ര-നക്ഷത്രാദികള്‍ ഉള്ള ശൂന്യാകാശമണ്ഡലത്തെയാണ് ‘ഫലകു’കൊണ്ട് വ്യവഹരിക്കുന്നത്. പകല്‍, രാത്രി, സൂര്യന്‍ , ചന്ദ്രന്‍ തുടങ്ങി പ്രാപഞ്ചികപ്രതിഭാസങ്ങള്‍ക്ക് നിയതമായ അളവും സമയവും ഉണ്ടെന്നും അതൊന്നും അവയ്ക്ക് തെറ്റിക്കാനാവില്ലെന്നും ഈ സൂക്തം വെളിപ്പെടുത്തുന്നുണ്ട്.

ഭാഷാമുത്തുകള്‍

1. ‘വകുല്ലുന്‍ ഫീ ഫലക്’ എന്ന വാചകം തികവാര്‍ന്ന, യാതൊരു ന്യൂനതയുമില്ലാത്ത സൂര്യ-ചന്ദ്ര ഭ്രമണങ്ങളെ ശക്തമായി ഊന്നിപ്പറയുന്നുണ്ട്. ‘തസ്ബഹ്’ എന്ന സ്ത്രീലിംഗശബ്ദം ഉപയോഗിക്കാതെ ‘യസ്ബഹൂന്‍ ‘ എന്ന് ഉപയോഗിച്ചത് സൂര്യ-ചന്ദ്രാദികളുടെ ഏതോരീതിയിലുള്ള ചിന്താ ശേഷിയിലേക്ക് സൂചന നല്‍കുന്നു. അല്ലാഹു പ്രത്യേകമായ ഒരു ദൗത്യനിര്‍വഹണത്തിന് തങ്ങളെ നിയോഗിച്ചിരിക്കുന്നു എന്ന പ്രത്യേകമായ ഒരു അവബോധം അവയ്ക്കുള്ളതുപോലെ. ആദിയും അവസാനവുമില്ലാത്ത സഞ്ചാരപാതയാണ് അവയ്ക്കുള്ളത്. നക്ഷത്രങ്ങള്‍ക്കും അവയുടെതായ സഞ്ചാരപാതയും മറ്റും ഉണ്ടെങ്കിലും സൂര്യനും ചന്ദ്രനും പരസ്പരം വേഗത്തിലുള്ള ചലനത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് ഇവിടെ അല്ലാഹു എടുത്തുപറയുന്നു. പകല്‍ സൂര്യനും രാത്രി ചന്ദ്രനും മനുഷ്യരാശിക്ക് ഒട്ടേറെ പ്രയോജനങ്ങള്‍ എത്തിക്കുന്നുണ്ട്. അതിനാല്‍ പകലിനെ കുറിക്കാന്‍ സൂര്യനെയും രാത്രിയെക്കുറിക്കാന്‍ ചന്ദ്രനെയും അല്ലാഹു പ്രതീകമായി സ്വീകരിച്ചിരിക്കുന്നു.

2. ‘ ലശ്ശംസു യംബഗീ ലഹാ’ എന്നതും ‘ലാ യംബഗീ ലിശ്ശംസി’ എന്നതും തമ്മില്‍ പ്രയോഗത്തില്‍ വ്യത്യസ്തആശയമാണ് സമ്മാനിക്കുന്നത്. ആദ്യത്തേതില്‍ സൂര്യന്‍ സ്വമേധയാ അങ്ങനെ ചലിക്കാന്‍ തീരുമാനമെടുത്തതല്ല എന്ന് ദ്യോതിപ്പിക്കുന്നു. അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ് സൂര്യനെന്നും അതിനാല്‍ അത് കല്‍പനയംഗീകരിക്കാന്‍ സന്നദ്ധമായി എന്നും ചുരുക്കം. രണ്ടാമത്തെ രീതിയിലാണ് പദപ്രയോഗമെങ്കില്‍ അതിനര്‍ഥം സൂര്യന് മേല്‍ യാതൊരു നിര്‍ബന്ധിതാവസ്ഥയുമില്ലായെന്നാണ്.

വിവേകമുത്തുകള്‍

സൂര്യന്‍ ചന്ദ്രനെ എത്തിപ്പിടിക്കുന്നില്ലെന്ന് അല്ലാഹു പറഞ്ഞതെന്തുകൊണ്ടാണ്? തിരിച്ച് പറയാതിരുന്നതെന്തുകൊണ്ട്? അതിന് കാരണമായി മനസ്സിലാവുന്നത് ഇതാണ്: ഭ്രമണം പൂര്‍ത്തിയാക്കേണ്ടതിനാല്‍ ചന്ദ്രന് ഒാരോ മാസവും വേഗത്തില്‍ സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍ സൂര്യന് ഭ്രമണം ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയാല്‍ മതി. സൂര്യനെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചന്ദ്രനെ അതുകൊണ്ടുതന്നെ അതിന് എത്തിപ്പിടിക്കാനാവില്ലല്ലോ. എന്നല്ല,അത്തരം പണി അതിനെ ഏല്‍പിച്ചിട്ടുമില്ല.

ഭൂമിയെ സംബന്ധിച്ചിടത്തോളം സൂര്യ- ചന്ദ്രന്‍മാരുടെ ഭ്രമണവും കറക്കവും വളരെ സൂക്ഷ്മവും സമയബന്ധിതവുമാണ്. അവ പരസ്പരം ഏറ്റുമുട്ടുന്നേയില്ല. അങ്ങനെ സംഭവിക്കാതിരിക്കാന്‍ അല്ലാഹു പ്രത്യേക മറ സൃഷ്ടിച്ചതുപോലെയാണത്. സൂര്യനും ചന്ദ്രനും വെവ്വേറെ അസ്തിത്വങ്ങളാണെങ്കില്‍ തന്നെയും പരസ്പരാശ്രിതമാണ്. ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തലുകളുമായി പൗരാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നിരീക്ഷണങ്ങള്‍ പുലര്‍ത്തുന്ന സാമ്യത ഇത്തരുണത്തിലാണ് ശ്രദ്ധേയമാകുന്നത്. ഓരോ ഭ്രമണപഥ(ഓര്‍ബിറ്റ്)ത്തിന്റെയും പരസ്പരബന്ധത്തെക്കുറിച്ച് പണ്ഡിതനായ മുജാഹിദ് നല്‍കിയ വ്യാഖ്യാനം ഖുര്‍ആന്‍ എല്ലാ വൈജ്ഞാനികശാഖകളുടെയും അടിസ്ഥാനവിവരങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണെന്ന് തെളിയിക്കുന്നു. ഭൂഗുരുത്വാകര്‍ഷണബലം ചന്ദ്രനെ അതിന്റെ ഭ്രമണപാതയില്‍ നിന്ന് തെറിച്ചുപോകാതെ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നുവെന്ന് ആധുനികശാസ്ത്രം വെളിപ്പെടുത്തിയിട്ടുണ്ട്. അപ്രകാരം, സൂര്യനും ഭൂമിയുമെല്ലാം അവയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണവേഗത നമുക്ക് ഗോചരമല്ല എന്നതല്ല ഇവിടത്തെ ചര്‍ച്ചാവിഷയം. ചന്ദ്രന്‍ ഭൂമിക്ക് ചുറ്റും കൃത്യമായ വേഗതയില്‍ ചലിച്ചുകൊണ്ടിരിക്കുന്നു എന്ന് നമുക്കറിയാം. ഒരു മണിക്കൂറില്‍ 3700 കി.മീ വേഗത്തില്‍ ചുറ്റിക്കൊണ്ടിരിക്കുകയാണ് അത്. അതായത് എഫ് 16 വിമാനത്തിന്റെ വേഗതയുടെ എത്രയോമടങ്ങ് വരുമിത്. മുന്‍ഗാമികളായ പണ്ഡിതന്‍മാര്‍ എത്ര കൃത്യമായി ഖുര്‍ആന്റെ ഭാഷയെ മനസ്സിലാക്കിയിരിക്കുന്നുവെന്ന് ഇതെല്ലാംതെളിയിക്കുന്നു. പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ച് ഇത്ര ആധികാരികമായി സംസാരിക്കാന്‍ അവര്‍ക്കു കഴിഞ്ഞുവെങ്കില്‍ സന്‍മാര്‍ഗം, സല്‍ക്കര്‍മം , നരകം, സ്വര്‍ഗം തുടങ്ങി വിവിധവിഷയങ്ങളില്‍ ഖുര്‍ആന്‍ എന്ത് പറയുന്നുവെന്നതില്‍ അവരുടെ അഭിപ്രായങ്ങളെയും നാം മാനിക്കേണ്ടതുണ്ടെന്ന് പറയേണ്ടതില്ലല്ലോ.

അല്ലാഹു പ്രകൃതിയില്‍ സംവിധാനിച്ച എല്ലാകാര്യങ്ങളും നമ്മെ അത്ഭുതപരതന്ത്രരാക്കുന്നു. അവ ബില്യണ്‍കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യാതൊരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിച്ചതുപോലെ ഇന്നും സുരക്ഷിതമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം അല്ലാഹുവിന്റെ വൈഭവങ്ങളുടെ ദൃഷ്ടാന്തമാണ്. ആ പ്രകൃതിപ്രതിഭാസങ്ങളില്‍ എന്തെങ്കിലും ന്യൂനതകളുണ്ടോയെന്ന് നാം പരതാന്‍ ശ്രമിച്ചാല്‍ കണ്ണുകള്‍ പരിക്ഷീണമായിത്തീരുമെന്നല്ലാതെ യാതൊരു ഗുണവുമുണ്ടാകില്ല. അല്ലാഹു പറയുന്നു:’ഏഴ് ആകാശങ്ങളെ ഒന്നിനുമീതെ മറ്റൊന്നായി സൃഷ്ടിച്ചവനാണവന്‍. ദയാപരനായ അവന്റെ സൃഷ്ടിയില്‍ ഒരുവിധ ഏറ്റക്കുറവും നിനക്ക് കാണാനാവില്ല. ഒന്നുകൂടി നോക്കൂ. എവിടെയെങ്ങാനും വല്ല വിടവും കാണുന്നുണ്ടോ? വീണ്ടും വീണ്ടും നോക്കൂ. നിന്റെ കണ്ണ് തോറ്റ് തളര്‍ന്ന് നിന്നിലേക്ക് തന്നെ തിരികെ വരും തീര്‍ച്ച’ (അല്‍മുല്‍ക് 3-4)

About imam azeem khan

Check Also

thafseerul quran

ഖുര്‍ആന്‍ വ്യാഖ്യാനം അഥവാ തഫ്‌സീര്‍

ഇസ്‌ലാം വിജ്ഞാനീയങ്ങളില്‍ സുപ്രധാനമായവയാണ് ഖുര്‍ആന്‍ വ്യാഖ്യാനം അഥവാ തഫ്‌സീര്‍. ‘ഫസ്സറ’ (വിശദീകരിക്കുക, വ്യാഖ്യാനിക്കുക) എന്ന ക്രിയാധാതുവില്‍നിന്നാണ് തഫ്‌സീര്‍ എന്ന പദം …

Leave a Reply

Your email address will not be published. Required fields are marked *