ചോ. ഞാന്‍ വിവാഹിതനായിട്ട് പതിനാലുവര്‍ഷമായി. രണ്ടുകുട്ടികളുണ്ട്. എന്റെ ബിസിനസ് യാത്രകളില്‍ വിരസതയൊഴിവാക്കാനായി ഭാര്യയുമായി ദീര്‍ഘനേരം ഫോണിലൂടെ സംസാരിക്കാറുണ്ട്. അങ്ങനെയുള്ള സംസാരത്തിനിടെ ഞങ്ങളുടെ ഭൂതകാലസംഭവങ്ങള്‍ പരസ്പരം അയവിറക്കാനിടയായി. പലതും അന്യോന്യം തുറന്നുസംസാരിച്ചു. അക്കൂട്ടത്തില്‍ കല്യാണത്തിനുമുമ്പ് അവളെ രണ്ടുപേര്‍ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചതും തലോടിയതുമായ സംഭവം എന്നോടുവെളിപ്പെടുത്തിയത് എന്നെ ഞെട്ടിച്ചു. ആരുമായും ശാരീരികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും അവള്‍ അവരെ വിഡ്ഢിയാക്കുകയായിരുന്നുവെന്നാണ് എന്നോട് പറഞ്ഞത്. ഞാനാകട്ടെ അത്തരം കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ ചെയ്തിട്ടില്ലാത്തയാളാണ്. രണ്ടുപെണ്‍കുട്ടികളെ പ്രേമിച്ചിട്ടുള്ള ഞാന്‍ ചുംബിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ അവരുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചിട്ടില്ല. ഞങ്ങളുടേത് പ്രേമവിവാഹമായിരുന്നു. ഞാന്‍ ആദ്യമായി അവളെ കണ്ടുമുട്ടിയപ്പോള്‍ അവളെന്നോട് പറഞ്ഞത് നേരംപോക്കിന് പ്രേമിക്കാമെന്നായിരുന്നു. അന്നവള്‍ അങ്ങനെ പറഞ്ഞതെന്തിനെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. പക്ഷേ എനിക്കിന്ന് എല്ലാം മനസ്സിലാകുന്നുണ്ട്. തമാശക്കെന്നുപറഞ്ഞ് തുടങ്ങിയ ഞങ്ങളുടെ പ്രേമം ഗൗരവത്തിലായി. ഞങ്ങള്‍ തമ്മില്‍ ശാരീരികമായി ബന്ധപ്പെട്ടു. തെറ്റുബോധ്യമായ ആ നിമിഷംതന്നെ അവളോട് വിവാഹാഭ്യര്‍ഥന നടത്തുകയും അവളെ വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോള്‍ ഞാന്‍ ആകെ വിഡ്ഢിയായതിന്റെ ജാള്യത്തിലാണ്. അന്ന് അവളുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ പശ്ചാത്തപിക്കുകയാണിന്ന്. അവള്‍ പറയുന്നത് അവള്‍ പശ്ചാത്തപിച്ചുവെന്നാണ് . അവള്‍ക്ക് സമാധാനപൂര്‍വം ഉറങ്ങാന്‍ സാധിക്കുന്നുണ്ട്. എനിക്കാകട്ടെ ഉറക്കം നഷ്ടപ്പെട്ടു. ജോലി കൃത്യമായി ചെയ്യാനാകുന്നില്ല. ഞാന്‍ കൃത്യനിഷ്ഠയോടെ ദീനീമര്യാദകള്‍ പാലിക്കുന്ന വിശ്വാസിയാണ്. എന്റെ ഭാര്യ അഞ്ചുനേരം കൃത്യമായി നമസ്‌കരിക്കുകയുംചെയ്യും.
എന്റെ മുമ്പില്‍ ഇരുളടഞ്ഞ ലോകമാണ് ഇപ്പോഴുള്ളത്. ഞാന്‍ കല്യാണംകഴിക്കുന്നതിനുമുമ്പ് അവളോട് ഇത്തരം കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അവള്‍ എന്നോടുവെളിപ്പെടുത്തിയിരുന്നില്ല. നുണപറഞ്ഞതിനാല്‍ ഞാനവളെ ഡൈവോഴ്‌സ് ചെയ്യണമോ? എന്റെ കുട്ടികളുടെ ഭാവി നശിപ്പിക്കാനോ അവളെ ദുരിതജീവിതത്തിലേക്ക് തള്ളിയിടാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. കുട്ടിക്കാലത്ത് ലൈംഗികമായി ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അവളെന്നെ ചതിച്ചുവെന്നാണ് എന്റെ തോന്നല്‍. അവള്‍ക്ക് ഞാന്‍ പൊറുത്തുകൊടുത്തിരിക്കുന്നുവെന്ന് ആശ്വസിപ്പിച്ചിട്ടുണ്ട്. എന്നാലും എന്റെ ഹൃദയത്തിലിപ്പോഴും നീറ്റല്‍ അനുഭവപ്പെടുന്നു. ഞാനെന്തുചെയ്യണം?
ഉത്തരം: നിങ്ങളുടെ പ്രശ്‌നം അല്‍പം സങ്കീര്‍ണമാണ്.
വിവാഹിതജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എന്തുസംഗതിയും പരസ്പരം പങ്കുവെക്കാനും കൈമാറാനും വിട്ടുവീഴ്ചചെയ്യാനും നമുക്ക് കഴിയും എന്ന പ്രതീക്ഷയിലാണ് പരസ്പരം തുറന്നുസംസാരിക്കാന്‍ തുടങ്ങുന്നത്. പക്ഷേ , പങ്കാളിയുടെ ഭൂതകാലവര്‍ത്തമാനങ്ങള്‍ കേട്ടുകഴിയുമ്പോള്‍ പഴയ സ്‌നേഹവും ആകര്‍ഷണവും നിലനിര്‍ത്താന്‍ കഴിയാതാകുന്നുവെന്നതാണ് അനുഭവം. ഇത് താങ്കളുടെ മാത്രം പ്രശ്‌നമല്ല. അധികമാളുകളുടെയും പ്രശ്‌നമാണ്. കേട്ട കാര്യങ്ങളെ നാം ഭൂതകാലസാഹചര്യം മുന്‍നിര്‍ത്തിയല്ല മറിച്ച് വര്‍ത്തമാനകാലസാഹചര്യം മുന്‍നിര്‍ത്തിയാണ് പരിശോധിക്കുന്നത് എന്നതാണ് പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്നത്. പഴയകാലസംഭവങ്ങള്‍ക്ക് അതര്‍ഹിക്കുന്ന പ്രാധാന്യമേ നല്‍കാന്‍ പാടുള്ളൂവെന്നതാണ് യാഥാര്‍ഥ്യം. ഭൂതകാലസംഭവങ്ങള്‍ വര്‍ത്തമാനകാലസാഹചര്യങ്ങളില്‍ എത്രത്തോളം ആഘാതം സൃഷ്ടിക്കുമെന്നതിനെ നിഷേധിച്ചുകൊണ്ടല്ല , ഞാനിത് പറയുന്നത്. ഭൂതകാലചെയ്തികളെ വലിച്ചുതോണ്ടിപുറത്തിടുന്നത് എങ്ങനെ ഭാവിജീവിതത്തെ കലുഷിതമാക്കുമെന്നാണ് ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.
ഇസ് ലാമികശരീഅത് നമ്മോട് കല്‍പിക്കുന്നത് ഭൂതകാലചെയ്തികളെ ആ കാലത്തുതന്നെ ഖബറടക്കണമെന്നാണ്. വിവാഹത്തിനുമുമ്പുള്ള അനുഭവങ്ങളെയും ജീവിതപാതകളെയും കുറിച്ച് ചോദിക്കാനോ വെളിപ്പെടുത്താനോ പാടില്ലാത്തതാകുന്നു. കാരണം അല്ലാഹുനമ്മുടെ രഹസ്യങ്ങളെ മറച്ചുവെച്ചിരിക്കുന്നു. അത് നാം വെളിപ്പെടുത്തരുതെന്നാണ് അല്ലാഹുവിന്റെ താല്‍പര്യം.
താങ്കള്‍ ഇപ്പോഴെത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിലേക്ക് ചെന്നെത്തുമെന്നതിനാലാണ് പഴയകാലചെയ്തികളെക്കുറിച്ച് സംസാരിക്കുന്നത് അല്ലാഹു വിലക്കിയത്. മാത്രമല്ല,ഓരോ വിവാഹിതര്‍ക്കും താന്‍ വഞ്ചിക്കപ്പെട്ടുവെന്ന തോന്നല്‍ ഇല്ലാതാക്കുകയെന്ന ഉദ്ദേശ്യവും അതിനുപിന്നിലുണ്ട്. വിവാഹത്തിനുമുമ്പുള്ള തന്റെ ഭൂതകാലാനുഭവങ്ങള്‍ ഭര്‍ത്താവിനോട് വെളിപ്പെടുത്താതിരിക്കുകയെന്നത് ഭാര്യയുടെ അവകാശമാണ്. താങ്കളുടെ വിവാഹപൂര്‍വാനുഭവങ്ങള്‍ ഭാര്യയോട് പറഞ്ഞതും തെറ്റായകാര്യമാണ്.
കുറ്റസമ്മതം എല്ലായ്‌പോഴും നല്ല കാര്യമൊന്നുമല്ല. നമ്മുടെ പാപകൃത്യങ്ങളെ ആളുകളുടെ മുന്നിലല്ല, അല്ലാഹുവിന്റെ മുന്നിലാണ് ഏറ്റുപറയേണ്ടത്. നിങ്ങളിരുവരും വിവാഹജീവിതത്തിലൂടെ ഒന്നിച്ച സ്ഥിതിക്ക് ഇനിയൊരിക്കലും അത്തരം പാപങ്ങളിലേര്‍പ്പെടില്ലെന്ന ദൃഢനിശ്ചയത്തോടെ ആത്മാര്‍ഥപശ്ചാത്താപമാണ് നടത്തേണ്ടത്. ഭൂതകാലചെയ്തികളെ ഇനി ഒരിക്കലും സംസാരവിഷയമാക്കാന്‍ പാടുള്ളതല്ല. നമ്മള്‍ക്ക് അല്ലാഹു പൊറുത്തുതരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് നാമുള്ളത്.
വിവാഹബന്ധം വേര്‍പെടുത്താന്‍ നിയതമായ കാരണങ്ങളും അതിന്റെ ചട്ടവട്ടങ്ങളും ഉണ്ടായിരിക്കെ താങ്കളുടെ വിഷയത്തില്‍ വിവാഹമോചനത്തിന്റെ പ്രശ്‌നമുദിക്കുന്നില്ല. കാരണം താങ്കള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളൊക്കെത്തന്നെ നിങ്ങളിരുവരുടെയും കൂടിക്കാഴ്ചയ്ക്കും വിവാഹത്തിനും മുമ്പ് സംഭവിച്ചതാണ്.
താങ്കളും ഭാര്യയും അന്യോന്യം വിവാഹപൂര്‍വബന്ധങ്ങളെക്കുറിച്ച് ഇനി യാതൊരുകാരണവശാലും സംസാരിക്കരുത്. വര്‍ത്തമാനകാലത്തിലാണ് നാമുള്ളതെന്ന ബോധ്യം എപ്പോഴുമുണ്ടായിരിക്കട്ടെ. ഇരുവരും ഒന്നിച്ചുള്ള ദാമ്പത്യത്തെ വിലമതിക്കാന്‍ മടിക്കരുത്. താങ്കളോടൊപ്പമുള്ള ദാമ്പത്യത്തില്‍ ആയശേഷം ഭാര്യ താങ്കളെ ഒരിക്കലും വഞ്ചിച്ചിട്ടില്ലെന്നോര്‍ക്കുക! വിവാഹത്തിനുമുമ്പ് ചെയ്തപ്രവൃത്തികള്‍ ഭാര്യയും അല്ലാഹുവും തമ്മിലുള്ള കാര്യമാണ്. അതൊരിക്കലും താങ്കളെ ബാധിക്കുന്നതല്ല.
എന്നല്ല, ഭാര്യയ്ക്കുണ്ടായതുപോലുള്ള അനുഭവം വിവാഹത്തിനുമുമ്പ് താങ്കള്‍ക്കുമുണ്ടായിട്ടുണ്ട്. ചുംബിക്കുകയെന്നത് ശരീരത്തിന്റെ ഒരു ഭാഗത്തുള്ള സ്പര്‍ശനംതന്നെയാണ്.
താങ്കള്‍ ഒരുകാര്യം മനസ്സിലാക്കണം. ഭാര്യ താങ്കളുടെ വിവാഹപൂര്‍വാനുഭവങ്ങളെ വിട്ടുപൊറുത്തുതന്നിരിക്കെ തിരിച്ച്, താങ്കള്‍ ഭാര്യയുടെത് വിട്ടുപൊറുക്കേണ്ടതായിരുന്നു. അതിനാല്‍ വിശാലമനസ്‌കത താങ്കള്‍ പ്രകടമാക്കുക. താങ്കളുടെ ഭാര്യചെയ്തത് ഗൗരവതരവും താങ്കളുടെത് നിസ്സാരവും എന്ന അനീതിപരമായ സമീപനം നല്ലതല്ല. ഭാര്യ തെറ്റുചെയ്യുന്ന സമയത്ത് അവര്‍ താങ്കളോട് ഉത്തരവാദിത്തപ്പെട്ടവളായിരുന്നില്ല. അതിനാല്‍ അത്തരം സംഗതികളില്‍ ശിക്ഷാനടപടിയെന്നോണം മോശമായിപെരുമാറുന്നത് അനീതിയാണ്.
താങ്കള്‍ പറയുന്നു: ഭാര്യയുടെ ചെയ്തികളെ മറക്കാനാകുന്നില്ലെന്ന്. അതെ തീര്‍ച്ചയായും അത് മനസ്സില്‍ കിടന്ന് വളര്‍ന്നുവലുതായിക്കൊണ്ടേയിരിക്കും. ഭാര്യയുമായി നടത്തിയ പ്രസ്തുതസംഭാഷണങ്ങള്‍ താങ്കളുടെ മനസ്സിലേക്ക് തികട്ടിവരും . അതിനനുസരിച്ച് താങ്കള്‍ അതില്‍ നീറിയെരിയും. അത്രത്തോളം ഗുരുതരമായ നാശോന്‍മുഖമായ സ്ഥിതിവിശേഷമാണിത്.
ഭാര്യാഭര്‍ത്താക്കന്‍മാരെ തമ്മില്‍തെറ്റിച്ച് അവരെ വിവാഹമോചനത്തിലെത്തിച്ച സാത്താന് ഇബ് ലീസ് സമ്മാനംനല്‍കിയ താങ്കള്‍ കേട്ടിട്ടില്ലേ. അതുകൊണ്ട് ഇബ്‌ലീസ് താങ്കളുടെ മനസ്സില്‍ വസ്‌വാസ് ഉണ്ടാക്കുന്നതിനെ കരുതിയിരിക്കുക.
താങ്കള്‍ കേട്ട അസുഖകരമായ കാര്യം താങ്കള്‍ക്ക് സഹിക്കാനാകുന്നില്ല. ലോകത്ത് അസുഖകരമായ സംഗതികള്‍ അറിഞ്ഞിട്ട് അത് വിട്ടുവീഴ്‌ചെയ്യുന്ന എത്രയോ ആളുകളുണ്ടെന്നറിയുക. എന്റെ ഇതുവരെയുള്ള അനുഭവം വെച്ചുനോക്കുമ്പോള്‍ അത്തരത്തിലുള്ള തിക്താനുഭവങ്ങള്‍ പങ്കാളിക്ക് വിട്ടുവീഴ്ചചെയ്തുവെന്ന കാരണത്താല്‍മാത്രം ദമ്പതികളെ പരസ്പരം മാനസികമായി അടുക്കാനവസരം നല്‍കിയിട്ടുണ്ട്.
ഞാന്‍ മനസ്സിലാക്കുന്നത് സ്ത്രീകള്‍ക്കാണ് കൂടുതല്‍ വിട്ടുവീഴ്ചചെയ്യാന്‍ കഴിയുന്നതെന്നാണ്. ആണുങ്ങളെ സംബന്ധിച്ചിടത്തോളം ഭാര്യമാരുമായി ബന്ധപ്പെട്ട സംഗതികള്‍ തങ്ങളുടെ അഭിമാനത്തെ ചോദ്യംചെയ്യുന്നതാണെന്ന് അവര്‍ കരുതുന്നു. അതിനാല്‍ വിട്ടുവീഴ്ചചെയ്യാന്‍ മടിയാണവര്‍ക്ക്. അതിനാല്‍ ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ്, താങ്കളും ഭാര്യയും ജീവിതത്തില്‍ നേടിയെടുത്ത നേട്ടങ്ങളും സൗഭാഗ്യങ്ങളും തല്ലിക്കെടുത്താന്‍ ഇബ്‌ലീസിന് അവസരം കൊടുക്കാതിരിക്കുക. അതിനാല്‍ ഭൂതകാലത്തെ വെറുതെവിട്ടേക്കുക. പതിനാലുകൊല്ലം അതുമറഞ്ഞുകിടന്നതല്ലേ. അതിനിയും മറഞ്ഞുതന്നെ കിടന്നോട്ടെ. താങ്കളുടെ ഭാര്യയുടെ പ്രസ്തുതസംഭാഷണം മനസ്സിലേക്കോടിയെത്തുന്നനിമിഷംതന്നെ സൂറത്തുല്‍ ഫലഖ് , സൂറത്തുന്നാസ് എന്നീ അധ്യായങ്ങള്‍ ഓതിക്കൊണ്ടിരിക്കുക. ദമ്പതികളെ തമ്മിലടിപ്പിക്കുന്ന പിശാചിന്റെ കുതന്ത്രത്തെ കരുതിയിരിക്കുക. കഴിഞ്ഞ പതിനാലുവര്‍ഷംകൊണ്ട്താങ്കളും ഭാര്യയും നേടിയെടുത്ത ജീവിതവിജയങ്ങളെ അനുസ്മരിക്കുക. ഭാര്യയുടെ അടുത്തുചെല്ലുകയും അവളോട് പ്രേമപുരസ്സരം പെരുമാറുകയുംചെയ്യുക. നിങ്ങളിരുവരും നമസ്‌കരിക്കുന്നവരും പ്രാര്‍ഥിക്കുന്നവരുമാണെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അതിനാല്‍ നമസ്‌കാരശേഷം താഴെക്കാണുന്ന പ്രാര്‍ഥനചൊല്ലുക:’അവരിങ്ങനെ പ്രാര്‍ഥിക്കുന്നവരുമാണ്: ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കേണമേ. ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കണമേ.’
ആദ്യമേ പറഞ്ഞത് ഒന്നുകൂടി ഓര്‍മപ്പെടുത്തുകയാണ്, ഇനി ഭൂതകാലവര്‍ത്തമാനങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കരുത്.
ഡോ. ഫര്‍യാദ് ഹുസൈന്‍
Add Comment