സാമൂഹികം-ഫത്‌വ

വാഹനത്തില്‍ തിങ്ങിഞെരുങ്ങിയുള്ള യാത്ര: ശരീഅത് വിധിയെന്ത് ?

ചോ: ഞങ്ങളുടെ നാട്ടില്‍നിന്ന് നഗരത്തിലേക്ക് ഗതാഗതസൗകര്യം കുറവാണ്. അതിനാല്‍ രാവിലെയും വൈകീട്ടും ബസ്സിലും ബദല്‍സംവിധാനമായ ഓട്ടോയിലും ജീപ്പിലും തിങ്ങിഞെരുങ്ങിയും തൂങ്ങിക്കിടന്നുമാണ് സ്ത്രീപുരുഷന്‍മാരടക്കമുള്ള ജോലിക്കാരും വിദ്യാര്‍ഥികളും യാത്രചെയ്യുന്നത്. പലപ്പോഴും സ്ത്രീകളെ സ്പര്‍ശിക്കുംവിധംമുള്ള അത്തരം യാത്രയുടെ പേരില്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരംപറയേണ്ടിവരില്ലേ. എന്റെ മേല്‍ ശിക്ഷയുണ്ടാകുമോ?

——————–

ഉത്തരം:  താങ്കള്‍ കത്തില്‍ സൂചിപ്പിച്ചതുപോലുള്ള സാഹചര്യം വരുമ്പോള്‍ അതിന് മറ്റെന്തെങ്കിലും പോംവഴി കണ്ടെത്താനാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്.  ഉദാഹരണമായി, ജോലി സമയം മാറ്റാനോ, ജോലിസ്ഥലം മാറ്റാനോ, തിരക്കുകുറഞ്ഞ സമയങ്ങളില്‍ യാത്രചെയ്യാനോ അവസരം ലഭിക്കുമെങ്കില്‍ അതിനായി പരിശ്രമിക്കുക.

ഇനി അത്തരത്തില്‍ യാതൊരു ബദലുകളും സാധ്യമല്ലാത്തവിധം തിരക്കുകളില്‍ അകപ്പെട്ട് അന്യസ്ത്രീകളെ മുട്ടി യാത്രചെയ്യേണ്ടിവന്നാല്‍ സ്ത്രീകളെക്കുറിച്ച ചിന്തകളില്‍നിന്ന് മനസ്സിനെ ബോധപൂര്‍വം മാറ്റി മറ്റേതെങ്കിലും വിഷയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ദിക്‌റുകളും ഇസ്തിഗ്ഫാറും നടത്തിക്കൊണ്ടിരിക്കുക. ഇത്രയുംചെയ്യുന്നതോടെ താങ്കളുടെ മതപരമായ ഉത്തരവാദിത്വം കഴിഞ്ഞു.’അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല'(അല്‍ബഖറ 286).അല്ലാഹുവിന്റെ വിധിവിലക്കുകളെ അംഗീകരിച്ച് സാധ്യമായിടത്തോളം സൂക്ഷ്മതയോടെ ജീവിക്കാനാണ് അവന്‍ കല്‍പിച്ചിട്ടുള്ളത്.

അതോടൊപ്പം മനസ്സ് തെറ്റായ വികാരവിചാരങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍  പ്രാര്‍ഥിക്കണം. അല്ലാഹു പറയുന്നത് കാണുക:’എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതി'(അത്ത്വലാഖ് 3).

പ്രലോഭനങ്ങളുടെയും പ്രകോപനങ്ങളുടെയും ലോകത്ത് അകപ്പെട്ടുപോയാല്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ അല്ലാഹുവിന്റെ ദൂതര്‍ പഠിപ്പിച്ചുതന്ന രണ്ടുപ്രാര്‍ത്ഥനകള്‍ ഇവിടെക്കൊടുക്കുന്നു. അത് മനസ്സിന് കരുത്തേകുമെന്നതില്‍ യാതൊരു സംശയവുമില്ല.

1. ബിസ്മില്ലാഹി തവക്കല്‍തു അലല്ലാഹി ,ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്.

2. അല്ലാഹുമ്മ ഇന്നീ അഊദുബിക അന്‍ അദില്ല ഔ ഉദല്ല, ഔ അസില്ല ഔ ഉസല്ല ഔ അജ്ഹല ഔ യുജ്ഹല അലയ്യ(അല്ലാഹുവേ, ഞാന്‍ വഴിതെറ്റുന്നതോ അല്ലെങ്കില്‍ വഴിതെറ്റിക്കപ്പെടുന്നതോ, കാലിടറി വീഴുന്നതോ അല്ലെങ്കില്‍ മറ്റുള്ളവരാല്‍ വീഴ്ത്തപ്പെടുന്നതോ, അവിവേകിയായിത്തീരുന്നതോ അല്ലെങ്കില്‍ മറ്റുള്ളവരാല്‍ അവിവേകത്തില്‍ പെടുന്നതോ ആയ സംഗതികളില്‍നിന്ന് നിന്നോട് അഭയംചോദിക്കുന്നു.)

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

 

Topics