കര്‍മ്മശാസ്ത്രം-ഫത്‌വ

ഉമ്മയെ തൃപ്തിപ്പെടുത്താന്‍ നമസ്‌കരിച്ചാല്‍

ചോ: താനൊരു കാഫിറാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടുകാരനുണ്ടെനിക്ക്. പക്ഷേ, അവന്‍ നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുന്നുണ്ട്.  ഉമ്മ പറഞ്ഞതുകൊണ്ടുമാത്രം, അവരെ പിണക്കേണ്ടെന്ന് കരുതി നമസ്‌കരിക്കുന്നു എന്നാണ് അവന്റെ വിശദീകരണം. ഉമ്മയ്ക്ക് അവന്റെ നിഷേധിസ്വഭാവം അറിയില്ല. യഥാര്‍ഥത്തില്‍ അവന്‍ കാഫിറാണോ ?

—————–

ഉത്തരം: ഒരാള്‍ സ്വയം കാഫിറെന്ന് വിശേഷിപ്പിച്ചാല്‍ ദീനുല്‍ ഇസ്‌ലാമില്‍നിന്ന് അവന്‍ പുറത്താകും. ഇസ്‌ലാമിന്റെ അടിസ്ഥാനവിശ്വാസ-ആരാധനാകര്‍മങ്ങളിലേതെങ്കിലുമൊന്ന് തള്ളിപ്പറഞ്ഞാലും അതുതന്നെയാണ് അവസ്ഥ.

കര്‍മങ്ങള്‍ സ്വീകാര്യമാകണമെങ്കില്‍ ഈമാന്‍ അനിവാര്യമാണ്. അതിനാല്‍ കൂട്ടുകാരന്‍ ഉമ്മയെ പിണക്കേണ്ടെന്നുകരുതി നമസ്‌കരിക്കുന്നത് പാഴ്‌വേലയാണ്. ആരാധനാകര്‍മങ്ങളുള്‍പ്പെടെ ഏത് സദ്കര്‍മത്തിന്റെയും പിന്നിലെ ഉദ്ദേശ്യശുദ്ധിയാണ് അതിനെ പ്രതിഫലാര്‍ഹമാക്കുന്നത്. ഇവിടെ സുഹൃത്ത് ഉമ്മയ്ക്കുവേണ്ടി നമസ്‌കരിക്കുന്നതിനാല്‍ അത് അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമല്ല. അല്ലാഹു പറയുന്നത് കാണുക:’വിധേയത്വം അല്ലാഹുവിനു മാത്രമാക്കി അവനു മാത്രം വഴിപ്പെട്ട് നേര്‍വഴിയില്‍ ജീവിക്കാനല്ലാതെ അവരോട് കല്‍പിച്ചിട്ടില്ല.'(അല്‍ബയ്യിന 5)

മുഹമ്മദ് നബി(സ)ഇപ്രകാരം പറഞ്ഞിരിക്കുന്നു:’അല്ലാഹു ശുദ്ധി(നല്ലത്) ഇഷ്ടപ്പെടുന്നു.കലര്‍പ്പില്ലാത്തത് (ശുദ്ധമായത്)മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളൂ. ‘ ചുരുക്കത്തില്‍ ആരാധനയില്‍ മറ്റുള്ളവയെ പങ്കുചേര്‍ക്കുന്നത് അവന്‍ സ്വീകരിക്കുകയില്ല.

ഇതുപറയുമ്പോഴും മറ്റൊരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: കൃത്യമായ തെളിവോ ബോധ്യമോ ഇല്ലാതെ ആരെയും ഇസ് ലാമിന്റെ വൃത്തത്തില്‍നിന്ന് പുറത്താക്കാനോ അപ്രകാരം മുദ്രകുത്താനോ നമുക്ക് അനുവാദമില്ല. അല്ലാഹു നമ്മുടെ ഹൃദയങ്ങളെ ഇസ് ലാമില്‍ ഉറപ്പിച്ചുനിര്‍ത്തട്ടെ. ആമീന്‍.

 

Topics