അനന്തരാവകാശം-ലേഖനങ്ങള്‍

ഭിന്നലിംഗ വര്‍ഗം: ഇമാമത്ത്, വിവാഹം

ജന്‍മനാല്‍ സ്‌ത്രൈണ പുരുഷനായ വ്യക്തിയെ സംബന്ധിച്ചിടത്തോളം ശരീഅത്ത് അയാളെ ശാപമുക്തനായി ഗണിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട് . അവ താഴെപറയുന്നു:

ലൈംഗികജീവിതം: ജന്‍മനാ സ്‌ത്രൈണപുരുഷനായ ഒരു വ്യക്തിയുടെ നടത്തം, പെരുമാറ്റം, സംസാരം, സ്വവര്‍ഗത്തില്‍പെട്ടവരോടുള്ള ലൈംഗികാകര്‍ഷണം തുടങ്ങി വിചിത്രസ്വഭാവങ്ങളെക്കുറിച്ച് വിശദമായും സുവ്യക്തമായും കര്‍മശാസ്ത്രവിശാരദന്‍മാര്‍ പ്രതിപാദിച്ചിട്ടുണ്ട്. ഹദീസിലെ സ്‌ത്രൈണപുരുഷനെക്കുറിച്ച പരാമര്‍ശത്തെക്കുറിച്ച് ഇബ്‌നുല്‍ ജൗസി എഴുതുന്നു: ‘ലൈംഗികമോഹമില്ലാത്തവര്‍ എന്നതിന്റെ വിവക്ഷ സ്ത്രീമോഹമില്ലാത്തവര്‍’ എന്നതാണ്. അതേസമയം പ്രസ്തുതഹദീസിലെ ജന്‍മനാ സ്‌ത്രൈണപുരുഷനായിട്ടുള്ള ആളെക്കുറിച്ച് ഇബ്‌നു ഹജറുല്‍ അസ്ഖലാനി എഴുതുന്നു: ‘ലൈംഗികമോഹത്തോടെ ആണിനെയോ പെണ്ണിനെയോ സമീപിച്ചാലും ഇല്ലെങ്കിലും ആ വ്യക്തി സ്‌ത്രൈണപുരുഷന്‍(മുഖന്നഥ്) എന്നാണ് വിളിക്കപ്പെടുന്നത്.’ അവിടെ ലൂത്വിന്റെ ജനതയെക്കുറിച്ച് ഖുര്‍ആന്‍ നടത്തിയ ഫാഹിഷഃ പദപ്രയോഗത്തെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം അത് വിശദമാക്കുന്നത്.

ശാപഗ്രസ്തനായ മുഖന്നഥിനെക്കുറിച്ച് ഹനഫീ പണ്ഡിതനായ ബദ്‌റുദ്ദീന്‍ അല്‍ അയ്‌നി (മരണം 855/1453) കുറിക്കുന്നു: ‘അല്‍ ഖുദൂരി പ്രസ്താവിക്കുന്നു: സ്‌ത്രൈണപുരുഷന്റെ സാക്ഷ്യം സ്വീകരിക്കരുത്’ .ഇപ്പറഞ്ഞതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് സ്ത്രീകളെപ്പോലെ വേഷത്തിലും വസ്ത്രത്തിലും നടപ്പിലും ഭാഷണത്തിലും പെരുമാറുകയും സ്വവര്‍ഗരതിയില്‍ താല്‍പര്യംകാട്ടുകയുംചെയ്യുന്ന സ്‌ത്രൈണപുരുഷന്‍മാരെയാണ്. മറ്റൊരു ഹനഫീ മുഫ്തിയായ ഇബ്‌നുല്‍ ആബിദീന്‍(1252/1836) ‘മുഖന്നിഥി’നെക്കുറിച്ച് വിവരിക്കുന്നതും ലൂത്വ് നബിയുടെ സമുദായത്തിലുണ്ടായിരുന്ന സ്വവര്‍ഗരതിയെന്ന തിന്‍മയെ പിന്തുടരുന്നവരെന്നാണ്. അത് ദ്യോതിപ്പിക്കാനാണ് മുഖന്നഥിനുപകരം ‘മുഖന്നിഥ്’ എന്നുപയോഗിച്ചതും. അതോടൊപ്പം തന്നെ ഗുദഭോഗത്തിന് വിധേയനാവുന്ന പുരുഷനെ വിശേഷിപ്പിക്കുന്ന മഅ്ബൂന്‍ എന്ന വാക്കിന്റെ പര്യായപദമായും മുഖന്നഥ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം പര്യായസങ്കല്‍പം സുസമ്മതമായ ഒന്നല്ലെങ്കില്‍തന്നെയും പ്രസ്തുതവാക്ക് അശ്ലീലസാഹിത്യങ്ങളിലും അലാഉദ്ദീന്‍ അല്‍ഹസ്‌കഫീ (മരണം 1088/1677), അഹ്മദ് ബിന്‍ അഹ്മദ് അല്‍ ദര്‍ദ്ദീര്‍ (മരണം1204/1786) തുടങ്ങിയവരുടെ കര്‍മശാസ്ത്രപ്രതിപാദനങ്ങളിലും യഥേഷ്ടം കാണാമെന്ന് ഖാലിദ് അല്‍ റുവൈഹിബ് വെളിപ്പെടുത്തുന്നു.

അബ്ബാസി ഭരണകൂടത്തിന്റെ ആദ്യകാലങ്ങളില്‍ മുഖന്നഥ്, ബഗ്ഗാഅ് (വേശ്യയെ സൂചിപ്പിക്കുന്ന നാടന്‍ പ്രയോഗം) എന്നിവ പര്യായമെന്നോണം ഉപയോഗിച്ചിരുന്നതായി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി മിഡിലീസ്റ്റ് ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസറായ എവറെറ്റ് റോസണ്‍ ചൂണ്ടിക്കാട്ടുന്നു. ശുദ്ധസാഹിത്യങ്ങളെക്കുറിച്ച തന്റെ പ്രബന്ധങ്ങളില്‍ ഭാഷാശബ്ദകോശകാരനായ റാഗിബുല്‍ ഇസ്ഫഹാനി ഈ അര്‍ഥപരികല്‍പനയില്‍ മുഖന്നഥ് എന്ന വാക്ക് ഉപയോഗിച്ചിട്ടുമുണ്ട്. അതില്‍ ഒരു മുഖന്നഥിന്റെ കഥ പറയുന്നവേളയില്‍ ആ വ്യക്തി ഡംഭ് പറയുന്നത് ഇങ്ങനെ കൊടുത്തിരിക്കുന്നു: ‘ജനങ്ങളില്‍ കേമന്‍മാരാണ് ഞങ്ങള്‍. കാരണം ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അവര്‍ ചിരിക്കും. ഞങ്ങള്‍ പാടുമ്പോള്‍ അവര്‍ സന്തോഷഭരിതരാവും . കിടപ്പറയില്‍ ഞങ്ങളില്‍ അവര്‍ സംതൃപ്തി കണ്ടെത്തും.’ അങ്ങനെയിരിക്കെ ആ മുഖന്നഥ് മറ്റൊരു സ്വവര്‍ഗരതിക്കാരനെ കണ്ടുമുട്ടുന്നു. അയാള്‍ മുഖന്നഥിനോട് പറഞ്ഞു:’ഞാനാണ് നിന്നെക്കാള്‍ കേമന്‍. കാരണം (വേഴ്ചയില്‍) ഞാനാണ് ആകാശത്തോളം മുകളിലെത്തുക.’ അതിന് മുഖന്നഥിന്റെ മറുപടി ഇങ്ങനെ: ‘ ഭൂമിയോട് ചേര്‍ന്നുകിടക്കുന്ന (വേഴ്ചയില്‍ താഴെകിടക്കുന്നതിനാല്‍) ഞാന്‍ നിന്നെക്കാള്‍ വിനീതനാണ്.’

പണ്ഡിതന്‍മാരുടെയും കര്‍മശാസ്ത്രവിശാരദരുടെയും വിവരണങ്ങളും ചിന്താര്‍ഹമായ വിശദാംശങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നത് ജന്‍മനാലുള്ള സ്‌ത്രൈണപുരുഷനും സ്ത്രീപ്രകൃതങ്ങളെ അനുകരിച്ചവനും തമ്മില്‍ വ്യത്യാസമുണ്ടെന്ന് തന്നെയാണ്. ബോധപൂര്‍വം സ്‌ത്രൈണസ്വഭാവങ്ങളെയും പെരുമാറ്റങ്ങളെയും സ്വീകരിച്ച വ്യക്തിയോട് -(ഇബ്‌നുഹജറിനെപ്പോലെയുള്ള പണ്ഡിതന്‍മാരുടെ അഭിപ്രായമനുസരിച്ച് സ്ഥിരപരിശ്രമത്താല്‍ മാറ്റാവുന്ന സ്‌ത്രൈണസ്വഭാവങ്ങളെ ഒഴിവാക്കാത്തവരോടും) – മാത്രമാണ് ധാര്‍മികമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. അതേസമയം, സമൂഹത്തില്‍ ആരെയെങ്കിലും മുഖന്നഥ് എന്ന് വിളിച്ചാല്‍ അവര്‍ക്ക് ഹദ്ദ് ശിക്ഷ നല്‍കണമെന്ന വിധി ഒരുപക്ഷേ പ്രമാണപിന്‍ബലമുള്ള ഒന്നല്ലെന്നാണ് മനസ്സിലാവുന്നത്.
ജന്‍മനാ സ്‌ത്രൈണപ്രകൃതത്തോടെ ജനിച്ച മുഖന്നഥിന് സ്വവര്‍ഗത്തോടുതന്നെ ലൈംഗികാകര്‍ഷണം കൂടുതലായിരിക്കാമെങ്കിലും സ്വവര്‍ഗരതിയോട് ഇസ്‌ലാമിനുള്ള കര്‍ക്കശനിലപാട് ഇക്കൂട്ടര്‍ക്കും ബാധകമാണെന്നാണ് പണ്ഡിതാഭിപ്രായം. എങ്കിലും അവ്യക്ത ദ്വിലിംഗവ്യക്തി(ഖുന്‍സാ)കളില്‍നിന്ന് വ്യത്യസ്തമായി് സ്‌ത്രൈണപുരുഷന്‍ വ്യക്തമായും ആണാണെന്നിരിക്കെ അവര്‍ക്ക് ദീന്‍ അനുശാസിക്കുന്ന വിധം സ്ത്രീയെ വിവാഹംകഴിച്ച് ദാമ്പത്യജീവിതം നയിക്കാവുന്നതാണ്.

സ്‌ത്രൈണപുരുഷന്റെ നമസ്‌കാരത്തിലെ ഇമാമത്ത് ?

ഇമാം ബുഖാരിയുടെ ഹദീസ് സമാഹാരത്തില്‍ ഉബൈദുല്ലാഹിബ്‌നു അദിയ്യ് , ഖലീഫ ഉസ്മാനെതിരില്‍ പ്രതിവിപ്ലവം സൃഷ്ടിക്കുന്നവരുടെ ഇമാമത്തിന് കീഴില്‍ നമസ്‌കാരം തുടരുന്നതിനെ സംബന്ധിച്ച് അദ്ദേഹത്തോട് അഭിപ്രായം ചോദിക്കുന്ന സംഭവം ഉദ്ധരിക്കുന്നുണ്ട്. ഉസ്മാന്‍(റ) അതിന് ഇപ്രകാരം മറുപടി നല്‍കി: നമസ്‌കാരത്തില്‍ (അവരെവിട്ട്)മറ്റുള്ളവരെ പിന്തുടര്‍ന്ന് നമസ്‌കരിക്കുക. കാരണം പുണ്യകരമായ പ്രവൃത്തിയാണ് പിന്തുടരപ്പെടേണ്ടത്. നമസ്‌കാരത്തെക്കാള്‍ പുണ്യകരമായ മറ്റൊന്നുമില്ല. ഇതിനുശേഷം ഇമാം സുഹ്‌രിയുടെ ഉദ്ധരണി ബുഖാരി ചേര്‍ത്തിരിക്കുന്നത് ഇങ്ങനെയാണ്: ‘നമ്മുടെ അഭിപ്രായം മുഖന്നഥിനെ നിര്‍ബന്ധിതസാഹചര്യത്തിലല്ലാതെ പിന്തുടര്‍ന്ന് നമസ്‌കരിക്കരുതെന്നാണ് ‘. ഇവിടെ ഇമാം സുഹ്‌രി മുഖന്നഥുകൊണ്ട് വിവക്ഷിച്ചിട്ടുള്ളത് ബോധപൂര്‍വം സ്‌ത്രൈണപെരുമാറ്റങ്ങളെ അനുകരിക്കുകയും സ്വീകരിക്കുകയുംചെയ്തവനെയാണ്. അല്ലാതെ ജന്‍മനാ സ്‌ത്രൈണഗുണങ്ങള്‍ ഉള്‍ച്ചേര്‍ന്ന പുരുഷനെക്കുറിച്ചല്ല. സ്‌ത്രൈണപെരുമാറ്റങ്ങളെ അനുകരിക്കുന്നവരെ പിന്തുടര്‍ന്ന് നമസ്‌കരിക്കുന്നതിനുള്ള വിലക്ക്, തെമ്മാടിയായ ആളെ ഇമാമാക്കി നമസ്‌കരിക്കുന്നതിനുള്ള വിലക്കിന് സമാനമാണ്. തെമ്മാടിയെ ഇമാമാക്കുന്നത് വെറുക്കപ്പെട്ട കാര്യമാണെന്ന് അധികപണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു. നിര്‍ബന്ധിതസാഹചര്യത്തിലല്ലാതെ അവര്‍ക്കുപിന്നില്‍ നമസ്‌കരിച്ചുകൂടെന്ന് വേറെ ചിലര്‍ വീക്ഷിക്കുന്നു. എന്നാല്‍ സ്വഭാവവിശുദ്ധിപുലര്‍ത്തുന്ന ജന്‍മനാല്‍ സ്‌ത്രൈണപുരുഷനായ വ്യക്തിക്ക് ഇമാമായി നില്‍ക്കുന്നതിന് ശരീഅത്തില്‍ വിലക്കുകളില്ല.

അന്യസ്ത്രീകളുമായി സൗഹൃദം

സ്ത്രീകളില്‍ ആശയില്ലാത്ത ജന്‍മനാല്‍ സ്‌ത്രൈണപുരുഷനായ (മുഖന്നഥ്) വ്യക്തിക്ക് വിവാഹബന്ധത്തിലേര്‍പ്പെടാവുന്ന സ്ത്രീകളുടെ സൗഹൃദവലയത്തില്‍ ഇടപഴകുന്നതിന് വിലക്കില്ലെന്ന് കര്‍മശാസ്ത്രവിശാദരന്‍മാര്‍ വ്യക്തമാക്കുന്നു. മുഹമ്മദ് നബി(സ) അത്തരം മുഖന്നഥിന് സ്ത്രീകളുടെ സദസ്സില്‍ ഇരിക്കാന്‍ അനുവാദം നല്‍കിയ ചരിത്രമാണ് അതിന് തെളിവ്. മാത്രമല്ല, അന്നൂര്‍ അധ്യായത്തില്‍ സ്ത്രീകളോട് അഭിനിവേശമില്ലാത്ത വികാരരഹിതരായ പുരുഷന്‍മാര്‍ക്ക് സ്ത്രീകളുമായി ഇടപഴകുന്നതിന് അനുവാദം നല്‍കിയിട്ടുള്ളത് അതിന് പിന്‍ബലമേകുന്നു. ജന്‍മനാ സ്‌ത്രൈണപുരുഷനായ വ്യക്തിയും (വൃദ്ധര്‍, വരിയുടക്കപ്പെട്ടവര്‍ തുടങ്ങിയവരോടൊപ്പം) അക്കൂട്ടത്തില്‍ പെടുന്നു. ആഇശയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ‘ഹയ്യിസ്’ സ്ത്രീകളോട് അഭിനിവേശം ഇല്ലാത്ത വികാരരഹിതരായ പുരുഷന്‍മാരുടെ ഗണത്തില്‍പെട്ടതാണെന്ന് പറഞ്ഞുവെക്കുന്നുണ്ട്.

‘ഹയ്യിസ്’ നെക്കുറിച്ച ഹദീസില്‍ ജന്‍മനാ മുഖന്നഥായ വ്യക്തി അപരിചിതരായ സ്ത്രീകള്‍ ഉള്ള സദസ്സില്‍ ചേരുന്നതിനെ വിലക്കിയിട്ടുണ്ടെന്ന് ന്യൂനപക്ഷമാണെങ്കിലും ഒരുപറ്റം കര്‍മശാസ്ത്രവിശാരദന്‍മാര്‍ വ്യക്തമാക്കുന്നു. ആ ഹദീസിന്റെ ഒടുവിലായി, സ്ത്രീകളോട് മുഖന്നഥുകളെ സദസ്സില്‍ അനുവദിക്കരുതെന്ന് നബി മുന്നറിയിപ്പ് നല്‍കിയതായി കാണാം. അവിടെ ഉപയോഗിച്ച ‘ഹാഉലാഇ’അഥവാ അക്കൂട്ടര്‍ എന്ന പ്രയോഗം ഹയ്യിസില്‍നിന്ന് തികച്ചുംവ്യത്യസ്തമാണ് മുഖന്നഥുകള്‍ എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. ഇതാണ് ശാഫിഈ-ഹനഫീ മദ്ഹബുകളുടെ നിലപാട്.

അനുകരണത്തിലൂടെ സ്‌ത്രൈണപുരുഷന്‍
ജന്‍മംതൊട്ടേ സ്‌ത്രൈണപുരുഷനായ വ്യക്തിയില്‍നിന്ന് തികച്ചും വ്യത്യസ്തനാണ് കൗമാരംപിന്നിട്ട ശേഷം ബോധപൂര്‍വം സ്‌ത്രൈണഭാവം സ്വീകരിച്ച വ്യക്തി. അത്തരം വ്യക്തികള്‍ ദൈവശാപം ഏറ്റുവാങ്ങിയവരാണെന്ന് ഹദീസുകള്‍ പറയുന്നു. ‘സ്ത്രീയുടെ ഭാവഹാവാദികള്‍ സ്വീകരിക്കുന്ന പുരുഷനെയും പുരുഷന്റെ ഭാവഹാവാദികള്‍ സ്വീകരിക്കുന്ന സ്ത്രീയെയും അല്ലാഹു ശപിച്ചിരിക്കുന്നു’ എന്ന ഹദീസ് അതിലൊന്നാണ്. ജന്‍മനാല്‍ സ്‌ത്രൈണ പ്രകൃതി ഉള്‍ച്ചേര്‍ന്ന പുരുഷന്‍ എത്രമാത്രം ശ്രമിച്ചാലും ആ പ്രകൃതികളില്‍നിന്ന് സമ്പൂര്‍ണമായി മുക്തനാവുകയില്ല. അത് അയാളുടെ കഴിവിന്നപ്പുറത്താണ്. അതിനാല്‍ അയാള്‍ തെറ്റുകാരനല്ല. എന്നാല്‍ തന്റെ ലിംഗസ്വത്വ സവിശേഷതകളെ ബോധപൂര്‍വം മാറ്റിമറിക്കുന്ന വ്യക്തി ധാര്‍മികമായി തന്നെ അധിക്ഷേപാര്‍ഹനാണ്. സാധാരണയായി അത്തരത്തില്‍ സ്‌ത്രൈണപ്രകൃതങ്ങളെ ആവാഹിക്കുകയും അത് പ്രകടിപ്പിക്കുകയുംചെയ്യുന്ന വ്യക്തി പലപ്പോഴും ലൈംഗികവൈകൃതങ്ങള്‍ക്കും സ്വവര്‍ഗരതിക്കും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടി വേശ്യയെപ്പോലെ ബോധപൂര്‍വം ശ്രമിക്കുന്നതായി കാണാം. അത്തരം ആളുകള്‍ ധാര്‍മികമായി അധഃപതിച്ചവരുടെ ഗണത്തിലാണ് കണ്ടുവരുന്നതെന്ന് പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അക്കൂട്ടര്‍ മൃഗങ്ങളെ അറുക്കുന്നത്, കോടതിയില്‍ സാക്ഷ്യം പറയുന്നത്, സ്ത്രീകളെ വിവാഹംചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ക്ക് അനുവാദമുള്ളവരാണോ എന്ന കാര്യത്തില്‍ കര്‍മശാസ്ത്രവിശാരദന്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. ഒരാള്‍ ബോധപൂര്‍വം സ്‌ത്രൈണപ്രകൃതത്തെ സ്വീകരിക്കുന്നത് കുഫ്‌റ് അല്ല. അതേസമയം അത് ശാപാര്‍ഹമായ കുറ്റമാണ്. ‘മുഖന്നഥ് ‘ എന്ന് ആരെയെങ്കിലും അവഹേളിക്കും വിധം അഭിസംബോധനചെയ്യുകയോ വിശേഷിപ്പിക്കുകയോ ചെയ്യുന്നതിനെതിരെ പണ്ഡിതന്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷ മദ്ഹബുകളും അത് വ്യഭിചാരോപണത്തിന് സമാനമാക്കി ഹദ്ദിന് പ്രേരകമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മുഹമ്മദ് നബി(സ)യുടെ കാലത്ത് ഒരു വ്യക്തിയെ ‘മുഖന്നഥ്’ എന്ന് ആക്ഷേപിച്ചയാളെ 20 ചാട്ടവാറടി നല്‍കാന്‍ കല്‍പിച്ചുവെന്ന ഹദീസാണ് അതിന് പിന്‍ബലമായി ഉദ്ധരിക്കുന്നത്. ആക്ഷേപത്തിനപ്പുറം ഒരു വ്യക്തിത്വത്തെക്കുറിച്ച പരാമര്‍ശത്തിന് പോലും പ്രസ്തുത വാക്കുപയോഗിക്കുന്നത് പണ്ഡിതന്‍മാര്‍ അപലപിച്ചിട്ടുണ്ട്. പ്രസിദ്ധ താബിഈ പണ്ഡിതനായ അത്വാഅ് ബിന്‍ അബി റബാഹ് തന്റെ ശിഷ്യന്‍മാരെ ഗുണദോഷിച്ച സംഭവം ഇവിടെ പ്രസക്തമാണ്. ഒരിക്കല്‍ അദ്ദേഹത്തെ കാണാനെത്തിയ ഒരു വ്യക്തി തിരിച്ചുപോയപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ മുഖന്നഥ് എന്ന് മന്ത്രിക്കുകയുണ്ടായി. അപ്പോള്‍ അവരോടെല്ലാം രണ്ടാമത് വുദു ചെയ്ത് വരാന്‍ ഗുരുവര്യനായ അത്വാഅ് ആവശ്യപ്പെടുകയായിരുന്നു.

സംഗ്രഹം

മുകളില്‍ കൊടുത്ത വിവരണങ്ങളുടെ വെളിച്ചത്തില്‍ ഭിന്നലിംഗവ്യക്തിത്വവുമായി ബന്ധപ്പെട്ട് സുന്നീമുസ്‌ലിംലോകത്തിന്റെ നിലപാടുകള്‍ ഇപ്രകാരം സംഗ്രഹിക്കാം:

1. മനുഷ്യര്‍ ആണ്-പെണ്ണ് എന്നിങ്ങനെ രണ്ടുവര്‍ഗം മാത്രമേയുള്ളൂ.
2. ഒരു വ്യക്തിയില്‍ പ്രകൃത്യാ കാണപ്പെടുന്ന ജൈവപ്രകൃതങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ലിംഗനിര്‍ണയം സാധ്യമാകുന്നത്.
3.ദ്വിതീയലിംഗപ്രകൃതമോ, ലൈംഗികാവയവ വളര്‍ച്ചാമുരടിപ്പോ കാരണമായി പ്രത്യക്ഷലിംഗനിര്‍ണയം സാധ്യമല്ലെന്ന് വന്നാല്‍ അതിനുപരിഹാരമായി ശരീഅത്ത് ബദല്‍മാര്‍ഗങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടും പരിഹാരമായില്ലെങ്കില്‍ പ്രസ്തുത വ്യക്തിക്ക് ശാശ്വതമായ ലിംഗാസ്തിത്വം തെരഞ്ഞെടുക്കാവുന്നതാണ്. ഒരു വിഭാഗം ഇതില്‍നിന്ന് വ്യത്യസ്തമായി അത്തരം വ്യക്തി(അവ്യക്തസ്‌ത്രൈണപുരുഷന്‍)കളുടെ ലിംഗസ്വാതന്ത്ര്യം അനുവദിക്കാതെ വിവാഹത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

സ്ത്രീ പുരുഷനെയും, പുരുഷന്‍ സ്ത്രീയെയും പ്രകൃതത്തിലും ചേഷ്ടകളിലും അനുകരിക്കുന്നത് ഇസ്‌ലാമില്‍ അനുവദനീയമല്ല. എന്നാല്‍ ജന്‍മനാ തന്നെ അപരലിംഗസ്വഭാവങ്ങള്‍ പ്രകടമായിട്ടുള്ള വ്യക്തികള്‍ക്ക് എത്രശ്രമിച്ചിട്ടും ഇല്ലായ്മ ചെയ്യാന്‍ കഴിയാത്ത ഭാവഹാവാദികളുടെ പേരില്‍ അവര്‍ ശാപകോപങ്ങള്‍ക്ക് വിധേയനാവേണ്ടിവരില്ല. എങ്കിലും മുഖന്നഥായ വ്യക്തികള്‍ അവരുടെ നടപ്പിലും ശബ്ദത്തിലും ചേഷ്ടകളിലുമുള്ള സ്‌ത്രൈണഭാവങ്ങളെ സാധ്യമായിടത്തോളം ബോധപൂര്‍വം തിരുത്തിയെടുക്കേണ്ടതാണ് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

സ്ത്രീകളുടെ ഭാവഹാവാദികളുണ്ടായിരിക്കുകയും എന്നാല്‍ സ്ത്രീകളോട് വികാരരഹിതരായും നിലകൊള്ളുന്ന പുരുഷന് അന്യസ്ത്രീകളുടെ സദസ്സില്‍ ഇടപഴകുന്നതിന് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും അനുവാദം നല്‍കിയിരിക്കുന്നു. അത്തരക്കാര്‍ സദ്‌സ്വഭാവികളും സ്ത്രീസഹജരഹസ്യങ്ങള്‍ പരസ്യപ്പെടുത്താത്തവരും ആയിരിക്കണം.
ജന്‍മനാ സ്‌ത്രൈണപ്രകൃതങ്ങളുള്ള പുരുഷന്‍ സ്ത്രീസദസ്സില്‍ ഇടപഴകാന്‍ അനുവാദം ഉണ്ടെങ്കിലും പൊതുവിഷയത്തില്‍ അവരെ പുരുഷനായി മാത്രമാണ് ശരീഅത്ത് കാണുന്നത്. അതിനാല്‍ അവര്‍ക്ക് ഇമാമത്ത്, കോടതി സാക്ഷ്യം, വിവാഹം എന്നിവ സാധാരണപുരുഷനെപ്പോലെത്തന്നെ അനുവദിക്കപ്പെട്ടിരിക്കുന്നു. അത്തരക്കാര്‍ യാതൊരു കാരണവശാലം സ്വവര്‍ഗരതിയിലോ, അസാന്‍മാര്‍ഗികവൃത്തികളിലോ ഏര്‍പ്പെടാന്‍ പാടുള്ളതല്ല. സ്ത്രീകളോട് താല്‍പര്യമില്ലെന്നത് പുരുഷന്‍മാരുമായി ലൈംഗികതാല്‍പര്യത്തോടെ ഇടപഴകാനുള്ള ന്യായമാകുന്നില്ല.

സ്ത്രീക്ക് പുരുഷന്റെയോ തിരിച്ചോ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവാദമില്ല. ഇനി യാദൃച്ഛികമായി സ്ത്രീ- പുരുഷ വസ്ത്രങ്ങള്‍ ഏകശിലാരൂപം സ്വീകരിച്ചിട്ടുള്ള സംസ്‌കാരമാണെങ്കില്‍ സ്ത്രീകളെപ്പോലെ ഉടയാടകളിലൂടെ അവര്‍ ശരീരഭാഗങ്ങള്‍ മറച്ചുവെക്കരുത്.

About the author

padasalaadmin

Add Comment

Click here to post a comment

Topics